രൂപതാ സ്ഥാപന ശതാബ്ദിനിറവില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച് കോട്ടയം അതിരൂപത

കോട്ടയം: എ.ഡി. 345 ല്‍ പ്രേഷിതദൗത്യവുമായി ഭാരതത്തിലെത്തിയ തെക്കുംഭാഗജനതയുടെ സാംസ്‌കാരികവും വംശീയവുമായ വ്യതിരക്തത കാത്തുപാലിക്കുന്നതിനായി 1911 ല്‍ വികാരിയാത്ത് അനുവദിച്ചതിന്റെ തുടര്‍ച്ചയായി സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ച് 1923 ഡിസംബര്‍ 21 ന് കോട്ടയം വികാരിയാത്തിനെ രൂപതയായി ഉയര്‍ത്തിയതിന്റെ ശതാബ്ദിദിനം വിപുലമായ പരിപാടികളോടെ കോട്ടയം അതിരൂപതയില്‍ ആചരിച്ചു. കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് കൃതജ്ഞതാബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. പരിശുദ്ധ സിംഹാസനം ക്നാനായ സമുദായത്തിന്റെ വ്യതിരക്തതയ്ക്ക് സഭാപരമായ അംഗീകാരം നല്‍കിയതു തുടങ്ങി വിവിധ കാലങ്ങളില്‍ രൂപതയുടെ വളര്‍ച്ചയ്ക്കു നല്‍കി വരുന്ന നിരന്തരമായ സഹായങ്ങളെ പിതാവ് നന്ദിയോടെ അനുസ്മരിച്ചു. രൂപതയുടെ ആരംഭത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കിയ എല്ലാ പിതാക്കന്മാരെയും വൈദികരെയും സമര്‍പ്പിതരെയും അല്‍മായ നേതാക്കളെയും നന്ദിയോടെ ഓര്‍ക്കുകയും വിശ്വാസവും പൈതൃകവും നഷ്ടപ്പെടുത്താതെ ഈ അതിരൂപതയുടെ തുടര്‍ വളര്‍ച്ചയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. ഒരു പൂര്‍ണ്ണസഭാഘടകമെന്ന നിലയില്‍ പ്രേഷിത കുടിയേറ്റം നടത്തിയ ക്നാനായ സമുദായ അംഗങ്ങള്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലായിരിക്കുമ്പോള്‍ പ്രേഷിതചൈതന്യവും സുവിശേഷ ദീപ്തിയും ലോകമെമ്പാടും പകര്‍ന്നു നല്‍കുവാന്‍ അതിരൂപതാംഗങ്ങള്‍ക്കു കഴിയട്ടെയെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയ, ടുണീഷ്യ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, പൂനെ-കട്കി മലങ്കര കത്തോലിക്കാ ഭദ്രാസനത്തിന്റെ നിയുക്ത മെത്രാന്‍ മാര്‍ മത്തായി കടവില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കോട്ടയം അതിരൂപതയിലെ വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മ്മികരായി. സമര്‍പ്പിത അല്‍മായ സംഘടനാ പ്രതിനിധികള്‍ കൃതജ്ഞതാബലിയില്‍ പങ്കെടുത്തു.
കൃതജ്ഞതാബലിയെതുടര്‍ന്ന് അതിരൂപതയിലെ സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ശതാബ്ദിയോടനുബന്ധിച്ച് കൃതജ്ഞതാബലിയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. പതിനൊന്നാം പിയൂസ് മാര്‍പ്പാപ്പയാണ് റൊമാനി പൊന്തിഫിച്ചേസ് എന്ന തിരുവെഴുത്തുവഴി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതും കോട്ടയം വികാരിയാത്തിനെ രൂപതയായി ഉയര്‍ത്തിയതും. ശതാബ്ദിയോടനുബന്ധിച്ച് എല്ലാ ഇടവകകളിലും സ്ഥാപന്ങളിലും കൃതജ്ഞതാബലിയര്‍പ്പിച്ചു.

 

Previous Post

തേറ്റമല: കുളക്കാട്ട് സിബി ജോസഫ്

Next Post

ക്യാറ്റ് 2023- രാജപുരം കോളേജിന് വീണ്ടും ചരിത്ര നേട്ടം

Total
0
Share
error: Content is protected !!