കേരള തീരത്തു ആശങ്ക പടര്‍ത്തി കപ്പലപകടങ്ങള്‍

കേരള തീരത്തു ആശങ്ക പടര്‍ത്തി അടുത്തകാലത്തു രണ്ടു കപ്പലപകടങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌. ആദ്യം കൊച്ചി തീരത്തുനിന്നു 38 നോട്ടിക്കല്‍ മൈല്‍ (74 കിലോ മീറ്റര്‍) അകലെ മെയ്‌ 24-ാം തീയതി ലൈബിരിയന്‍ പതാകയുള്ള എം.എസ്‌.സി.എല്‍സാ-3 കപ്പലാണ്‌ അപകടത്തില്‍പ്പെട്ടു മുങ്ങിയത്‌. ഈ കപ്പലപകടം കേരളത്തിന്റെ തീരദേശത്തു സൃഷ്‌ടിച്ച ആശങ്ക ഇതുവരെ ഒഴിഞ്ഞുപോയിട്ടില്ല. 643 കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്ന ആ കപ്പലിലെ ചരക്കുകളില്‍ അപായകരമായ വസ്‌തുക്കളും ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. കപ്പലില്‍ 84.44 ടണ്‍ ഡീസലും 367.1 ടണ്‍ ഫര്‍ണസ്‌ ഓയിലുമുണ്ടെന്നുമുള്ള വിവരവുമുണ്ടായിരുന്നു. എണ്ണയും രാസവസ്‌തുക്കളും കടലില്‍ കലര്‍ന്നോ എന്ന ആശങ്കയോടൊപ്പം അവ മത്സ്യ സമ്പത്തിനെയും മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും എത്രത്തോളം പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിലൊക്കെ അനിശ്ചിതത്വമുണ്ട്‌. ഇപ്പോള്‍തന്നെ സംസ്ഥാനത്തു കടല്‍ മത്സ്യം വാങ്ങാന്‍ ആളുകളുടെയിടയില്‍ വിമുഖതയും ആശങ്കയുമുണ്ട്‌. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ ജൂണ്‍ 9-ാം തീയതി, കോഴിക്കോടിനടുത്ത്‌, കൊളംബോയില്‍ നിന്നു മുംബൈക്കു പോയ, സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്‌ത എം.വി. വാന്‍ഹായ്‌ 503 എന്ന കപ്പലില്‍ തീപിടിത്തമുണ്ടായത്‌. കണ്ണൂര്‍ അഴീക്കല്‍ മത്സബന്ധന തുറമുഖത്തു നിന്നും 44 നോട്ടിക്കല്‍ മൈല്‍ (81.44 കിലോ മീറ്റര്‍) അകലെയായിരുന്നു അപകടം.
അടുത്തടുത്തായി 2 കപ്പലുകള്‍ അപകടത്തില്‍ പെട്ടത്‌ കേരളത്തെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്‌. അപകടത്തെ തുടര്‍ന്നു രൂപപ്പെടുന്ന എണ്ണപാട, രാസ മാലിന്യം ഇവ കടലിലെ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഒക്കെ ബാധിക്കുമെന്നതിനാല്‍, മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളുടെ മേല്‍ അവ പ്രതിസന്ധിയുണ്ടാക്കാം. പലപ്പോഴും ചെറിയ തോതിലുള്ള രാസ സാന്നിധ്യം പോലും കേരളത്തിന്റെ കടലില്‍ നിന്നു ലഭിക്കുന്ന മത്തി പോലുള്ള മത്സ്യങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഈ കപ്പലപകടം സൃഷ്‌ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും പാരിസ്ഥിതീക പ്രത്യാഘാതം സംബന്ധിച്ച ശാസ്‌ത്രീയ അപഗ്രഥനങ്ങളും ഒക്കെ നടത്തേണ്ടതും അതു സംബന്ധിച്ച അറിവുകള്‍ പൊതുജനത്തിനു നല്‍കേണ്ടതും അത്യാവശ്യമാണ്‌. കപ്പലപകടങ്ങള്‍ എത്രമാത്രം മത്സ്യസമ്പത്തിനെ ബാധിച്ചു എന്നു കണക്കാക്കി, മത്സ്യ സമ്പത്തിനെ ആധാരമാക്കി ജീവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്കു അര്‍ഹമായ നഷ്‌ട പരിഹാരം നല്‍കണം. അപകടങ്ങള്‍ക്കു കാരണമായ വീഴ്‌ചകള്‍ കമ്പനികളുടെ ഭാഗത്താണെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗൗരവമായി ചിന്തിക്കണം. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചത്‌ കേരളം ആഗ്രഹിക്കുന്ന കാര്യമാണ്‌. തകര്‍ന്ന കപ്പലിനെ സംബന്ധിച്ചുള്ള സത്യം പൊതുസമൂഹത്തോടു തുറന്നു പറയണം. രണ്ടാമത്‌ തീ പിടിച്ച കപ്പലിലെ കണ്ടെയ്‌നറില്‍ നിന്നു കടലിലേക്കു വീണതു എന്താണ്‌. അതു കടലിനെയും മത്സ്യ സമ്പത്തിനെയും പരിസ്ഥിതിയെയും ജനങ്ങളെയും എങ്ങനെ ബാധിക്കും. ഇതൊക്കെ അറിയാനുള്ള അവകാശവും അറിയിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വപ്പെട്ടവര്‍ക്കുണ്ട്‌. എം.എസ്‌.സി എല്‍സ-3 എന്ന കപ്പല്‍ കമ്പനിക്കെതിരെ കേസ്‌ എടുക്കേണ്ട എന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ചത്‌. എന്നാല്‍ ജൂണ്‍ 12 ന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നു നഷ്‌ട പരിഹാരം വാങ്ങുന്നതിലാണ്‌ ഗവണ്‍മെന്റിനു താല്‌പര്യം എന്നറിയുന്നു. തീര്‍ച്ചയായും നഷ്‌ട പരിഹാരം ലഭിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എന്നാല്‍ കേസ്‌ എടുക്കാതിരുന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കണ്ടെത്തി ഇന്‍ഷുറന്‍സ്‌ കമ്പനി ഒരുപക്ഷേ നഷ്‌ട പരിഹാരം നിരസിക്കാനും സാധ്യതയുണ്ടോയെന്നു ചിന്തിക്കണം. ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നു നഷ്‌ടപരിഹാരം നേടി അവസാനിപ്പിക്കേണ്ട ഒരു കാര്യം മാത്രമാണോ ഇതെന്നു സംശയിക്കുന്നവരുണ്ട്‌. അപകടത്തിന്റെ കാരണം, സുരക്ഷാ വീഴ്‌ച, ഭാവിയില്‍ ഉണ്ടാകാവുന്ന പാരിസ്ഥിതികവും നിയമപരവുമായ പ്രതിസന്ധികള്‍ തുടങ്ങി എല്ലാ കാര്യങ്ങളും കണക്കിലെടുത്തു ക്രിമിനല്‍ കേസ്‌ എടുക്കണം എന്നു കരുതുന്നവരുമുണ്ട്‌. ഇന്‍ഷുറന്‍സ്‌ കമ്പനി ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന തര്‍ക്കങ്ങളുടെ മേല്‍ നമുക്കു നിയമപരമായ പരിരക്ഷ ലഭിക്കുവാന്‍ ഒരുപക്ഷേ കേസും അതു സംബന്ധിക്കുന്ന എഫ്‌.ഐ.ആറു മൊക്കെ നിര്‍ണായകമാകാം. എം.എസ്‌. കമ്പനിക്കു വിഴിഞ്ഞം തുറമുഖവുമായി കാര്യമായ ബന്ധങ്ങളും ഒരു പക്ഷേ സ്വാധീനവും ഉണ്ടാകാമെങ്കിലും അതിന്റെ പേരില്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാതിരുനാല്‍ ആത്യന്തികമായി നഷ്‌ടം കേരളത്തിനാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ മനസിലാക്കണം. അതോടൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു കാര്യം എം.എസ്‌.സി എല്‍സ-3 നു നിയമ വിരുദ്ധമായ പരിരക്ഷ കൊടുത്താല്‍ രണ്ടാമതു മുങ്ങിയ എം.വി വാന്‍ഹായ്‌ 503, അതേ ഒഴിവും സമീപനവും നമ്മില്‍ നിന്ന്‌ ആവശ്യപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ കോടതികളില്‍ നിന്നുപോലും അതു സാധിച്ചെടുക്കാനും സാധ്യതയുണ്ട്‌. വിഴിഞ്ഞം തുറമുഖം നമ്മുടെ അഭിമാനമാണ്‌. അതു പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കൂടുതല്‍ കപ്പലുകള്‍ ഇങ്ങോട്ടു വരികയും ഇവിടെനിന്നു പോകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. ആയതിനാല്‍ തന്നെ നാമാഗ്രഹിക്കുന്നില്ലെങ്കില്‍ പോലും ഇതുപോലുള്ള അപകടങ്ങള്‍ പിന്നീടുമുണ്ടാവാം. അതുകൊണ്ടുതന്നെ ബുദ്ധിപൂര്‍വ്വം നിയമപരവും നമ്മുടെ താല്‌പര്യങ്ങളും സംരക്ഷിക്കാനിണങ്ങുന്നതുമായ നയസമീപനങ്ങളും നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഒരുപക്ഷേ നമുക്കു നികത്താനാവാത്ത നഷ്‌ടങ്ങള്‍ പിന്നിട്‌ ഉണ്ടാകും. കേരളത്തില്‍ അതാരും ആഗ്രഹിക്കുന്നില്ല.
റവ.ഡോ. മാത്യു കുരിയത്തറ OSH

Previous Post

വിശ്വാസ പരിശീലന പ്രതിഭകളെ ആദരിച്ചു.

Next Post

‘മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!