കോട്ടയം: തിരുഹൃദയ ദാസസമൂഹാംഗമായ ഫാ. ജോസ് മാമ്പുഴക്കല്‍ (59) അന്തരിച്ചു. 2024 മെയ് 30 ന് പുലര്‍ച്ചേ 12.45 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1965 മെയ് 12 ന് ജനിച്ച അദ്ദേഹം 1984 ല്‍ അനിത്യവ്രതവും 1991 ല്‍ നിത്യവ്രതവും സ്വീകരിച്ച് 1992 ഡിസംബര്‍ 27 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.
മടമ്പം – അലക്സ് നഗര്‍ ഇടവകയിലെ പരേതരായ മാമ്പഴുക്കല് മത്തായി – ത്രേസ്യ ദമ്പതികളുടെ മകനാണ്. രാജപുരം, കള്ളാര്‍, ആലച്ചേരി, പോത്തുകഴി, ചങ്ങലേരി, അട്ടപ്പാടി, അജ്കര്‍, നെല്ലിയാടി, പയ്യാവൂര്‍ കണ്ടകശ്ശേരി, മൈക്കിള്‍ഗിരി, വെളിയനാട്, ഒടയംചാല്‍, കരിപ്പാടം, കറ്റോട്, മുട്ടം എന്നീ ഇടവകകളിലും അമേരിക്കയില്‍ ഹൂസ്റ്റണിലെ സെന്റ് വിയാനി കത്തോലിക്ക പള്ളിയിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മുട്ടത്ത് വികാരി ആയിരിക്കേ മിഷന് ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം അവിടെ അതിഗംഭീരമായി സംഘടിപ്പിച്ചതിലെ മുഖ്യസംഘാടകനായിരുന്നു ഫാ. ജോസ്. സഹോദരങ്ങള്‍: അന്നമ്മ, ജെയിംസ്, തോമസ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമത്തില്‍ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകള്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും സഹായമെത്രാന്മാര് മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെയും ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെയും കാര്‍മ്മികത്വത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുഹൃദയക്കുന്നാശ്രമത്തില് ആരംഭിക്കുന്നതുമാണ്.