പാപ്പാ ശാന്തമായി ഉറങ്ങി; പുതിയ വിവരങ്ങളുമായി വത്തിക്കാന്‍

പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താകാര്യാലയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയുടെ പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഞായറാഴ്ച്ച രാത്രി പാപ്പാ ശാന്തമായി വിശ്രമിക്കുകയും, വെന്റിലേറ്ററിന്റെ സഹായം നിര്‍ത്തിവയ്ക്കുകയും ചെയ്തതായി വാര്‍ത്താകുറിപ്പില്‍ പ്രത്യേകം പറയുന്നു

ന്യൂമോണിയ ബാധ മൂലം ഫെബ്രുവരി മാസം പതിനാലാം തീയതി റോമിലെ ജമല്ലി ആശുപതിയില്‍ പ്രവേശിക്കപ്പെട്ട പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ടു. മാര്‍ച്ചുമാസം രണ്ടാം തീയതി, വത്തിക്കാന്‍ കാര്യാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും, മോണ്‍സിഞ്ഞോര്‍ എഡ്ഗാര്‍ പേഞ്ഞ പാറയും, ഫ്രാന്‍സിസ് പാപ്പായെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ശ്വസന തടസം ഉണ്ടായ പാപ്പായ്ക്ക് ഉടനടി യന്ത്രസഹായത്തോടെയുള്ള ശ്വാസവിതരണം നടത്തിവന്നിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ മാറ്റമുണ്ടായതോടെ, യന്ത്രസഹായം നിര്‍ത്തിവച്ചതായും, മാര്‍ച്ചു മാസം മൂന്നാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഞായറാഴ്ച്ച രാത്രി യാതൊരു തടസങ്ങളുമില്ലാതെ ഫ്രാന്‍സിസ് പാപ്പാ ശാന്തമായി വിശ്രമിച്ചുവെന്നും, എന്നാല്‍ ഉയര്‍ന്ന പ്രവാഹത്തിലുള്ള ഓക്‌സിജന്‍ തെറാപ്പി ഇപ്പോഴും നല്കിവരുന്നതായും കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു. ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തന്നെ തുടരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉണ്ടായ ശ്വസനതടസം (ബ്രോണ്‍കോസ്സ്പാസം) മറ്റു പ്രത്യഘാതങ്ങള്‍ സൃഷ്ടിച്ചില്ലായെങ്കിലും, ഗുരുതരാവസ്ഥയുടെ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും വത്തിക്കാന്‍ വ്യക്തമാക്കി. തന്നെ ചികിത്സിക്കുന്നവരുടെയൊപ്പം ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പാപ്പാ പങ്കെടുക്കുകയും, പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും സമയം ചിലവഴിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു.

Previous Post

കൂടല്ലൂര്‍: തയ്യില്‍ മാത്യു ജോസഫ്

Next Post

സി.എ പരീക്ഷയില്‍ മികച്ച വിജയം

Total
0
Share
error: Content is protected !!