കോട്ടയം അതിരൂപതയില്‍ വൈദികപട്ടം സ്വീകരിച്ച ഏഴ് നവ വൈദികര്‍ കോട്ടയം ക്രിസ്തൂരാജ കത്തീഡ്രലില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. 1999 ജനുവരി 6-ാം തീയതി ദനഹാതിരുനാളില്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയില്‍നിന്നും മെത്രാഭിഷേകം സ്വീകരിച്ച മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ 26-ാമത് മെത്രാഭിഷേക വാര്‍ഷികദിനത്തിന്റെയുംകൂടി പശ്ചാത്തലത്തിലായിരുന്നു കൃതജ്ഞതാബലിയര്‍പ്പണം. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വചനസന്ദേശം നല്കി. വിദേശ കുടിയേറ്റത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ അപ്രതീക്ഷിതമായ വലിയ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ക്നാനായ സമുദായ അംഗങ്ങളില്‍ അധിവസിക്കുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കോട്ടയം അതിരൂപതയില്‍നിന്നും വൈദികരെ ലഭ്യമാക്കി ക്നാനായ ഇടവകകളും മിഷനുകളും സ്ഥാപിച്ചത് അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ അതിരൂപതാംഗങ്ങളുടെ ഭാവിയെക്കുറിച്ചുള്ള വലിയ ദര്‍ശനത്തിന്റെയും കരുതലിന്റെയും പ്രതിഫലനമാണെന്നും പൂര്‍വ്വപിതാക്കന്മാരുടെ മാതൃക സ്വീകരിച്ച് വിശ്വാസത്തിലും പൈതൃകത്തിലും അടിയുറച്ചു തുടര്‍ന്നും മുന്നേറുവാന്‍ അതിരൂപതാംഗങ്ങള്‍ക്കു കഴിയട്ടെയെന്നും കൃജത്ഞതാബലിയിലെ വചനസന്ദേശത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. അബ്രാഹം പറമ്പേട്ട്, ഫാ. ബിബിന്‍ ചക്കുങ്കല്‍, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ നവവൈദികരോടൊപ്പം കൃതജ്ഞതാബലിയില്‍ സഹകാര്‍മ്മികരായിരുന്നു.