യു.കെ ക്നാനായ മക്കള്‍ക്ക് നവ്യാനുഭവമായി പുറത്ത് നമസ്‌ക്കാരം

യു.കെ യിലെ പതിനഞ്ച് ക്നാനായ മിഷനുകളുടെ പ്രഥമ ഒത്തുചേരല്‍ 2023 ഫെബ്രുവരി 25 ശനിയാഴ്ച Erdington, Ss Thomas and Edmund of Canterbury പള്ളിയില്‍ നടത്തപ്പെട്ടു. ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് കാലങ്ങളായി നടത്തിവരുന്ന പുറത്തുനമസ്‌ക്കാരം യു.കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്ക് പുത്തനുണര്‍വ്വേകി.
യു.കെ യിലെ എല്ലാ ക്നാനായ മിഷനുകളുടെയും പ്രതിനിധികള്‍ ഒന്ന് ചേര്‍ന്നെടുത്ത തീരുമാനമാണ് പുറത്ത് നമസ്‌ക്കാരം Midlands ല്‍ നടത്തുക എന്നത്. Midlands ലെ ക്നാനായ മിഷനുകളായ Birmingham, Coventry, Three County എന്നീ മിഷനുകളുടെ ചുമതലയില്‍ യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികളുടെ ശ്രമഫലമായി ഏറ്റവും മനോഹരമായി വി. കുര്‍ബാനയും പുറത്ത് നമസ്‌ക്കാരവും നടത്തപ്പെട്ടു.

യു.കെയില്‍ സേവനം ചെയ്യുന്ന 9 ക്നാനായ വൈദികര്‍, ക്നാനായക്കാരുടെ അധികചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തില്‍ ഒന്ന് ചേര്‍ന്നത് അവിടെ വന്ന വിശ്വാസികള്‍ക്ക് ആവേശമായി. Scotland മുതല്‍ Kent വരെയുള്ള വിവിധ മിഷനുകളില്‍ നിന്നായി അതത് മിഷന്‍ ഡയറക്ടര്‍ അച്ചന്മാരുടെ നേതൃത്വത്തില്‍ 500 ല്‍ പരം വിശ്വാസികളാണ് ഈ പ്രാര്‍ത്ഥന സംഗമത്തില്‍ ഒത്തുചേര്‍ന്നത്.

രാവിലെ 11 മണിക്ക് മെനോറ വിളക്ക് തെളിച്ച് വികാരി ജനറാള്‍ ബഹു. സജി മലയില്‍പുത്തന്‍പുരയില്‍ അച്ചന്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വി. കുര്‍ബാനയും ഭക്തിസാന്ദ്രമായ പുറത്ത് നമസ്‌ക്കാരവും നടത്തപ്പെട്ടു. മനോഹരമായി അലങ്കരിച്ച ദൈവാലയവും, ഭക്തിസാന്ദ്രമായ ഗാനങ്ങളാലപിച്ച ഗായകസംഘവും ഏവര്‍ക്കും നല്ല വിശ്വാസാനുഭവം സമ്മാനിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിച്ച് വിവിധ ഇടങ്ങളില്‍ നിന്ന് വന്നവര്‍ സൗഹൃദം പങ്കുവച്ച് സന്തുഷ്ടരായി മടങ്ങി. വരും വര്‍ഷങ്ങളിലും പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥന നടത്തണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. കൂടാതെ വരുന്ന ഏപ്രില്‍ 29 ന് നടത്താനിരിക്കുന്ന വാഴ്വ് 2023-ക്നാനായ കുടുംബ സംഗമം- നുള്ള ആവേശത്തിലാണ് ക്നാനായ മക്കള്‍. ഇതിനായി മിഷന്‍ തലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സാജന്‍ പടിക്ക്യമ്യാലില്‍

 

Previous Post

ചാമക്കാല : എടാട്ട് കുരുവിള

Next Post

അതിരൂപതല വോളിബോള്‍ ടൂര്‍ണമെന്റ് : മ്രാല ജേതാക്കള്‍

Total
0
Share
error: Content is protected !!