കേരള ഗവണ്‍മെന്റിനും കേരളത്തിലെ ജനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിമൂലം, ഗവണ്‍മെന്റിന്റെ തന്നെ മാറ്റുകൂട്ടിയ ക്ഷേമ പെന്‍ഷന്‍ വിതരണം ഏതാനും മാസങ്ങളായി നിലച്ചുപോയി. നിരാലംബരും അശരണരുമായ ആളുകള്‍ക്ക് അത്താണിയാകുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നത് അവരുടെ ജീവിതത്തെ അപ്പാടെ താറുമാറാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 87 വയസ്സായ അടിമാലിക്കാരി ഇരുനൂറേക്കര്‍ പൊന്നെടുക്കാന്‍ പാറ മറിയക്കുട്ടിയും കൂട്ടുകാരി പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും ചേര്‍ന്നു ഇക്കഴിഞ്ഞ നവംബര്‍ മാസം 7 ന് പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധമെന്ന നിലയില്‍ പിച്ചച്ചട്ടിയുമായി പ്രതികാത്മകമായി ഭിക്ഷയെടുത്തത് കേരളത്തില്‍ ചര്‍ച്ചയായി. അന്നു തുടങ്ങി മറിയക്കുട്ടിക്കെതിരെ അപവാദപ്രചരണവും അക്രമണവും ഭീഷണിപ്പെടുത്തലും ഉണ്ടായതായി മറിയക്കുട്ടി ആരോപിക്കുന്നു.
മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി ഉണ്ടെന്നും മക്കള്‍ അമേരിക്കയില്‍ ആണെന്നും രണ്ടു വീടുകള്‍ ഉണ്ടെന്നുമൊക്കെ പാര്‍ട്ടി പത്രത്തിലും പാര്‍ട്ടി അനുഭാവികളുടെ ഇടയില്‍നിന്നും പ്രചരണമുണ്ടായത് വിവാദമായിരുന്നു. മറിയക്കുട്ടി തന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തിതരണമെന്നു വില്ലേജില്‍ പരാതി നല്‌കുകയും മറിയക്കുട്ടിക്കു അവിടെ വസ്‌തുവില്ലെന്നു വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‌കുകയും ചെയ്‌തു ഒപ്പം പെന്‍ഷനുവേണ്ടി മസ്റ്ററിംഗ് നടത്താത്തതിനാല്‍ സാങ്കേതിക കാരണങ്ങളാലാണ് പെന്‍ഷന്‍ മുടങ്ങിയതെന്നും പ്രചാരണം ഉണ്ടായി. എന്നാല്‍ ഏപ്രിലില്‍ തന്നെ മസ്റ്ററിംഗ് നടത്തിയതിന്റെ രേഖകള്‍ പുറത്തുവിട്ടു ആ ആരോപണവും കളവാണെന്നു മറിയക്കുട്ടി സ്ഥാപിച്ചു. ഒപ്പം മറിയക്കുട്ടിയുടെ മക്കള്‍ വിദേശത്താണെന്ന ആരോപണം തെറ്റാണെന്നും മക്കള്‍ ആയിരമേക്കര്‍, അടിമാലി, പനമരം, ഡല്‍ഹി എന്നിവിടങ്ങളാണെന്നും മറിയക്കുട്ടി തെളിയിച്ചു. തനിക്കെതിരെയുള്ള ആരോപണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറിയക്കുട്ടി. അടുത്തകാലത്തു കേരള രാഷ്‌ട്രീയത്തിലും ദേശീയരാഷ്‌ട്രിയത്തിലും തെറ്റായ അവകാശ വാദങ്ങളും കള്ള പ്രചരണങ്ങളും നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ജനങ്ങളെ കാര്യങ്ങള്‍ സത്യസന്ധമായും വസ്‌തുനിഷ്‌ഠമായും കൃത്യതയോടെ അവതരിപ്പിക്കേണ്ട മാധ്യമങ്ങള്‍, തങ്ങളുടെ മാധ്യമധര്‍മ്മം വിസ്‌മരിക്കുകയും സത്യത്തെ തമസ്‌ക്കരിച്ചുകൊണ്ട് തങ്ങളുടെയും തങ്ങളുടെ ഇഷ്‌ടക്കാരുടെയും അജണ്ടകള്‍ പൊതുജനത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. നുണ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാല്‍ അതു ജനമനസ്സുകളില്‍ സത്യമായി പരിഗണിക്കപ്പെടുമെന്നു ഫാസിസ്റ്റ് ഗീബല്‍സിയന്‍ തന്ത്രം നമ്മുടെ നാട്ടിലും അരങ്ങേറുന്നുവെന്നത് നമ്മുടെ പൊതുജീവിതത്തിനും പൊതുക്രമത്തിനും ഒട്ടും ഉപകാരപ്രദമല്ലെന്നു മാത്രമല്ല ഗവണ്‍മെന്റുകള്‍ പറയുന്നതും ജനം അറിയണമെന്നു ഗവണ്‍മെന്റുകള്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന നിലപാട് ഫാസിസ്റ്റ് സംസ്‌ക്കാരത്തിന്റെ വളര്‍ച്ചക്കേ കാരണമാകു.
നവംബര്‍ 11-ാം തീയതി തകഴി സ്വദേശി പ്രസാദ് ജീവനൊടുക്കിയത് കൃഷി ആവശ്യത്തിനു ബാങ്കില്‍ നിന്നും വായ്‌പ കിട്ടാത്തതിനെ തുടര്‍ന്നാണ്. കടക്കെണിയെ തുടര്‍ന്നു പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നുവെങ്കിലും പി.ആര്‍.എസ് വായ്‌പ കുടിശിക ചൂണ്ടക്കാട്ടി ബാങ്ക് വായ്‌പ അനുവദിച്ചില്ലെന്നാണ് പറയുന്നത്. സപ്ലൈക്കോയും ഗവണ്‍മെന്റും തമ്മിലുള്ള ധാരണയില്‍ വീഴ്‌ച സംഭവിച്ചതിനു കര്‍ഷകന്‍ ബലിയാടായി എന്നാണ് പറയപ്പെടുന്നത്.
കേരളത്തില്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി കൊടുത്തതിന്റെ പേരില്‍ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ കടക്കെണിയിലായിരിക്കുന്നു. കൃഷിക്കാരില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. കാരുണ്യ ചികിത്സയുടെ പേരില്‍ ആശുപത്രികള്‍ക്കു കോടിക്കണക്കിനു രൂപ കടമുണ്ട്. ക്ഷേ പെന്‍ഷനുകള്‍ മുടങ്ങിയിട്ടു മാസങ്ങളായി. കെ.എസ്.ആര്‍.റ്റി.സി ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും മുടങ്ങുന്നു. ഇങ്ങനെ കേരളം മൊത്തത്തില്‍ സാമ്പത്തിക ഞെരുക്കത്തിലാകുമ്പോള്‍ 27 കോടി മുടക്കി കേരളീയം നടത്തിയതും കോടകിള്‍ മുടക്കി നവകേരള സദസ് നടത്തുന്നതുമെല്ലാം പ്രതിപക്ഷം വിമര്‍ശിക്കുന്നു. കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട അമ്പത്തിയെണ്ണായിരം കോടി രൂപ കിട്ടാത്തതുകൊണ്ടുള്ള പ്രതിസന്ധിയേ കേരളത്തിലുള്ളൂവെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി യും ഈ ആരോപണത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. വസ്‌തുതകള്‍ എന്തുമാകട്ടെ കേരളത്തിലെ കര്‍ഷകര്‍ക്കു “ഞാന്‍ തോറ്റുപോയ കര്‍കനാണു’ എന്ന പറയുവാന്‍ ഇടയാകാതിരിക്കട്ടെ. ഒരു വശത്തു ഗവണ്‍മെന്റ് നവകേരള സദസുമായി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസാകട്ടെ ഗവണ്‍മെന്റിനെതിരെ വിചാരണ സദസു നടത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിനുവേണ്ടി കേന്ദ്രത്തിന്റെ മുന്‍പില്‍ ഒരുമനസ്സോടെ പ്രവര്‍ത്തിക്കുന്നില്ലെന്നു കേരളത്തിലെ സി.പി.എം നേതാക്കള്‍ ആരോപിക്കുമ്പോള്‍, ഗവണ്‍മെന്റിന്റെ ധൂര്‍ത്തും പാഴ്‌ചെലവും കെടുകാര്യസ്‌ഥതയുമാണ് സാമ്പത്തിക ഞെരുക്കത്തില്‍ കാരണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ജനം കഷ്‌ടപ്പെടുമ്പോള്‍, മുന്‍ഗണനാ ക്രമം നഷ്‌ടപ്പെടുത്തി ഗവണ്‍മെന്റ് പണം ചെലവഴിക്കുന്നുണ്ടോയെന്ന് ഗവണ്‍മെന്റും അതിനു നേതൃത്വം നല്‌കുന്ന പാര്‍ട്ടിയും ആത്മവിമര്‍ശനം നടത്തണം. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജകമണ്ഡലങ്ങളില്‍ നടത്തുന്ന പര്യടന പരിപാടിയായ നവകേരളസദസിന് 1.05 കോടിയുടെ ആഡംബര ബസ് വാങ്ങിയതും പ്രതിപക്ഷം വിവാദമാക്കിയിരിക്കുന്നു. ജനത്തിന്റെ ബുദ്ധിമുട്ടും പ്രയാസവും മനസിലാക്കാതെ, മുന്‍ഗണന നഷ്‌ടപ്പെടുത്തി ഗവണ്‍മെന്റ് പണം ചെലവാക്കിയാല്‍ അതു ജനത്തെ ഗവണ്‍മെന്റില്‍ നിന്നും അതിനു നേതൃത്വം നല്‌കുമെന്ന പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്ന തിരിച്ചറിവ് ഉത്തരവാദിത്തപ്പെട്ടവര്‍ക്കുണ്ടായാല്‍ നന്ന്. കാരണം, ഗവണ്‍മെന്റു പറയുന്നതോ അവകാശപ്പെടുന്നതോ അല്ല ജനത്തിന്റെ അനുഭവമാണ് ഗവണ്‍മെന്റിനെക്കുറിച്ചു അവര്‍ എഴുതുന്ന സര്‍ട്ടിഫിക്കറ്റിനു ആധാരമെന്ന കേവല സത്യം ബന്ധപ്പെട്ടവര്‍ മറക്കരുത്.