ഇസ്രായേല്‍ ഹമാസ്‌ സമാധാന ഉടമ്പടിയും ഡോണാള്‍ഡ്‌ ട്രംപിന്റെ സത്യപ്രതിജ്ഞയും

15 മാസത്തിലേറെയായി ഗാസയില്‍ നടക്കുന്ന ഇസ്രായേല്‍ ഹമാസ്‌ യുദ്ധത്തിനു താല്‌ക്കാലിക വിരാമമിട്ടുകൊണ്ട്‌ 2025 ജനുവരി 19 ന്‌ പ്രാദേശിക സമയം 11.15 ഓടെ ഗാസയില്‍ 42 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതും അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡോണാള്‍ഡ്‌ ട്രംപ്‌ ജനുവരി 20 ന്‌ ഇന്ത്യന്‍ സമയം രാത്രി 10.30 ന്‌ സത്യപ്രതിജ്ഞ ചെയ്‌തതും ജനുവരി മാസത്തില്‍ നടന്ന രണ്ടു പ്രധാന സംഭവങ്ങളാണ്‌. ഈ രണ്ടു സംഭവത്തിനും കേവലം ആഭ്യന്തര ദേശിയ പ്രാധാന്യത്തിനപ്പുറം അന്തര്‍ദേശിയ പ്രാധാന്യമുണ്ടെന്നതാണ്‌ വസ്‌തുത. ഇസ്രായേല്‍ ഹമാസ്‌ യുദ്ധത്തിനു വിരാമം സംഭവിക്കുന്നത്‌ പശ്ചിമേഷ്യക്കും അറബ്‌ ലോകത്തിനും ഏറെ ആശ്വാസകരമാണ്‌. കരാര്‍ പ്രകാരം ഹമാസ്‌ തട്ടിക്കൊണ്ടുപോയ റോമി ഗോനെന്‍ (24), എമിലി ഡാമാരി (28) ഡൊറോണ്‍ സ്റ്റെയ്‌ന്‍ (31) എന്നീ വനിതകളെ ഇസ്രായേലിനു കൈമാറിയപ്പോള്‍ പകരം 95 പാലസ്‌തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചു. കരാര്‍ പ്രകാരം ആറാഴ്‌ചകൊണ്ടു ബാക്കി 33 ബന്ദികളെ ഹമാസ്‌ മോചിപ്പിക്കുമ്പോള്‍ 737 തടവുകാരെ ഇസ്രായേലും വിട്ടയക്കും. ഇസ്രായേല്‍ ഹമാസ്‌ സമാധാന കരാര്‍ പ്രാബല്യത്തിലായതോടെ ഗാസയിലെ തങ്ങളുടെ വീട്ടിലേക്കോ വീടിരുന്ന സ്ഥലങ്ങളിലേക്കോ ആളുകള്‍ ആഹ്ലാദത്തോടെ എത്തി തുടങ്ങി. വിട്ടയക്കേണ്ടിയിരുന്ന ബന്ദികളുടെ പേര്‌ യഥാസമയം ഹമാസ്‌ നല്‌കാത്തതാണ്‌ വെടിനിര്‍ത്തല്‍ വൈകാന്‍ കാരണമായത്‌. അതേതുടര്‍ന്ന്‌ ഇസ്രായേല്‍ കര്‍ശന നിലപാട്‌ എടുക്കുകയും ഹമാസിനു താക്കീതു നല്‍കുകയുമുണ്ടായി. കരാര്‍ ലംഘനങ്ങള്‍ ഇസ്രായേല്‍ വച്ചു പൊറുപ്പിക്കില്ലെന്നും ആവശ്യമെങ്കില്‍ യു.എസ്‌ സഹായത്തോടെ യുദ്ധം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‌കുകയും അതേതുടര്‍ന്ന്‌ ഹമാസ്‌ മോചിപ്പിക്കുന്ന 3 വനിതകളുടെ പേര്‌ ഹമാസ്‌ പുറത്തു വിടുകയും ചെയ്‌തു. സാങ്കേതിക കാരണങ്ങളാലാണ്‌ കൈമാറുന്നവരുടെ പട്ടിക കൈമാറാന്‍ വൈകിയതെന്നും വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ്‌ പിന്നീട്‌ വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ സാഹചര്യത്തില്‍ ഇസ്രായേലിന്റെ കൂട്ടുകക്ഷി മന്ത്രിസഭയിലെ ഇസ്രായേല്‍ ദേശസുരക്ഷാ മന്ത്രി, ഇതാമര്‍ ബെന്‍ ഗ്വറിന്റെ ജൂയിഷ്‌ പവര്‍ പാര്‍ട്ടി, നെതന്യാഹുവിന്റെ സഖ്യം വിട്ടു. യുദ്ധം തുടരണമെന്നും ഗാസക്കു മേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഇസ്രായേല്‍ നടപ്പാക്കണമെന്നും നിലപാടുള്ള പാര്‍ട്ടിയാണ്‌ ജൂയിഷ്‌ പവര്‍ പാര്‍ട്ടി. 2023 ഒക്‌ടോബര്‍ 7 ന്‌ ഇസ്രായേലില്‍ ഹമാസ്‌ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ്‌ ഇസ്രായേല്‍ ഹമാസ്‌ യുദ്ധം ഉണ്ടായത്‌. ഒരു ഘട്ടത്തില്‍ ഈ യുദ്ധം അറബ്‌ ലോകം മുഴുവന്‍ പടരുമോ എന്ന ആശങ്കയും ലോകത്തിനുണ്ടായിരുന്നു. യുദ്ധത്തില്‍ ഇസ്രായേലില്‍ 982 സിവിലിയന്മാരും 987 സൈനികരും മരിച്ചു. 251 പേരെ ഹമാസ്‌ ഭീകരര്‍ ഇസ്രായേലില്‍ നിന്നു തട്ടിക്കൊണ്ടുപോയി. ഇസ്രായേലില്‍ ഒഴിപ്പിച്ചു മാറ്റിയത്‌ 2-5 ലക്ഷം പേരെയാണ്‌. ഗാസയില്‍ 46899 പേര്‍ കൊല്ലപ്പെട്ടു. 110725 പേര്‍ക്ക്‌ പരിക്കു പറ്റി. 16300 പേര്‍ പിടികൂടപ്പെട്ടു. 19 ലക്ഷം അഭയാര്‍ത്ഥികളുണ്ടായി. ശ്‌മശാന ഭൂമിയായി മാറിയ ഗാസയില്‍ 1.7 ലക്ഷം കെട്ടിടങ്ങള്‍ മണ്ണടിഞ്ഞു. ഇസ്രായേല്‍ സേനയുടെ 15 മാസത്തെ യുദ്ധത്തില്‍ ഹമാസ്‌ തകരുകയും അവരുടെ നേതൃനിരയില്‍പ്പെട്ട പലരെയും ഇസ്രായേല്‍ ഉന്മൂലനം ചെയ്യുകയും ചെയ്‌തു. ആശുപത്രികളും സ്‌കൂളുകളും ഹമാസ്‌ ഒളിത്താവളമാക്കിയെന്നാരോപിച്ച്‌ ആശുപത്രികളും സ്‌കൂളുകളും വരെ നശിപ്പിക്കപ്പെട്ടു. ഗാസയിലെ റോഡുകളില്‍ 68 ശതമാനവും കൃഷി സ്ഥലങ്ങളില്‍ 68 ശതമാനവും നശിപ്പിക്കപ്പെട്ടുവെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇറാന്‍ പാലൂട്ടി വളര്‍ത്തിയ ഹിസ്‌ബുള്ളക്കും ഇറാനും വരെ യുദ്ധത്തില്‍ നഷ്‌ടങ്ങളുണ്ടായി. ഹമാസ്‌ ഭീകരവാദം ഉപേക്ഷിക്കുകയും ഇസ്രായേല്‍ പാലസ്‌തീന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തതുകൊണ്ടു ഗാസയില്‍ നിലനില്‍ക്കുന്ന സമാധാനം ഉണ്ടാകട്ടെയെന്നാണ്‌ ലോകത്തിന്റെ മുഴുവന്‍ ആഗ്രഹം.
തിങ്കളാഴ്‌ച ട്രംപ്‌ സത്യപ്രതിജ്ഞ ചെയ്‌തതിനു പിന്നാലെ കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുന്ന ഉത്തരവ്‌ ട്രംപ്‌ ഇറക്കി. ജന്മാവകാശം എന്ന നിലയില്‍ പൗരത്വം നല്‍കുന്നതു എക്‌സിക്യൂട്ടീവ്‌ ഉത്തരവിലൂടെ ട്രംപ്‌ റദ്ദാക്കി. യു.എസില്‍ ജനിക്കുന്ന എല്ലാവരും പൗരത്വത്തിനു അവകാശമുള്ളവരാണെന്ന 14-ാം ഭേദഗതിക്കെതിരാണ്‌ ട്രംപിന്റെ ഉത്തരവ്‌. 48 ലക്ഷം ഇന്ത്യക്കാരെ, ഈ ഉത്തരവ്‌ നെഗറ്റീവ്‌ ആയി ബാധിക്കും. ഇതിനു പുറമേ യു.എസിനെ ലോകാരോഗ്യ സംഘടനയില്‍ നിന്നും (WHO), പാരീസ്‌ കാലാവസ്ഥ ഉടമ്പടിയില്‍ നിന്നു പിന്‍വലിക്കുന്ന ഉത്തരവിലും ട്രംപ്‌ ഒപ്പു വച്ചു. യു.എസില്‍ ഇനി, സ്‌ത്രീ, പുരുഷന്‍ എന്നി രണ്ടു ലിംഗങ്ങളെ മാത്രം അംഗീകരിക്കുന്ന ഉത്തരവിറങ്ങി. ഇവയുള്‍പ്പെടെ ആഭ്യന്തരമായും അന്താരാഷ്‌ട്രതലത്തിലും ചലനങ്ങളുണ്ടാക്കുന്ന 80 എക്‌സിക്യൂട്ടീവ്‌ ഉത്തരവുകളാണ്‌ ട്രംപ്‌ ആദ്യദിനം പുറത്തിറക്കിയത്‌. ലോകാരോഗ്യ സംഘടനയുടെ ചെലവില്‍ 15 ശതമാനം അമേരിക്കയാണ്‌ വഹിച്ചു പോന്നത്‌. ഇനി അത്‌ നിലയ്‌ക്കും. പാരിസ്‌ കാലാവസ്ഥ ഉച്ചകോടിയില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ എതിര്‍പ്പിലാണ്‌. അമേരിക്കയ്‌ക്കു സുവര്‍ണ്ണയുഗം വാഗ്‌ദാനം ചെയ്‌ത ട്രംപിന്റെ രണ്ടാം വട്ടം സത്യപ്രതിജ്ഞ ലോകത്തിന്റെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്‌ത്തുമോ എന്നു ആശങ്കപ്പെടുന്നവരുണ്ട്‌. കാനഡ, അമേരിക്കയുടെ 51-ാം സംസ്ഥാനമാകണം. പനാമ ഉള്‍ക്കടല്‍ അമേരിക്കയുടേതാകണം. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര്‌ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കണം. ഗ്രീന്‍ ലാന്‍ഡും അമേരിക്കയുടെ ഭാഗമാകണം എന്നൊക്കെയുള്ള ട്രംപിന്റെ നിലപാട്‌ ലോകത്തിന്റെ മുന്‍പില്‍ ചില ആശങ്കകള്‍ക്കും കാരണമാകുന്നുണ്ടെന്നു പറയാതെ വയ്യ.
                                                                                                                                             റവ.ഡോ. മാത്യു കുരിയത്തറ

Previous Post

മൈക്കിള്‍ഗിരി പള്ളിയില്‍ തിരുനാള്‍

Next Post

വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കല്ലറ പുത്തന്‍ പള്ളി ജേതാക്കള്‍

Total
0
Share
error: Content is protected !!