പുതുതലമുറയ്ക്ക് ഉണര്‍വേകി, കുടുംബ- അയല്പക്ക കൂട്ടായ്മ ആഘോഷമാക്കി രാജപുരം മെത്താനം കുടുംബം
കേരളത്തില്‍ ചരിത്രപരമായി സംഘടിത കുടിയേറ്റം നടന്ന പ്രദേശങ്ങളാണ് രാജപുരവും മടമ്പവും . 1943 രാജപുരം കുടിയേറ്റ കാലഘട്ടത്തില്‍ 72 കുടുംബങ്ങളാണ് കോട്ടയം ഭാഗത്ത് നിന്നും അന്ന് ഏച്ചിക്കോല്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ രാജപുരത്തേക്ക് കൂടിയേറിയത്…വന്യമൃഗങ്ങളോട് പോരാടി നിലനില്‍പ്പിനായി യുദ്ധം ചെയ്ത പൂര്‍വികരുടെ ഭൂമി എന്നാണ് ഈ ഐതിഹാസിക കുടിയേറ്റ പ്രദേശത്തെ സമൂഹം വിശേഷിപ്പിക്കുന്നത് …അന്നും കാട്ടുപന്നി ആയിരുന്നു വില്ലന്‍…പക്ഷേ ഭക്ഷണത്തിനായി കെണിവെച്ച് ഉപയോഗിച്ചതിനാല്‍ കൃഷിയെ ബാധിച്ചില്ല എന്ന് കുടിയേറ്റക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു …ഇന്ന് പെറ്റ് പെരുകുന്ന പന്നിയെ കൊല്ലാനും ഭക്ഷിക്കാനും അനുവാദമില്ല എന്നത് കൃഷിയെയും അതിജീവനത്തെയും മറ്റൊരു രീതിയില്‍ ബാധിച്ചിരിക്കുന്നു ..
എന്നാല്‍ ഈ കാലഘട്ടത്തിലും കാട്ടുപന്നിയെ കബളിപ്പിക്കുന്ന പുതിയ സൂത്രവിദ്യയുമായി പഴയ തലമുറയുടെ കൂട്ടായ്മയെ ഓര്‍മിപ്പിച്ചു മെത്താനം കുടുംബം രാജപുരത്ത് നടത്തിയ കപ്പ വാട്ടല്‍ ചടങ്ങ് കൗതുകണര്‍ത്തി …
എന്താണ് കപ്പ വാട്ടല്‍?
പട്ടിണിക്ക് പ്രതിമരുന്ന് എന്ന് വിളിക്കാവുന്ന ഏക കൃഷി ആണ് കപ്പ ..ധാരാളമായി വിളവ് നല്‍കും …വാണിജ്യാടിസ്ഥാനത്തില്‍ വലിയ സാധ്യത ഇല്ലെങ്കിലും ഭക്ഷണമായി യഥേഷ്ടം ഉപയോഗിക്കാം ..വിളവ് ലഭിച്ചതിനുശേഷം തുടര്‍ന്ന് ഒരു വര്‍ഷം വരെ വാട്ടു കപ്പ റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ തന്നെ കേടുകൂടാതെ സാധാരണ ചാക്കില്‍ കെട്ടി ആവശ്യം പോലെ ഉപയോഗിച്ച് വിശപ്പകറ്റാം…ആ രീതിയില്‍ ചിന്തിച്ചാല്‍ കപ്പയ്ക്ക് തുല്യം മറ്റൊരു കാര്‍ഷിക വിളയില്ല ..
കുടിയേറ്റ പൂര്‍വികര്‍ കപ്പ തണ്ട് നട്ട്, വളര്‍ത്തി ഭക്ഷണത്തിന് ആവശ്യമായത് കപ്പയിലൂടെ കണ്ടെത്തി , മറ്റ് ആവശ്യങ്ങള്‍ക്ക് വാണിജ്യത്തിന് അനുകൂലമായ മറ്റ് കൃഷികള്‍ ചെയ്തു നല്‍കിയ മാതൃക ഇന്ന് ഈ പ്രദേശത്തെ സമ്പന്ന ദേശങ്ങളില്‍ ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.. നട്ട കപ്പ വിളയാകുമ്പോള്‍ , പറിച്ച് , ചെരണ്ടി , അരിഞ്ഞ് , വാട്ടി ചാക്കില്‍ സൂക്ഷിക്കുന്ന പ്രത്യേകതരം ആഘോഷമാണ് കപ്പ വാട്ടല്‍ ..
പിന്‍തലമുറക്കാര്‍ ഭൂരിഭാഗവും വിദേശത്ത് കുടിയേറിയപ്പോള്‍, വിദേശ നാണ്യം രാജപുരം പോലുള്ള പല കുടിയേറ്റ മേഖലകളിലും പരിഷ്‌കാരം കൊണ്ടുവന്നപ്പോള്‍ ഇന്ന് നടന്ന കപ്പ വാട്ടല്‍ അവിസ്മരണീയമായ ഒന്നായി മാറി …കുടിയേറ്റവും, ത്യാഗവും , പോരാട്ടവും, കൂട്ടായ്മയും ഒന്നിക്കുന്ന മഹനീയ നിമിഷത്തെ ഓര്‍മ്മിപ്പിച്ച മെത്താനം കുടുംബത്തിന് ആധുനിക ഭാഷയില്‍ ഒരു ലൈക്ക് …
കാരണഭൂതന്‍
രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 6 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിരമിച്ച എം ടി ഫിലിപ്പ് മെത്താനത്ത് രാജപുരത്തിന് സമീപം ഒന്നാം മൈലില്‍ 30 സെന്റ് സ്ഥലത്ത് സഹോദരങ്ങളോടൊപ്പം നടത്തിയ കൃഷിയാണ് ഇന്ന് കപ്പ വാട്ടലായി പരിണമിച്ചത് …
കാട്ടുപന്നി ആക്രമണം തടയുവാന്‍ സാരിവേലികെട്ടി എന്നുള്ള തന്ത്രം കൗതുകം ഉണര്‍ത്തി ..കളര്‍ ഉള്ള സാരി കാണുമ്പോള്‍ പന്നി കൃഷിയിടത്തില്‍ എത്തില്ല എന്നാണ് ഫിലിപ്പിന്റെ പക്ഷം …
കപ്പ കൃഷിയെ കുറിച്ച് ഫിലിപ്പിന്റെ വാക്കുകള്‍
മെയ് അവസാന വാരം ആദ്യമഴ പെയ്യുമ്പോള്‍ തന്നെ കപ്പ കൃഷി ചെയ്യണം ..തുടര്‍ന്നുള്ള രണ്ട് പ്രധാനപ്പെട്ട ഘട്ടം ഇട കിളക്കുക, പുല്ലു ചെത്തല്‍ എന്നിവയാണ് ..പുല്ല് ചെത്തിക്കളഞ്ഞ് ചുവടിനോട് ചേര്‍ത്ത് മണ്ണിടുന്നതാണ് പുല്ലു ചെത്തല്‍ എന്ന പ്രധാന ഘട്ടം..പിന്നെ കപ്പ തന്നെ വളര്‍ന്നോളും …ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കപ്പ മൂത്തു എന്ന് വിലയിരുത്താം …പൂവും കായും വരും എന്നതാണ് കപ്പ മൂത്തതിന്റെ ലക്ഷണം ….അപ്പോള്‍ കപ്പ പറിക്കുക ..ചൂടു കാലാവസ്ഥയായാല്‍ കപ്പ കേടാകും …ആയതിനാല്‍ അനുയോജ്യമായ ദിവസം കണ്ടെത്തി ബന്ധുക്കളെയും അയല്‍പക്കക്കാരെയും കൂട്ടി കപ്പ പറിച്ച് , ചിരണ്ടി ,അരിഞ്ഞ്, വാട്ടി, ഉണക്കുന്ന മഹനീയ ആഘോഷമാണ് മത്താനം കുടുംബക്കാരും അയല്‍പക്കക്കാരും അവിസ്മരണീയമാക്കിയത് …ശരാശരി വിളവ് ആണെങ്കില്‍ ഒരു കുടുംബത്തിന് ഒരു വര്‍ഷം ഭക്ഷണമായി ഉപയോഗിക്കാന്‍ 30 സെന്റിലെ കപ്പ മതി …ശരാശരിയിലും ഉയര്‍ന്ന വിളവ് ആണെങ്കില്‍ വില്‍ക്കാനുള്ള കപ്പയും കിട്ടും …പ്രസ്തുത വില്‍പ്പനയിലൂടെ വീടും സ്ഥലവും വാങ്ങാന്‍ പറ്റില്ലെങ്കിലും അധ്വാനത്തിലൂടെ ലഭിക്കുന്ന ലാഭം എപ്പോഴും ജീവിതത്തിന് ആവേശം നല്‍കും …
ഇന്നത്തെ കപ്പ വാട്ടലിന് 13 കുടുംബങ്ങളിലെ മുപ്പതോളം അംഗങ്ങള്‍ ഭാഗഭാക്കുകളായി …65 വയസ്സിന് മുകളില്‍ പ്രായമുള്ള 8 അംഗങ്ങള്‍ പങ്കെടുത്തു എന്നുള്ളത് ഒരു സന്ദേശം നല്‍കുന്നു …13 സ്ത്രീകളും ,17 പുരുഷന്മാരും പങ്കെടുത്തു …കപ്പ വാട്ടലില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഫിലിപ്പിന്റെ ഇളയ മകള്‍ 22 വയസ്സുള്ള ബി എസ് സി നഴ്‌സിംഗ് ബിരുദം പൂര്‍ത്തിയാക്കി രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയ ലെന ഫിലിപ്പ് ആണ് .. ഏറ്റവും പ്രായം കൂടിയ വ്യക്തി ഫിലിപ്പിന്റെ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മൂത്ത സഹോദരന്‍ ജോസ് മെത്താനത്ത് ആണ് …ഭാര്യ ലിസി ഫിലിപ്പ് ഒരേസമയം കപ്പ വാട്ടലിലും പാചകത്തിലും പങ്കാളിയായി ….8 സഹോദരങ്ങളുടെ കുടുംബങ്ങള്‍ കൂടാതെ 5 അയല്‍പക്ക കുടുംബങ്ങളും ഒത്തു ചേര്‍ന്ന് ആഘോഷിച്ചപ്പോള്‍ പുനര്‍ജനിച്ചത് കുടിയേറ്റ ജീവിതങ്ങളാണ് .,.
ഡോ. ഷിനോ പി ജോസ്