ഏപ്രില്‍ 20 ശനിയാഴ്ച ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ യുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ സംഗമം ‘ വാഴ്വ് – 24 ‘ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ശനിയാഴ്ചത്തെ പൊന്‍പുലരി പൊട്ടി വിരിയും മുമ്പേ ബര്‍മിംങ്ഹാമിലേക്ക് യാത്ര തുടങ്ങാന്‍ പല കുടുംബങ്ങളും തയ്യാറെടുക്കുമ്പോള്‍ മറ്റ് ചിലര്‍ തലേ ദിവസം വന്ന് ഹോട്ടല്‍ അക്കോമഡേഷനും ബന്ധുമിത്രാദികളുടെ വീടുകളും ഒക്കെ മുന്‍കൂട്ടി തയ്യാറാക്കി കഴിഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ക്‌നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയില്‍ പങ്ക് ചേരാന്‍ നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിശിഷ്ടാതിഥികള്‍ക്കൊപ്പം വി.കുര്‍ബാനയും പൊതുസമ്മേളനവും ക്‌നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും യുവത്വത്തിന്റെ ഫിനാലെ ഡാന്‍സും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ് വിനായി ഒരുക്കിയിരിക്കുന്നത്.
തനിമയും പാരമ്പര്യവും വിശ്വാസനിറവും കാത്തുപരിപാലിച്ചുപോരുന്ന ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസജീവിതത്തിലെയും സാമുദായിക ജീവിതത്തിലെയും ഒരു ചരിത്രമുഹൂര്‍ത്തമായിരിക്കും ഏപ്രില്‍ 20-ന് ബര്‍മിംങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തപ്പെടുന്ന ‘വാഴ്വ് 2024’