കേരളത്തില്‍ വന്യജീവി ആക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏറെയാണ്. കാട്ടുപന്നി, കടുവ, കാട്ടുപോത്ത്, പുലി, ആന എന്നിവയുടെ ആക്രമണങ്ങളില്‍ ജീവനും ജീവിതവും സ്വത്തും നഷ്‌ടപ്പെട്ടവര്‍ മാത്രമല്ല ജീവശവങ്ങളായി കഴിയുന്നവരും ഏറെയാണ്. വന്യജീവികള്‍ക്കുവേണ്ടി വാദിക്കുന്ന കപട പരിസ്ഥിതിവാദികളുടെയും മൃഗസ്‌നേഹികളുടെയും മുന്‍ഗണനയില്‍ വനാതിര്‍ത്തികള്‍ക്കടുത്ത് താമസിക്കുന്ന കര്‍ഷകരും സാധാരണക്കാരുമില്ല എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. നമ്മുടെ കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കു രൂപം നല്‌കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതിയില്‍ ജനപക്ഷത്തു നിന്നും ചിന്തിക്കുന്നവര്‍ ആനുപാതികമായില്ല പ്രത്യുത വന്യജീവി പ്രേമികള്‍ മാത്രമാണ് കൂടുതലായുള്ളത്. കേരളത്തിലെ സാമാന്യജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട കേരള സര്‍ക്കാര്‍ ആണ് ജനപക്ഷത്തുനിന്നു നിലപാട് എടുക്കാത്തവരെന്നു സംശയിക്കുന്നവരെ മാത്രം ചേര്‍ത്തുള്ള ഈ വിദഗ്‌ധ സമിതി ഉണ്ടാക്കിയത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇംഗ്ലണ്ടിലെ പരിസ്ഥിതി ശാസ്‌ത്രജ്ഞനും മനുഷ്യ – വന്യജീവി സംഘര്‍ഷമെന്ന വിഷയം കൈകാര്യം ചെയ്യുന്ന വ്യക്തിയുമായ ഡോ. അലക്‌സാണ്ടര്‍ സിമ്മര്‍മാന്‍, യുനെസ്‌ക്കോയുടെ പ്രകൃതി ശാസ്‌ത്രജ്ഞ ഡോ. ബെന്നോ ബോ, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ പ്രതിനിധി ഡോ. ഭൂമിനാഥന്‍, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഷിജു സെബാസ്റ്റ്യന്‍, വനസംരക്ഷകനായ ഡോ. തര്‍ഫ് തെക്കേക്കര, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെയും കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഡയറക്‌ടര്‍മാര്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെയും പ്രതിനിധികള്‍, വനം മുന്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററര്‍ ഒ. പി. കാളര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് പ്രൊഫസര്‍ രാമന്‍ സുകുമാരന്‍ എന്നിവരാണ് കേരള സംസ്ഥാന വനം മേധാവി അദ്ധ്യക്ഷനും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കണ്‍വീനറുമായ സമിതിയിലെ അംഗങ്ങള്‍. ഇവരില്‍ ഭൂരിഭാഗവും വന്യജീവികള്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തുകയും വന്യജീവികളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കുവേണ്ടി വേണ്ടത്ര ശബ്‌ദമുയര്‍ത്താത്തവരുമാണെന്നാണ് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നത്. വന്യജീവികളുടെ ആക്രമണത്തിനും അവ വിതയ്‌ക്കുന്ന നാശത്തിനും ഇരകളാകുന്നവരുടെ പക്ഷത്തു നിന്നു ആരും ഈ വിദഗ്‌ധ സമിതിയില്‍ ഉണ്ടായില്ലായെന്നത് ഈ സമിതിയുടെ രൂപീകരണം സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന നിഗമനത്തിലെത്തിച്ചേരാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരം ഒരു സമിതി രൂപീകരിക്കുമ്പോള്‍ വന്യജീവികളുടെ ആക്രമണത്തില്‍ ജീവനും സ്വത്തും ജീവനോപാധികളും നഷ്‌ടപ്പെട്ട പാവപ്പെട്ട മനുഷ്യരെ പരിഗണിക്കേണ്ട എന്നാണോ സര്‍ക്കാര്‍ കരുതുക. കര്‍ഷകരും ദരിദ്രരുമായ ഒരു വിഭാഗത്തെ വഞ്ചിച്ചാല്‍ അവര്‍ക്കു വേണ്ടി ചോദിക്കാനും പറയാനും ആരു മില്ല എന്നതാണ് ധിക്കാരപരമായ ഇത്തരം നടപടിക്കു പ്രേരിപ്പിക്കുന്നത്. മനുഷ്യ-വന്യജീവി സംഘര്‍ഷം എന്ന പദപ്രയോഗം തന്നെ കാപട്യത്തില്‍ അധിഷ്‌ഠിതമാണ്.
കേരളത്തില്‍ നാം മനസിലാക്കിയിട്ടുള്ള വന്യജീവി ആക്രമണങ്ങള്‍ ഭൂരിപക്ഷവും മനുഷ്യന്‍ വന്യജീവികളോടു സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടല്ല എന്നതാണ് വാസ്‌തവം. തൊഴിലിടത്തും വീട്ടിലുമൊക്കെ കയറി വന്യജീവികള്‍ ആക്രമിക്കുന്നത് അവരോട് സാധാരണ ജനങ്ങള്‍ എന്തു സംഘര്‍ഷത്തിനു പോയിട്ടാണ്. വിദഗ്‌ധസമിതിയിലെ പല അംഗങ്ങളും പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ നിയന്ത്രിത വേട്ടയാടല്‍ അടക്കമുള്ളവയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. വന്യജീവികള്‍ ഏകപക്ഷീയമായി മനുഷ്യരെ കൊല്ലുന്നു എന്ന വസ്‌തുത മറക്കുവാന്‍ `മനുഷ്യ വന്യജീവി സംഘര്‍ഷം’ എന്ന പദപ്രയോഗം സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സര്‍ക്കാര്‍ ഇതര സംഘടന (എന്‍.ജി.ഒ) വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ പ്രചരിപ്പിച്ചുവരുന്ന ഒന്നാണ്. വന്യജീവികളുടെ ആക്രമണത്തില്‍ ജീവനും സ്വത്തും നഷ്‌ടപ്പെടുന്ന സാധാരണ മനുഷ്യരെ പ്രതിസ്ഥാനത്തു നിര്‍ത്തുവാന്‍ ഇത്തരത്തിലുള്ള കാപട്യംകൊണ്ടു കഴിയും. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പു പ്രകാരം ജീവനു ഭീഷണിയാകുന്ന വന്യജീവികള്‍ വനത്തിനു പുറത്തിറങ്ങി ആക്രണം നടത്തിയാല്‍ അതിനെ കൊല്ലുവാന്‍ സാധാരണ ജനങ്ങള്‍ക്ക് (ജീവനു ഭീഷണി നേരിടുന്നവര്‍ക്ക്) അധികാരം നല്‌കിയിട്ടുണ്ട്. എന്നാല്‍ സ്വയരക്ഷയ്‌ക്കുവേണ്ടി അങ്ങനെ ചെയ്യുന്നവരെ ജാമ്യമില്ലാവകുപ്പില്‍പ്പെടുത്തി കേസ് എടുക്കുന്നത് കേരള സംസ്ഥാനത്ത് ഉണ്ടാകുന്നു എന്നു പറയപ്പെടുന്നു. ജനങ്ങളുടെ ജീവനു മുഖ്യസ്ഥാനം കൊടുത്തുകൊണ്ടായിരിക്കണം വന്യജീവിസംരക്ഷണം നടത്തണമെന്ന് വേള്‍ഡ് ലൈഫ് ഫൗണ്ടേഷനിലെ തന്നെ പ്രാക്‌ടീസ് ഹെഡായ മാര്‍ഗരറ്റ് കിന്നാര്‍ഡ്, യു.എന്‍.ഇ.പിയുടെ ഇക്കോസിസ്റ്റം ഹെഡായ സൂസന്‍ ഗാര്‍ഡനറിനെപോലെയുള്ളവരെക്കൂടി, കേരളത്തില്‍ ഇരകളോടൊപ്പമുണ്ടെന്നു പറയുന്ന സര്‍ക്കാര്‍, വിദഗ്‌ധസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു. വിദഗ്‌ധസമിതിയുണ്ടാക്കി പുകമറസൃഷ്‌ടിച്ച് പ്രശ്‌നത്തില്‍നിന്ന് തലയൂരാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പ്രത്യുത ക്രിയാത്മകവും സത്വരവും പ്രായോഗികവും ശാശ്വതവും മനുഷ്യപക്ഷത്തുനിന്നുമുള്ളതുമായ പരിഹാരമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പുവരുത്തേണ്ടത്. അല്ലാത്തപക്ഷം വിദഗ്‌ധസമിതിയുടെ രൂപീകരണം കേവലം വിദഗ്‌ധമായ കബളിപ്പിക്കല്‍ മാത്രമായി ജനം വിലയിരുത്തും.