Editorial

വിജയശതമാനവും ഗുണനിലവാരവും


ഇത്തവണത്തെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ വിജയശതമാനം ഇതുവരെ സംഭവിക്കാത്ത ഒന്നാണ്‌. മോഡറേഷന്‍ ഒന്നും ഇല്ലാതെ 93.64% കുട്ടികള്‍ പത്താം ക്ലാസ്‌ പരീക്ഷ ജയിച്ചിരിക്കുന്നു. എന്താണിതിന്റെ അര്‍ത്ഥം. പത്രങ്ങളെല്ലാം റിക്കാര്‍ഡ്‌ വിജയം എന്ന തലക്കെട്ടില്‍ ഫലപ്രഖ്യാപന വാര്‍ത്ത ആഘോഷിച്ചു. 712 സ്‌കൂളുകള്‍ 100% വിജയം കൈവരിച്ചു. ഇതില്‍ 211 സര്‍ക്കാര്‍ സ്‌കൂളുകളും 248 എയ്‌ഡഡ്‌ സ്‌കൂളുകളും, 253 അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളും ഉള്‍പ്പെടുന്നു. കോഴിക്കോട്‌ ജില്ലയില്‍ 922 പേരാണ്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയത്‌. കോട്ടയം ജില്ലയില്‍ 96.75 % വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനര്‍ഹത നേടി. 89 സ്‌കൂളുകള്‍ പരിപൂര്‍ണ്ണവിജയം കരസ്ഥമാക്കി. ജില്ലയില്‍ പരീക്ഷ എഴുതിയ 422 പേര്‍ക്ക്‌ എല്ലാ വിഷയത്തിനും `എ പ്ലസ്‌’ ലഭിച്ചു.
കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷ ഇതൊന്നേയുള്ളൂ. അത്‌ എസ്‌.എസ്‌.എല്‍.സി.യാണ്‌. പൊതുവിദ്യാഭ്യാസത്തിന്റെ അന്തസ്സിന്റെ വിളക്കുമാടം. അധികാരത്തിലിരിക്കുന്നവര്‍ക്ക്‌ ഭരണനേട്ടമായി ഉയര്‍ത്തിപ്പിടിക്കാനുള്ള ദീപശിഖ. അതുകൊണ്ടാവണം മന്ത്രി നേരിട്ടുതന്നെ ഫലപ്രഖ്യാപനം നടത്തി വിജയത്തിന്റെ ക്രെഡിറ്റ്‌ മുഴുവന്‍ അവകാശപ്പെടുന്നത്‌. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന എസ്‌.എസ്‌.എല്‍.സി. വിജയശതമാനവും കുട്ടികളുടെ ഗുണനിലവാരവും വിലയിരുത്തി പഠിക്കുവാന്‍ ആരും തയ്യാറാകുന്നില്ല. വിജയശതമാനം ഉയരുന്നതനുസരിച്ച്‌ കുട്ടികളുടെ ഗുണനിലവാരവും സ്വാഭാവികമായി വര്‍ദ്ധിക്കേണ്ടതാണ്‌. ഏറ്റവും അടിസ്ഥാനപരമായിട്ടുള്ളത്‌ എസ്‌.എസ്‌.എല്‍.സി. വിജയിച്ച ഒരു വിദ്യാര്‍ത്ഥി മാതൃഭാഷ തെറ്റുകൂടാതെ ഉച്ചരിക്കുകയും എഴുതുകയും പ്രയോഗിക്കുകയും ചെയ്യുക എന്നുളളതാണ്‌. ഇതുകഴിഞ്ഞാണ്‌ രാഷ്‌ട്രഭാഷയായ ഹിന്ദിയും, വിദേശഭാഷയായ ഇംഗ്ലീഷും ഒക്കെ കടന്നുവരുന്നത്‌. ഇക്കാര്യത്തില്‍ ഗുണനിലവാരം ദയനീയമാണെന്നുള്ളത്‌ പരക്കെ സമ്മതിക്കുന്ന ഒരു സത്യമാണ്‌. പ്ലസ്‌ടൂവും കഴിഞ്ഞ്‌ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പകുതിയോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ ആത്മവിശ്വാസത്തോടെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ ഇവ ഉറക്കെ വായിക്കുവാന്‍ കഴിയുമോ എന്ന്‌ നാം ആത്മപരിശോധന നടത്തേണ്ടതാണ്‌.
കഴിഞ്ഞ 13 വര്‍ഷത്തെ കേരളത്തിലെ എസ്‌.എസ്‌.എല്‍.സി. യുടെ വിജയശതമാനം പരിശോധിക്കുമ്പോള്‍ അഭൂതപൂര്‍വ്വമായ വര്‍ധനവാണ്‌ ഗ്രാഫില്‍ നാം കാണുന്നത്‌. രണ്ടായിരത്തില്‍ 56.18 ആയിരുന്ന വിജയശതമാനം രണ്ടായിരത്തിനാലില്‍ 70.06 ആണ്‌. ഇത്‌ 2007 ല്‍ എത്തുമ്പോള്‍ 82.29 ആയി. എന്നാല്‍, രണ്ടായിരത്തി എട്ടു മുതല്‍ രണ്ടായിരത്തി പന്ത്രണ്ട്‌ വരെയുള്ള വര്‍ഷങ്ങളില്‍ വിജയശതമാനം യഥാക്രമം 92.09, 91.92, 90.72, 91.32, 93.64 എന്നീ നിലയ്‌ക്കാണ്‌. വളരുന്ന വിജയ ശതമാനത്തെ വിലയിരുത്തുമ്പോള്‍ പഠനരീതി, പരീക്ഷാരീതി, മൂല്യനിര്‍ണ്ണയം, പഠിതാവിന്റെ ഗുണനിലവാരം ഇവയെല്ലാം നാം പരിശോധനാ വിഷയമാക്കേണ്ടതുണ്ട്‌.
ഗ്രേഡിംഗ്‌ സംവിധാനം നിലവില്‍ വന്നതിനുശേഷമാണ്‌ വിജയശതമാനം ഇതുപോലെ ഉയരുന്നത്‌ എന്നുള്ളത്‌ വ്യക്തം. `ഡി’ഗ്രേഡ്‌ കിട്ടിയാല്‍ ഒരു വിദ്യാര്‍ത്ഥി ഉപരിവിദ്യാഭ്യാസത്തിനര്‍ഹനായി. നിരന്തരമൂല്യനിര്‍ണ്ണയം, ഹാജര്‍, അസൈന്‍മെന്റ്‌സ്‌ ഇവയെല്ലാം ഗ്രേഡിംഗ്‌ നിര്‍ണയത്തിന്‌ ഘടകങ്ങളാണ്‌. ഇപ്പോഴത്തെ രീതിയില്‍ അദ്ധ്യാപകര്‍ മനസ്സുവച്ചാല്‍ ആരെയും `ഡി’ ഗ്രേഡിനര്‍ഹനാക്കാം. അങ്ങനെ അര്‍ഹതയില്ലാത്ത ഒട്ടേറെ കുട്ടികളെ വിജയിപ്പിച്ച്‌ നൂറു ശതമാനം വിജയം നേടിയതിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള അതിവ്യഗ്രത കുട്ടികളെ കിട്ടാനില്ലാത്ത സ്‌കൂളുകള്‍ പോലും പ്രകടിപ്പിക്കുന്നത്‌ വിദ്യാഭ്യാസത്തിന്‌ ഗുണകരമാണോ എന്ന്‌ നാം ആലോചിക്കേണ്ടതുണ്ട്‌. ആവശ്യത്തിനും അനാവശ്യത്തിനുമായുള്ള അതിമത്സരം വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളേയും ഗുണനിലവാരത്തെയും ഇല്ലാതാക്കുന്നു എന്നതാണ്‌ സത്യം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും, കര്‍ണാടകത്തിലും എസ്‌.എസ്‌.എല്‍.സി. വിജയശതമാനം ഇതുവരെ തൊണ്ണൂറ്‌ കടന്നിട്ടില്ല. 2007 മുതല്‍ 2011 വരെയുള്ള വിജയശതമാനം തമിഴ്‌നാട്ടില്‍ 79.5, 80.9, 81.5, 82.5, 85.3 എന്നീ ക്രമത്തിലാണ്‌. കര്‍ണാടകത്തിലാകട്ടെ രണ്ടായിരത്തി ഏഴു മുതല്‍ രണ്ടായിരത്തി പതിനൊന്നുവരെയുള്ള വിജയശതമാനം 73.21, 67.96, 73.71, 66.81, 73.9 എന്നീ ക്രമത്തിലുമാണ്‌. കേരളത്തില്‍ ഊതിവീര്‍പ്പിക്കുന്ന വിജയശതമാനത്തിന്റെ അപകടകരമായ ഒരു നില ഈ താരതമ്യത്തില്‍ നിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.
പൊതുപ്പരീക്ഷയെന്ന ഈ കൂട്ടയോട്ടത്തിനിടയില്‍ കുറേപ്പേര്‍ നൂറുസതമാനത്തിന്റെ നിറമുള്ള മേലങ്കിയണിഞ്ഞ്‌ വിലസുന്നു. മഹാഭൂരിപക്ഷവും തൊണ്ണൂറിലും എണ്‍പതിലും എത്തി കിതച്ചു നില്‍ക്കുന്നു. എ പ്ലസ്‌ ലഭിച്ചവര്‍ക്ക്‌ അനുമോദനങ്ങള്‍, സ്വീകരണങ്ങള്‍. വീണ്ടും അടുത്ത വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയായി. കുട്ടിക്കു ലഭിച്ച മാര്‍ക്ക്‌ അര്‍ഹതപ്പെട്ടതുതന്നെയാണോ എന്ന്‌ വിലയിരുത്തുവാന്‍ ആര്‍ക്കും നേരമില്ല. ആര്‍ക്കും അതില്‍ ഉത്തരവാദിത്വമില്ല. നിരന്തര മൂല്യനിര്‍ണ്ണയത്തിന്‌, വാര്‍ഷിക പരീക്ഷകള്‍ക്ക്‌ നല്‌കപ്പെടുന്ന നിലവാരത്തിന്റെ മാനദണ്‌ഡങ്ങള്‍ക്ക്‌ അതതു സ്ഥാപനത്തിനു തന്നെ ഉത്തരവാദിത്വം നല്‍കുന്ന ഒരവസ്ഥയുണ്ടാവണം. ഇത്തരം വിശ്വാസ്യത വീണ്ടെടുക്കുമ്പോള്‍ മാത്രമാണ്‌ നിരന്തര മൂല്യ നിര്‍ണയമായാലും, എഴുത്തു പരീക്ഷയിലെ വിലയിരുത്തലായാലും അതിന്‌ സമൂഹത്തിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ.
ദേശീയതലത്തില്‍ കേന്ദ്രപരീക്ഷാബോര്‍ഡ്‌ എസ്‌. എസ്‌.എല്‍.സി.ക്ക്‌ പൊതുപരീക്ഷ ഉപേക്ഷിച്ചു കഴിഞ്ഞു. 2013 മുതല്‍ സി.ബി.എസ്‌.ഇ. പത്താംതരത്തില്‍ പൊതുപരീക്ഷ നടത്തില്ല. പകരം സ്‌കൂളില്‍ത്തന്നെ നടത്തുന്ന സാധാരണ ഒരു ക്ലാസ്‌ പരീക്ഷ മാത്രം. ഈ മാര്‍ക്ക്‌ ലിസ്റ്റില്‍ സീല്‍ പതിച്ചു നല്‍കല്‍ മാത്രമാണ്‌ ബോര്‍ഡിന്റെ ചുമതല. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയാ സ്‌കൂളുകളിലും മാത്രമല്ല ഇത്‌ ബാധകമാകുന്നത്‌. കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനവധി സി.ബി.എസ്‌.ഇ. വിദ്യാലയങ്ങളിലും ഇതു തന്നെയാണു സ്ഥിതി. എസ്‌. എസ്‌.എല്‍.സി. അടിസ്ഥാന യോഗ്യതയാകുന്ന മുഴുവന്‍ കോഴ്‌സുകള്‍ക്കുമുള്ള പ്രവേശനങ്ങളും സി.ബി.എസ്‌.ഇ. പഠിതാക്കള്‍ക്കും ഇതുമൂലം ലഭിക്കും. ഇത്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. സി.ബി.എസ്‌.ഇ. പരീക്ഷ കൈയ്യൊഴിയാന്‍ ബോര്‍ഡ്‌ തീരുമാനിച്ചതിന്റെ പിറകില്‍ അക്കാഡമിക്കും പ്രായോഗികവുമായ കാരണങ്ങളുണ്ട്‌. ഉത്തരക്കടലാസുകള്‍ ഉത്തരവാദിത്വത്തോടെ നോക്കിത്തീര്‍ക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധമാണോ ഒരു പരീക്ഷ വേണ്ടെന്നുവയ്‌ക്കാന്‍ സി.ബി.എസ്‌.ഇ.യെ പ്രേരിപ്പിച്ചതെന്ന്‌ മാതാപിതാക്കള്‍ ചോദിക്കുന്നു. ഏതായാലും മൂല്യനിര്‍ണയവും വിജയശതമാനവും ഗുണനിലവാരവും എല്ലാം ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതാണ്‌ സത്യം. വിദ്യാഭ്യാസത്തിന്റെ പുതിയ സൈദ്ധാന്തിക പരിവേഷങ്ങള്‍ക്കുള്ളില്‍ കുളിപ്പിച്ച്‌ കൊച്ചില്ലാതാകുന്ന അവസ്ഥ ഉണ്ടാവരുത്‌.

192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4