പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഓക്സ്ഫാം ഇന്‍ഡ്യയും കെ.എസ്.എസ്.എസും

കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലയിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്സ്ഫാം ഇന്‍ഡ്യയുമായി സഹകരിച്ച് വിവിധങ്ങളായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഇടുക്കി ജില്ലയിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളിലുമാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രളയത്താല്‍ മൂടപ്പെട്ട പ്രദേശങ്ങളിലെ കിണറുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂടാതെ പ്രദേശത്തുള്ള വിവിധ സ്‌കൂളുകളിലേയ്ക്ക് മാസ്‌ക്ക്, സാനിറ്റൈസര്‍, വേയിസ്റ്റ്ബിന്‍, ബ്ലീച്ചിംഗ് പൗഡര്‍, സോപ്പ് എന്നിവ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു. കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരുടെയും ഓക്സ്ഫാം ഇന്‍ഡ്യ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങളും കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടത്. ഓക്സ്ഫാം ഇന്‍ഡ്യയുമായി സഹകരിച്ച് പ്രളയം മണ്ണിടിച്ചില്‍ ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്കായി ഭക്ഷ്യ-ശുചീകരണ കിറ്റുകളുടെ വിതരണം, വരുമാന ക്ഷേമ കര്‍മ്മപദ്ധതികള്‍ എന്നിവ വരും ദിനങ്ങളില്‍ കെ.എസ്.എസ്.എസ് നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

 

Previous Post

ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Next Post

കോട്ടയം അതിരൂപതയ്‌ക്കെതിരെ നവീകരണ സമിതി ഫയല്‍ ചെയ്ത കേസിന്റെ നിജസ്ഥിതി

Total
0
Share
error: Content is protected !!