അറിവും ഉല്ലാസവും നവ്യാനുഭവവും പകര്‍ന്ന് ക്‌നാനായ സ്റ്റാര്‍സ് പഠനയാത്ര

ക്‌നാനായ സമുദായത്തിലെ മികവു പുലര്‍ത്തുന്ന കുട്ടികളെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ കണ്ടെത്തി മികച്ച പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുകൂലസാഹചര്യങ്ങളും സംലഭ്യമാക്കി കൂടുതല്‍ ഉന്നതനിലവാരത്തില്‍ വളരാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ചി(കാര്‍ട്ട്) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 10,11,12,13 ബാച്ചുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ആലപ്പുഴയിലേക്ക് സംഘടിപ്പിച്ച പഠന-ഉല്ലാസയാത്ര കുട്ടികള്‍ക്ക് അറിവും ഉല്ലാസവും നവ്യാനുഭവവും പകര്‍ന്ന വേറിട്ട യാത്രാനുഭവമായി. 2023 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിന്റെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 13-ാം ബാച്ചിനായി ഓഗസ്റ്റില്‍ സംഘടിപ്പിച്ച ആദ്യ കൂടിവരവിന്റെയും തുടര്‍ച്ചയായാണ് പഠനയാത്ര ഒരുക്കിയത്. ക്‌നാനായക്കാരുടെ ചരിത്രപരവും പരമ്പരാഗതവുമായ അറിവുകളും പഠനങ്ങളും സമാഹരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി തുടക്കം കുറിച്ച ക്‌നാനായോളജി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പഠനയാത്രയില്‍ 72 കുട്ടികള്‍ പങ്കെടുത്തു. ഉല്ലാസത്തോടൊപ്പം പഠനവും ലക്ഷ്യമിട്ടു സംഘടിപ്പിച്ച പഠനയാത്രയിലൂടെ ക്‌നാനായ സ്റ്റാര്‍സ് കുട്ടികള്‍ക്ക് പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞു എന്നു മാത്രമല്ല മെന്റേഴ്‌സും കുട്ടികളും തമ്മിലുള്ള വ്യക്തിബന്ധം ഊട്ടിയുറപ്പിക്കാനും വഴിയൊരുങ്ങി.
സെപ്റ്റംബര്‍ 6 ന് രാവിലെ ചൈതന്യയില്‍ നിന്നും 7.30 ന് ആലപ്പുഴയിലേക്കുള്ള യാത്ര ആരംഭിച്ചു. കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്നതും രാജ്യത്തെ ഏറ്റവും വലിയ മണ്‍ റെഗുലേറ്ററായി കണക്കാക്കപ്പെടുന്നതുമായ തണ്ണീര്‍മുക്കം ബണ്ടിലെത്തി അതിന്റെ ചരിത്രം വിശകലനം ചെയ്യുകയും പ്രൃതിസൗന്ദര്യം ആസ്വദിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ആലപ്പുഴയിലെത്തി തീരദേശത്തെ ഉള്‍നാടന്‍ ജലാശയങ്ങളോടുചേര്‍ന്ന് അധിവസിക്കുന്ന കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ കൂടി മനസ്സിലാകത്തക്കരീതിയില്‍ ഒരുക്കിയിരുന്ന ബോട്ടിംഗ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. അറിവു പങ്കുവയ്ക്കലും പാട്ടും നൃത്തവുമൊക്കെയായി കുട്ടികള്‍ ജലയാത്ര അവിസ്മരണീയമാക്കി. തുടര്‍ന്ന്  രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയം സന്ദര്‍ശിച്ചു. കേരളീയ സംസ്‌കാരത്തിന്റെ ചരിത്രം വിളിച്ചോതുന്നതും കുടുംബബന്ധങ്ങളുടെ മാഹാത്മ്യം വെളിവാക്കുന്നതുമായ പെയിന്റിംഗൂകളുള്‍പ്പടെ ലോകത്തിലെ അമൂല്യശേഖരങ്ങള്‍ സജ്ജീകരിച്ചിരുന്ന മ്യൂസിയത്തിലെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ ഏറെ വിജ്ഞാനം പകര്‍ന്നു നല്‍കുന്നതായിരുന്നു. പരസ്‌നേഹ ചൈതന്യം കുട്ടികളില്‍ പകര്‍ന്നു നല്‍കുവാന്‍ മ്യൂസിയത്തിലെ കാഴ്ചകള്‍ വഴിയൊരുക്കി. പ്രതിസന്ധിഘട്ടങ്ങളിലെ കഷ്ടപ്പാടുകള്‍ എപ്രകാരം ജീവിതവിജയത്തിന്റെ ചവിട്ടുപടികളാക്കാമെന്നും അവിടുത്ത കാഴ്ചകളില്‍ നിന്നും കുട്ടികള്‍ മനസ്സിലാക്കി. തുടര്‍ന്നു സന്ദര്‍ശിച്ച കയര്‍, റബ്ബര്‍ ഫാക്ടറികളും കയര്‍ ചരിത്ര മ്യൂസിയവും കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമായി.
കൃപാസനം മരിയന്‍ സെന്ററും, അര്‍ത്തുങ്കല്‍, ചാരമംഗലം, കണ്ണങ്കര എന്നീ അതിരൂപതയിലെ പള്ളികളും സന്ദര്‍ശിക്കുവാന്‍ യാത്ര വഴിയൊരുക്കി. കണ്ണങ്കരയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇടവകവികാരി ഫാ. ജോസഫ് കീഴങ്ങാട്ട് ഹൃദ്യമായ സ്വീകരണമാണ് ക്രമീകരിച്ചത്. കായല്‍തീരത്ത് സന്ധ്യാപ്രാര്‍ത്ഥനയും നടവിളിയും പുരാതനപ്പാട്ടുകളുമായി ഒത്തുചേര്‍ന്നപ്പോള്‍ ക്‌നാനായ തനിമയുടെയും വിശ്വാസ പൈതൃകത്തിന്റെയും പാതയില്‍ തങ്ങള്‍ വളരുമെന്ന് അവര്‍ പറയാതെ പറയുകയായിരുന്നു.
അര്‍ത്തുങ്കല്‍ ബീച്ചിലെ സായാഹ്നം സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മായാത്ത ഓര്‍മ്മകള്‍ കരുതിവയ്ക്കുവാനുള്ള സുവര്‍ണ്ണനിമിഷങ്ങള്‍ ക്‌നാനായ സ്റ്റാര്‍സിനു സമ്മാനിച്ചു. പരസ്പരസഹകരണത്തിന്റെയും കൂട്ടായ്മയുടെയും നല്ല പാഠങ്ങള്‍ സ്വന്തമാക്കി കൃത്യനിഷ്ഠയുടേയും മനുഷ്യബന്ധങ്ങളുടെ മൂല്യത്തിന്റെയും വില ആഴത്തില്‍ മനസ്സിലാക്കാന്‍ യാത്ര സഹായകമായിരുന്നുവെന്ന് കുട്ടികള്‍ പങ്കുവച്ചു.
കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ് ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഫാ. മാത്യു മണക്കാട്ട്, ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. എബിന്‍ ഇറപുറത്ത് എന്നീ വൈദികരും മെന്റേഴ്‌സായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന സി. ടോം മേരി, സി. സോഫിയ, സി.ആഷ്‌ന, സി. പൂര്‍ണ്ണിമ, സി. സമീന, സി. ആല്‍ബി, സി. മിസ്സി എബ്രാഹം, സി. അനു ജോസഫ്, സി. സ്റ്റെല്ല മരിയ, സി. ജോയ്‌സി, ഡോ. അജിത് ജെയിംസ്, അര്‍ച്ചന ജോണ്‍സണ്‍, എയ്ഞ്ചല്‍ ജോസഫ് എന്നിവരും യാത്രയില്‍ പങ്കാളികളായി.

Previous Post

കാനഡ കെ സി വൈ എല്‍ ഓണാഘോഷം -ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

Next Post

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!