ജീവനെടുക്കുന്ന ലോണ്‍ ആപ്പുകള്‍

കൊച്ചി കടമക്കുടിയില്‍ രണ്ടു അരുമക്കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത ദമ്പതികളെ ആ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്‌ ഓണ്‍ലൈന്‍ വായ്‌പാകെണി ആണെന്നാണ്‌ ലഭ്യമായ വിവരം. ഹാപ്പി വാലറ്റ്‌ എന്ന ഓണ്‍ലൈന്‍ ആപ്പില്‍ നിന്നു വായ്‌പ എടുത്തവര്‍ക്കാണ്‌ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുണ്ടായ ദുര അനുഭവത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്യേണ്ടി വന്നത്‌. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെ സംബന്ധിച്ചുള്ള പരാതികള്‍ നാളുകളായി നാം കേട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ അവയെ നിയന്ത്രിക്കുന്നതിനോ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്‌ അവ പ്രവര്‍ത്തിക്കുന്നതെന്നു ഉറപ്പു വരുത്തുന്നതിനോ കഴിയുന്നില്ലെന്നു മാത്രമല്ല ഏതാണ്‌ യഥാര്‍ത്ഥമായത്‌, ഏതാണ്‌ വ്യാജന്‍ എന്നു പോലും സാധാരണക്കാര്‍ക്കു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്‌. കടമക്കുടിയില്‍ ഒരു കുടുംബത്തിനൊന്നാകെയാണ്‌ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്‌. കഴിഞ്ഞ മാസം തിരിച്ചടവു മുടങ്ങിയതോടെയാണ്‌ കടം നല്‌കിയ ഓണ്‍ലൈന്‍ ലോബി കടമെടുത്ത വീട്ടമ്മയുടെ ഫോണിലേക്ക്‌ ഭീഷണി സന്ദേശം അയച്ചു തുടങ്ങിയത്‌. തുടര്‍ന്ന്‌ വീട്ടമ്മയുടെ മോര്‍ഫ്‌ ചെയ്‌ത നഗ്നചിത്രങ്ങള്‍ വാട്ട്‌സ്‌ആപ്പിലൂടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തു ഭീഷണി തുടര്‍ന്നുകൊണ്ടേയിരുന്നു. ദമ്പതികള്‍ മരിച്ചതിനുശേഷവും ഇത്തരത്തിലുള്ള അധാര്‍മ്മിക പ്രവര്‍ത്തികള്‍ തുടര്‍ന്നുവെന്നാണ്‌ ബന്ധുക്കള്‍ അറിയിച്ചത്‌. ഈടില്ലാതെ ഒരു ലക്ഷം രൂപ വരെ വായ്‌പ നല്‌കുന്നുവെന്നു നവമാധ്യമങ്ങളിലൂടെ പരസ്യം നല്‌കി ആളുകളെ ആകര്‍ഷിച്ചാണ്‌ പല ഓണ്‍ലൈന്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്‌. ആരെങ്കിലും ലിങ്ക്‌ ഓപ്പണ്‍ ചെയ്‌താല്‍ പ്രത്യേക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ആപ്പ്‌ തുറക്കുമ്പോള്‍ തന്നെ വ്യക്തികളുടെ കോണ്‍ടാക്‌ട്‌ ലിസ്റ്റ്‌, ലൊക്കേഷന്‍, ഗാലറി തുടങ്ങിയവയ്‌ക്ക്‌ അനുവാദം നല്‌കണം. വ്യക്തി വിവരങ്ങളും ശേഖരിക്കും. ഇത്തരത്തില്‍ അനുവാദം നല്‌കി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വലിയ തരത്തിലുള്ള റിസ്‌ക്‌ സ്വയം ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നത്‌. ദിവസങ്ങള്‍ക്കകം ഈ ഡേറ്റാസ്‌ ഉപയോഗിച്ചു ബ്ലാക്‌മെയിലിംഗ്‌ ആരംഭിക്കും. അന്യായ പലിശയാണ്‌ കടക്കാരില്‍ നിന്നു ഈടാക്കുക. 1000 രൂപയ്‌ക്ക്‌ ഒരാഴ്‌ചത്തേക്കു 500 രൂപ വരെ പലിശ നല്‌കിയവരുണ്ടെന്ന്‌ പറയപ്പെടുന്നു. എടുത്ത തുകയുടെ പല ഇരട്ടി നല്‌കിയാലും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നു. കടക്കാരന്റെ അനുമതി കൂടാതെ വീണ്ടുമൊരു വായ്‌പകൂടെ കടക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊണ്ട്‌ എന്നും അദ്ദേഹത്തെ കടഭാരത്തില്‍ തളച്ചിടുന്ന ഹീന പ്രവര്‍ത്തികള്‍ വരെ ചെയ്യുന്നുണ്ടെന്നാണ്‌ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്‌. ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകുന്നുവെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഈ വര്‍ഷം ഇതുവരെ ലഭിച്ച 14,897 തട്ടിപ്പു പരാതികളില്‍ 1440 എണ്ണം ലോണ്‍ ആപ്പുകള്‍ സംബന്ധിച്ചുള്ളതാണ്‌. അതായത്‌ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ പത്തു ശതമാനം ലോണ്‍ ആപ്പുകള്‍ സംബന്ധിച്ചുള്ളതാണ്‌.
ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തിലെ ആളുകള്‍ പോലും ഇതിന്റെ ഇരയാകുന്നതിന്റെ കാരണം ജാഗ്രതക്കുറവും വേണ്ടത്ര ആലോചനയില്ലാത്ത പ്രവര്‍ത്തികളും മൂലമാണ്‌. അംഗീകൃത ഡിജിറ്റല്‍ ആപ്പുകള്‍ അവരുമായി സഹകരിക്കുന്ന ധനകാര്യസ്ഥാപനത്തിന്റേ പേരു നല്‌കണമെന്ന്‌ ചട്ടം അനുശാസിക്കുന്നുണ്ടെങ്കിലും പലരും അതു വെളിപ്പെടുത്താറില്ല. ആപ്പിനൊപ്പമുള്ള പേര്‌ പലപ്പോഴും വ്യാജമാകാന്‍ ഇടയുള്ളതുകൊണ്ട്‌, വായ്‌പ എടുക്കുന്നവര്‍ നിര്‍ബന്ധമായും ധനകാര്യ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ്‌ പരിശോധിക്കുകയും അവരെ നേരിട്ട്‌ വിളിച്ച്‌ അന്വേഷിക്കുകയും ചെയ്യാതെ ഇത്തരത്തിലുള്ള ആപ്പുകളില്‍ നിന്നു ലോണ്‍ എടുത്തുകൂടാ. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പില്‍ ആപ്പ്‌ സ്റ്റോറിലും തട്ടിപ്പു നടത്തുന്ന വ്യാജ ആപ്പുകള്‍ സജീവമാണെന്നതു രാജ്യത്തിനു നാണക്കേടാണ്‌. എല്ലാ മേഖലയിലും ഡിജിറ്റല്‍ ഇടപാടിനു പ്രേരിപ്പിക്കുന്ന നാം ഈ മേഖലയില്‍ കടന്നു കൂടിയിരിക്കുന്ന വ്യാജന്മാരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യണം. അനധികൃത വായ്‌പ ആപ്പുകളെ നിയന്ത്രിക്കുന്നതിനുവേണ്ടി അംഗീകൃത ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യ കഴിഞ്ഞ വര്‍ഷം തീരുമാനം എടുത്തിരുന്നു. ഈ പട്ടികയിലുള്ള ആപ്പുകള്‍ മാത്രമെ ആപ്പ്‌ സ്റ്റോറുകളില്‍ ഉണ്ടാകുകയുള്ളുവെന്നു ഐ.റ്റി മന്ത്രാലയം തീരുമാനം എടുത്തിരുന്നതുമാണ്‌. ഡിജിറ്റല്‍ വായ്‌പ തട്ടിപ്പുകള്‍ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നു റിസര്‍വ്‌ ബാങ്ക്‌ നിയമിച്ച ആറംഗ സമിതി രണ്ടു വര്‍ഷം മുന്‍പേ നിര്‍ദ്ദേശം വച്ചിരുന്നതാണ്‌. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊക്കെ കേവലം നിര്‍ദ്ദേശങ്ങള്‍ മാത്രമായി നിലനിന്നതുകൊണ്ടും, നടപടി എടുക്കാത്തതുകൊണ്ടും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നു. ഇന്ത്യയുടെ സാമ്പത്തിക കുറ്റാന്വേഷകര്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ അവരുടെ അന്വേഷണത്തിന്റെ ഫോക്കസ്‌ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാര്‍ക്കു അംഗീകൃത ബാങ്കുകളില്‍ നിന്നു വായ്‌പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണം. കേരളത്തിലെ സാധാരണക്കാരുടെ സാമ്പത്തിക ഇടപെടല്‍ ശേഷിക്കു കാര്യമായ സംഭാവന ചെയ്‌ത സഹകരണ ബാങ്കുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കരിവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്കുകളില്‍ ബാങ്ക്‌ അധികൃതരുടെയും രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഒത്താശയില്‍ നൂറു കണക്കിനു കോടികളുടെ തട്ടിപ്പു നടന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നു വരുന്നു. ഓണ്‍ലൈന്‍ ആപ്പുകളുടെ ബ്ലാക്‌മെയിലിംഗില്‍ ആത്മഹത്യയല്ല പരിഹാരമെന്ന ചിന്ത മലയാളി ഇനിയെങ്കിലും ആലോചിച്ചു തുടങ്ങണം. എളുപ്പത്തില്‍ കഴിയുന്നതെല്ലാം എപ്പോഴും ഗുണപ്രദമല്ലെന്ന അറിവും നാം മറന്നുകൂടാ. വഞ്ചിക്കപ്പെടാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുകയാണ്‌ ഏറ്റവും നല്ല ഉപാധി.

Previous Post

ബേബി മുളവേലിപ്പുറം ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍

Next Post

കാന്‍ബറ ക്നാനായ മിഷനില്‍ തിരുഹൃദയത്തിന്‍െറ തിരുന്നാള്‍ ഒക്ടോബര്‍ 6,7,8 തീയതികളില്‍

Total
0
Share
error: Content is protected !!