ഓണ നിലാവില്‍ നിഴല്‍ വീഴ്‌ത്തി വിലവര്‍ധനവും വിവാദങ്ങളും

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സൗഹാര്‍ദ്ദത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓണം ആഘോഷിക്കുവാന്‍ മലയാളികള്‍ ഒരുങ്ങുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്‌ ഓരോ മലയാളിയിലും ഓണാഘോഷം ഉയര്‍ത്തുന്നത്‌. കേരളത്തിന്റെ വിളവെടുപ്പ്‌ ഉത്സവമായ ഓണം എന്ന മിത്തില്‍, ഓരോ കാലഘട്ടത്തിലും ഓരോരോ സങ്കല്‌പങ്ങള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്‌. ആ സങ്കല്‌പങ്ങളൊക്കെ ഓരോ കാലഘട്ടത്തിലെ മനുഷ്യന്റെ മനസിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആഗ്രഹ ങ്ങളും ഉത്‌കണ്‌ഠകളും ഒക്കെയായി ബന്ധപ്പെട്ടാണ്‌ രൂപീകരിക്കപ്പെട്ടതെന്ന്‌ ന്യായമായും അനുമാനിക്കാം. മനുഷ്യരെല്ലാവരും തുല്യതയോടെയും അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന ആധി വ്യാധികളെക്കുറിച്ചു ആവലാതി പറയേണ്ട സാഹചര്യമില്ലാതിരിക്കുന്ന ഒരു സാമൂഹ്യസാഹചര്യത്തെക്കുറിച്ചുള്ള സ്വപ്‌നമാണ്‌ യഥാര്‍ത്ഥത്തില്‍ ഓണമെന്ന മിത്തിനു പിറകിലുള്ളതെന്നു മനസിലാക്കാനാവും. കള്ളവും ചതിവുമില്ലാത്ത, അന്തസാരശൂന്യമായ വാഗ്വാദങ്ങളും പൊളിവചനങ്ങളുമില്ലാത്ത, സത്യവും നീതിയും, തുല്യതയും പുലരുന്ന ഒരു സമൂഹനിര്‍മ്മിതിക്കുവേണ്ടി പ്രയത്‌നിക്കുവാനും, പുനരര്‍പ്പണം ചെയ്യാനുംകൂടി ഓണാഘോഷം നമ്മെ ക്ഷണിക്കുന്നുണ്ട്‌. എന്നാല്‍ മനുഷ്യന്റെ ഈ ആഗ്രഹങ്ങളൊക്കെ കേവലം സ്വപ്‌നങ്ങളായി അവശേഷിക്കുകയും ഇതിനു വിരുദ്ധമായിട്ടുള്ളതെല്ലാം സത്യങ്ങളായി മാറുകയും ചെയ്യുന്ന ഒരു വിപരീത സാഹചര്യത്തിലാണ്‌ മലയാളി ഇന്നു ജീവിക്കുന്നത്‌. സ്വകാര്യ കരിമണല്‍ സംസ്‌കരണ കമ്പിനിയില്‍നിന്ന്‌ ഭരണപക്ഷവും പ്രതിപക്ഷവും മാസപ്പടിയായി പണം കൈപ്പറ്റിയെന്ന ആക്ഷേപമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. മാസപ്പടി വിവാദത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പങ്കാളിയായതിനാല്‍ ഇക്കാര്യത്തില്‍ കനത്ത പ്രതിഷേധമോ പ്രതികരണമോ ഉണ്ടാകുന്നില്ലായെന്നത്‌ സ്വഭാവികമെന്നു മാത്രമെ കണക്കാക്കാനാവൂ. എന്നാല്‍ ഭരണം നിയന്ത്രിക്കുന്ന വ്യക്തിയുടെ മകള്‍ ഉടമയായ കമ്പനി പ്രത്യേക സേവനങ്ങള്‍ നല്‌കാതെ 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം ക്വാസി ജുഡിഷ്യല്‍ ബോഡിയുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍, ഭരണപക്ഷമാകട്ടെ അതു രണ്ടു കമ്പനികള്‍ തമ്മില്‍ എഗ്രിമെന്റുപ്രകാരം കൊടുത്ത, സ്വീകരിച്ച, സേവനത്തിനുള്ള പ്രതിഫലമാണെന്നും അതിനെ ഭരണ കേന്ദ്രവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും പറയുന്നു. കൊടുത്ത സേവനം എന്താണെന്ന്‌ അറിയുവാനുള്ള അവകാശം മലയാളികള്‍ക്ക്‌ ഉണ്ടെന്നു പറയാമെങ്കിലും അതൊക്കെ സാങ്കേതിക കാരണങ്ങളാല്‍ നിരാകരിക്കപ്പെടുന്നു. ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ അഴിമതിയാരോപണത്തിന്റെ പേരില്‍ വിജിലന്‍സ്‌ അന്വേഷണം നേരിടേണ്ടിവരുന്ന അവസ്ഥയിലുമാണ്‌. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്കാകട്ടെ, നിത്യോപയോഗ വസ്‌തുക്കളുടെ വിലവര്‍ധനവുമൂലം ജീവിതം ദുരിതത്തിലുമാണ്‌. കെ.എസ്‌.ആര്‍.ടി.സി.യിലെ ജോലിക്കാര്‍ക്കു ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ട്‌. ഗവണ്‍മെന്റിനു നിത്യനിദാന ചെലവുകള്‍ക്കു കടമെടുക്കാതെ മുന്നോട്ടു പോകാനാകില്ല. കേന്ദ്രഗവണ്‍മെന്റു കേരളത്തിന്റെ കടമെടുപ്പു പരിധി കുറച്ചതിനാല്‍ കടം മേടിക്കാന്‍പോലും പറ്റാത്ത അവസ്ഥ. നെല്‍കര്‍ഷകര്‍ക്കാകട്ടെ വാങ്ങിയ നെല്ലിന്റെ പണം ഏറെ നാളായിട്ടും കിട്ടിയിട്ടില്ല. അടുത്തനാളില്‍ ആയതിലേക്കു കുറച്ചു തുക വകയിരുത്തിയിരിക്കുന്നതു നല്ലതുതന്നെ.
കേരളത്തിന്റെ സാമ്പത്തികരംഗത്തെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ കര്‍ശനമായ ചെലവു ചുരുക്കലുകള്‍ അത്യാവശ്യമാണ്‌. ആവശ്യത്തേക്കാളുപരി ആര്‍ഭാടത്തിനു പണം മുടക്കുന്ന രീതി അവസാനിപ്പിക്കണം. സര്‍ക്കാരിനു ശമ്പളത്തിനും പെന്‍ഷനുമായി വരുമാനത്തിന്റെ സിംഹഭാഗവും മാറ്റിവയ്‌ക്കേണ്ടിവരുന്നു. സംസ്ഥാനത്തിന്റെ കടത്തിന്റെ പലിശയ്‌ക്കും കൂടുതല്‍ തുക ആവശ്യമായിവരുന്നു. വരവറിയാതെ ചെലവു ചെയ്യുന്ന രീതിയും സംഘടിത തൊഴിലാളിവര്‍ഗത്തെ തങ്ങളുടെ പക്ഷത്തു നിര്‍ത്തുവാന്‍ അവര്‍ക്കു വാരിക്കോരി കൊടുക്കുന്ന രീതിയുമൊന്നും അവസാനിപ്പിക്കാതെ കേരളത്തിനു മുന്നോട്ടുപോകാനാകില്ല. കേരളത്തില്‍ വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോള്‍ അതിന്റെ ഭാരവും പൊതുജനം സഹിക്കണം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ്‌ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ശമ്പളമെന്ന ആക്ഷേപം പലകുറി പുറത്തുവന്നിട്ടുള്ളതാണ്‌. പരസ്‌പര ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുക, ആരോപിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ക്കു ന്യായയുക്തമായ മറുപടി പറയാതെ, സാങ്കേതികത്വം ഉയര്‍ത്തി മറുപടി പറയുക, മറുപക്ഷത്തെ സമ്മര്‍ദത്തിലാക്കുന്ന സമാനമായ ആരോപണങ്ങള്‍ പുറത്തുകൊണ്ടുവരിക എന്നതൊക്കെയാണ്‌ ഇന്നത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. ഭരണപക്ഷത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ ഉചിതമായ മറുപടി പറയാതെ മൗനത്തിലാണെന്ന ആക്ഷേപം പ്രസക്തമാണെന്നു കരുതുന്നവരുണ്ടാകാം. സാധാരണക്കാരനു ആശ്വാസമായിരുന്ന സപ്ലൈകോ ഈ ഓണക്കാലത്തു സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്‌. അവര്‍ക്കാവശ്യമുള്ളതിന്റെ മൂന്നിലൊന്നു തുകപോലും കൊടുക്കാന്‍ സര്‍ക്കാരിനാകുന്നില്ല. അടിയന്തരമായി 500 കോടി ചോദിച്ചിടത്തു 70 കോടിയാണു കൊടുത്തത്‌. സപ്ലൈകോയില്‍ നിത്യോപയോഗസാധനങ്ങളുടെ കുറവുണ്ട്‌. പല സാധനങ്ങളും ലഭ്യമല്ല. സഹകരണ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ നല്‌കാനുള്ളത്‌ 1146 കോടിയാണെന്ന പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. വായ്‌പാക്കാലാവധി പൂര്‍ത്തിയായാല്‍ സഹകരണ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‌കേണ്ടത്‌ 3412 കോടി രൂപയാണ്‌. കരിമണ്ണൂര്‍ സഹകരണബാങ്കിലെ 300 കോടി രൂപയുടെ ക്രമക്കേടില്‍ മുന്‍ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ചോദ്യം ചെയ്‌തിരിക്കുന്നു. മുന്‍മന്ത്രിപോലും ആരോപണത്തിന്റെയും സംശയത്തിന്റെയും നിഴലിലാണ്‌. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‌പ്പില്‍ സഹകരണ ബാങ്കുകള്‍ക്കു നിര്‍ണായക സ്ഥാനമാണുള്ളത്‌. കടഭാരംകൊണ്ട്‌ അവരുടെ നട്ടെല്ല്‌ ഒടിയരുത്‌. ഓണനിലാവിന്റെ പ്രഭയില്‍ വിലക്കയറ്റവും വിവാദങ്ങളും കരിനിഴല്‍ വീഴ്‌ത്തുന്നതാണ്‌ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി.

Previous Post

ക്നാനായ സമുദായത്തിന്‍െറ മിഷനറി ചൈതന്യവും കൂട്ടായ്മയും അഭംഗുരം പരിപാലിക്കണം- മാര്‍ മാത്യു മൂലക്കാട്ട്

Next Post

കെ.സി.വൈ.എല്‍ മാള്‍ട്ടക്ക് നവനേത്യത്വം

Total
0
Share
error: Content is protected !!