“എന്റെ ഡാഡിയ്‌ക്ക് സംഭവിച്ചത് വേറൊരു മനുഷ്യനും പറ്റാന്‍ പാടില്ല. ഞാന്‍ കരഞ്ഞ അത്രയും വേറൊരു കൊച്ചും കരയാന്‍ പാടില്ല. മൃഗങ്ങള്‍ ഇറങ്ങുമ്പോള്‍ നാട്ടുകാര്‍ക്കും വനംവകുപ്പിനും ഡാഡി ഒരു സഹായമായിരുന്നു. ഇനി വയനാട്ടില്‍ ഒരാള്‍ക്കും ഇങ്ങനെ പറ്റില്ലെന്ന് എനിക്ക് വാക്കു തരണം. വയനാട്ടിലെ കാടും മൃഗങ്ങളേയും സംരക്ഷിച്ചോളൂ. പക്ഷേ, നാട്ടിലേക്ക് ഇറങ്ങാതെ നോക്കണം. കാട്ടാനകള്‍ക്ക് ഇഷ്‌ടംപോലെ കാടില്ലെ? പിന്നെ എന്തുകൊണ്ട് കാട്ടാനയെ അവിടെ പിടിച്ചുനിര്‍ത്തിക്കൂടാ? കാട്ടാന നാട്ടില്‍ വരണ്ടാ. അതിനുള്ളത് ചെയ്‌തേ തീരൂ. ഇപ്പോള്‍ കടുവയെയും ആനയെയും പുലിയെയും കാട്ടുപന്നിയെയും കുരങ്ങനെയും വരെ പേടിച്ചാണ് ഞങ്ങള്‍ വയനാട്ടുകാരുടെ ജീവിതം. മൃഗങ്ങള്‍ ആളുകളെ കൊല്ലുന്നത് എത്രയോ കാലമായി ഞാന്‍ പത്രത്തില്‍ വായിക്കുന്നു. ഇതുവരെ ഒരു പോംവഴിയും ഉണ്ടായിട്ടില്ല. ഒടുവില്‍ എന്റെ ഡാഡിയെയും കൊണ്ടുപോയി.” മാനന്തവാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി അല്‍ന പ്രതിപക്ഷനേതാവ് വി. ഡി. സതീശനോട് പറഞ്ഞ വാക്കുകളാണ് ഇത്. ഇത് പറഞ്ഞ് രണ്ടാം ദിവസം വയനാട് കുറുവാ വെള്ളച്ചാലില്‍ പോള്‍ (50) ആനയുടെ ചവിട്ടേറ്റ് മരിച്ചു. പോളിന് മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് കുടുംബത്തിന് പരാതിയുണ്ട്. ഇക്കാര്യം പോളിന്റെ മകള്‍ തുറന്നു പറയുകയും ചെയ്‌തു.
വയനാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ വന്യമൃഗങ്ങളുടെ ഭീതിയിലാണ് കഴിയുന്നത്. ഓരോ മരണത്തിനുശേഷവും 10 ലക്ഷം രൂപയും താത്‌ക്കാലിക ജോലിയും നല്‍കി സര്‍ക്കാര്‍ സംഭവത്തില്‍നിന്ന് പിന്‍മാറുന്നു. പക്ഷേ, വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുവാന്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ രക്ഷപെടുകയാണ്. പോളിന്റെ മരണത്തിനുശേഷം പുല്‍പ്പള്ളിയില്‍ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തി. പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് വിരട്ടുകയായിരുന്നു സര്‍ക്കാര്‍. അപ്പോഴും ശാശ്വതമായ ഒരു പോംവഴിക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ പൊലിഞ്ഞത് 55 ജീവനാണ്. ഇതില്‍ 42 പേരെയും കാട്ടാനയാണ് കൊലപ്പെടുത്തിയത്. ഇതെല്ലാം കേവലം കണക്കുകളായി ആണോ സര്‍ക്കാര്‍ കാണുന്നത്. ഓരോ ദിവസവും ആശങ്കയോടെ തള്ളിനീക്കുന്ന നാടിന്റെ ജീവഭീതി ഈ കണക്കിനു പിന്നിലുണ്ടെന്ന് അധികൃതര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്രയും ഉദാസീനതയോടെ ഈ പ്രശ്‌നത്തെ സമീപിക്കുമായിരുന്നോ? 2023 ജനുവരിയിലാണ് പുതുശ്ശേരി ഇടവകാംഗമായ പള്ളിപ്പുറത്ത് തോമസ് (50) കടുവയുടെ ആക്രമണത്തിലും സെപ്‌റ്റംബറിലാണ് പുളിഞ്ഞാല്‍ ഇടവകാംഗമായ നെല്ലിയാനിക്കോട്ട് തങ്കച്ചന്‍ (53) ആനയുടെ കുത്തേറ്റും മരിച്ചത്. തോമസ് സ്വന്തം കൃഷി സ്ഥലത്ത് നില്‍ക്കുമ്പോഴായിരുന്നു കടുവയുടെ മുന്നില്‍പെട്ടത്. തോമസിന് ശരിയായ ചികിത്സ അന്ന് ലഭിച്ചിരുന്നില്ലെന്ന് അക്ഷേപം ഉണ്ട്. വനം വാച്ചറായിരുന്നു തങ്കച്ചന്‍. തോമസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് താത്‌ക്കാലിക ജോലിയും നല്‍കി. തങ്കച്ചന്റെ കുടുംബത്തിന് ആദ്യം 6 ലക്ഷം രൂപയും ബാക്കി തുക ഫെബ്രുവരി 20 നുമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതോടൊപ്പം ഭാര്യയ്‌ക്ക് താത്‌ക്കാലിക ജോലിയും നല്‍കി. ആനയുടെ കുത്തേറ്റ് മനുഷ്യന്‍ മരിച്ചു വീഴുമ്പോള്‍ കഴിഞ്ഞ ദിവസം വനം മന്ത്രി നടത്തിയ നിലപാട് എത്ര അപഹാസ്യവും നിന്ദ്യവും ആയിരുന്നു. ആനകളെ മയക്കുവെടി വെയ്‌ക്കുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കോടതി നടപടികള്‍ കൂടി വീക്ഷിച്ചശേഷമേ മാനന്തവാടിയിലെ കൊലയാളിയായ ആനയെ എന്തുചെയ്യണമെന്ന് തീരുമാനിക്കുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. മുന്‍കൂട്ടി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടും റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ ട്രാക്ക് ചെയ്യുന്നതില്‍ വനം വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ആനയെ തൊടരുത് തൊട്ടാല്‍ നടപടിയെടുക്കുമെന്ന് നീതിന്യായ കോടതികള്‍ കര്‍ശന നിര്‍ദ്ദേശം തന്നിരിക്കുന്നു എന്ന് പറയുന്ന മന്ത്രി അടക്കമുള്ളവര്‍ 18-5-2023 ലെ wp (c)23/2016 കേസിലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി ഏറെ ഗൗരവത്തോടെ പഠിക്കണം. (ജെല്ലിക്കെട്ട് കേസ് അപ്പീല്‍). മൃഗങ്ങളല്ല, മനുഷ്യരാണ് ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും മുന്നില്‍ സംരക്ഷണത്തിനായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നുതന്നെയായിരുന്നു ഭരണഘടനാ ബഞ്ചിന്റെ വിധി.
കഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടില്‍ ഉണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ഉപദ്രവകാരികളായ വന്യജീവികളെ ഉല്‍മൂലനം ചെയ്യുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി. മന്ത്രിയുടെ കണക്കനുസരിച്ച് വന്യജീവി ആക്രമണത്തെതുടര്‍ന്നുള്ള മരണാനന്തര നഷ്‌ടപരിഹാരം, ചികിത്സാ സഹായം, കൃഷിനാശത്തിനുള്ള സഹായം എന്നിവയ്‌ക്കുള്ള 7,235 അപേക്ഷകളില്‍ തീര്‍പ്പാകാനുണ്ടെന്നു പറയുന്നു. 2021 മുതലുള്ള അപേക്ഷകളാണ് ഇവ. വന്യജീവികളുടെ എണ്ണം ക്രമാതീതമായി കൂടിയതാണ് നാട്ടിലേയ്‌ക്കുള്ള ഇവയുടെ ഇറക്കത്തിന്റെ പ്രധാന കാരണമെന്ന് വിദഗ്‌ദ്ധരും സര്‍ക്കാരും ഒരുപോലെ പറയുന്നു. സ്വഭാവിക വനം ചുരുങ്ങിയതും മൃഗങ്ങള്‍ക്ക് അവിടെ തീറ്റ കുറഞ്ഞതും മറ്റു കാരണങ്ങളില്‍പ്പെടുന്നു. വനത്തിലെ സ്വഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുവാനും കാടും നാടും ശാസ്‌ത്രീയമാര്‍ഗ്ഗങ്ങളിലൂടെ വേര്‍തിരിക്കാനും സാധിച്ചാലേ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമുണ്ടാവൂ. കാട്ടിലെ അധിനിവേശ സസ്യങ്ങള്‍ ഫലപ്രദമായി നശിപ്പിക്കുവാനും കാടിനു ചേരുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കാനും സാധിക്കണം. ഭൂപ്രദേശത്തിന് യോജിച്ച ശാസ്‌ത്രീയമായ ഫെന്‍സിംഗ് ഉണ്ടെങ്കില്‍ ആന ശല്യത്തിനു പരിഹാരം ഉണ്ടാക്കുവാനും കഴിയും.