കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ നിയമിച്ചു. 2016 മുതല്‍ രാഷ്ട്രദീപിക ഡയറക്ടര്‍ ബോര്‍ഡ് അംഗമായും 2019 മുതല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുന്ന ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സ്വദേശിയായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് 1993 ലാണ് കോട്ടയം അതിരൂപതാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2015 മുതല്‍ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചലൂസായി സേവനം ചെയ്തുവരുന്നു. ഡല്‍ഹി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും മൈസൂര്‍ വിനായക യൂണിവേഴ്സിറ്റിയില്‍ നിന്നും മനഃശാസ്ത്രത്തില്‍ എം.ഫില്‍ ഉം നേടിയിട്ടുണ്ട്. കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യയുടെ ഡയറക്ടറായി 15 വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഫാ. മൈക്കിള്‍ സംസ്ഥാനസര്‍ക്കാരിന്റെ പങ്കാളിത്ത അനുമതി നേടി ചൈതന്യ കാര്‍ഷികമേളയെ മദ്ധ്യകേരളത്തിലെ ജനകീയ ഉത്സവമാക്കി മാറ്റി. അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ മൂന്ന് വര്‍ഷവും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ പതിനഞ്ച് വര്‍ഷവും നേതൃത്വം നല്‍കിയതിനോടൊപ്പം ഹൈറേഞ്ചിന്റെ സമഗ്രവികസനത്തിനായി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ രൂപീകരണത്തിനും നേതൃത്വം നല്കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ കേരളത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഉയര്‍ത്തുന്നതിനു നേതൃത്വം നല്കിയ അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക പുരസ്‌ക്കാരങ്ങളും നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അന്ധ-ബധിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷ പരിഗണന നല്കിയതുള്‍പ്പടെ ഭിന്നശേഷിക്കാരുടെ സമഗ്ര സുസ്ഥിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ സാമൂഹിക സേവന ഡിപ്പാര്‍ട്ട്മെന്റായ സ്പന്ദന്റെ സ്ഥാപക കോര്‍ഡിനേറ്ററായും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജസ്റ്റീസ് പീസ് & ഡെവലപ്പ്മെന്റ് കമ്മീഷന്റെ ജോയിന്റ് സെക്രട്ടറിയായും ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതാ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍, ക്നാനായ സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ എന്നിവയുടെ ചാപ്ലെയിന്‍, കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്മെന്റ് കമ്മീഷന്റെ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ടീം അംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങളിലും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിലവില്‍ ശുശ്രൂഷ ചെയ്തുവരുന്നു.