വീണ്ടുമൊരു കേരള പിറവിദിനത്തിലേക്കു കേരളത്തിന്റെ 68-ാം ജന്മദിനത്തിലേക്കു നാം എത്തി കഴിഞ്ഞു. 1947 ല്‍ ഭാരതം സ്വാതന്ത്ര്യം നേടിയെങ്കിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലുമായി ചിതറികിടക്കുകയായിരുന്നു മലയാളികള്‍. സ്വാതന്ത്ര്യ ലബ്‌ധിയോടെ തുടങ്ങിയ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി 1956 നവംബര്‍ 1-ാം തീയതിയാണ് ഐക്യകേരളം രൂപീകൃതമായത്. മലയാളികളുടെ സ്വത്വബോധ നിര്‍മ്മിതിയിലും സാംസ്‌കാരിക വളര്‍ച്ചയിലും ശക്തമായ സ്വാധീനം ചെലുത്തുവാന്‍ ഐക്യകേരളത്തിന്റെ സ്ഥാപനത്തിനു കഴിഞ്ഞു. ഇന്ന് ലോകത്തെവിടെയും മലയാളി സാന്നിധ്യമുണ്ടെന്നത് മലയാളികളുടെ ധീഷണപരമായ വൈഭവത്തിന്റെയും സാങ്കേതികമായ വൈദഗ്‌ധ്യത്തിന്റെയും കഠിനാധ്വാനം ചെയ്യാനുള്ള മനസിന്റെയും റിസ്‌ക് എടുക്കാനുള്ള കഴിവിന്റെയും സര്‍വ്വോപരി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളെ ആര്‍ജ്ജിക്കാനുള്ള സ്വപ്‌നങ്ങളെ നെഞ്ചിലേറ്റുന്നതിന്റെയും അടയാളപ്പെടുത്തലായി കാണാന്‍ സാധിക്കും. ഒരു കാലത്തു കേരള മോഡല്‍ വികസനമെന്ന ബ്രാന്‍ഡനിംഗ് പോലും നമുക്കു സാധ്യമായി. ശാസ്‌ത്രവളര്‍ച്ചയിലും സാങ്കേതിക വിദ്യയുടെ വികസനത്തില്‍ സംഭാവന ചെയ്യുന്നതിലും അതിന്റെ നന്മകള്‍ ആര്‍ജ്ജിച്ചെടുക്കുന്നതിലും കേരളീയര്‍ക്കു കഴിഞ്ഞു. ഇന്ന് ലോകത്തിലെ വിവിധയിടങ്ങളില്‍ പ്രശസ്‌തരായ ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സംരഭകര്‍, ബിസിനസുകാര്‍ എന്നീ നിലകളിലൊക്കെ മലയാളികള്‍ തിളങ്ങി നില്‌ക്കുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലൊക്കെ മികച്ച വളര്‍ച്ച നേടിയെടുക്കുവാന്‍ നമുക്കു കഴിഞ്ഞു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ലോകക്രമത്തിലെ വികസന സാഹചര്യങ്ങളും വിവിധ രംഗങ്ങളിലെ വളര്‍ച്ചാനിരക്കുമൊക്കെ പരിഗണിക്കുമ്പോള്‍ നാം പല രംഗങ്ങളിലും ഏറെ പിറകിലല്ലേ, എത്തേണ്ടിടത്തു എത്തിയില്ലല്ലോ എന്ന ചിന്ത ചിലപ്പോഴെങ്കിലും ഉയര്‍ന്നു വരാറുണ്ട്.
കേരളം ഇന്നു അഭിമുഖീകരിക്കുന്ന, നമ്മുടെ അടിയന്തര ശ്രദ്ധ പതിക്കേണ്ട പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കാര്യ ഗൗരവത്തോടെ എടുക്കുവാന്‍ നമുക്കു കഴിയുന്നില്ല. രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി മതവും ജാതിയും ഉപയോഗിക്കുന്ന സമീപനം ചിലപ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നു. വര്‍ഗീയ ധ്രുവീകരണവും മതവിഭാഗീയതയും വളര്‍ത്തുന്നതിലൂടെ അധികാരത്തില്‍ എത്താനും അധികാരം നിലനിര്‍ത്താനും പലപ്പോഴും ശ്രമം നടക്കുന്നുണ്ടെന്നു കരുതേണ്ടി വരുന്നു. എന്തിലും ഏതിലും വര്‍ഗീയതയുടെയും മതത്തിന്റെയും നിറം കൊടുക്കുന്ന രീതി ഒട്ടും അഭികാമ്യമല്ല. അടിമുടി കടക്കെണിയില്‍ ആയിരിക്കുന്ന കേരളം വസ്‌തുതകള്‍ക്കു നിരക്കാത്ത അവകാശവാദങ്ങളുടെ പിന്‍ബലത്തില്‍ എത്രനാള്‍ മുന്‍പോട്ടു പോകും. സിംഗപൂര്‍ മോഡല്‍ സ്വപ്‌നം കാണുന്ന നമുക്ക് അതിനുള്ള വിഭവസമാഹരണത്തിനു കഴിയുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസരംഗത്തു കാതലായ പരിഷ്‌ക്കരണം നടക്കുന്നില്ല. നാളത്തെ തലമുറയ്‌ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ സിലബസ് നവീകരിക്കാനോ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനോ നമുക്കാവുന്നില്ല. യൂണിവേഴ്‌സിറ്റികളില്‍ രാഷ്‌ട്രീയത്തിന്റെ അതിപ്രസരം, അര്‍ഹതയുള്ളവരുടെ അവസരങ്ങള്‍ക്കു പോലും വിഘാതം സൃഷ്‌ടിക്കുന്നു. തൊഴില്‍ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നില്ല. സേവന മേഖല കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ട് എന്നു സമ്മതിക്കുമ്പോഴും ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. കേരളത്തിന്റെ പൊതുവായ സാമ്പത്തിക പരിതസ്ഥിതിയും സാധാരണക്കാരുടെ ജീവിതനിലവാരവും കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമൊക്കെ നിശ്ചയിക്കപ്പെടുക. കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യ പങ്കും ശമ്പളത്തിനും പെന്‍ഷനും കടത്തിന്റെ പലിശക്കുമായി നീക്കിവയ്‌ക്കേണ്ടി വരുന്നു. ഏതു വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും അതിന്റെ പിന്നില്‍ അഴിമതിയുടെ ആക്ഷേപം ഉന്നയിക്കപ്പെടുന്നു. ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളെ സാമാന്യജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന തരത്തില്‍ പ്രതിരോധിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കു പലപ്പോഴും സാധിക്കാതെ വരുന്നു. കേരളത്തിലെ അഭ്യസ്‌തവിദ്യരായ ബഹുഭൂരിപക്ഷത്തിന്റെയും സ്വപ്‌നം ഒരു ഗവണ്‍മെന്റ് ജോലി ആണെന്നിരിക്കെ പലപ്പോഴും പിന്‍വാതില്‍ നിയമനത്തിലൂടെ, ആ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്‌ത്തപ്പെടുന്നു. കേരളത്തില്‍ തങ്ങള്‍ക്കു ഭാവിയില്ലെന്ന കാഴ്‌ചപാടിലേക്കു പ്ലസ് ടു കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വരെ എത്തുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കു ലക്ഷങ്ങള്‍ മുടക്കി പഠനത്തിനും അതുവഴി കുടിയേറ്റത്തിനും യുവജനങ്ങള്‍ ശ്രമിക്കുന്നു. ഇതിലൂടെ അനേകം കോടികള്‍ നഷ്‌ടമാകുന്നുവെന്നു മാത്രമല്ല മസ്‌തിഷ്‌ക ചോര്‍ച്ചയും ഉണ്ടാകുന്നു. നമ്മുടെ യുവജനങ്ങളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ നമ്മുടെ നാടുമായി ചേര്‍ത്തുനിര്‍ത്തി നെയ്‌തെടുക്കുവാന്‍ പറ്റുന്ന സാഹചര്യം സൃഷ്‌ടിക്കാന്‍ നമുക്കാവുന്നില്ല. ഇതു കേരളത്തിന്റെ മാത്രം സ്ഥിതിയല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യം കാണുന്നുണ്ട്. കൃഷിക്കാര്‍ക്കു തങ്ങളുടെ വിഭവങ്ങള്‍ക്കു ന്യായ വില ലഭിക്കുന്നില്ല. സംഭരിച്ച നെല്ലിന്റെ വില കൊടുക്കാന്‍ കോടതിയില്‍ പോകേണ്ട സാഹചര്യം നിലനില്‍ക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കുറെ പുരോഗതി ഉണ്ടായിട്ടുണ്ട്. ജനത്തിന്റെ നികുതിപ്പണം പലപ്പോഴും പാഴ്‌ചെലവിനും ദുര്‍ചെലവിനുമായി ചെലവിടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നു. നിലനില്‍ക്കുന്നതും സുസ്ഥിരവുമായ വികസന സ്വപ്‌നങ്ങളില്‍മേല്‍ രാഷ്‌ട്രീയ സ്ഥാപിത താല്‌പര്യങ്ങള്‍ പ്രതിരോധം സൃഷ്‌ടിക്കുന്നു. അടുത്ത തലമുറക്ക് ഈ നാടുമായി ചേര്‍ന്ന് സ്വപ്‌നങ്ങള്‍ രൂപപ്പെടുത്തുവാന്‍ നമ്മുടെ ഭരണനേതൃത്വത്തിനു കഴിയണം. വികസന വിഷയത്തില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ വഴിമുടക്കികളായി മാറരുത്. അവകാശവാദങ്ങള്‍ എന്തുതന്നെ ആയാലും ഒരു ശരാശരി മലയാളിയുടെ ജീവിതത്തില്‍ ഈ അവകാശവാദങ്ങള്‍ എത്രത്തോളം മൂര്‍ത്തമായി നിഴലിക്കുന്നു എന്നതിലാണ് അവരുടെ ജീവിതത്തിന്റെ തൃപ്‌തിയെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മറക്കാതിരിക്കട്ടെ.