ദൈവസ്നേഹവും കരുതലും കൈമുതലാക്കി ദൈവരാജ്യം ലക്ഷ്യമാക്കുന്നതോടൊപ്പം നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെക്കുംഭാഗജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങള്‍ കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധിയില്‍ വളരുവാനും ശുശ്രൂഷയുടെ ജീവിതശൈലി സ്വീകരിക്കുവാനും പ്രേഷിത ചൈതന്യത്തില്‍ അനുദിനം വളരുവാനും വിളിക്കപ്പെട്ടവരാണു നാമോരോരുത്തുമെന്ന് അനുസ്മരിക്കണമെന്നും സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പ്രകൃതിദുരന്ത പശ്ചാത്തലത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി സഭ ചെയ്യുന്ന ശുശ്രൂഷകള്‍ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേര്‍സാക്ഷ്യമാണെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അതിരൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രേഷിത കുടിയേറ്റ സ്മാരകമായി അതിരൂപത കൊടുങ്ങല്ലൂരില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂടാരത്തെക്കുറിച്ചും അവതരണം നടത്തി. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ആദരിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ തോമസ് ആനിമൂട്ടില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രാഹം പറമ്പേട്ട്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ലിസി മുടക്കോടില്‍, കെ.സി.ഡബ്ല്യു. എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍ നന്ദി പറഞ്ഞു. അതിരൂപതാ പതാക ഉയര്‍ത്തലോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. പരമ്പരാഗത ക്നാനായ വേഷധാരികളായ കെ.സി.സി, കെ.സി.വൈ.എല്‍ അംഗങ്ങള്‍ ക്നാനായ പാരമ്പര്യമായ നടവിളികളോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടര്‍ന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയില്‍ അതിരൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. തുടര്‍ന്ന് പുരുഷന്മാരുടെ മാര്‍ഗ്ഗംകളി പയ്യാവൂര്‍ സെന്റ് ആന്‍സ് യൂണിറ്റിലെ കെ.സി.സി അംഗങ്ങള്‍ അവതരിപ്പിച്ചു. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സമുദായസംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുത്തു.