കേരളത്തിന്റെ മതേതര നീരൊഴുക്കില്‍ നഞ്ചു കലക്കുന്ന തരത്തിലുള്ള പ്രതികരണം ഇക്കഴിഞ്ഞ വിഷു മഹോത്സവത്തോടനുബന്ധിച്ചു കേരളത്തിലൊരിടത്തു നടന്നത് തികച്ചും അപകടകരവും അപലപനീയവുമാണ്. കോട്ടയത്തിനടുത്തു കിഴക്കേനട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിനോടനുബന്ധിച്ചു ക്ഷേത്ര മതിലിനു വെളിയിലുള്ള ഒരു പുരയിടത്തില്‍, ഇന്ന് ലോകത്താകെ പ്രശസ്‌തമായ നന്ദഗോവിന്ദം ഭജന്‍സിന്റെ ഭജന നടത്തിയിരുന്നു. നാനാജാതി മതസ്ഥരായ വളരെയധികം ആളുകള്‍ അതില്‍ പങ്കു ചേരുവാന്‍ എത്തി. നാട്ടുകാരനും നന്ദഗോവിന്ദം ഭജന്‍സിന്റെ സാരഥിയിലെരുവനുമായ നവീന്‍ ഈ അവസരത്തില്‍ ഒരു ക്രിസ്‌ത്യന്‍ ഭജനും ആലപിക്കുവാന്‍ അഭിപ്രായം തേടുന്ന കണക്കെ ഓഡിയന്‍സിനോടു ഇപ്രകാരം പറഞ്ഞു: “ഞാന്‍ എല്‍.കെ.ജി മുതല്‍ പഠിച്ചത് ഇവിടുത്തെ പള്ളി സ്‌കൂളിലാണ്. നമ്മുടെ ഹോളി ഫാമിലി സ്‌കൂളില്‍. എന്റെ കുറെ സുഹൃത്തുക്കളൊക്കെ ഇവിടെയുണ്ട്. ഈ ഭജന നടക്കുമ്പോള്‍ തിരക്കുണ്ടാകുമെന്നറിഞ്ഞിട്ട് നമുക്കുവേണ്ടി പാര്‍ക്കിംഗ് സൗകര്യം ഒക്കെ ഒരുക്കി തന്നത് ഈ പള്ളി ഗ്രൗണ്ടിലാണ്. ദേശ വിളക്ക് അടുത്ത ദിവസമുണ്ട്. അതിവിടെ നടക്കുന്ന സമയത്ത് ഇവിടെ പള്ളിയിലും വിളക്കു കത്തിക്കാറുണ്ട്. അങ്ങനെത്തെ ഒരു നാടാണ്. ഈ കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദമെന്നൊക്കെ പറയുന്നത് എന്തൊക്കെയൊ പ്രശ്‌നംപോലെ കമന്റുകള്‍ വരാറുണ്ട്. അങ്ങനെയൊന്നും അറിയില്ലാത്ത കാലഘട്ടത്തില്‍ ജീവിച്ച മനുഷ്യന്മാരാണ് നമ്മള്‍. ഭജന കേള്‍ക്കാന്‍ തിരുവനന്തപുരത്ത് നിന്ന് ക്രിസ്‌ത്യന്‍സ് ആയിട്ടുള്ള എന്നെ പഠിപ്പിച്ച ടീച്ചേഴ്‌സ്, സിസ്റ്റേഴ്‌സ് ഒക്കെ ഇവിടെ വന്നിട്ടുണ്ട്. അവരൊക്കെ ഇവിടെ ഉണ്ടാകും. അപ്പോള്‍ നമുക്കുവേണ്ടി ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്‌തു തന്ന അവര്‍ക്കുവേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ, അല്ലേ.” ജനസഞ്ചയത്തിന്റെ ആഹ്ലാദപൂര്‍വ്വകമായ കൈയ്യടികള്‍ക്കിടയില്‍ “ഈ പരദേവന ഹേ, നമുക്കു പരിത്രാണത്തില്‍ അധിപന്‍ ” എന്ന ഭജന്‍ ആലപിക്കുകയും ചെയ്‌തു. ഈ ആലാപനത്തിനെതിരെ വര്‍ഗീയ വിഷം ചിന്തുന്ന തരത്തില്‍ ചിലയാളുകള്‍ പ്രതികരിക്കുകയുണ്ടായി. ക്ഷേത്രത്തിലോ ക്ഷേത്ര മതില്‍ കെട്ടിനകത്തോ പോലുമല്ലാതെ, ക്ഷേത്രത്തോടടുത്തുള്ള ഒരു വലിയ പറമ്പില്‍ ക്രമീകരണം നടത്തി അവിടെയാണ് ഭജന ആലപിച്ചത്. ഈ നാട്ടിലെ വിഷു ആഘോഷത്തിലും ഓണാഘോഷത്തിലും പള്ളി പെരുന്നാളിലുമെല്ലാം പരസ്‌പരം സഹകരിക്കുന്ന ഒരു പാരമ്പര്യം പേറുന്ന നാടാണത്. നാട്ടുകാര്‍ക്കും ക്ഷേത്ര കമ്മിറ്റിക്കും ഭക്തജനങ്ങള്‍ക്കും ആക്ഷേപമില്ലാത്ത ഒരു കാര്യത്തില്‍ ആക്ഷേപം കണ്ടെത്തി അതൊക്കെ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നത് ഈ നാടിന്റെ മതേതര നീരൊഴുക്കില്‍ നഞ്ചു കലക്കുന്നതിനു സമാനമാണ്. ക്ഷേത്രത്തിലാകട്ടെ, പള്ളിയിലാകട്ടെ, മസ്‌ജിദിലാകട്ടെ അവിടുത്തെ ആരാധനാബദ്ധമായ അനുഷ്‌ഠാനങ്ങള്‍ അതിന്റെ നിഷ്‌ഠയും പാരമ്പര്യവും മാമൂലും അനുസരിച്ചു കുറവില്ലാതെ നടത്തപ്പെടുക തന്നെ വേണം. കാരണം അതു ഒരു മതത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നാല്‍ ആരാധനയ്‌ക്കുവേണ്ടി പ്രതിഷ്‌ഠിക്കപ്പെട്ട, വേര്‍തിരിക്കപ്പെട്ട ഇടത്തിനു പുറത്തു നടക്കുന്ന ഒരു ചടങ്ങില്‍ എല്ലാവരെയും ആദരിക്കുന്ന, ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു പാട്ട് പാടുന്നതിനെ വിവാദമാക്കേണ്ട കാര്യമുണ്ടോ?
കേരളമെന്ന നമ്മുടെ നാട് മതത്തിനും ജാതിക്കും ഒക്കെ അപ്പുറം മനുഷ്യത്വത്തിന്റെ പേരില്‍ സാഹോദര്യഭാവത്തിന്റെ നന്മകള്‍ പങ്കുവയ്‌ക്കുകയും അങ്ങനെയുള്ള പങ്കുവയ്‌ക്കലുകളില്‍ പങ്കു ചേര്‍ന്നു മാതൃക കാട്ടുകയും ചെയ്യുന്ന നാടാണ്. നമ്മുടെ നാടിനെ നശിപ്പിച്ച രണ്ടു പ്രളയങ്ങളിലും മഹാമാരിയിലും ഇവിടെ മനുഷ്യര്‍ പരസ്‌പരം സഹായിച്ചതും അവന്റെ വേദനയില്‍ പങ്കു ചേര്‍ന്നതും അവരുടെ കണ്ണീരൊപ്പാന്‍ ഒരുമിച്ചു നിന്നതുമെല്ലാം മതത്തിന്റെയൊ, ആരാധാനയുടെയോ പേരില്‍ വേര്‍തിരിവു കാട്ടിക്കൊണ്ടായിരുന്നില്ല. അതുകൊണ്ടു ക്ഷേത്രമതിലിനു പുറത്തു നടന്ന ഒരു ഭജന ആലാപനത്തില്‍ ഒരു ക്രിസ്‌ത്യന്‍ ഭജന്‍ ആലപിച്ചതുകൊണ്ട് ലോക പ്രശസ്‌തമായ നന്ദഗേവിന്ദ ഭജന്‍സ് ചിലര്‍ ആക്ഷേപിച്ചതുപോലെ `നന്ദകുന്തിരിക്കം ഭജന്‍സ്’ ആകില്ല. നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഉരകല്ല് ഈ സൂഹൃദ്‌ഭാവമാണ്. അതിനെ വിഷലിപ്‌തമാക്കാന്‍ ആര്‍ക്കും അവകാശമില്ല. അക്കാര്യത്തെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാകാം മതവിശ്വാസികളില്‍ പലരും ഇത്തരത്തിലുള്ള പ്രതികരണത്തെ തള്ളി പറഞ്ഞത്. പ്രശസ്‌ത ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പി ഹിന്ദു-മുസ്ലിം-ക്രിസ്‌ത്യന്‍ ഭക്തിഗാനങ്ങളെഴുതുകയും മലയാളികള്‍ ജാതി മത ഭേദമമെന്യേ അതാസ്വദിക്കുകയും ചെയ്യുന്ന നാടാണിത്. യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം കേള്‍ക്കാത്ത ആസ്വദിക്കാത്ത മലയാളിയുണ്ടോ? എന്തിലും ഏതിലും വര്‍ഗീയത കാണുന്ന മനുഷ്യര്‍ ഓര്‍ക്കണം, പ്രളയക്കെടുതിയില്‍ രക്ഷിക്കാന്‍ വന്ന മത്സ്യതൊഴിലാളികളിലൊരുവന്‍, തന്റെ കൈമുട്ടിലും കാല്‍മുട്ടിലും തന്റെ മുതുകിനെ ബലപ്പെടുത്തി ആ മുതുകില്‍ ചവട്ടി വള്ളത്തില്‍ കയറി വേറൊരുവന്‍ രക്ഷപ്പെടുവാന്‍, അതിനുവേണ്ടി സ്വന്തം മുതുകു കാണിച്ചുകൊടുത്ത നാടാണിത്. അതിന്റെ നന്മയെ സങ്കുചിതത്തിന്റെ വിഷബീജം കൊണ്ടു ചെറുത്തു തോല്‌പിക്കരുത്. സങ്കുചിത പ്രതികരണത്തിനെതിരെ നിലപാട് എടുത്ത ക്ഷേത്രാധികാരികളും നാട്ടുകാരും അഭിനന്ദനം അര്‍ഹിക്കുന്നു. മതത്തെ രാഷ്‌ട്രീയ മായി ഉപയോഗിക്കുന്നതിന്റെ ആപത്ത് നാമാരും വിചാരിക്കുന്നതിലപ്പുറമാകാം. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങള്‍, മസ്‌ജിദുകള്‍, ക്രൈസ്‌തവദേവാലയങ്ങള്‍ ഇവിടെയൊക്കെയുള്ള ആരാധനകള്‍, പൂജകള്‍, പ്രാര്‍ത്ഥനകള്‍ അതിന്റെ മുറയനുസരിച്ച് തനിമയോടെ, വിശ്വസ്‌തതയോടെ കര്‍മ്മ വിധിപ്രകാരം നടക്കട്ടെ. പുറത്തെ നമ്മുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഇതര മതസ്ഥരും ഈശ്വരവിശ്വാസം പോലും ഇല്ലാത്തവരും വന്നേക്കാം. അവരെയും ചേര്‍ത്തു പിടിക്കുന്ന വിശാല മനസ്‌ക്കതയാണ് ഈ കാലഘട്ടത്തിനു ചേരുന്ന ആദ്ധ്യാത്മികതയുടെ അടയാളം. ഇത്തരത്തിലുള്ള അടയാളങ്ങളെ തട്ടിതെറിപ്പിക്കരുതെന്നു മാത്രമല്ല ഊട്ടി ഉറപ്പിക്കുകയും വേണം.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
മതേതര നീരൊഴുക്കില്‍ നഞ്ചു കലക്കരുത്



