ബാംഗ്ലൂര്‍ ഫൊറോന അതിരൂപത അസംബ്ലിയുടെ പാതയില്‍

2023 ജനുവരി 24, 25, 26 തീയതികളില്‍ നടക്കുന്ന 4-ാമതു അതിരൂപത അസംബ്ലിക്കു ഒരുക്കമായി ബാംഗ്ലൂര്‍ മാര്‍ മാക്കില്‍ ഗുരുകുലത്തില്‍ ബാംഗ്ലൂര്‍ ഫൊറോനായിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ നവംബര്‍ 6 നു ഒന്നുചേര്‍ന്നു ചര്‍ച്ചകള്‍ നടത്തി. ബാംഗ്ലൂര്‍, കഡബ, നെല്ലാടി, അജകര്‍ എന്നീ ഇടവകകളില്‍ നിന്നുള്ള 37 പാരിഷ് കൗണ്‍സില്‍ അംഗങ്ങളാണു ഒരുമിച്ചു ചേര്‍ന്നത്.
അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടെയാണു പഠനശിബിരം ആരംഭിച്ചത്. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരും ഫൊറോനയിലെ മറ്റു വൈദികരും സഹകാര്‍മ്മികരായിരുന്നു. ഭൂമിശാസ്ത്രപരമായി അകലത്തിലായിരിക്കുന്ന ഈ ഫൊറോനയിലെ എല്ലാ കുടുംബങ്ങളും വി. കുര്‍ബാനയില്‍ പങ്കെടുത്തു.


അതിരൂപത അസംബ്ലിക്കു ഒരുക്കമായി പ്രസിദ്ധീകരിച്ച ഒരുക്ക രേഖ ”സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം പ്രേഷിത ദൗത്യം” പഠന വിഷയമാക്കുവാനും അതിനെ അധികരിച്ചു ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ കണ്ടെത്തലുകള്‍ അസംബ്ലിയുടെ ചര്‍ച്ചയ്ക്കു നല്കുവാനുമായിട്ടാണു ഈ പഠനദിവസം ലക്ഷ്യമിട്ടത്. ഫൊറോന വികാരി ഫാ. ബിബിന്‍ അഞ്ചെമ്പില്‍ സ്വാഗതം നല്കിയ പഠനശിബിരത്തില്‍ ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍ അസംബ്ലിയുടെ ഒരുക്കരേഖ പവര്‍ പോയിന്റിലൂടെ വിശദീകരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ വിഷയത്തിന്മേല്‍ ചര്‍ച്ചകള്‍ നടത്തി കണ്ടെത്തലുകള്‍ പൊതുവായി അവതരിപ്പിച്ചു. നൂതന ആശയങ്ങളും ചിന്താഗതികളും വീക്ഷണങ്ങളും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു. ഇത് അസംബ്ലിക്കു ഉപകാരപ്രദമാണ്.
തുടര്‍ന്ന് നടന്നത് ശൂന്യവേളയാണ്. അതിരൂപതയെക്കുറിച്ച് അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടും, സഹായമെത്രാനും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്കി. ഇത്തരത്തിലുള്ള സംവാദത്തില്‍ അംഗങ്ങള്‍ സംതൃപ്തി അറിയിച്ചു.


ജിജി വലിയവീട്ടില്‍ യോഗത്തിനും ദിവസത്തെ എല്ലാം സംരംഭങ്ങള്‍ക്കും അതിനു നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതിരൂപതാദ്ധ്യക്ഷന്റെയും സഹായമെത്രാന്മാരുടെയും സാന്നിദ്ധ്യവും ഫൊറോനയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിദ്ധ്യം സന്തോഷപ്രദവും അനുഗ്രഹപ്രദവുമായിരുന്നു.

Previous Post

മിഷന്‍ വെല്‍നസ് ക്യാമ്പയിന് പിന്തുണയേകി ഓമല്ലൂര്‍ സെന്റ് തോമസ് കാത്തലിക് അസോസിയേഷന്‍

Next Post

Knanaya  Catholic Women’s Association Golden Jubilee Challenge Competition – Rajapuram Malabar Regional Winners

Total
0
Share
error: Content is protected !!