1996 ലെ എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തിറങ്ങിയ ദിവസം ഓര്‍മ്മ വരുന്നു . ഇന്ന് വിദ്യാര്‍ഥികള്‍ക്കുള്ള ആകാംക്ഷയെക്കാളും, സമ്മര്ദ്ദത്തേക്കാളും വലുതായിരുന്നു അന്നത്തെ സാഹചര്യം സൃഷ്ടിച്ചിരുന്നത്. കേളകം സെന്റ് തോമസ് ഹൈസ്കൂളിലാണ് എന്റെ എസ്എസ്എല്‍സി പഠനം നടന്നത്. ഇന്നത്തെതില്‍ നിന്നും വിഭിന്നമായി വളരെ അപൂര്‍വ്വമായി മാത്രം 100% വിദ്യാര്‍ഥികള്‍ വിജയിക്കുന്ന സ്കൂളുകള്‍ കാണുന്ന ഒരു കാലഘട്ടമായിരുന്നു അത് .600 ല്‍ ആണ് ആകെ മാര്‍ക്ക്.. 300 ഓളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയാല്‍ അഞ്ചോ ആറോ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഡിസ്റ്റിങ്ഷന്‍ ലഭിക്കും . കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് , കുറച്ചു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസ്, വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തേര്‍ഡ് ക്ലാസ് ഓടുകൂടി പാസാകും. എന്നാല്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ അത്ര തന്നെ ഉണ്ടാകും പരാജയപ്പെടുന്നവരും. പത്രത്തിലൂടെ മാത്രമേ റിസള്‍ട്ട് ലഭിക്കുകയുള്ളൂ. ചിലപ്പോള്‍ അന്തിപത്രത്തിലൂടെ റിസള്‍ട്ട് ലഭിക്കും എന്നുള്ള പ്രതീക്ഷയോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ടൗണില്‍ അന്തി പത്രത്തിനായി കാത്തിരിക്കുന്നത് ഓര്‍മ്മ വരുന്നു. എന്നാല്‍ പിറ്റേദിവസം രാവിലെയാണ് ഞങ്ങള്‍ക്ക് റിസള്‍ട്ട് ലഭിച്ചത് . ശരാശരിയില്‍ നിന്നും താഴെ നിലവാരത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു എങ്കിലും എസ്എസ്എല്‍സി പരീക്ഷാഫലത്തെക്കുറിച്ച് ഒരുപാട് അധികം പ്രതീക്ഷകള്‍ സ്വയം വെച്ചു പുലര്‍ത്തിയിരുന്നു ഞാന്‍. ഭാഗ്യത്തിന്റെ തേരില്‍ ഏറി ചിലപ്പോള്‍ അപ്രതീക്ഷിതമായി ഡിസ്റ്റിങ്ഷനോ , ഫസ്റ്റ് ക്ലാസോ ലഭിക്കുമെന്ന വെറുതെ ഉള്ള ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. രാവിലെ പ്രദേശത്ത് എത്തിയത് ദീപിക ദിനപ്പത്രം ആണ് . സുഹൃത്തുക്കളോടൊപ്പം പരീക്ഷാഫലം പരതുവാന്‍ തുടങ്ങി. ആദ്യം നോക്കിയ ചിലര്‍ ജയിച്ചു, ചിലര്‍ പരാജയപ്പെട്ടു. സ്കൂളില്‍ ഡിസ്റ്റിങ്ഷന്‍ ലഭിച്ച മൂന്നുപേര്‍ മാത്രം എന്ന് അപ്പോള്‍ തന്നെ വ്യാപകമായി പ്രദേശത്ത് പ്രചരിച്ചു . അഭിലാഷ് – 501, ഉല്ലാസ് -491, ജുബിന്‍ -486 എന്നിവരാണ് ആ മിടുക്കര്‍. എങ്കിലും പ്രതീക്ഷ കൈവിടാതെ ഡിസ്റ്റിങ്ഷന്‍ കോളത്തില്‍ ഒന്ന് നോക്കി… . നമ്പറില്ല…പിന്നെ ഫസ്റ്റ് ക്ലാസ് വിഭാഗം നമ്പറുകള്‍ വിശദമായി പരിശോധിച്ചു..ലോട്ടറി ടിക്കറ്റ് ഫലം നോക്കുന്ന ഒരു പ്രതീതിയായിരുന്നു..ഇല്ല ഫസ്റ്റ് ക്ലാസും ലഭിച്ചില്ല …സെക്കന്‍ഡ് ക്ലാസ് എന്തായാലും ഉണ്ടാകും എന്ന് കരുതി നന്നായി പരിശോധിച്ചു . രണ്ടുതവണ പരിശോധിച്ചു …ഇല്ല സെക്കന്‍ഡ് ക്ലാസും ഇല്ല….തേര്‍ഡ് ക്ലാസ്സ് എങ്കില്‍ തേര്‍ഡ് ക്ലാസ് ….അതെങ്കിലും ലഭിക്കട്ടെ എന്നുള്ള പ്രതീക്ഷയോടെ വീണ്ടും തേര്‍ഡ് ക്ലാസ് വിഭാഗം നമ്പറുകള്‍ പരിശോധിക്കുന്നു. വലിയ പ്രതീക്ഷയോടെ ഫലം കാത്തിരുന്ന എനിക്ക് എന്റെ നമ്പര്‍ അവിടെ കാണാന്‍ കഴിയുന്നില്ല ..ഉള്ളില്‍ എന്തോ പൊള്ളുന്നത് പോലെ ഉള്ള ഒരു അനുഭവം…ചെറിയൊരു വിറയല്‍….തോറ്റു എന്ന് ഉറപ്പായ നിമിഷം ..അപ്പോഴാണ് എന്റെ മുഖത്തെ ഭാവം ശ്രദ്ധിച്ച് കൊണ്ടാണെന്ന് തോന്നുന്നു ഏകദേശം 60 വയസ്സ് അന്ന് പ്രായമുള്ള കല്ലിങ്കല്‍ തോമസ് എന്നുള്ള അയല്പക്കത്തുള്ള ചേട്ടന് എന്റെ നമ്പര്‍ പത്രത്തില്‍ പരിശോധിക്കുവാന്‍ മുന്‍കൈയെടുത്തു. അദ്ദേഹം ഒന്ന് പരിശോധിച്ചതിനുശേഷം പറഞ്ഞു ഭയപ്പെടേണ്ട നീ തോറ്റിട്ടില്ല, തുടര്‍ച്ചയായി 100 നമ്പറുകള്‍ ഈ പത്രത്തില്‍ കാണുന്നില്ല. അതൊരു പ്രിന്റിംഗ് പിശക് ആണ്. മറ്റൊരു പത്രവും കൂടി പരിശോധിച്ചാല്‍ നമുക്കത് വ്യക്തമാകും. പക്ഷേ അപ്പോഴേക്കും തോല്‍വിയുടെ ഭാരം എന്നെ തളര്‍ത്തിയിരുന്നു. അദ്ദേഹം തന്നെ മനോരമ പത്രവും അവിടെ വച്ച് പരിശോധിച്ചു. അദ്ദേഹം പറഞ്ഞത് ശരിയായി…ആശ്വാസകരമായ വാര്‍ത്ത എത്തി തേര്‍ഡ് ക്ലാസ് ഓടുകൂടി എസ്എസ്എല്‍സി പാസായി…എങ്ങനെയെങ്കിലും പാസായാല്‍ മതിയായിരുന്നു എന്ന് ഉള്ള അവസ്ഥയില്‍ അപ്പോള്‍ എത്തിയിരുന്ന എനിക്ക് ജയിച്ചു എന്നുള്ളത് മധുരിക്കുന്ന വാര്‍ത്തയായി മാറി. പക്ഷേ അപ്പോഴേക്കും ഉള്ളിലെ പൊള്ളല്‍ ശക്തമായിരുന്നു. അതിശക്തമായ പനി അനുഭവപ്പെട്ടു . ഉച്ചയോടു കൂടി പനി വീണ്ടും ശക്തി ആര്‍ജ്ജിച്ചു. കേളകത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ തേടി. അവിടെ എത്തിയപ്പോള്‍ തന്നെ പലരും ചോദിക്കുവാന്‍ തുടങ്ങി തോറ്റു എന്ന് വിചാരിച്ച് പേടിച്ചു പനിപിടിച്ചു അല്ലേ എന്ന്..മാര്‍ക്ക് വന്നപ്പോള്‍ 296 മാര്‍ക്കോട് കൂടി ആണ് പാസായത്. ആശ്വസിപ്പിക്കുവാന്‍ മറ്റൊരു അയല്പക്കകാരന് വര്‍ക്ക് ചേട്ടന് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വരുന്നു -ഉയര്‍ന്ന തേര്‍ഡ് ക്ലാസ് ..അഭിനന്ദനങ്ങള്‍..
പക്ഷേ ഈ ആശങ്കകളും, അനുഭവങ്ങളും ജീവിതത്തില്‍ മുതല്‍ക്കൂട്ടാകും ചിലപ്പോള്‍.. പിന്നീട് ഓര്‍ത്ത് ചിരിക്കുവാന്‍ അവസരം ഒരുക്കും എന്നുള്ളതാണ് ഈ അനുഭവ കുറിപ്പിന്റെ ഉള്ളടക്കം.
പിന്നീട് പ്രീഡിഗ്രി ഫസ്റ്റ് ക്ലാസ് നേടി പാസായി, ബികോം ,എം കോം , എം ബി എ എന്നിവ ഫസ്റ്റ് ക്ലാസ് ഓടുകൂടി പാസായി, എം ബി എ പഠനത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല സൗജന്യമായി ജര്‍മ്മനിയിലെ രണ്ട് സര്‍വകലാശാലകളില്‍ അയച്ചു പഠിപ്പിച്ചു, സെറ്റ്, യുജിസി നെറ്റ് എന്നീ യോഗ്യത പരീക്ഷകള്‍ വിജയിച്ചു ,മാനേജ്മെന്റ് സ്റ്റഡീസില്‍ പി എച്ച് ഡി നേടി തുടങ്ങിയവ ജീവിതത്തില്‍ നേട്ടങ്ങളും അനുഭവങ്ങളുമായി നിറഞ്ഞുനിന്നു. കഴിഞ്ഞ 13 വര്‍ഷമായി രാജപുരം സെന്റ് പയസ് ടെന്ത് എന്ന എയ്ഡഡ് കോളേജില്‍ സ്ഥിരം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്..
എസ്എസ്എല്‍സി ഫലം മികച്ചതായിരിക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ തുടര്‍ന്നുള്ള ഇച്ഛാശക്തിയോടു കൂടിയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സമര്‍പ്പണം ആണ് ജീവിതത്തില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് എന്നുള്ളത് അന്നും ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്.
ഡോ. ഷിനോ പി ജോസ്