ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി

കോട്ടയം: തെക്കുംഭാഗജനതയ്ക്കുവേണ്ടി സ്ഥാപിതമായ കോട്ടയം വികാരിയാത്ത് രൂപതയായി ഉയര്‍ത്തിയതിന്റെ ശതാബ്ദിയോടനുബന്ധിച്ച് അതിരൂപതയിലെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. അള്‍ജീരിയ-ടുണീഷ്യ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി. എ.ഡി. 345 ലെ കുടിയേറ്റകാലം മുതല്‍ പൂര്‍വ്വപിതാക്കന്മാര്‍ വിശ്വാസ-പൈതൃകസംരക്ഷണത്തിനും പ്രേഷിതചൈതന്യത്തിനും നല്‍കിയിരുന്ന മുന്‍ഗണനകള്‍ കൈമോശം വരുത്താതെ മുന്‍പോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയും പരസ്പരസഹകരണവും സഹായ മനസ്‌കതയും ക്നാനായ ജനതയുടെ സവിശേഷ പ്രവര്‍ത്തന ശൈലിയാണ്. ആധുനിക സാഹചര്യങ്ങളില്‍ ഇക്കാര്യത്തില്‍ കുറവു സംഭവിക്കാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പരമ്പരാഗതമായി കുടുംബമൂല്യങ്ങള്‍ക്ക് നല്‍കിയിരുന്ന വലിയ പ്രാധാന്യത്തിന് മാറ്റമുണ്ടാകാന്‍ ഇടയാകരുത്. കുടുംബത്തിലെയും സഭയിലെയും അധികാരികളെ ആദരിക്കുന്ന മഹത്തായ സംസ്‌കാരം അഭംഗുരം തുടരണം. സഭയുടെ പ്രവര്‍ത്തനശൈലി ദൈവികമാണെന്നും ഇതര സംഘടനാ സംവിധാനങ്ങള്‍ പോലെ സഭയെ നോക്കിക്കാണരുതെന്നും സഭാഘടകമായി തന്നെ കുടിയേറിയവരാണ് ക്നാനായ സമുദായമെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയായിരുന്നാലും തനിമയിലും ഒരുമയിലും വിശ്വാസനിറവിലും ക്രൈസ്തവസാക്ഷ്യം നല്‍കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.സി സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.ഡബ്ല്യു.എ നിയുക്ത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, കെ.സി.സി ട്രഷറര്‍ ജോണ്‍ തെരുവത്ത്, കെ.സി.വൈ.എല്‍ നിയുക്ത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Previous Post

ക്യാറ്റ്- ല്‍ 97 പെര്‍സസ്റ്റൈല്‍ സ്കോര്‍ ചെയ്ത് ക്നാനായ വിദ്യാര്‍ഥിനി

Next Post

ക്യാറ്റില്‍ മെറിന്‍ മരിയ സിന്നിക്ക് മികച്ച വിജയം

Total
0
Share
error: Content is protected !!