പാപ്പായുടെ സൗഖ്യവും തിരിച്ചുവരവും ആണ് പ്രധാനം- കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍

കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍, വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി.

ഫ്രാന്‍സീസ് പാപ്പായുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിരര്‍ത്ഥകങ്ങളെന്ന് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍.

ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമേല്ലി ആശുപത്രിയില്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്ന പാപ്പാ, തല്‍സ്ഥാനമൊഴിയുമെന്ന കിംവദന്തികളോട് ഇറ്റലിയിലെ ”കൊറിയേരെ ദെല്ല സേര” എന്ന ദിനപ്പത്രത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പായുടെ സൗഖ്യവും വത്തിക്കാനിലേക്കുള്ള തിരിച്ചുവരവും ആണ് ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ക്കു പുറത്തുനില്ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം വാര്‍ത്തകളും അസ്ഥാനത്തുള്ളതും കടിഞ്ഞാണില്ലാത്തതുമായ ചില പ്രസ്താവനകളും ഉണ്ടാകുക ഒരു പരിധിവരെ സാധാരണമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രതികരിച്ചു.

ഇപ്പോള്‍ ജെമേല്ലി ആശുപത്രിയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ പ്രോത്സാഹജനകങ്ങളാണെന്നും പാപ്പാ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കയാണെന്നും വത്തിക്കാനില്‍ നിന്ന് ഔദ്യോഗിക രേഖകളും മറ്റും പാപ്പായ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും അതു സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

പാപ്പായുടെ രാജിയെക്കുറിച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ വിക്ടര്‍ മനുവേല്‍ ഫെര്‍ണാണ്ടസിനോട് അര്‍ജന്തീനയിലെ ”ല നസിയോണ്‍” എന്ന ദിനപ്പത്രം ചോദിച്ച ചോദ്യത്തിന് രാജിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നല്കിവരുന്ന ചികിത്സയോട് പാപ്പാ നല്ലവണ്ണം പ്രതികരിക്കുന്നുണ്ട് എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം എന്നും കര്‍ദ്ദിനാള്‍ വിക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

Previous Post

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയില്‍ തുടരുന്നു

Next Post

റാഗിങ്‌ ക്രിമിനലുകള്‍ മാപ്പ്‌ അര്‍ഹിക്കുന്നില്ല

Total
0
Share
error: Content is protected !!