സിദ്ധാര്‍ത്ഥന്റെ മരണം: വിദ്യാര്‍ത്ഥിലോകത്തിനാകെ അപമാനം

കേരളത്തിനാകെ നൊമ്പരമായി മാറുകയാണ്‌ വയനാട്‌ പൂക്കോട്‌ വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫെബ്രുവരി 18-ലെ മരണം. അദ്ദേഹം മരിച്ചതാകട്ടെ കേവലമൊരു അപകടത്തിലല്ല; മറിച്ച്‌ സഹപാഠികള്‍ ഉള്‍പ്പെടുന്ന കൂടെ പഠിച്ചവരും സീനിയേഴ്‌സുമായിട്ടുള്ളവരുടെ ക്രൂരമര്‍ദ്ദനത്തെയും പരസ്യ വിചാരണയെയും തുടര്‍ന്നുമാണ്‌. വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണത്തിനും ജനാധിപത്യ പരിശീലനത്തിനും സര്‍ഗാത്മക നേതൃത്വ വളര്‍ച്ചക്കുമൊക്കെയാണ്‌ കാമ്പസുകളില്‍ രാഷ്‌ട്രീയാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ അവരിന്നു വിദ്യാര്‍ത്ഥികളുടെ തന്നെ ജീവന്‍ എടുക്കുന്നതിലേക്കുവരെ എത്തി നില്‌ക്കുന്നു. വെറ്റിനറി കോളജിലെ എസ്‌.എഫ്‌.ഐ ക്കാരായ യൂണിയന്‍ ചെയര്‍മാന്റെയും എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുടെയുമൊക്കെ നേതൃത്വത്തില്‍ അരങ്ങേറിയ ഈ നരനായാട്ടില്‍ ആദ്യം വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്ന പോലീസ്‌, ഗവണ്‍മെന്റിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ 18 പ്രതികളെ അറസ്റ്റു ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമാണുണ്ടായത്‌. വാലന്റയിന്‍ ദിനത്തില്‍ കോളജില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, `കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാം’ എന്ന വ്യാജേന, വീട്ടിലേക്കു യാത്രയായ സിദ്ധാര്‍ത്ഥിനെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഫോണില്‍ വിളിച്ചുവരുത്തി ഹോസ്റ്റലില്‍ എത്തിച്ച്‌ ഹോസ്റ്റല്‍ മുറികളിലും പരിസരങ്ങളിലും ഹോസ്റ്റലിന്റെ നടുമുറ്റത്തുമൊക്കെ നഗ്നനാക്കി നിര്‍ത്തി ഇലക്‌ട്രിക്‌ വയറിനും ബെല്‍റ്റിനും ഇരുമ്പു വടിയുമൊക്കെ ഉപയോഗിച്ചു ക്രൂരമായി മര്‍ദ്ദിച്ചും തൊഴിച്ചും ചവിട്ടിയും ഇടിച്ചുമൊക്കെ മൃതപ്രായനാക്കിയെന്നാണ്‌ പോലീസ്‌ അന്വേഷണത്തില്‍നിന്നും പുറത്തു വന്നിരിക്കുന്നത്‌. കോളജില്‍ ഉണ്ടായ പ്രശ്‌നം കോളജിലെ `അലിഖിത നിയമം’ അനുസരിച്ചു പറഞ്ഞു തീര്‍ക്കുന്നതിനുവേണ്ടി വിളിച്ചു വരുത്തിയിട്ടു 3 ദിവസം ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പട്ടിണിക്കിട്ടു മരണത്തിലേക്കു തള്ളിവിടുകയാണുണ്ടായത്‌. സിദ്ധാര്‍ത്ഥന്‍ ക്രൂരമര്‍ദ്ദനത്തെയും നഗ്നനാക്കിയുള്ള പരസ്യവിചാരണയെയും തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തതാണെന്നു ഒരു കൂട്ടര്‍ പറയുമ്പോള്‍, സിദ്ധാ ര്‍ത്ഥിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ കുളിമുറിയില്‍ കെട്ടിത്തൂക്കി കൊന്നതാണെന്നു ആരോപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ചിലര്‍ ഈ ആരോപണം പറഞ്ഞതായി പഞ്ചായത്തംഗം പറയുകയുണ്ടായി. നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ ഒരു മനുഷ്യനെ ക്രൂരമര്‍ദ്ദനത്തിനു ഇടയാക്കിയിട്ടും കോളജില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും അറിഞ്ഞില്ല. ഉത്തരവാദിത്വപ്പെട്ടവരെ ആരും ഒന്നും അറിയിച്ചില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ്‌ കോളജ്‌ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. എന്നാല്‍ കോളജില്‍ നടന്ന ഈ ക്രൂരതയ്‌ക്കു അധികൃതരുടെ അറിവുണ്ടായിരുന്നുവെന്നും നിരുത്തരവാദിത്വപരമായാണ്‌ പ്രവര്‍ത്തിച്ചതെന്നുമാണ്‌ വീട്ടുകാരുടെ ആരോപണം. മനസ്സും മനഃസാക്ഷിയും മരിച്ചുപോയവര്‍ക്കു മാത്രമെ ഇപ്രകാരമൊരു സംഭവത്തില്‍ ഉത്തരവാദികളാകാന്‍ സാധിക്കു എന്ന കാര്യത്തില്‍ സംശയം ഇല്ല. ഹിംസയെ വരിക്കുന്ന നമ്മുടെ യുവജനങ്ങള്‍ക്ക്‌ എന്തുപറ്റി? വിദ്യാര്‍ത്ഥി രാഷ്‌ട്രീയ സംഘടനയുടെ മറവില്‍ എന്ത്‌ ആഭാസത്തരവും ചെയ്യുവാന്‍ പറ്റുന്നവിധത്തില്‍ നമ്മുടെ ചെറുപ്പക്കാരെ കാമ്പസുകളില്‍ കയറൂരി വിടുന്നത്‌ ആരാണ്‌? അവര്‍ക്കു സംരക്ഷണം നല്‍കുന്നത്‌ ആരാണ്‌? അവരുടെയൊക്കെ കാപട്യവും അപരിഷ്‌കൃതത്വവും തുറന്നുകാട്ടപ്പെടണം. കുട്ടികുരങ്ങനെ കൊണ്ടു ചുടുചോറു കോരിക്കുന്നതുപോലെ ഇവരെയൊക്കെ ആരാണ്‌ ചട്ടുകമായി ഉപയോഗിക്കുന്നത്‌? പ്രബുദ്ധ കേരളത്തിനു അറിയുവാന്‍ അവകാശമുണ്ട്‌.
ഏറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ്‌ നമ്മുടെ യുവതീയുവാക്കളില്‍ ഏറിയ പങ്കും ഉന്നത വിദ്യാഭ്യാസത്തിന്‌ എത്തുന്നത്‌. പാടത്തും പറമ്പിലും വിദേശത്തുമൊക്കെ ഏറെ കഷ്‌ടപ്പെട്ടുമാണ്‌ മാതാപിതാക്കള്‍ അവരെ കോളജുകളില്‍ അയയ്‌ക്കുന്നത്‌. അവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതും സ്വപ്‌നങ്ങളുടെ ചിറകു അരിഞ്ഞുകളയുന്നതുമാണ്‌ വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന്‌ ഉണ്ടാകുന്ന ഇത്തരം നടപടികള്‍. സിദ്ധാര്‍ത്ഥനും ഏറെ പ്രതീക്ഷകളുമായാണ്‌ കോളജില്‍ എത്തിയത്‌. ഗള്‍ഫില്‍ പണിയെടുത്ത അവന്റെ അച്ഛനും ഏറെ പ്രതീക്ഷകളുമായാണ്‌ അവനെ കോളജിലേക്കയച്ചതും. അവനെ ഇല്ലാതാക്കിയതില്‍ ഒന്നാംസ്ഥാനത്തു നില്‌ക്കുന്നവര്‍ അവനെ പോലെയുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയാണന്നുള്ളത്‌ വിദ്യാര്‍ത്ഥി സമൂഹത്തിനാകെ നാണക്കേടാണ്‌. ഉത്തരവാദിത്വപ്പെട്ടവര്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയ പ്രസ്ഥാനക്കാരുടെയും അവരുടെ മേലാളന്മാരായ രാഷ്‌ട്രീയ പാര്‍ട്ടിയുടെയും തിട്ടുരമനുസരിച്ചാണോ ഉചിതമായ സമയത്തു ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതെന്നു സാധാരണക്കാരില്‍ സംശയം ഉണ്ട്‌. ഉത്തരവാദിത്വം നിറവേറ്റാനാകാത്ത ഉത്തരവാദിത്വപ്പെട്ടവര്‍ ആ സ്ഥാനത്തിരിക്കാന്‍ അനര്‍ഹരത്രെ. സിദ്ധാര്‍ത്ഥനെ തൂക്കിലിട്ടാതാണോ അതോ സ്വയം തൂങ്ങാന്‍ അവനു കയര്‍ ഒരുക്കി കൊടുത്തതാണോ എന്ന കാര്യങ്ങള്‍ സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. അവനെ മരണത്തിനേല്‌പിച്ചവരോ മരണത്തിലേക്കു തള്ളിവിട്ടവരോ ഒക്കെ ഈ മരണത്തിനു ഉത്തരവാദികളാണ്‌. നിയമം നല്‌കുന്ന ശിക്ഷ അവര്‍ക്കു ലഭിച്ചിരിക്കണം. രാഷ്‌ട്രീയ മേലാളന്മാരുടെ ഇടപെടലുകള്‍ അതിനു തടസം സൃഷ്‌ടിച്ചു കൂടാ. ഒപ്പം കേരളത്തിന്റെ മനസിനെ അമ്പരിപ്പിക്കുന്നതാണ്‌ നൂറ്റമ്പതോളം വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ അരങ്ങേറിയ ഈ കൊടുംക്രൂരത, ഉത്തരവാദിത്വപ്പെട്ട അധികാരികളെയോ പോലീസിനെയോ അറിയിക്കുന്നതില്‍ കാണിച്ച വീഴ്‌ച. അതു നിസ്സംഗതയുടെ പേരാലാണെങ്കില്‍ ആ നിസംഗത യുവജനങ്ങള്‍ക്കാകെ നാണക്കേടാണ്‌. അതു ഭീഷണിയുടെ പേരിലാണെങ്കില്‍ അങ്ങേയറ്റം അപകടകരവും ലജ്ജാകരവും എതിര്‍ക്കപ്പെടേണ്ടതുമാണ്‌.

Previous Post

ചെറുകര സെന്‍റ് ആന്‍റണീസ് യു.പി സ്കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനവും 109-ാം വാര്‍ഷികവും മാര്‍ച്ച് 10ന്

Next Post

KCWA പ്രവര്‍ത്തന ഉദ്ഘാടനവും വനിത ദിനാഘോഷവും നടത്തി

Total
0
Share
error: Content is protected !!