ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ 1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി തുടക്കം കുറിച്ച ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാമിന്റെ വിലയിരുത്തല്‍ നടത്തി. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈറേഞ്ചില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ ഇടവക വികാരിമാരും പങ്കെടുത്തു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിഷയാവതരണം നടത്തി. ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ ഭാവി പ്രവര്‍ത്തന രൂപീകരണ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. 1 മുതല്‍ 6 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയും 7 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയും രണ്ടു ബാച്ചുകളായി തിരിച്ച് മാതാപിതാക്കളുടെ കൂടെ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ മീറ്റിംഗ് നവംബര്‍ 15 നകം നടത്താന്‍ തീരുമാനിച്ചു. ഓരോ ഇടവകയിലും വികാരിയച്ചന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലന പ്രധാന അദ്ധ്യാപകന്, സമര്‍പ്പിത പ്രതിനിധി തുടങ്ങിയവരെ ഉള്‍പ്പെടുത്തി മെന്റേഴ്സ് ടീം രൂപീകരിക്കുകയും ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മെന്റേഴ്സിന് കാര്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും. തുടര്‍ന്ന് പ്രതിഭകളായ കുട്ടികളെ കണ്ടെത്തി പ്രത്യേക തുടര്‍ പരിശീലനങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനമായി.