നാലാം അതിരൂപതാ അസംബ്ലി: പ്രധാന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

നാലാം കോട്ടയം  അതിരൂപതാ അസംബ്ലി

സിനഡാത്മക അതിരൂപത
കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം

2023 ജനുവരി 24, 25, 26

ഉള്ളടക്കം

അദ്ധ്യക്ഷപ്രസംഗം
ഉത്ഘാടന പ്രസംഗം
നന്ദിയോടെ

ഭാഗം – 1

ഒരുമിച്ചുള്ള സഞ്ചാരം : സഭയുടെ അസ്തിത്വഭാവം

1. സഭ : ഘടനാപരമായി സിനഡാത്മകമാണ്
2. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം
3. സഭ : മനുഷ്യരുടെ ഇടയിലെ ദൈവത്തിന്റെ കൂടാരം
4. സിനഡാത്മക രൂപീകരണം മൂന്നു തലങ്ങളില്‍
A. കുടുംബതലം
B. ഇടവകതലം
C. അതിരൂപതാതലം

ഭാഗം – 2
ക്‌നാനായ സമുദായവും പ്രേഷിത പ്രബുദ്ധതയും
1. പ്രേഷിതദൗത്യം : അടിസ്ഥാന വിളി 45
2. പ്രേഷിതദൗത്യം : ഉത്തരവാദിത്വവും കൂട്ടുത്തരവാദിത്വവും 47
3. ക്‌നാനായ സമുദായവും പ്രേഷിത പാരമ്പര്യവും 49
4. ഭക്തസംഘടനകളും പ്രേഷിതാഭിമുഖ്യവും 53
5. പ്രവാസി സമൂഹം : അതിരൂപതയുടെ പ്രേഷിതമുഖം 54
6. സഭയും ക്‌നാനായ സമുദായവും 57

ഭാഗം – 3
എപ്പാര്‍ക്കിയല്‍ അസംബ്ലി
തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും

——————————————————————

അദ്ധ്യക്ഷപ്രസംഗം

സീറോ-മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവേ, അഭിവന്ദ്യ പണ്ടാരശ്ശേരി പിതാവേ, അപ്രേം പിതാവേ, സഹ വൈദികരേ, അസംബ്ലി അംഗങ്ങളെ,
നമ്മുടെ അതിരൂപതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സംഭവമാണ് ഇന്ന് ഈ പ്രാര്‍ത്ഥനാലയത്തില്‍ സമാരംഭിക്കുന്നത്. അതിരൂപതയുടെ നാലാമത് അസംബ്ലിക്ക് ഇന്നു തുടക്കം കുറിക്കുന്നു. ഈ വര്‍ഷം റോമില്‍ ആരംഭിക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ വിഷയമായി പരിശുദ്ധ പിതാവ് നിശ്ചയിച്ചിരിക്കുന്ന ‘സിനഡാത്മകത’ ലോകമെങ്ങുമുള്ള കത്തോലിക്കാ സമൂഹങ്ങള്‍ പഠനവിഷയമാക്കുകയും അതേക്കുറിച്ചുള്ള പരിചിന്തനങ്ങളും അഭിപ്രായങ്ങളും പരിശുദ്ധ പിതാവിനെ അറിയിക്കുകയും ചെയ്യണമെന്നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ അതിരൂപതയിലെ അതിരൂപതാ അസംബ്ലി ഇന്നു തുടങ്ങി സമ്മേളിക്കുമ്പോള്‍ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത സിനഡാത്മകതയ്ക്കാണു നാം കൂടുതല്‍ ഊന്നല്‍ നല്‍കി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നത്. ദീര്‍ഘനാളത്തെ പ്രവര്‍ത്തനം ഈ അസംബ്ലിയുടെ പിന്നിലുണ്ട്. ഈ അസംബ്ലി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ്ധ ടീം അതിരൂപതയുടെ എല്ലാ തലങ്ങളും സ്പര്‍ശിച്ച് എല്ലാഭാഗങ്ങളിലുമുള്ള അതിരൂപതാംഗങ്ങളുമായി സംസാരിച്ച് അവരുമായി സംവദിച്ച് അതിരൂപതയുടെ അസംബ്ലി എപ്രകാരം അനുഗ്രഹീതവും പ്രയോജനപ്രദവുമാക്കാം എന്നു ചര്‍ച്ച ചെയ്തതിന്റെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ വിഷയാവതരണ രേഖയാണു നാം പഠനവിഷയമാക്കുന്നത്.

സിനഡാത്മകത എന്നു പറയുമ്പോള്‍ ‘എല്ലാവരും ഒന്നിച്ചു യാത്ര ചെയ്യുന്ന കൂട്ടായ്മ’ (Walking Together) എന്നാണു പരിശുദ്ധ പിതാവ് അര്‍ത്ഥമാക്കുന്നത്. ഈ കൂട്ടായ്മയില്‍ നമ്മളെല്ലാവരുമുണ്ട്; നമ്മോടൊപ്പം ദൈവവുമുണ്ട്. അങ്ങനെ ദൈവത്തോടൊത്തു കൂട്ടായ്മയില്‍ യാത്ര ചെയ്യുന്ന ജനം, പരസ്പരം ശ്രവിച്ചും സംവദിച്ചും ചര്‍ച്ച ചെയ്തും തങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം ദൈവത്തിന്റെ ഹിതമെന്തെന്ന് അന്വേഷിച്ചുകൊണ്ട് അതിലേക്കു ചേര്‍ന്നു നില്‍ക്കുവാന്‍ എല്ലാവരും പരിശ്രമിക്കുകയും ചെയ്യുമ്പോഴാണ് സഭയുടെ സിനഡാത്മകത അര്‍ത്ഥ പൂര്‍ണ്ണമാകുന്നത്. അതുകൊണ്ടുതന്നെ നാമിവിടെ ഒരു മാനുഷിക പ്രക്രിയയല്ല ആരംഭിക്കുന്നത്; പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ പങ്കെടുക്കപ്പെടുന്ന ഒരു കൂട്ടായ്മായാണിത്. ഈ കൂട്ടായ്മയിലൂടെ അതിരൂപതയെ മുന്നോട്ടുനയിക്കുവാന്‍ ദൈവത്തിന്റെ കൃപയും നിങ്ങള്‍ക്കോരോരുത്തര്‍ക്കും പരിശുദ്ധാത്മാവു നല്‍കുന്ന പ്രചോദനങ്ങളും ഈ അസംബ്ലിക്കു സഹായകമാകട്ടെയെന്ന് ആശംസിക്കുന്നു.

കോട്ടയം അതിരൂപത എന്നു പറയുമ്പോള്‍ ക്രൈസ്തവസഭയിലെ മറ്റു രൂപതകള്‍പോലെ ഒരു രൂപത എന്നതിലുപരി അതു ക്‌നാനായ കത്തോലിക്കാ സമൂഹത്തിനു
വേണ്ടി നല്‍കപ്പെട്ട രൂപതയാണ് എന്നതാണതിന്റെ പ്രത്യേകത. 1911 ല്‍ വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പ തെക്കുംഭാഗ സമുദായത്തിനുവേണ്ടി നല്‍കിയതാണു കോട്ടയം വികാരിയാത്ത്. ആ തെക്കുംഭാഗജനതയുടെ കൂട്ടായ്മയും അനന്യതയും മനസ്സിലാക്കിക്കൊണ്ട്തന്നെയാണു പരിശുദ്ധ പിതാവ് ഇപ്രകാരമൊരു സഭാഘടകം നമുക്കു അനുവദിച്ചു നല്‍കിയത്. കാരണം, ചരിത്രത്തിലേക്കു നോക്കുമ്പോള്‍ കേരളസഭയിലേക്കു ഒരു സഭാഘടകമായി, ഒരു മിഷനറി സമൂഹമായി കടന്നുവന്നരാണു ക്‌നാനായക്കാരെന്നതു നിസ്തര്‍ക്കമായ ഒരു വസ്തുതയാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടു തങ്ങളുടേതായ സഭാഘടകമായി വര്‍ത്തിക്കുവാനുള്ള അനുവാദവും അവകാശവുമാണു നമുക്കു നല്‍കിയത്. അന്നുമുതല്‍ നമ്മള്‍ ഈ കൂട്ടായ്മയില്‍ സഭയോടു ചേര്‍ന്നു, ദൈവത്തോടു ചേര്‍ന്നു യാത്ര ചെയ്യുന്നവരാണ്. അതിനൊരു കാരണമുണ്ട്; ഇസ്രായേല്‍ ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍നിന്നും മോചിപ്പിക്കാന്‍ ദൈവം മോശയോടു ആവശ്യപ്പെട്ടപ്പോള്‍ മോശ ദൈവത്തോടു പറഞ്ഞത്, ഞാന്‍ പോകാം, പക്ഷേ നീ ഞങ്ങളോടൊപ്പമുണ്ടാകണം. അങ്ങനെ ദൈവത്തോടൊപ്പം യാത്രചെയ്യുന്ന ഒരു ജനതയാണ് ഈ സമുഹത്തിന്റെ മുന്‍ഗാമികളെന്നതു നാം ഓര്‍ക്കേണ്ടതുണ്ട്. ദൈവത്തോടൊപ്പം യാത്ര ചെയ്തവര്‍. അവരോടൊപ്പം കൂടാരങ്ങളില്‍ അന്തിയുറങ്ങി അവരോടൊപ്പം യാത്ര ചെയ്ത് അവര്‍ക്കു താങ്ങും തണലുമായി നിന്നു വാദ്ഗാന ഭൂമിയിലേക്ക് അവരെ എത്തിച്ച ദൈവത്തിന്റെ സാന്നിദ്ധ്യം അവിടംകൊണ്ടും അവസാനിക്കുന്നില്ല. അതു തുടരുകയാണ്. എപ്പോഴും ദൈവം കൂടെ വസിക്കുന്ന ജനമാണു നമ്മളെന്ന ബോദ്ധ്യം നമുക്കുണ്ട്. ഈ കൂട്ടായ്മ എന്നും മുറുകെ പിടിക്കുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്.

ഇങ്ങനെ ദൈവത്തോടൊപ്പം യാത്ര ചെയ്യുന്ന ജനമായ നമുക്കു ചിലപ്പോഴൊക്കെ താമസം തോന്നാം, വിരസത തോന്നാം; പക്ഷേ, ഒരിക്കലും നിരാശരാകേണ്ടതില്ല. കാരണം, കര്‍ത്താവിനോടു കൂടെയാണു നാം യാത്ര ചെയ്യുന്നത്. അങ്ങനെയുള്ള ഈ ജനത്തിനു സഭ നല്‍കിയതാണു കോട്ടയം വികാരിയാത്തും കോട്ടയം രൂപതയും, കോട്ടയം അതിരൂപതയും. പഴയനിമയത്തില്‍ ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്, യാക്കോബും ഏസാവും കണ്ടുമുട്ടുന്നത്. അപ്പോള്‍ ഏസാവു പറയുന്നു; നീ എനിക്കൊപ്പം വരൂ നമുക്കൊരുമിച്ചു യാത്ര ചെയ്യാം. യാക്കോബ് പറയുന്നു, എന്റെ കൂടെ യാത്ര ചെയ്യുന്നവരില്‍ യാത്ര ചെയ്തു ക്ഷീണിച്ച കുട്ടികളുണ്ട്. മുലകുടിക്കുന്ന ആടുകളുണ്ട്. അതുകൊണ്ടു യാത്രയില്‍ താമസം വരും. സഹോദരന്‍ മുന്‍പേ പൊയ്‌ക്കൊള്ളുക, ഞങ്ങള്‍ പിന്നാലെ വന്നുകൊള്ളാം. അങ്ങനെ ഒന്നിച്ചു നടക്കുക എന്നു പറയുമ്പോള്‍ ഓരോരുത്തരുടേയും ഇഷ്ടത്തിനു നടക്കുക എന്നല്ല. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്‍പോട്ടു യാത്രചെയ്യുക എന്നതാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. അത് ചിലപ്പോള്‍ നമുക്കു സാവകാശമായി തോന്നാം, ചിലപ്പോള്‍ വേഗത്തിലാണെന്നു തോന്നാം. പക്ഷേ, എല്ലാവരോടുമൊപ്പമുള്ള യാത്രയിലാണ് കൂട്ടായ്മയുടെ മാധുര്യം നമുക്ക് അനുഭവിക്കാന്‍ സാധിക്കുക. ഈ അനുഭവം ക്‌നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്.
ക്‌നാനായ സമുദായത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞുകൊണ്ടു സമുദായം ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്കു വളര്‍ന്നു വ്യാപിച്ച അവസരത്തില്‍ ഇതൊരു സഭാഘടകമായി മുന്നോട്ടു പോകുവാനായിട്ടു ദൈവം എപ്പോഴും അനുഗ്രഹിക്കുകയും നാം പരിശ്രമിക്കുകയും ചെയ്തു. അപ്പോള്‍ അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവു സൂചിപ്പിച്ചതുപോലെ അമേരിക്കയിലും, കാനഡായിലും, ഓസ്‌ട്രേലിയായിലുമെല്ലാം സഭ നമുക്കു സഭാസംവിധാനങ്ങള്‍ ഒരുക്കിത്തന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ സഭ ഒരുക്കിത്തരുന്ന സഭാസംവിധാന
ങ്ങള്‍ ഇനിയുമുണ്ടാകണം. വിശുദ്ധ പത്താം പിയൂസ് സ്ഥാപിച്ചുതന്ന നമ്മുടെ കൂട്ടായ്മയില്‍ എപ്പോഴും ആയിരിക്കണമെന്ന ആഗ്രഹിക്കുന്നവരാണു ക്‌നാനായക്കാര്‍. അതിലേക്ക് ഇനിയും നമുക്കു വളരെയേറെ മുന്നോട്ടു പോകുവാനുണ്ട്. ഇന്ത്യയില്‍ തന്നെ സീറോ മലബാര്‍ സഭയുടെ അതിര്‍ത്തികള്‍ക്കുള്ളിലാണ് കോട്ടയം രൂപതയുടെ ശുശ്രൂഷാ മേഖല നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇന്ത്യയില്‍ മുഴുവനും സീറോ മലബാര്‍ സഭയ്ക്കു ശുശ്രൂഷ ചെയ്യുവാന്‍ അവസരമുണ്ടായിവന്ന അവസരത്തില്‍ റോമില്‍ നിന്നും നിര്‍ദ്ദേശമുണ്ടായി, സീറോമലബാര്‍ സഭയുടെ അധികാരപരിധി ഇന്ത്യ മുഴുവനും വ്യാപിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെയുള്ള ശുശ്രൂഷാ മേഖല വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു സിനഡു താല്പര്യമാണെങ്കില്‍ ചിന്തിക്കാമെന്ന്. അതനുസരിച്ച് 2018-ല്‍ സിനഡ് ആ വിഷയം എടുക്കുകയും അക്കാര്യത്തില്‍ സന്തോഷമാണെന്ന് അറിയിച്ചുകൊണ്ട് സിനഡ് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ സീറോ മലബാര്‍ സഭയുടെ അധികാര പരിധി ഇന്ത്യ മുഴുവനും വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടില്ലായെങ്കിലും ഈ കഴിഞ്ഞ സിനഡ് വീണ്ടും ഈ വിഷയം പരിഗണിക്കുകയും ഇന്ത്യ മുഴുവന്‍ ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ ശുശ്രൂഷാ മേഖലാ വ്യാപിപ്പിക്കണമെന്നു അപേക്ഷിച്ചുകൊണ്ട് നമുക്കുവേണ്ടി റോമിനോട് വീണ്ടും ശിപാര്‍ശ ചെയ്തിരിക്കുകയുമാണ്.
നമ്മുടെ ആളുകള്‍ ഇതിനോടകം തന്നെ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് എത്തിക്കഴിഞ്ഞു. എങ്ങനെയാണ് അവരെയും ഉള്‍പ്പെടുത്തി കൂട്ടായ്മയില്‍ ചേര്‍ന്നുനിന്ന് ഒരൊറ്റ സഭാഘടകമായി മുന്‍പോട്ടു പോകുവാന്‍ സാധിക്കുക എന്നതു നമ്മുടെ മനസ്സിലുള്ള ആശങ്കയാണ്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ അതുപോരാ, ഇതുപോരാ തുടങ്ങിയ ചിന്തകളുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ നാം ഓര്‍ക്കണം, സഭയുടെ തണലിലും സംരക്ഷണത്തിലും എന്നും വളരുന്ന സമൂഹമാണു ക്‌നാനായ സമൂഹം. കാരണം, ക്‌നാനായ സമുദായത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു നമ്മോടൊപ്പം എപ്പോഴും യാത്ര ചെയ്യുന്ന കര്‍ത്താവിന്റെ സാന്നിദ്ധ്യമാണ്. ദൈവത്തിന്റെ ഈ സാന്നിദ്ധ്യം സഭയിലൂടെയാണ് ഈശോമിശിഹാ നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നത്. അതുകൊണ്ടുതന്നെ ക്‌നാനായ മക്കള്‍ക്കു ലോകത്തെവിടെ
യായാലും ക്‌നാനായ സമുദായത്തിന്റെ ഭാഗമായി വര്‍ത്തിക്കാനുളള ആഗ്രഹം നിലനില്‍ക്കുകയും അതിനായുളള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. നമ്മുടെ പരിശ്രമങ്ങളില്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവു നമുക്കുവേണ്ടി ചെയ്തുതരുന്ന ശുശ്രൂഷകളെ ഏറെ നന്ദിയോടും സന്തോഷത്തോടും കൂടെ അനുസ്മരിക്കുന്നു. നമ്മുടെ ആവശ്യങ്ങളില്‍ എപ്പോഴും നമുക്കുവേണ്ടി നമുക്കാവശ്യമായ സഭാ-സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനായി പിതാവു വളരെയേറെ പരിശ്രമിക്കുകയും ചെയ്യുന്നുണ്. സമുദായത്തിന്റെ ഭൂഖണ്ഡാന്തര വളര്‍ച്ചയില്‍ ക്‌നാനായ സഭാ ഘടകമെന്ന നിലയിലുള്ള നമ്മുടെ അസ്തിത്വം അംഗീകരിക്കപ്പെടുവാനും അങ്ങനെ ക്‌നാനായ മക്കള്‍ ലോകത്തെവിടെയായാലും ഒരു കൂടാരത്തിനുള്ളിലായിരിക്കാനുള്ള ക്രമീകരണങ്ങള്‍ക്കായി നമുക്കിനിയും പരിശ്രമിക്കാം. അഭിവന്ദ്യ പിതാവ് അതില്‍ നമുക്കിനിയും പിന്തുണ നല്‍കുമെന്നു പ്രതീക്ഷിക്കാം,
ചിലപ്പോള്‍ യാക്കോബ് പറയുന്നതുപോലെ നമ്മുടെ യാത്രയില്‍ അല്പമൊക്കെ സാവകാശമുണ്ടാകാം; താമസമുണ്ടാകുന്നതായി തോന്നാം. ചിലപ്പോള്‍ ദൈവത്തെ കൂടാതെതന്നെ നമ്മള്‍ വ്യാപരിച്ചുകൊള്ളാമെന്നു ചിന്തിക്കാനുള്ള പ്രവണതയുമുണ്ടാകും. പക്ഷേ, അങ്ങനെയുള്ള ചിന്തകള്‍ നമ്മെ അപകടത്തിലേക്കാണു നയിക്കുക. ദൈവത്തോടൊത്ത,് സഭയുടെ തണലില്‍, ഒരു ജനമായി, ഒരു സമൂഹമായി, ഒരു സഭാഘടകമായി വളരുവാനും വ്യാപരിക്കുവാനും നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. അങ്ങനെ ക്‌നാനായ സഭാഘടകത്തിന്റെ ആ കൂടാരം ലോകം മുഴുവന്‍ വ്യാപിക്കുന്ന കൂടാരമായി മാറ്റുവാനും അതുവഴി ദൈവം നമ്മുടെ പിതാക്കന്മാരിലൂടെ നമുക്കു നല്‍കിയ ഐക്യവും കൂട്ടായ്മയും സഭയുടെ കൂട്ടായ്മയില്‍ പൂര്‍ണ്ണതയിലെത്തിക്കുവാനും ആത്മാര്‍ത്ഥമായി നമുക്കു പരിശ്രമിക്കാം. ഈ ആവശ്യങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ട് നമ്മുടെ ഈ അസംബ്ലി നല്ലചിന്തകളും നിര്‍ദ്ദേശങ്ങളുമായി മുന്‍പോട്ടുവരുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങളോരോരുത്തര്‍ക്കും ഈ അസംബ്ലി ധന്യമാക്കുവാനും ഇവിടെ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്‌നാനായ സഭാഘടകത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുവാനും പരിശുദ്ധാത്മാവു പ്രചോദനം നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണ്. അസംബ്ലിയിലേക്ക് എല്ലാവരെയും സ്‌നേഹത്തോടെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.
സ്‌നേഹപൂര്‍വ്വം

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്താ

——————————————————-

ഉത്ഘാടന പ്രസംഗം

കോട്ടയം അതിരുപത മെട്രോപ്പോലിറ്റന്‍ ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവേ, സഹായമെത്രാന്മാരായ അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവേ, അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അഫ്രേം പിതാവേ, സിഞ്ചെല്ലൂസ് ബഹു. മൈക്കിള്‍ വെട്ടിക്കാട്ടച്ചാ, മറ്റു വൈദികസഹോദരന്മാരേ, സമര്‍പ്പിതരായ സിസ്റ്റേഴ്‌സ്, അല്മായ സഹോദരിസഹോദരന്മാരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സ്‌നേഹംനിറഞ്ഞ അഭിവാദനങ്ങള്‍! ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ!
കോട്ടയം അതിരൂപതയുടെ നാലാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഈ സമ്മേളനത്തിന് ആരംഭംകുറിക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സീറോമലബാര്‍സഭയില്‍ ശ്രദ്ധേയമായ സ്ഥാനം അര്‍ഹിക്കുന്നതും നിലനിറുത്തുന്നതുമായ അതിരൂപതയാണു കോട്ടയം. ഈ അതിരൂപതയുടെ സഭാപരമായ ശുശ്രൂഷ വിലയിരുത്തുന്നതിനും ആഴമേറിയ പഠനങ്ങളിലൂടെ കാലഘട്ടത്തിനു യോജിച്ച പുതിയ അജപാലനസമീപനങ്ങളും പ്രവര്‍ത്തന പദ്ധതികളും ആവിഷ്‌കരിക്കുന്നതിനും അതിരൂപതാധ്യക്ഷന്റെ വിവേചനാധികാര
മുപയോഗിച്ചു നടപ്പിലാക്കുന്നതിനുമാണ് ഈ അസംബ്ലി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. പൗരസ്ത്യകാനന്‍നിയമം, കാനോന 235 ല്‍ പറയുന്നു: ‘രൂപതയുടെ പ്രത്യേക ആവശ്യ
ങ്ങളെയോ നന്മകളെയോ സംബന്ധിക്കുന്ന കാര്യങ്ങളില്‍ രൂപതായോഗം രൂപതാമെത്രാനെ സഹായിക്കുന്നു.’
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡല്‍ സഭയെക്കുറിച്ചു ചിന്തിക്കാനുള്ള സിനഡ് വിളിച്ചുകൂട്ടിയിരിക്കുന്ന കാലഘട്ടമാണല്ലോ ഇത്. Communion (കൂട്ടായ്മ), Participation  (പങ്കാളിത്തം), Mission  (ദൗത്യം) എന്നിവയാണ് സിനഡിന്റെ ലക്ഷ്യം അവതരിപ്പിക്കാന്‍ പരിശുദ്ധ പിതാവ്  ഉപയോഗിച്ചിരിക്കുന്ന പ്രമേയങ്ങള്‍. കൂട്ടായ്മയുടെ കുറവുകള്‍,
പങ്കാളിത്തത്തിന്റെ പോരായ്മകള്‍, ദൗത്യനിര്‍വഹണത്തിലെ
പിഴവുകള്‍ എല്ലാം നാം പരിശോധിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ ഐക്യബോധവും പങ്കാളിത്ത മനോഭാവവും ദൗത്യമേഖലകളും നമ്മള്‍ കണ്ടെത്തണം. സാര്‍വത്രികസഭയില്‍ സംജാതമാക്കാന്‍ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്ന സിനഡല്‍ ഘടനയും അജപാലനശൈലിയും ഏറെക്കുറെ നിലവിലുള്ള പൗരസ്ത്യസഭകളില്‍ ഒന്നാണു സീറോമലബാര്‍സഭ. ആ നിലയില്‍ കോട്ടയം അതിരൂപതയും സിനഡല്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക സഭയാണ്. നമുക്കിവിടെ മെത്രാനെ സഹായിക്കാന്‍ കൂരിയ, ആലോചനാ സമിതി, വൈദികസമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയും ആവശ്യമനുസരിച്ചു ഇതുപോലുള്ള അസംബ്ലികളും ഉണ്ട്. ഇടവകകളില്‍ പൊതുയോഗങ്ങളും പ്രതിനിധിയോഗങ്ങളും വികാരിയോടൊപ്പം പ്രവര്‍ത്തിച്ചു കൈക്കാരന്മാരുടെ പ്രത്യേക സഹായത്തോടെ ഇടവകയിലെ അജപാലനം സിനഡാത്മ
കമായി നടന്നുവരുന്നു. ഈ ഘടനയെ സജീവമാക്കിക്കൊണ്ടു മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരും ഓരോ രൂപതയിലും പരസ്പര സഹകരണത്തോടും കൂട്ടായ്മയോടും
കൂടി പ്രവര്‍ത്തിക്കുമ്പോള്‍ രൂപതയാകുന്ന പ്രാദേശികസഭയുടെ ക്രൈസ്തവസാക്ഷ്യം ശരിയായി നിലനിറുത്താനും വളര്‍ത്താനും സാധിക്കും. ഈ രീതിയിലുള്ള സഭാജീവിതവും സാക്ഷ്യവും കോട്ടയം അതിരൂപതയില്‍ പരിപാലിച്ചുവരുന്നതില്‍ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും സമര്‍പ്പിതരെയും അല്മായരെയും ഞാന്‍ സ്‌നേഹപൂര്‍വം അഭിനന്ദിക്കുന്നു.
ക്‌നാനായ സമുദായത്തിന്റെ സവിശേഷത ഈ സമുദായം സഭാജീവിതത്തോടുചേര്‍ന്നു സമുദായവിചാരം പരിപോഷിപ്പിക്കപ്പെടുന്നു എന്നതാണ്. നാം ഒരു സഭയായി സമ്മേളിക്കുമ്പോള്‍ ഒരു സാമുദായിക സ്വഭാവം നമുക്കു കൈവരുമെന്നതില്‍ സംശയമില്ല. ഈ സ്വാഭാവികതയ്ക്കുപരി ക്‌നാനായ കുടിയേറ്റനായകന്‍ ക്‌നായിതൊമ്മനും ഉറഹാ മാര്‍ യൗസേപ്പും എഴുപത്തിരണ്ടു കുടുംബങ്ങളും തുടങ്ങിവച്ച ആചാരങ്ങളും അനുഷ്ഠാനങ്ങളും കലര്‍പ്പില്ലാതെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ടു ക്‌നാനായ സമുദായം കോട്ടയം കത്തോലിക്ക അതിരൂപതയിലും യാക്കോബായ ക്‌നാനായ സഭയിലുമായി നിലനിന്നുവരുന്നു എന്നതു മാനവചരിത്രത്തില്‍ത്തന്നെ ഒരു അത്ഭുത പ്രതിഭാസമാണ്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ (Pont Councilfor Culture) എന്ന വത്തിക്കാന്‍ കാര്യാലയം സ്ഥാപിച്ചുകൊണ്ട് 1982 മെയ് 20 ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞു:

“A faith which does not become culture is a faith which hasnot been fully received, not thoroughly thought through, not faithfully lived out’.

വിശ്വാസം സംസ്‌ക്കാരമായി മാറുന്നില്ലെങ്കില്‍ വിശ്വാസം എന്ന പേരിനുതന്നെ അതു യോജിച്ചതല്ല’. അതിനാല്‍ത്തന്നെ ക്‌നാനായ സമൂഹത്തിന്റെ നിലനില്‍പ്പും പരിപോഷണവും സാര്‍വത്രികസഭയുടെ കാനന്‍ നിയമങ്ങള്‍ക്കു വിധേയമായി കഴിവതും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്നതാണു സീറോമലബാര്‍ സഭയുടെ പൊതുവായ വീക്ഷണം. അതിനാല്‍, സീറോമലബാര്‍ സഭയുടെ കൂട്ടായ്മയില്‍ കോട്ടയം അതിരൂപതയ്ക്ക് എക്കാലവും നല്ല പിന്തുണയും അജപാലനസാധ്യതകളും ലഭിക്കുന്നതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ത്തന്നെ ഈ സമുദായത്തിനായി രണ്ടു സഹായമെത്രാന്മാര്‍ നിയമിക്കപ്പെട്ടു. അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവ് കണ്ണൂര്‍ കേന്ദ്രമാക്കി മലബാര്‍മേഖലയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ സഭാസിനഡിന്റെ നിസ്തന്ദ്രമായ പരിശ്രമങ്ങള്‍ കൊണ്ടാണു നമ്മുടെ ഈ അതിരൂപതയിലെ മലങ്കര റീത്തുകാരായ ക്‌നാനായ സമുദായാംഗങ്ങള്‍ക്കു വേണ്ടിത്തന്നെ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുമേനിയെ പരി. സിംഹാസനം നിയമിച്ചതെന്നു നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. ഇതുപോലെ ക്‌നാനായസമൂഹത്തിന്റെ സാന്നിധ്യം കൂടുതലുള്ള രാജ്യങ്ങളില്‍ അജപാലനപരമായ ക്രമീകരണങ്ങള്‍ വരുത്തുവാനുള്ള പരിശ്രമങ്ങളില്‍ നമ്മുടെ സഭയുടെ സിനഡ് ക്‌നാനായ സമുദായത്തോടൊപ്പമുണ്ടായിരിക്കും. ഇക്കഴിഞ്ഞ സിനഡുതന്നെ ഏക മനസ്സോടെ ഭാരതത്തില്‍ സീറോമലബാര്‍സഭയ്ക്കു ലഭിച്ചിരിക്കുന്ന അജപാലന അധികാരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്തായ്ക്കു ഭാരതത്തിലുള്ള മുഴുവന്‍ ക്‌നാനായ അംഗങ്ങളുടെമേലും അജപാലനാധികാരം നല്‍കണമെന്നു പരി. സിംഹാസനത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
മിഷനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ വൈദികരെയും സമര്‍പ്പിതരെയും അയച്ചു ക്‌നാനായ സമുദായത്തിനു പുറത്തും കോട്ടയം അതിരൂപത നിര്‍വഹിക്കുന്ന അജപാലനപരവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങളെ പ്രത്യേകം പരാമര്‍ക്കേണ്ടിയിരിക്കുന്നു. അപ്രകാരം നിങ്ങള്‍ അയക്കുന്ന വൈദികരില്‍നിന്നു നിയമിതരായ മെത്രാന്‍മാര്‍ സാര്‍വത്രികസഭയില്‍ പല സ്ഥലങ്ങളിലായി ഉന്നത ശുശ്രൂഷകള്‍ ചെയ്യുന്നുണ്ടല്ലോ. അവരില്‍ ചിലരൊക്കെ കാലംചെയ്തുപോയി. ഇപ്പോഴുള്ള മ്യാവ് രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ ജോര്‍ജ് പള്ളിപ്പറമ്പില്‍ പിതാവിന്റെയും കൊഹിമ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ ജെയിംസ് തോപ്പില്‍ പിതാവിന്റെയും അള്‍ജീരിയ, ടുണീഷ്യ എന്നിവിടങ്ങളിലെ അപ്പോസ്‌തോലിക്ക് നുണ്‍സിയോ അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവിന്റെയും ശുശ്രൂഷകള്‍ ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടവയാണ്. ഭാരതത്തില്‍ സീറോമലബാര്‍സഭയുടേതായ ഒരു മിഷന്‍ രൂപതയില്‍ കോട്ടയം അതിരൂപത ഒരു പ്രദേശം ഏറ്റെടുത്തു വൈദികരെയും സമര്‍പ്പിതരെയും അയച്ചു ശുശ്രുഷ ചെയ്യുന്നതിനെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കണം എന്ന് ഈ സന്ദര്‍ഭത്തില്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ. സഭയും സമുദായവും തുല്യ യാഥാര്‍ഥ്യങ്ങളല്ല. സഭയോടു ചേര്‍ന്നാണു സാമുദായിക ചിന്ത പരിപോഷിപ്പിക്കപെടേണ്ടത്. സഭയുടെ കൂട്ടായ്മയില്‍ ക്‌നാനായ സമൂഹത്തിലെ അംഗങ്ങളായ എല്ലാവരും പരി. സിംഹാസനത്തോടുള്ള വിധേയത്വം പരിപൂര്‍ണമായി പാലിക്കുന്നതില്‍ ശ്രദ്ധിക്കണം. സാമുദായിക ചിന്തകളും പ്രവര്‍ത്തനങ്ങളും എപ്പോഴും സഭാജീവിതത്തിന് അനുകൂലമായി നിലനിറുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്. ക്‌നാനായ സമൂഹത്തിന്റെ സംരക്ഷണം പരിശുദ്ധ സിംഹാസനം അനുവദിക്കുന്ന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കാന്‍ ഏവരും സഹകരണമനോഭാവം പുലര്‍
ത്തേണ്ടതാണ്. സഭ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ക്കതീതമായോ അവയ്‌ക്കെതിരായോ പ്രവര്‍ത്തിക്കാന്‍ ആരും തുനിയരുതെന്നു ഞാന്‍ സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

ക്‌നാനായ സമൂദായം സഭയ്ക്കും സമൂഹത്തിനും ചെയ്തിട്ടുള്ള സേവനങ്ങള്‍ മഹത്തരമാണ്. നമ്മുടെ ഈ സമൂഹത്തില്‍നിന്ന് എത്രയോ പ്രഗല്‍ഭരായ അഭിവന്ദ്യ പിതാക്കന്മാരും ശ്രേഷ്ഠവൈദികരും ഉണ്ട് എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. ക്‌നാനായ സമൂഹത്തിനു സഭാപരമായ അസ്തിത്വം, അതായത് ഒരു രൂപത സംജാതമായപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിനെ നാമെന്നും നന്ദി
യോടെ സ്മരിക്കണം. പിന്നീടുവന്ന അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവും അഭിവന്ദ്യ തോമസ് തറയില്‍ പിതാവുംഅഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരില്‍ പിതാവും കോട്ടയം അതിരൂപതയ്ക്കും ക്‌നാനായ സമൂഹത്തിനു പൊതുവേയും ചെയ്തിട്ടുള്ള സേവനങ്ങള്‍ ഒരു ചരിത്രഗ്രന്ഥത്തില്‍പ്പോലും ഒതുക്കാവുന്നതല്ല. അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ കാലം മുതലുള്ള കാര്യങ്ങള്‍ എന്റെ ഓര്‍മ്മയിലുമുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അധുനാതനീകരണ ശൈലി (aggiornamento) കോട്ടയം രൂപതയില്‍ പ്രാവര്‍ത്തികമാക്കിയതു തറയില്‍ പിതാവാണ്. യുവജനപ്രേക്ഷിതത്വത്തിനു മുന്‍ഗണന നല്‍കി അദ്ദേഹം പ്രവര്‍ത്തിച്ചത് ആദരണീയനായ ജസ്റ്റിസ് സിറിയക് ജോസഫ് സാറില്‍നിന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ക്‌നാനായ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി ചെയ്തതെല്ലാം നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലൊ. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കു മുമ്പില്‍ എന്റെ ആദരാഞ്ജലികള്‍. ഇപ്പോഴത്തെ പിതാക്കന്മാരായ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവും അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവും അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവും നമ്മുടെ സഭയുടെ അഭിവൃദ്ധിക്കുവേണ്ടി ശുശ്രൂഷചെയ്യുന്ന ശൈലി മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ്. സഭയുടെ കൂട്ടായ്മ സീറോമലബാര്‍സഭ മുഴുവനിലും വര്‍ധിപ്പിക്കാന്‍ ഇവര്‍, വിശിഷ്യാ അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ഞാന്‍ നന്ദി പറയുന്നു. കോട്ടയം അതിരൂപതയില്‍ വികാരി ജനറാള്‍മാരായി സേവനം ചെയ്തവര്‍
അതിരൂപതയ്ക്കുവേണ്ടി അക്ഷീണം അധ്വാനിച്ചു നല്ല സാക്ഷ്യങ്ങള്‍ നല്‍കിയിട്ടുള്ളവരാണല്ലോ. നമ്മുടെ വൈദികര്‍ക്കുവേണ്ടിയുള്ള സന്യാസസമൂഹങ്ങളും വിസിറ്റേഷന്‍, സെന്റ് ജോസഫ്‌സ് സന്യാസിനിസമൂഹങ്ങളും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കുന്ന ജീവിതസാക്ഷ്യത്തിനും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.
അതുപോലെതന്നെ, രാഷ്ട്രീയ രംഗത്തു പ്രശോഭിക്കുന്ന സഭയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ക്ക് എവിടെയും ഓടിയെത്തുന്ന, ശ്രീ തോമസ് ചാഴിക്കാടന്‍ എം.പി. ക്കും ശ്രീ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ.ക്കും എന്റെ സ്‌നേഹം നിറഞ്ഞ അഭിവാദനങ്ങള്‍!
പ്രിയസഹോദരിസഹോദരന്മാരേ, സഭയുടെ കൂട്ടായ്മയില്‍ ക്‌നാനായ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി നിങ്ങളെല്ലാവരും ഒരുമിച്ച് ഇനിയും ഉണ്ടാകണമെന്നും അതിനു ആവശ്യമായ ദൈവാനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ഈ വാക്കുകളോടെ കോട്ടയം അതിരൂപതയുടെ നാലാമത് എപ്പാര്‍ക്കല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. ദൈവത്തിനു സ്തുതി!

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്

———————————————–

നന്ദിയോടെ…

കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി 2023 ജനുവരി 25 ,26, 27 തിയതികളില്‍ നടത്തപ്പെട്ടു. 2023 – 24 ല്‍ റോമില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ”സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം” എന്നതു മുഖ്യപ്രമേയമായി സ്വീകരിക്കുകയും അതിനൊരുക്കമായി പ്രസ്തുത വിഷയം അതിരൂപതയിലെ സാധിക്കുന്നത്ര വേദികളില്‍ ചര്‍ച്ച ചെയ്യുന്നതിനും ആശയങ്ങള്‍ രൂപീകരിക്കുന്നതിനുമായി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കരേഖ തയ്യാറാക്കുകയുണ്ടായി. പ്രസ്തുത രേഖ അതിരൂപതയിലെ 14 ഫൊറോനകള്‍, സംഘടനകള്‍, സമിതികള്‍ തുടങ്ങി 20 ഗ്രൂപ്പുകളിലായി ചര്‍ച്ച ചെയ്തു. 2236 പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിനഡിന്റെ ശൈലിയായി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ഉള്‍ക്കൊണ്ടു ‘നാം ഒരുമിച്ചുള്ള യാത്രയില്‍ സഭാമക്കളോടൊപ്പം സഹയാത്രികരാണ്. കൂട്ടുത്തരവാദിത്വത്തിലും പ്രേഷിതാഭിമുഖ്യത്തിലുമാണ് നാം സഭയുടെ യാത്രയില്‍ പങ്കുചേരുന്നത്. തുറവിയുള്ള സംസാരവും, ശ്രവണവും സംവാദങ്ങളുമൊക്കെ സഭയുടെ സ്വതസിദ്ധമായ ശൈലിയാണ് . . .’ തുടങ്ങിയ ദര്‍ശനങ്ങളും സമീപനരീതികളും ബോദ്ധ്യപ്പെടുത്താനും ഉള്‍ക്കൊള്ളാനും അസംബ്ലിയുടെ ഒരുക്കങ്ങളിലെല്ലാം പരമാവധി ശ്രമിച്ചിരുന്നു.
ചര്‍ച്ചകളിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണു അസംബ്ലിയില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയാവതരണരേഖ തയ്യാറാക്കിയത്. അതിരൂപതാ അതിര്‍ത്തിക്കു വെളിയിലുള്ള ക്‌നാനായക്കാരുടെ നിലവിലുള്ള അജപാലന പ്രവര്‍ത്തനങ്ങളും വെല്ലുവിളികളും ഭാവിപ്രവര്‍ത്തനങ്ങളുമെല്ലാം വിവിധ തലങ്ങളിലും തുടര്‍ന്ന്, അസംബ്ലിയിലും ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പൗരസ്ത്യ കാനന്‍ നിയമമനുസരിച്ചു ((CCEO 235-˛242)  തെരഞ്ഞെടുക്കപ്പെട്ട 135 പേര്‍ അതിരൂപതാദ്ധ്യക്ഷനോടൊത്ത് ഈ അസംബ്ലിയില്‍ പങ്കെടുത്തു. വിഷയാവതരണരേഖയുടെ അവതരണം, ഗ്രൂപ്പു ചര്‍ച്ചകള്‍, പ്രതികരണങ്ങള്‍ എന്നിവയിലൂടെ അസംബ്ലി അംഗങ്ങള്‍ക്കെല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ അവസരം ലഭിച്ചു. ശൂന്യവേളയില്‍ അഭിവന്ദ്യ പിതാവില്‍നിന്നു ലഭിച്ച മറുപടികള്‍ പല സംശയങ്ങള്‍ക്കും വ്യക്തത നല്‍കാന്‍ സഹായിച്ചു.
അസംബ്ലിരേഖ തയ്യാറാക്കാന്‍ സഹായിച്ച ബഹു. ജോര്‍ജ്ജ് കറുകപ്പറമ്പില്‍ അച്ചന്‍ ഉള്‍പ്പടെയുള്ള സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും അസംബ്ലിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും സജീവമായി പങ്കെടുത്ത അസംബ്ലി അംഗങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി.
തെക്കുംഭാഗ കത്തോലിക്കാ സമുദായാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക കൂട്ടായ്മയാണു കോട്ടയം അതിരൂപത. അതിനാല്‍ത്തന്നെ ഓരോ ക്‌നാനായക്കാരനും ഈ കൂട്ടായ്മയെ പണിതുയര്‍ത്താനും വളര്‍ത്താനും ഐക്യത്തില്‍ നിലനിര്‍ത്താനും കടപ്പെട്ടവനാണെന്ന് അസംബ്ലി ഓര്‍മ്മപ്പെടുത്തി. ക്‌നാനായ സമുദായത്തിന്റെ വര്‍ത്തമാനകാല സംഭവങ്ങളും വളര്‍ച്ചയും വെല്ലുവിളികളും സമുദായ ചരിത്രത്തിന്റെ നാള്‍വഴികളിലൂടെയാണു നോക്കിക്കാണേണ്ടതും വിലയിരുത്തേണ്ടതും. നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന ത്യാഗവഴികളും കൂട്ടായ്മയും ദൈവാശ്രയബോധവും ഭാവിതലമുറയ്ക്കുള്ള റോഡ് മാപ്പാണ്.
അസംബ്ലി അവസാനിച്ചു എങ്കിലും അസംബ്ലിയുടെ പ്രക്രിയ തുടങ്ങുകയാണ്. വിവിധ തലങ്ങളില്‍ അസംബ്ലി രേഖ പഠനവിഷയമാക്കണം. ഇടവക, സംഘടന, സ്ഥാപനങ്ങള്‍, വ്യക്തികള്‍ . . . എന്ന നിലയില്‍ ബന്ധപ്പെട്ട നാമെല്ലാവരും അസംബ്ലിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴാണു അസംബ്ലിയുടെ ലക്ഷ്യവും പൂര്‍ത്തീ
കരിക്കപ്പെടുന്നത്.
ഓര്‍മ്മിക്കാം, പ്രവര്‍ത്തിക്കാം . . . ഒരു സിനഡാത്മക അതിരൂപതയെന്ന നിലയില്‍ നാം ഒരുമിച്ചുള്ള യാത്രയിലാണ്. ക്‌നാനായ സമുദായം കൂട്ടായ്മയിലാണു കെട്ടിപ്പടുത്തിട്ടുള്ളത്. നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്തണം, നാം പ്രേഷിതാഭി
മുഖ്യമുള്ള കുടിയേറ്റ ജനതയാണ്. ഈ ലക്ഷ്യം പൂര്‍ത്തീ
കരിക്കപ്പെടണം.
നമ്മുടെ അതിരൂപതയുടെ ഈ അസംബ്ലി നടത്തുവാന്‍ സഹായിച്ച അതിരൂപതയിലെ എല്ലാ തലങ്ങളിലുമുള്ളവരെ ഓര്‍ക്കുകയും നന്ദി പറയുകയും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ദൈവാനുഗ്രഹം നേരുന്നു.

മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
കോട്ടയം അതിരൂപത സഹായമെത്രാന്‍

—————————————————–

ഭാഗം 1
”ഒരുമിച്ചുള്ള സഞ്ചാരം”
സഭയുടെ അസ്തിത്വഭാവം

‘സിനഡാത്മകത’ – ഒരുമിച്ചുള്ള സഞ്ചാരം സഭയുടെ അസ്തിത്വഭാവമാണ്. ഈ തനിമയിലൂടെയാണു സഭ നിലനില്ക്കുന്നതും വളരുന്നതും നിത്യതയില്‍ എത്തിച്ചേരുന്നതും. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവന ചെയ്ത നവീകരണത്തിന്റെ പാതയിലായിരിക്കുന്ന സഭയ്ക്കു സിനഡാത്മകത ഒരേസമയം സിദ്ധിയും സാധനയുമാണ്; ഓരോ വിശ്വാസിയിലും സഭയില്‍ മുഴുവനായും നിക്ഷേപിച്ചിരിക്കുന്ന കഴിവും വിശ്വാസത്തില്‍ അടിയുറച്ചുള്ള ജീവിതക്രമത്തിലൂടെ നേടിയടുക്കേണ്ടതുമാണു സിനഡാത്മകത. ”പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ പുത്രനില്‍ വിശ്വസിക്കുന്നവരും ഒന്നായിരിക്കുവാനാണു” (യോഹ 17, 11-12) കര്‍ത്താവു പ്രാര്‍ത്ഥിക്കുന്നത്. ഈ ഒരുമയുടെയും സ്വരുമയുടെയും പന്ഥാവില്‍ മുന്നോട്ടുപോകുന്നതിന് ഐക്യവും-കൂട്ടായ്മയും, പങ്കാളിത്തവും-കൂട്ടുത്തരവാദിത്വവും കൂടിയേതീരൂ. ഈ കൂട്ടായ്മയും ഓരോരുത്തരിലും ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വവും ഫലപ്രദമായി നിറവേറ്റുന്നതിനു തായ്ത്തണ്ടിനോടു ചേര്‍ന്നുനില്ക്കുന്ന ശാഖകള്‍പോലെ കര്‍ത്താവിനോടു ചേര്‍ന്നുനില്ക്കുന്നവരാകണം (യോഹ. 15, 1-10) സഭയിലെ അംഗങ്ങള്‍. തീര്‍ത്ഥാടകസമൂഹവും ദൈവത്തിന്റെ മിഷനറി ജനവുമായ സഭയില്‍ വേര്‍തിരിക്കാന്‍ സാധിക്കാത്തവിധം നിറഞ്ഞുനില്‌ക്കേണ്ട ദൈവീകമായ സിദ്ധിയാണു കൂട്ടായ്മയും പങ്കാളിത്തവും.
1. സഭ: ഘടനാപരമായി സിനഡാത്മകമാണ്
സിനഡാത്മകത എന്നതു ക്ലിപ്താര്‍ത്ഥത്തില്‍ പുതിയ നിയമത്തിലാണു കാണുന്നതെങ്കിലും സഭയുടെ പ്രതീകമായ ദൈവം തെരഞ്ഞെടുത്ത പഴയ ഇസ്രായേലിലും ഈ അസ്തിത്വഭാവം ദൃശ്യമാണ്. ഉടമ്പടി ബന്ധത്തിലൂടെ ദൈവം ഇസ്രായേല്‍ ജനത്തെ തന്നോടു ചേര്‍ത്തുനിര്‍ത്തി. ‘നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമാണെന്ന’ വചനം ദൈവമായ കര്‍ത്താവില്‍ ഇസ്രായേല്‍ ജനത്തെ ഒന്നിച്ചു കൂട്ടിയിരുന്നു എന്നു തെളിയിക്കുന്നതാണ്. ഇതിന്റെ പൂര്‍ത്തീകരണമാണു പുതിയ നിയമത്തില്‍ കാണുന്നത്. ദൈവമഹത്വത്തില്‍ പങ്കുകാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന  (2 പത്രോ 1, 4) ക്രിസ്തുവിശ്വാസികള്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്. പാപംമൂലം അവര്‍ പലപ്പോഴും അകന്നുപോയെങ്കിലും മോചനദ്രവ്യമായി തന്നെത്തന്നെ അവിടുന്നു നല്കി (മത്താ 20, 28) കുരിശിലെ മരണത്തിലൂടെ അവരെ ഒരുമിച്ചുകൂട്ടി (യോഹ 11, 52) പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ ഒന്നായിചേര്‍ത്തു (യോഹ 17, 11-12) സഭയായി പിതാവിനു സമര്‍പ്പിക്കുകയാണു പുത്രന്റെ ദൗത്യവും ലക്ഷ്യവും. മനുഷ്യരെ പരസ്പരം ബന്ധമില്ലാത്ത വ്യക്തികളാക്കി വിശുദ്ധീകരിക്കാനും രക്ഷിക്കാനുമല്ല ദൈവം നിശ്ചയിച്ചത്. സത്യത്തില്‍ അവര്‍ തന്നെ അറിയുകയും വിശുദ്ധിയില്‍ തന്നെ ശുശ്രൂഷിക്കുകയും ചെയ്യാന്‍ വേണ്ടി അവരെ ഒരു ജനപദമാക്കാന്‍ അവിടുന്നു തിരുമനസ്സായി (തിരുസഭ 9). തന്റെ ഛായയില്‍ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ടും (ഉപ്ത 1, 27) മാമ്മോദീസയില്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ വിശുദ്ധീകരിച്ചിരിക്കുന്നതുകൊണ്ടും പരി. കുര്‍ബാനയില്‍ ഒരേ അപ്പത്തില്‍നിന്നു ഭക്ഷിക്കുകയും ഒരേ കാസയില്‍നിന്നു പാനം ചെയ്യുകയും ചെയ്യുന്നതുകൊണ്ടും കര്‍ത്താവുമായി രക്തബന്ധത്തിലായിരിക്കുന്ന വിശ്വാസി കൂട്ടായ്മയില്‍നിന്നു അകന്നിരിക്കുക സാധ്യമല്ല. മിശിഹായില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഒന്നിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്ന സഭാംഗങ്ങള്‍ ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെയാണു വര്‍ത്തിക്കേണ്ടത് (1 കൊറി 12). ”ക്രിസ്തുവിന്റെ അഭീഷ്ടപ്രകാരം ചിലര്‍ പഠിപ്പിക്കുന്നവരും വിശുദ്ധ രഹസ്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്നവരും അജപാലകരു
മായി നിയമിതരാണ്. എങ്കിലും, എല്ലാവരും തമ്മില്‍ മാഹാത്മ്യ
ത്തിലും മിശിഹായുടെ ശരീരത്തിന്റെ പടുത്തുയര്‍ത്തലില്‍ എല്ലാ വിശ്വാസികളും നടത്തേണ്ട പൊതുപ്രവര്‍ത്തനത്തിലും യഥാര്‍ത്ഥത്തിലുള്ള സമത്വം നിലനില്ക്കുന്നു” (തിരുസഭ 32).

വിളിയിലും ദൗത്യനിര്‍വഹണത്തിലും ലക്ഷ്യപ്രാപ്തിയിലും സഭ സിനഡാത്മക പാതയിലാണു ചരിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തില്‍ ഒന്നായിരിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മ ((Cyprian, Lord’s Prayer 23) ‘ഒരുമിച്ചു സഞ്ചരിക്കുന്ന’തു സാധാരണ രീതിയായിരുന്നു. സഭയില്‍ പ്രാദേശിക-പ്രവിശ്യ- സാര്‍വത്രിക
തലങ്ങളില്‍ ഈ സിനഡാത്മകത സജീവമായിരുന്നു. എല്ലാവരും തങ്ങളുടെ വിവിധവും ക്രമീകൃതവുമായ കൃപകളുടെ സമ്പന്നത, ദൈവവിളികള്‍, ശുശ്രൂഷകള്‍ എന്നിവ നിറവേറ്റിക്കൊണ്ടു സഭയില്‍ വ്യക്തി എന്ന നിലയിലും ദൈവജനമായി ഒന്നായും ഒരുമിച്ചു സഞ്ചരിച്ചിരുന്നു. ആദ്യ സഹസ്രാബ്ദത്തില്‍ പ്രശോഭിതമായിരുന്ന സഭയുടെ ഈ വിശുദ്ധ ഭാവത്തിന്റെ മൂന്നു അടിസ്ഥാന സ്തംഭങ്ങളായിരുന്നു കൂട്ടായ്മയും, പങ്കാളിത്തവും, പ്രേഷിതദൗത്യവും.

2. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം
പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മിശിഹായില്‍ ഒരുമിച്ചു ചേര്‍ത്തിരിക്കുന്ന സഭാമക്കള്‍ പ്രാദേശികസഭകളിലും സാര്‍വത്രികസഭ മുഴുവനിലും ഒരുമിച്ചു യാത്ര ചെയ്യുന്നതിനും, യാത്ര ഫലവത്താക്കുന്നതിനും സഹായിക്കുന്നതാണു കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിതദൗത്യവും.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരി. ത്രിത്വത്തിന്റെ സ്‌നേഹവും കൂട്ടായ്മയുമാണു വിശ്വാസികളിലെ കൂട്ടായ്മയുടെ അടിസ്ഥാനം. പിതാവായ ദൈവം പുത്രന്റെ നാമത്തില്‍ പരിശുദ്ധാത്മാവില്‍ വിളിച്ചു കൂട്ടിയിരിക്കുന്ന രക്ഷിക്കപ്പെട്ട സമൂഹമാണു സഭ. ഈ ദൈവികസത്യമാണു വിശ്വാസികളുടെ കൂട്ടായ്മയെ ശക്തമാക്കുന്ന ഘടകം. മിശിഹാ നമ്മെ പിതാവിനോട് അനുരഞ്ജിപ്പിക്കുന്നു; പരിശുദ്ധാത്മാവ് എല്ലാവരെയും ഒന്നിച്ചുചേര്‍ക്കുന്നു. ദൈവവചനം ശ്രവിച്ചു കൊണ്ടും സഭയുടെ വിശുദ്ധപാരമ്പര്യം ജീവിച്ചുകൊണ്ടും കൂദാശകള്‍ പരികര്‍മ്മം ചെയ്തും പങ്കുവയ്ക്കുന്ന വിശ്വാസബോധ (sensus fidei)) മാണു ഈ കൂട്ടായ്മയുടെ കാതല്‍. സഭയുടെ ആരാധനക്രമവും ആരാധനക്രമാനുകരണങ്ങളും മറ്റു ഭക്ത്യാഭ്യാസങ്ങളും ഈ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നു. ഓരോ വിശ്വാസിയുടെയും സഭാത്മകബോധവും അനുദിന പ്രാര്‍ത്ഥനാജീവിതശൈലിയും സഭയിലെ കൂട്ടായ്മയെ ആഴപ്പെടുത്തുന്നു.
കൂട്ടായ്മയും പങ്കാളിത്തവും പരസ്പരം പൂരകങ്ങളും ഒന്നു മറ്റൊന്നിനെ പൂര്‍ണ്ണമാക്കുന്നതുമാണ്. പങ്കാളിത്തം അര്‍ത്ഥ പൂര്‍ണ്ണമാകുന്നതും പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്നതും കൂട്ടായ്മയിലാണ്. പങ്കാളിത്തത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവാണ്. ആത്മാവ് ഓരോരുത്തരിലും വിവിധങ്ങളായ വരങ്ങളും ദാനങ്ങളും നല്കിക്കൊണ്ടിരിക്കുന്നു. കൂദാശകളുടെ സ്വീകരണത്തില്‍ ഈ സിദ്ധികള്‍ സഭയില്‍ പങ്കുവയ്ക്കുന്നതിനും അതിലൂടെ ഉത്തരവാദിത്വം കൂട്ടുത്തരവാദിത്തമായി ഏറ്റെടുക്കുന്നതിനുമുള്ള കൃപ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നു. സഭയിലെ ഓരോ വ്യക്തിയെയും കൂട്ടായ്മയിലാക്കുന്നതും നിലനിര്‍ത്തുന്നതും പരിശുദ്ധാത്മാവാണ്. സഭയുടെ ഈ കൂട്ടായ്മയില്‍നിന്ന് അകന്നിരിക്കുന്നവരില്‍ ഐക്യത്തിന്റെ ആത്മാവു നിലനില്ക്കുന്നു എന്നു പറയുക സാധ്യമല്ല. സഭയെ ഐക്യത്തില്‍ നിലനിര്‍ത്തുന്നതു ദൈവത്തിന്റെ ആത്മാവാണ്; അതുകൊണ്ട് വിഭജിച്ചുനില്ക്കുന്നവര്‍ ഐക്യത്തിന്റെ ആത്മാവിനെ നിഷേധിക്കുന്നതുകൊണ്ടു, പരിശുദ്ധാത്മാവ് ഈ കൂട്ടായ്മകളില്‍ നിറഞ്ഞുനില്ക്കുന്നു എന്നു പറയാന്‍ കഴിയുകയില്ല.
സഭയിലെ കൂട്ടായ്മയിലായിരിക്കുന്നതു പരസ്പരം സഹായിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമുള്ള വിളിയാണ്. കര്‍ത്താവു സ്ഥാപിച്ച സഭയില്‍ സഭ മുഴുവനും പ്രാര്‍ത്ഥിക്കുന്നതിനും ദൈവവചനം ശ്രവിക്കുന്നതിനും പരസ്പരം സംഭാഷണത്തിലേര്‍പ്പെട്ടു വളരുന്നതിനും വളര്‍ത്തുന്നതിനും പരസ്പരം വിവേചിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനും ശ്രവിക്കുന്നതിനും അതുവഴി അനുരഞ്ജനത്തിന്റെ പാതയിലൂടെ സഭയെ എന്നും പുതുതായി പണിയാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ബോധ്യമാണ് പങ്കാളിത്തം എന്നതുകൊണ്ടു മനസ്സിലാകുന്നത്. പങ്കാളിത്തത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവും ആത്മാവിന്റെ ദാനവുമാണ്: അതിന്റെ ലക്ഷ്യം സഭയെ പണിതുയര്‍ത്തുകയുമാണ്. ഇത്തരത്തില്‍ പങ്കാളിത്തവും കൂട്ടായ്മയും ബന്ധിതമാണ്.
പങ്കാളിത്തം നിലനില്ക്കുന്ന കൂട്ടായ്മയാണു സഭയെങ്കില്‍ അവിടെ അനുഭവിക്കുന്ന മിശിഹാ അനുഭവം പങ്കുവയ്ക്കാതിരി ക്കാന്‍ സാധിക്കുകയില്ല. വിശ്വാസത്തില്‍നിന്നു വിശ്വാസത്തിലേക്കു മിശിഹാനുഭവം പങ്കുവയ്ക്കുന്നതാണു പ്രേഷിതദൗത്യം. അതുകൊണ്ടാണു പ്രേഷിതദൗത്യം മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അതു സഭയുടെ മുഴുവന്റേതുമാണെന്നും സഭ ഓര്‍മ്മിപ്പിക്കുന്നത് (മതബോധം ഇന്ന് 27). ലോകത്തില്‍ ദൈവസ്‌നേഹത്തിനു സാക്ഷ്യം വഹിക്കുകയും മിശിഹായെ ഏകരക്ഷകനായി പരിചയപ്പെടു
ത്തുകയും സഭ രക്ഷയുടെ സാര്‍വ്വത്രിക കൂദാശയായി അനുഭവമാക്കിക്കൊടുക്കുകയും ചെയ്യുന്നതാണു പ്രേഷിതദൗത്യം. അതുകൊണ്ടാണ് ഈ ദൗത്യം ഓരോ ക്രിസ്തീയ വിശ്വാസിയുടെയും വിളിയാണെന്നു സഭ ഓര്‍മ്മിപ്പിക്കുന്നത്. അതേസമയം പ്രേഷിതദൗത്യം ഒരു വ്യക്തിയുടേതായി നടത്തേണ്ടതല്ല. അതു സഭാംഗങ്ങളുടെ മുഴുവന്‍ വിളിയായതു
കൊണ്ടു പ്രേഷിതദൗത്യം സഭാംഗങ്ങളുടെ കൂട്ടുത്തരവാദി ത്വമാണ്.
വിശ്വാസസമൂഹമായ സഭയുടെ അടിസ്ഥാന സ്വഭാവമാണു കൂട്ടായ്മ. ഈ കൂട്ടായ്മ നിലനിര്‍ത്തുന്നതും പ്രകടമാകുന്നതും പങ്കുവയ്ക്കലിലാണ്. കൂട്ടായ്മയും പങ്കുവയ്ക്കലും നിലനില്ക്കുന്ന സഭാജീവിതത്തിന്റെ ഫലമാണു പ്രേഷിതദൗത്യം.

3. സഭ: മനുഷ്യരുടെ ഇടയിലെ ദൈവത്തിന്റെ കൂടാരം
വി. ഗ്രന്ഥത്തിന്റെയും മിശിഹായില്‍ പൂര്‍ത്തിയായ മാനവരക്ഷയുടെയം അടിസ്ഥാനത്തില്‍വേണം സഭയെന്ന ദൈവീകസംവിധാനത്തെ മനസ്സിലാക്കുവാന്‍.
സൃഷ്ടിക്കുമുമ്പേ ദൈവം തന്നില്‍ രൂപപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണു സഭ (മതബോധനഗ്രന്ഥം 760). ദൈവത്തിന്റെ ഇഛയാണു സൃഷ്ടി. അതിനെ ”ലോക”മെന്നു വിളിക്കുന്നു. അതുപോലെ അവിടുത്തെ ഉദ്ദേശ്യമാണു മനുഷ്യരക്ഷ. അതിനെ ”സഭ” എന്നു വിളിക്കുന്നു (അലക്‌സാന്‍ട്രിയായിലെ വി. സിറില്‍). സഭ ഈശോമിശിഹായുടെ പെസഹാരഹസ്യത്തില്‍ സ്ഥാപിക്കപ്പെട്ടതല്ല. സഭയുടെ, ചരിത്രത്തിലെ യാഥാര്‍ത്ഥ്യമാണു ക്രിസ്തുവിന്റെ പെസഹാരഹസ്യത്തില്‍ ഉത്ഘാടനം ചെയ്യപ്പെട്ടത്.
പഴയ ഉടമ്പടിയില്‍ത്തന്നെ ദൈവം സഭയ്ക്കു തുടക്കമിട്ടു. അബ്രാഹത്തില്‍ തുടങ്ങിയ കുടുംബചരിത്രത്തിലൂടെ ദൈവം പുതിയ നിയമത്തിന്റെ പ്രതീകമായ ഇസ്രായേല്‍ ജനത്തെ രൂപപ്പെടുത്തി. ദൈവവചനം ശ്രവിക്കുന്നവരും അതിനാല്‍ നിരന്തരം വിശുദ്ധീകരിക്കപ്പെടുന്നവരും സീനായ്മലയില്‍ ഉടമ്പടിയുടെ ജനമാക്കി ദൈവ-മനുഷ്യബന്ധം ഉറപ്പിക്കപ്പെട്ടവരും എന്ന അര്‍ത്ഥത്തിലാണു പഴയനിയമത്തില്‍ ദൈവം വിളിച്ചുകൂട്ടിയ സമൂഹത്തെ (Qahal Yahweh) മനസ്സിലാക്കേണ്ടത്. ഈ വിളിച്ചുകൂട്ടലിന്റെ പരിസമാപ്തിയില്‍ ക്രിസ്തുവില്‍ പുതിയ ഉടമ്പടി സ്ഥാപിച്ചതാണു സഭ (തിരുസഭ 9, മതബോധന
ഗ്രന്ഥം 763).
സഭ ഒരു സാമൂഹിക സംവിധാനമോ ഒരു മാനുഷിക പ്രസ്ഥാനമോ അല്ല. പിതാവായ ദൈവം പുത്രന്റെ നാമത്തില്‍ പരിശുദ്ധാത്മാവില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന രക്ഷിക്കപ്പെട്ടവരുടെ സമൂഹമാണ്. അവള്‍ നാഥനായ ഈശോമിശിഹായ്ക്ക് അവകാശപ്പെട്ടതുമാണ്. വിളിച്ചുകൂട്ടിയിരിക്കുന്ന ഈ വിശുദ്ധ കൂട്ടായ്മയുടെ ശിരസു മിശിഹായാണ്. അംഗങ്ങള്‍ ക്രിസ്തു ശിരസായ ഈ ശരീരത്തിലെ അവയവങ്ങളാണ്. ഈ കൂട്ടായ്മയെക്കുറിച്ചു വി. പൗലോസ് ഇപ്രകാരം പഠിപ്പിക്കുന്നു, ”അപ്പസ്‌തോലന്മാരും പ്രബോധകന്മാരുമായ അടിത്തറമേല്‍ പണിയപ്പെട്ടവരാണു നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ലു ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാ
ത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു” (എഫേ. 2, 21-22). ഇതാണു ദൈവം വിളിച്ചകൂട്ടിയ ഈ സമൂഹത്തിന്റെ പ്രത്യേകത.
ഓരോരുത്തരും ഈ സമൂഹത്തെ പണിതുയര്‍ത്തുവാനും വളര്‍ത്തുവാനും ഐക്യത്തില്‍ നിലനിര്‍ത്തുവാനും കടപ്പെട്ടവരാണ്. സഭയിലെ വളര്‍ച്ച ആത്മീയ ഐക്യമാണ്. കാരണം, ഒരേ ആത്മാവില്‍ ഒന്നിപ്പിക്കപ്പെട്ടിരിക്കുന്നു; ഒരേ ആത്മാവില്‍ വളരുന്നു; ആത്മാവുതന്നെ ലക്ഷ്യത്തിലേക്കൂനയിക്കുന്നു. സഭാപിതാവായ അലക്‌സാണ്ട്രിയായിലെ സിറില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: ”ഒരേ ആത്മാവിനെ, അതായതു പരിശുദ്ധാത്മാവിനെ, സ്വീകരിച്ച നമ്മള്‍ എല്ലാവരും ഒരേ അര്‍ത്ഥത്തില്‍ പരസ്പരവും ദൈവത്തോടും ഒന്നിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നു… നമ്മള്‍ പലരാണെങ്കിലും ഒന്നാണ്, അവിഭാജ്യമാണ് ക്രിസ്തുവിന്റെ തിരുശരീരത്തിന്റെ ശക്തി, അതുള്‍ക്കൊള്ളുന്നവരെ ഒറ്റ ശരീരമാക്കിത്തീര്‍ക്കുന്നു. അതുപോലെ എല്ലാവരിലും വസിക്കുന്ന ഏറ്റവും അവിഭാജ്യമായ ആത്മാവ് എല്ലാവരെയും ആത്മീയ ഐക്യത്തിലേക്കു നയിക്കുന്നു.” (From the Commentary onthe Gospel of John, Lib II, II, P. 74)

സഭയില്‍ പരിശുദ്ധ കുര്‍ബാനയില്‍ അര്‍പ്പിക്കപ്പെടുന്ന അപ്പംപോലെയാണു ക്രിസ്തുസമൂഹമെന്ന വി. അഗസ്തീനോസിന്റെ പഠനം ക്രിസ്ത്യാനിക്ക് ഉണ്ടായിരിക്കേണ്ട ഐക്യത്തെപ്പറ്റി പഠിപ്പിക്കുന്നു. ‘അനേകം ഗോതമ്പുമണികള്‍ ചേര്‍ന്ന് ഒരു അപ്പമുണ്ടായിരിക്കുന്നതുപോലെ, നിരവധി മുന്തിരിപ്പഴങ്ങള്‍ ചേര്‍ന്നു വീഞ്ഞ് ഉണ്ടായിരിക്കുന്നതുപോലെ ഒരേ അപ്പത്തില്‍നിന്നു ഭക്ഷിക്കുന്നവരും ഒരേ പാനപാത്രത്തില്‍നിന്നു പാനം ചെയ്യുന്നവരുമായ ക്രിസ്തീയ വിശ്വാസികള്‍ ഐക്യത്തിലായിരിക്കാന്‍ അവരുടെ വിളിതന്നെ ഓര്‍മ്മിപ്പിക്കുന്നു” എന്നാണു വിശുദ്ധന്റെ പഠനം. ഐക്യത്തിന്റെ കൂദാശയില്‍ പങ്കുചേരുന്നവര്‍ ഐക്യത്തിന്റെ പാതയിലായിരിക്കണം എന്നു സാരം.
ഇവിടെ ശരീരത്തിലെ അവയവങ്ങളുടെ വൈവിദ്ധ്യം ശരീരത്തിന്റെ ഐക്യത്തെ ഇല്ലാതാക്കാത്തതുപോലെതന്നെ സഭയിലെ വൈവിധ്യം ഐക്യത്തെ ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയുമാണെന്നു മനസ്സിലാക്കണം. സഭയിലെ വൈവിധ്യം ഐക്യത്തെ ഹനിക്കുന്നില്ല; പ്രത്യുത അതിനെ കൂടുതല്‍ സ്പഷ്ടമാക്കുകയാണുചെയ്യുന്നത്. ഓരോ വ്യക്തിസഭയുടെയും (സ്വയാധികാരസഭ) അഥവാ റീത്തിന്റെയും പാരമ്പര്യങ്ങള്‍ ഭദ്രമായും അംഭംഗുരമായും നിലനില്ക്കണമെന്നതാണ് കത്തോലിക്കാസഭയുടെ ആഗ്രഹം (പൗരസ്ത്യ സഭകള്‍ 2). ഈ വൈവിധ്യം ഓരോ സ്വയാധികാരസഭയിലും ഉണ്ട്. അവയെ വളര്‍ത്തുകയെന്നതു സഭ തുടരുന്ന അനുകരണീയമായ പാരമ്പര്യമാണ്. സഭ അതുതന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു. അവ വിശ്വാസത്തിന്റെ പ്രതിഫലനവും വിശ്വാസവളര്‍ച്ചയ്ക്ക് ഉപകരിക്കുന്നവയും ആകണം. സഭയിലെ പൊതുവായ ഈ തത്വം ഓരോ സ്വയാധികാരസഭയിലും ബാധകമാണ്. ഇതാണു നമ്മുടെ അതിരൂപതയുടെ നിലനില്പിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനം. സഭയും അതിരൂപതയും പരസ്പരം വളര്‍ന്നും വളര്‍ത്തിയും ശരീരത്തിലെ അവയവങ്ങള്‍പോലെ (1 കൊറി 12, 27) വര്‍ത്തിക്കേണ്ടിയിരിക്കുന്നു. ”ഒരു അവയവം സഹിക്കുമ്പോള്‍ മറ്റെല്ലാ അവയവങ്ങളും ഒരുമിച്ചു സഹിക്കുന്നു; ഒരു അവയവം ബഹുമാനിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും ഒന്നിച്ചു സന്തോഷിക്കുന്നു” (ജനതകളുടെ പ്രകാശം 7; 1 കൊറി 12, 26). ഈ വിളിയാണു മിശിഹായിലേക്കും മിശിഹായിലുമുള്ള വളര്‍ച്ചയുടെയും അടിസ്ഥാനം. അതിനുള്ള വിളനിലം സഭയും വളര്‍ച്ചയ്ക്കുള്ള ശക്തി കൂദാശകളും അതിന്റെ ലക്ഷ്യം കര്‍ത്താവിന്റെ മഹത്വത്തിലുള്ള പങ്കുചേരലുമാണ്. ഇതു ജീവിതശൈലിയായി ജീവിക്കുന്നതാണു സഭാത്മകജീവിതം. ക്രിസ്തീയ ജീവിതം സഭാജീവിതത്തില്‍ ഒതുങ്ങിനില്ക്കാതെ സഭാത്മക ജീവിതശൈലിയില്‍ വളരുന്നതാകണം.
ദൈവീകമായ ഈ ലക്ഷ്യപ്രാപ്തിക്കായിട്ടാണു മങ്ങിപ്പോയ സിനഡാത്മകഭാവം വിശ്വാസത്തിലും വചനവെളിച്ചത്തിലും കൂടുതല്‍ പ്രശോഭിതമാക്കണമെന്ന് അതിരൂപത ആഗ്രഹിക്കുന്നത്.

4. സിനഡാത്മക രൂപീകരണം മൂന്നു തലങ്ങളില്‍
‘സിനഡാത്മകത’ എന്നതു സഭയിലെ പുതിയൊരു ആശയമല്ല, ശ്ലീഹന്മാരുടെ കാലംമുതല്‍ സഭയില്‍ നിലനിന്നിരുന്ന ജീവിതശൈലിയും സഭയുടെ സ്വഭാവവുമാണത്. എന്നാല്‍, പലവിധ സ്വാധീനത്താല്‍ ഈ അസ്തിത്വ സ്വഭാവത്തിനു മങ്ങലേറ്റു. അതു വീണ്ടും പ്രശോഭിതമാക്കണം. അതിനായിട്ടാണു ഈ വിഷയം
തന്നെ മെത്രാന്‍ സിനഡില്‍ ചര്‍ച്ചയാകണമെന്നു സഭ ആഗ്രഹിച്ചത്. അതിരൂപത വിഭാവന ചെയ്യുന്നതും ഇതുതന്നെയാണ്. നിലവിലുള്ള സംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലല്ല ഇതിനുള്ള പ്രതിവിധി. അവയെ കൂടുതല്‍ ഗുണഫലമുളവാക്കത്തക്കവിധം ക്രമപ്പെടുത്തുകയാണു ചെയ്യേണ്ടത്. ഇതിനു എല്ലാ അംഗങ്ങളും ഒരുമനസ്സോടെ ലക്ഷ്യത്തോടെ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തനനിരതരാകേണ്ടിയിരിക്കുന്നു.
സഭയിലെന്നതുപോലെതന്നെ അതിന്റെ പ്രതീകമായി അതിരൂപതയില്‍ മഹത്വപൂര്‍ണ്ണനായ കര്‍ത്താവിന്റെ വരവിനെ പ്രതീക്ഷയോടെ കാത്തു യാത്ര ചെയ്യുന്നവര്‍ ‘ഒരുമിച്ചു യാത്ര ചെയ്യണം; യാത്ര ചെയ്യുന്നവര്‍ പരസ്പരം തുറന്നു സംസാരിച്ചും ഹൃദയംകൊണ്ടു ശ്രവിച്ചും ഹൃദയംകൊണ്ടു കണ്ടും (Cor Cumvisum) ആരാധനയര്‍പ്പിച്ചും കൂട്ടുത്തരവാദിത്വ മനോഭാവത്തോടെ അധികാരവും പങ്കാളിത്തവും രൂപപ്പെടുത്തി; വിവേചിച്ചറിഞ്ഞു ഒരുമിച്ചു തീരുമാനമെടുത്തും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ഈ യാത്രയില്‍ ആരും ഒറ്റപ്പെടാനോ ഒറ്റപ്പെടുത്താനോ പാടില്ല. ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കി മാനസാന്തരപ്പെട്ടും മാനസാന്തരപ്പെടുത്തിയും കൂട്ടായ്മയില്‍ തീരുമാനമെടുത്തും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇവിടെ കൂട്ടായ്മയും പങ്കാളിത്തവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെ ബന്ധിതമാണെന്നു മനസ്സിലാക്കി കൂട്ടുത്തരവാദിത്വമുള്ള വിശുദ്ധ സമൂഹമായി രൂപാന്തരപ്പെടണം.

A കുടുംബതലം
അതിരൂപതയില്‍ സിനഡാത്മകത രൂപപ്പെടണമെന്നതു ഏവരുടെയും ആഗ്രഹമാണ്. അത് ആരംഭിക്കേണ്ടതു സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തിലാണ്. ക്രിസ്തീയ കുടുംബം ദൈവസ്ഥാപിതവും വിവാഹമെന്ന കൂദാശയില്‍ വിശുദ്ധീകൃതവുമാണ്. നിരന്തരമായി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ടു കുടുംബങ്ങളെ ദൈവം പരിപാലിക്കുന്നതു ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുകാരാകാനും സഭ നിലനിര്‍ത്താനും അതുവഴി നിത്യരക്ഷയിലെത്തുവാനുമാണ്. കുടുംബജീവിതം നയിക്കുന്നവര്‍ മാമ്മോദീസായില്‍ തങ്ങള്‍ക്കു ലഭിച്ച രാജകീയ പൗരോഹിത്യത്തിലൂടെ തങ്ങളെത്തന്നെയും കുടുംബാംഗങ്ങളെയും വിശുദ്ധീകരിക്കുകയാണു ചെയ്യുന്നത്. തങ്ങളുടെ കുടുംബങ്ങളില്‍ അനുദിനം ഉയരുന്ന സ്തുതി
ഗീതങ്ങളും വി. ഗ്രന്ഥവായനയും ഇടവകയില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ബലിയര്‍പ്പണവും കൂദാശകളുടെ അടുക്കലടുക്കലുള്ള സ്വീകരണവും കുടുംബജീവിതത്തിലെ കൂട്ടായ്മയും പരസ്പര ഉത്തരവാദിത്വവും ബഹുമാനവും ബന്ധങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. സഭാബോധവും മൂല്യബോധവും വിശ്വാസജീവിതത്തിന്റെ അടിസ്ഥാനവും മക്കള്‍ പ്രഥമത: കുടുംബത്തില്‍നിന്നു സ്വീകരിക്കണം.
ആദിമസഭയുടെ ചൈതന്യം സ്വീകരിച്ചുകൊണ്ടുള്ള കുടുംബജീവിതം മൂല്യങ്ങളുടെ പഠനകളരിയാക്കി രൂപാന്തരപ്പെടുത്താനും ”ഗാര്‍ഹിക സഭയായ കുടുംബം ഉത്തരോത്തരം ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ പ്രകാശം ലോകമെങ്ങും പ്രതിഫലിപ്പിക്കുവാനും” (Ratio Finalis No. 94) കടപ്പെട്ടിരിക്കുന്നു.
ക്‌നാനായ സമുദായത്തെക്കുറിച്ചുള്ള ശരിയായ പഠനങ്ങള്‍ നല്കുന്നതുവഴി സമുദായത്തെ പക്വമായി സ്‌നേഹിക്കാന്‍ കുടുംബാംഗങ്ങളെ പ്രാപ്തരാക്കും. സമുദായാചാരങ്ങളും സഭാവിശ്വാസവും ഒരുമിച്ചു വളര്‍ത്തി സഭയില്‍ വിശ്വസിക്കാനും സമുദായത്തെ സ്‌നേഹിക്കാനും കുടുംബാംഗങ്ങളെ പരിശീലിപ്പിക്കണം.
കുടുംബം ദൈവസ്ഥാപിതമാണെന്ന ബോധ്യം മക്കളില്‍ ഉറപ്പിക്കുന്നതു കുടുംബത്തിന്റെ സ്‌നേഹതണലില്‍ വളരാന്‍ മക്കളെ പ്രാപ്തരാക്കും. ചുരുക്കത്തില്‍, ഏകരക്ഷകനായ കര്‍ത്താവിനെ നാഥനായി പ്രതിഷ്ഠിക്കുന്നിടമാകണം കുടുംബം. നാഥന്‍ ശിഷ്യരെ നിത്യസത്യങ്ങള്‍ പഠിപ്പിച്ചതുപോലെ പഠനം ആരംഭിക്കേണ്ട കളരിയാണു കുടുംബം. ഈശോ ശിഷ്യഗണത്തെ ഒരുക്കിയതുപോലെ മാതാപിതാക്കള്‍ മക്കളെ കൂടെയിരുത്തിയും കൊണ്ടുനടന്നും ശ്രവിച്ചും പഠിപ്പിച്ചും ശാസിച്ചും ശിക്ഷിച്ചും ക്ഷമിച്ചും വിശുദ്ധിയും വിശ്വാസവും വിജ്ഞാനവും പങ്കുവച്ചും അംഗീകരിച്ചും ഒരുമിച്ചു പ്രാര്‍ത്ഥിച്ചും ബലിയര്‍പ്പിച്ചും സഭയുടെ ചെറിയ പതിപ്പായി കുടുംബത്തെ രൂപപ്പെടുത്തണം.

വിശുദ്ധമായ കുടുംബരൂപീകരണത്തിന് അനുദിന കുടുംബപ്രാര്‍ത്ഥനയ്ക്കു വലിയ സ്ഥാനമുണ്ട്. എന്നാല്‍, മൊബൈലും സീരിയലും ചാനല്‍ ചര്‍ച്ചകളും കുടുംബ പ്രാര്‍ത്ഥനകളെയും കുടുംബബന്ധങ്ങളെപ്പോലും സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. കുടുംബത്തിലെ സായംസന്ധ്യകള്‍ പ്രാര്‍ത്ഥനകൊണ്ടു വിശുദ്ധമാക്കണം. വി. ഗ്രന്ഥവായന, ജപമാലയര്‍പ്പണം, സങ്കീര്‍ത്തനാലപനം, ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും റംശാ നമസ്‌കാരം ചൊല്ലല്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള അത്താഴം എന്നിവ ചേര്‍ത്തു കുടുംബത്തിലെ സായംസന്ധ്യാ ദൈവാലയാന്തരീക്ഷംപോലെ പരിശുദ്ധമാക്കാന്‍ ശ്രമിക്കണം. കൂടാരയോഗങ്ങളിലെ പങ്കുചേരല്‍ പരസ്പരം പഠിക്കാനും അറിയാനും അംഗീകരിക്കാനും ബഹുമാനിക്കാനും സഹായിക്കുന്ന വേദിയാകണം. ക്‌നാനായ കുടുംബങ്ങളിലെ കൂടാരയോഗങ്ങള്‍ കൂടുതല്‍ ആഴമുള്ളതാണ്. കാരണം, ഹൃദയബന്ധങ്ങളോടൊപ്പം രക്തബന്ധത്തിന്റെ ആഴവും അവിടെ വര്‍ദ്ധിക്കുന്നു. ബന്ധങ്ങളില്‍ ഇഴയടുപ്പവും വിശ്വാസത്തില്‍ ആഴവും അനുഭവിക്കുവാനുള്ള വേദിയാണു കൂടാരയോഗങ്ങള്‍. സംശയങ്ങളും തെറ്റുദ്ധാരണകളും നീക്കുവാനും സത്യം മനസ്സിലാക്കി സ്വീകരിക്കുവാനും കൂടാരയോഗങ്ങളിലെ ചര്‍ച്ചകള്‍ ഉപകരിക്കണം. കൂടാരയോഗങ്ങള്‍ വെറും സാമൂഹിക കൂട്ടായ്മകളാകാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിബന്ധങ്ങള്‍ വളരുവാന്‍ ഉപകരിക്കുന്നതാകണം. ക്‌നാനായ സമുദായത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും കൂടാരയോഗങ്ങള്‍ക്കു പ്രധാന സ്ഥാനമാണുള്ളത്. അംഗങ്ങളുടെ സജീവസാന്നിദ്ധ്യവും പങ്കാളിത്തവുംവഴി കൂടാരയോഗങ്ങള്‍ ശക്തമാക്കാനും അര്‍ത്ഥവത്താക്കാനും അംഗങ്ങള്‍ ശ്രമിക്കണം. കൂടാരയോഗങ്ങള്‍
ഇടവക കൂട്ടായ്മയായ ഞായറാഴ്ച കൂടിവരവിനു ഒരുക്കമായിത്തീരണം.

B. ഇടവകതലം
രൂപതയില്‍ സ്ഥിരമായി സ്ഥാപിതമായതും ഒരു വികാരിയുടെ അജപാലനത്തിനു ഭരമേല്പിക്കപ്പെട്ടിരിക്കുന്നതുമായ ക്രൈസ്തവ വിശ്വാസികളുടെ സമൂഹമാണ് ഇടവക. (പൗരസ്ത്യ കാനന്‍
നിയമം 279) പഠിപ്പിക്കുന്നു. ഇടവക ദിവ്യകാരുണ്യ സമൂഹവും ക്രൈസ്തവ കുടുംബങ്ങളുടെ ആരാധനാ ജീവിതത്തിന്റെ ഹൃദയവുമാണെന്ന സഭാപഠനവും (മതബോധനഗ്രന്ഥം 2226) കൗണ്‍സില്‍ രേഖയും സാക്ഷിക്കുന്നു. ത്രിതൈ്വക ദൈവത്തിന്റെ കൂട്ടായ്മയുടെ പ്രാദേശികവും ദൃശ്യവുമായ വിശ്വാസികളുടെ കൂട്ടായ്മയാണ് ഇടവക (തിരുസഭ 28). പരിശുദ്ധാത്മാവിലും സര്‍വ്വ സമ്പൂര്‍ണ്ണതയിലും ദൈവം വിളിച്ചുകൂട്ടിയിരിക്കുന്ന പുതിയ ജനമായിട്ടുവേണം (1 തെസ 1, 5) ഇടവകയെ മനസ്സിലാക്കേണ്ടത്.
കൂട്ടായ്മയും പങ്കാളിത്തമനോഭാവവും ആഴപ്പെട്ടു പ്രേഷിതദൗത്യബോധത്തില്‍ വളരുവാനും വളര്‍ത്തുവാനും വിശ്വാസികളെ ഒരുക്കുന്ന വേദിയാകണം ഇടവക. അനുദിന ബലിയര്‍പ്പണവും പ്രത്യേകിച്ചു ഞായറാഴ്ച ബലിയര്‍പ്പണവും ഇടവക ഒന്നായി ഉത്തരവാദിത്വമെടുത്തുകൊണ്ടുള്ള വിശ്വാസ പരിശീലനവും ഇടവകയിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഇടവക പൊതുയോഗം പ്രതിനിധിയോഗം തുടങ്ങിയ കൂട്ടായ്മകളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ഇടവകയില്‍ കൂട്ടായ്മയും ഐക്യതയും ഉറപ്പുവരുത്തു
വാനുള്ള പ്രധാന ഘടകം രൂപതാമെത്രാന്റെ പ്രതിനിധിയായി നിലകൊള്ളുന്ന വികാരിയാണ്. ഇടവകയുടെ ആത്മീയ വളര്‍ച്ചയിലുള്ള തീക്ഷ്ണതയും ഭൗതികകാര്യങ്ങളിലുള്ള സുതാര്യമായ ഇടപെടലും ഇടവക കുടുംബങ്ങളുമായുള്ള ആത്മീയപിതാവെന്ന നിലയിലുള്ള ഇടപെടലും സന്ദര്‍ശനവും ഇടവകയുടെ കെട്ടുറപ്പിനെ സഹായിക്കും. ഇതില്‍ ഇടവകയിലെ സമര്‍പ്പിതര്‍ ചെയ്യുന്ന ശുശ്രൂഷകള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കൂടാരയോഗങ്ങളിലെ സമര്‍പ്പിതരുടെ പങ്കുകൊള്ളലും രോഗീശുശ്രൂഷയില്‍ ഏര്‍പ്പെടുന്ന രീതിയും, വിശ്വാസ പരിശീലനത്തില്‍ നേതൃത്വം കൊടുക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധയും എടുത്തുപറയേണ്ടതാണ്. ഇടവകജനം അത് ആഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. സമര്‍പ്പിതരുടെ സാന്നിദ്ധ്യവും മിഷനറിമാരുടെ സന്ദര്‍ശനങ്ങളും ഇടവകയില്‍ വൈദിക-സന്ന്യാസ ജീവിതാന്തസി
ലേക്കുള്ള ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപകരിക്കും.
അജഗണത്തെ അറിഞ്ഞു വികാരി തന്റെ ജനത്തിനു ശുശ്രൂഷ നിര്‍വഹിക്കണം. അതിനുള്ള പ്രധാനമാര്‍ഗ്ഗം ഭവനസന്ദര്‍ശനമാണ്. തന്റെ ജനത്തിന്റെ ആത്മീയഭൗതികസ്ഥിതി മനസ്സിലാക്കുവാന്‍ ഇത് ഉപകരിക്കും. ഓരോ ഭവനത്തിലെയും അംഗങ്ങള്‍ അനുഭവിക്കുകയും വഹിക്കുകയും ചെയ്യുന്ന കുരിശിന്റെ സ്വഭാവം തന്റെ സന്ദര്‍ശനത്തിലൂടെ വികാരിക്കു അറിയാന്‍ കഴിയും. സാന്നിദ്ധ്യത്തിലൂടെയുള്ള സുവിശേഷപ്രഘോഷണവും സന്ദര്‍ശനത്തിലൂടെയുള്ള സൗഖ്യവുമാണു ഇതിലൂടെ നാം ലക്ഷ്യമാക്കുന്നത്. സന്ദര്‍ശനത്തില്‍ ഇടവകയിലെ എല്ലാ കൂട്ടായ്മകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും കുടുംബങ്ങളും ഉള്‍പ്പെടുത്തണം. വികാരി കുട്ടികളിലും യുവജനങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. ഭവനങ്ങളും സ്ഥാപനങ്ങളും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുകയും വെഞ്ചരിക്കുകയും തിരുഹൃദയപ്രതിഷ്ഠ നടത്തുകയും ചെയ്യുന്ന രീതി തുടരുന്നതു ഇടവകജനം സ്വാഗതം ചെയ്യുന്നു. കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശുദ്ധീകരണമാണു വെഞ്ചരിപ്പുകള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതുവഴി കര്‍ത്താവിന്റെതന്നെ സന്ദര്‍ശനമാണു നടക്കുന്നതെന്നും കുടുംബാംഗങ്ങള്‍ക്ക് അനുഭവപ്പെടണം. ഇതുവഴി രോഗികള്‍ക്കും പ്രായമായവര്‍ക്കും ആത്മീയചൈതന്യവും പ്രതീക്ഷയും പകരുവാന്‍ കഴിയണം. ദരിദ്രരേയും രോഗികളെയും പിതൃസഹജമായ വാത്സല്യത്തോടെ അടുക്കലടുക്കല്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്നില്‍ വികാരി താല്പര്യമെടുക്കുകയും ചെയ്യണം.
തെക്കുംഭാഗ വൈദികരെന്ന നിലയില്‍ കോട്ടയം അതിരൂപതയിലെ വൈദികര്‍ക്കുള്ള പ്രത്യേക കടമ സ്വയമേ ഏറ്റെടുക്കണം. സമുദായത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരിക്കുന്നതുപോലെ വികലമായ ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കു ഉത്തരമായിത്തീരാന്‍ വൈദികര്‍ക്കു കഴിയണം. സമുദായത്തെയും സമുദായാചാരങ്ങളെയും വിശ്വാസംകൊണ്ടു ജീവസുറ്റതാക്കണം. തങ്ങളെ ഏല്പിച്ചുതന്നിരിക്കുന്നവരില്‍ സഭാവിശ്വാസത്തോടൊപ്പം സമുദായബോധവും പക്വമായി നല്കി വളര്‍ത്തണം. സഭയില്‍ വിശ്വസിക്കുവാനും സമുദായത്തെ സ്‌നേഹിക്കുവാനും കഴിയുന്ന ദൈവജനം ഉണ്ടാകണമെന്ന് ആഗ്രഹിക്കണം.
ഇടവകതലത്തില്‍ പ്രവര്‍ത്തിക്കുന്ന KCC, KCWA, KCYL എന്നീ സമുദായസംഘടനകളെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുവാനുള്ള ഉത്തരവാദിത്വം വികാരിമാര്‍ക്കുണ്ട്. ആവശ്യമനുസരിച്ച് ഈ സംഘടനകളുടെ നിയമാവലി ഓര്‍മ്മിപ്പിക്കുന്നതുപോലെ നിശ്ചിതസമയങ്ങളില്‍ അംഗങ്ങളെ സംഘടനകളില്‍ ചേര്‍ക്കുവാന്‍ ബ. വികാരിമാര്‍ മുന്‍കൈ എടുക്കുന്നതും കൂടുതല്‍ പ്രോത്സാഹനജനകമാണ്. ഇതോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇടവകയിലെ ഭക്തസംഘടനകള്‍. വിന്‍സെന്റ് ഡി പോള്‍, ലീജിയന്‍ ഓഫ് മേരി സംഘടനകളും, കുട്ടികള്‍ക്കായുള്ള CML , തിരുബാലസഖ്യം തുടങ്ങിയവയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിശ്വാസ ജീവിതത്തില്‍ പരിശീലനം നല്കുന്നതു ഇടവകയുടെ വിശ്വാസകെട്ടുറപ്പിനു ബലമേകും. എല്ലാ സംഘടനകളിലെയും അംഗത്വവും പ്രവര്‍ത്തനങ്ങളും ഇടവകതലം മുതല്‍ അതിരൂപ
താതലംവരെ വളര്‍ത്താനും കൂട്ടായ്മയും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാനും സമുദായബോധത്തില്‍ ക്‌നാനായ മക്കളെ വളര്‍ത്താനും പരിശ്രമിക്കണം. മലങ്കര റീജിയനിലുള്ള ഇടവകകളിലും മേല്‍സൂചിപ്പിച്ച തലത്തിലുള്ള വളര്‍ച്ചയ്ക്കു ശ്രമിക്കേണ്ടിയിരിക്കുന്നു. ദൈവാലയശുശ്രൂഷകളിലും വിശ്വാസ പരിശീലനത്തിലും സജീവമായി പങ്കെടുക്കുന്നതിനും കൂടുതല്‍ അവസരങ്ങളും പ്രോത്സാഹനങ്ങളും നല്കുന്നതു മലങ്കരക്കൂട്ടായ്മയുടെ വിശ്വാസവര്‍ദ്ധനവിനും വളര്‍ച്ചയ്ക്കും ഉപകരിക്കും. പരസ്പര ഐക്യവും സമുദായബോധവും കൂടുതല്‍പേരെ ആകര്‍ഷിക്കുവാന്‍ ഉപകരിക്കും. സായാഹ്ന പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാശൈലി കുടുംബങ്ങളില്‍ തുടരുന്നതു ആരാധനക്രമത്തിലധിഷ്ഠിതമായ ആദ്ധ്യാത്മികത രൂപപ്പെടുത്തുന്നതിന് ഉപകരിക്കും.

തന്റെ ഇടവകാതിര്‍ത്തിയിലുള്ള എല്ലാവരോടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വിശ്വാസം പ്രഘോഷിക്കുവാനുള്ള ഉത്തരവാദിത്വം ഇടവകവികാരിക്കുണ്ട്. അതുവഴി അവരെ വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ഉറപ്പിച്ച് ഐക്യത്തിന്റെ പാതയില്‍ നയിക്കാന്‍ വികാരിക്കു കഴിയണം. സര്‍ക്കാര്‍ മേഖലയിലും മറ്റു തലങ്ങളിലുംനിന്നു വിരമിച്ച ഉദ്യോഗസ്ഥരെ ഇടവകയിലെ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും നാനാവിധ വളര്‍ച്ചയ്ക്കുമുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിപ്പിച്ചു പ്രവര്‍ത്തിക്കുന്നതിനും ശ്രമിക്കണം. ഇടവകയിലെ പ്രബുദ്ധരായ അല്മായരുടെയും സന്ന്യസ്തരുടെയും സഹവൈദികരുടെയും സഹായത്തോടെ വിശ്വാസികളെ അതതു പ്രായക്കാര്‍ക്കു അനുയോജ്യമായവിധം ദൈവീകരഹസ്യങ്ങളുടെ അറിവിലേയ്ക്കും, കല്പനകള്‍ക്കനുസരിച്ചുള്ള ജീവിതശൈലിയിലേക്കും വൈദികന്‍ നയിക്കണം. പങ്കുവയ്ക്കലിന്റെ പ്രകടിതരൂപമാണിത്.

C അതിരൂപതാതലം
കുടുംബങ്ങളിലും ഇടവകകളിലും രൂപപ്പെടുന്ന കൂട്ടായ്മയും പങ്കാളിത്തമനോഭാവവും എത്തിനില്‌ക്കേണ്ടത് അതിരൂപതാതലത്തിലാണ്. രൂപത – അതിരൂപതയെന്നാല്‍ അപ്പസ്‌തോലിക പിന്‍തുടര്‍ച്ചയില്‍ മെത്രാന്‍പട്ടം സ്വീകരിച്ച മെത്രാനോടു വിശ്വാസത്തിന്റെയും കൂദാശകളുടെയും കൂട്ടായ്മയില്‍ ആയിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ സമൂഹമാണ് (മെത്രാന്മാര്‍ 11, മതബോധനഗ്രന്ഥം 833). ഈ സമൂഹത്തിലാണ് ഏകവും പരിശുദ്ധവും സാര്‍വത്രികവും ശ്ലൈഹികവുമായ പരി. കത്തോലിക്കാസഭ നിലനില്ക്കുന്നത്. ഇവിടെ നിയോഗിക്കപ്പെടുന്ന മെത്രാന്‍, മെത്രാന്‍ സംഘത്തി
ലായിരുന്നുകൊണ്ടു പത്രോസിന്റെ പിന്‍ഗാമിയും മെത്രാന്‍ സംഘത്തിന്റെ തലവനുമായ റോമിലെ മെത്രാനുമായുള്ള കൂട്ടായ്മയില്‍ തന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നു. പരി. കത്തോലിക്കാസഭയെ ഒരു ശരീരമായി കരുതുന്നതുപോലെയാണ് അതിരൂപതയിലെ മെത്രാപ്പോലീത്തായും സഹമെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും ഒരുമിച്ചുള്ള പ്രാദേശിക കൂട്ടായ്മ.
അതിരൂപതയുടെ സുഗമമായ നടത്തിപ്പിനു തുടര്‍ന്നു പോരുന്ന കാനോനിക സംവിധാനങ്ങളുണ്ട്. പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമത്തിന്റെയും (CCEO), സീറോമലബാര്‍
സഭയുടെ പ്രത്യേകനിയമങ്ങളുടെയും (particular law ) അതിരൂപതയുടെ നിയമസംഹിതയുടെയും അടിസ്ഥാനത്തിലാണു അതിരൂപത ഭരണം നടത്തുന്നത്. ഈ നിയമങ്ങളനുസരിച്ചുള്ള പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിത്തേരിയം, ഫിനാന്‍സ് കൗണ്‍സില്‍, ആലോചനാസമിതി എന്നിവ അതിരൂപതയുടെ കെട്ടുറപ്പിനും വിശ്വാസവളര്‍ച്ചയ്ക്കും പൈതൃകസംരക്ഷണ
ത്തിനും അതിരൂപതയുടെ നേതൃത്വത്തിലുള്ള സാമൂഹിക വളര്‍ച്ചയ്ക്കുമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. അതിരൂപതയുടെ അസ്തിത്വശൈലിയായ ഒരുമിച്ചുള്ള യാത്രയുടെയും സംഘാതാത്മകതയുടെയും ആവിഷ്‌കാരമാണ് ഈ സമിതികള്‍. ഇടവകകളുടെ സുഗമതയ്ക്കായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് അതിരൂപത
യിലെ സമിതികളിലുള്ളത്.

ലോകം അതിവേഗ മാറ്റങ്ങളിലൂടെയും അപ്രതീക്ഷിത പ്രതിസന്ധികളിലൂടെയും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലൂടെയുമാണു കടന്നുപോകുന്നത്. ഈ സമയത്തു അതിരൂപത വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഇടപെടുന്നത്. എന്നാല്‍ സുവിശേഷ
ത്തില്‍ അധിഷ്ഠിതമായും സഭാനിയമങ്ങള്‍ക്കനുസരിച്ചും മാത്രമേ അതിരൂപതയ്ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ഇവയോടു സഹകരിക്കുകയും മനസ്സിലാക്കുകയും അതിരൂപതയോടുചേര്‍ന്നു നില്ക്കുകയുമാണ് ഓരോ വിശ്വാസിയുടെയും ചുമതല. അല്മായ സംഘടനകള്‍ സമര്‍പ്പിത സമൂഹങ്ങള്‍, ഇതരകൂട്ടായ്മകള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, യുവാക്കള്‍, പ്രായമുള്ളവര്‍ എല്ലാവരും പരസ്പര ശ്രവണംവഴി പരിശുദ്ധാത്മാവിന്റെ സ്വരം വിവേചിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. ഇതിനുള്ള വേദികളാണു ഇടവകയിലെ സംവിധാനങ്ങള്‍. അതിന്റെ പ്രകാശനമായിരിക്കണം അതിരൂപതാതലത്തില്‍ തെളിയേണ്ടത്.

ഭാഗം 2
ക്‌നാനായ സമുദായവും
പ്രേഷിത പ്രബുദ്ധതയും

ഏകരക്ഷകനായ ഈശോമിശിഹായിലുള്ള വിശ്വാസത്തില്‍ പൂരിതനാകുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം അയാള്‍ക്കു പ്രേഷിതനാകാതിരിക്കാന്‍ സാധ്യമല്ല. കാരണം, ഒരാള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ജീവിക്കുന്നതിലൂടെ അയാള്‍ ദൈവസ്‌നേഹത്തിന്റെ വക്താവും നിദര്‍ശനവുമാണ്; ക്രിസ്തുവാകുന്ന പ്രകാശത്തില്‍ ജ്വലിക്കുന്നയാളാണു ക്രിസ്ത്യാനി; അതേ പ്രകാശത്തില്‍ അപരനെ ജ്വലിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഓരോ ക്രിസ്ത്യാനിക്കും ഉണ്ട്. ക്രിസ്ത്യാനിയുടെ വിളി പൂര്‍ണ്ണമാകുന്നതും സഭയുടെ ലക്ഷ്യം പൂര്‍ത്തിയാകുന്നതും ഓരോ വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന ഈ പ്രേഷിതദൗത്യം പൂര്‍ത്തിയാക്കു
ന്നതിലൂടെയാണ്.
1. പ്രേഷിതദൗത്യം : അടിസ്ഥാന വിളി
കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും ലക്ഷ്യം വിശ്വാസശാക്തീകരണമാണ്. വിശ്വാസത്തിന്റെ പങ്കുവയ്ക്കലാണു പ്രേഷിതപ്രവര്‍ത്തനം. അതുകൊണ്ടാണു ‘ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദൂരിതം’ എന്നും ‘സുവിശേഷം പ്രസംഗിക്കുന്നവന്റെ പാദങ്ങള്‍ എത്ര സുന്ദരമെന്നും’ വി. പൗലോസ് പറയുന്നത്. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹി(1 തിമോ 2, 4) ക്കുന്ന ദൈവത്തിന്റെ സ്‌നേഹം നമ്മെ നിര്‍ബന്ധിക്കുന്നതുകൊണ്ട് (2 കൊറി. 5, 14, പ്രേഷിതപ്രവര്‍ത്തനം 6) ക്രിസ്ത്യാനിക്കു പ്രേഷിതനായേ തീരൂ. ക്രിസ്ത്യാനിയുടെ വിളി പൂര്‍ണ്ണമാക്കുന്നതും സഭയുടെ ഭൗമികവും അഭൗമികവുമായ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതും പ്രേഷിതദൗത്യപൂര്‍ത്തീകരണത്തിലൂടെയാണ്.
സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ പ്രഥമ അടിസ്ഥാനം പരി. ത്രിത്വത്തിന്റെ ‘അയക്കല്‍ സ്വഭാവമാണ്’. ലോകത്തിനു മുഴുവനായി ഒരു കരുണയുള്ള പിതാവുണ്ടെന്നും ആ പിതാവിന്റെ സന്നിധിയിലേക്കു ലോകത്തെ നയിക്കാനാണ് താന്‍ അയയ്ക്കപ്പെട്ടിരിക്കുന്നതെന്നും നമ്മെ പഠിപ്പിച്ച ദൈവപുത്രനായ ഈശോ ഈ സന്ദേശം ലോകത്തിനു നല്കുവാനായിട്ടാണു ”എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” എന്നു പറഞ്ഞുകൊണ്ടു ശ്ലീഹന്മാരെ ലോകത്തിലേക്കയച്ചത്. ശ്ലീഹന്മാര്‍ തങ്ങള്‍ക്കു ലഭിച്ച വലിയ സന്ദേശം തുടര്‍ന്നു നല്കുന്നതിനായിട്ടു കൈവയ്പുവഴി അഭിഷേകം നല്‍കി മെത്രാന്മാരെ അയച്ചു. തങ്ങള്‍ക്കു ലഭിച്ച ദൗത്യം തുടര്‍ന്നു നല്കുവാനും ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുവാനും സഭ രക്ഷയുടെ സാര്‍വ്വത്രിക കൂദാശയാണെന്നു പ്രഖ്യാപിക്കുവാനുമായി അവര്‍ മിഷനറിമാരെ ലോകത്തിന്റെ നാനാദേശങ്ങളിലേക്കും അയക്കുന്നു.

രണ്ടാമത്തേതായി പ്രേഷിതദൗത്യം കര്‍ത്താവായ ഈശോയുടെ കല്പനയാണ് (മത്താ. 28, 18-21) എന്നുള്ളതാണ്. സുവിശേഷം പ്രസംഗിക്കുവാനും മാമ്മോദീസ നല്കുവാനും അതുവഴി സഭയെ പണിതുയര്‍ത്തുവാനുമാണ് ഈ കല്പന സഭ ലോകത്തോടാവശ്യപ്പെടുന്നത്.
മൂന്നാമത്തേതായി പ്രേഷിതദൗത്യം പരി. ത്രിത്വത്തിന്റെ തുടരുന്ന രക്ഷാകര പ്രവര്‍ത്തിയാണ്. പിതാവായ ദൈവം പുത്രന്റെ നാമത്തില്‍ പരിശുദ്ധാത്മാവില്‍ തുടരുന്ന ദൗത്യമാണിത്. പ്രേഷിതദൗത്യത്തിന്റെ അടിസ്ഥാനം ത്രിത്വവും അതു തുടരുന്നതു പരിശുദ്ധാത്മാവുമാണ്.
അതിനാല്‍ മാമോദീസ സ്വീകരിക്കുന്ന എല്ലാവരുടെയും കടമയാണു പ്രേക്ഷിതപ്രവര്‍ത്തനം (അപ്പ. നടപടി 1, 8). ആത്മാവിനാല്‍ നിറയപ്പെട്ടവര്‍ പിതാവിനെക്കുറിച്ചും രക്ഷക്കായി പുത്രന്‍ സ്ഥാപിച്ച പരി. സഭയെക്കുറിച്ചും പഠിപ്പിക്കുന്നതാണു പ്രേഷിതദൗത്യം. ശ്ലീഹന്മാര്‍ മാമ്മോദിസാ നല്‍കി സഭാകൂട്ടയ്മയിലേക്കു ജനത്തെ ഒരുമിച്ചു ചേര്‍ത്തതുപോലെതന്നെ സുവിശേഷം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രസംഗിച്ചു സഭാകൂട്ടായ്മയിലേക്കു ജനതയെ ക്ഷണിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്. ഓരോ ജനതയുടേയും സ്വന്തമായ വംശീയ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ സഭാകൂട്ടായ്മയില്‍ അംഗമാകാന്‍ സാധിക്കുമെന്നു സഭാചരിത്രത്തില്‍ അപ്പസ്‌തോലിക കാലംമുതല്‍ തുടരുന്ന പ്രേഷിത പ്രവര്‍ത്തനം തെളിയിക്കുന്നു.
സഭ അവളുടെ സ്വഭാവത്താല്‍തന്നെ പ്രേഷിതയാണ് (പ്രേഷിതപ്രവൃത്തി 6). സഭ നിലകൊള്ളുന്നതു ഉത്ഥിതനായ കര്‍ത്താവ് ഏല്പിച്ച പ്രേഷിതദൗത്യനിര്‍വ്വഹണത്തിനാണ്. പ്രേഷിതദൗത്യത്തിനു ത്രിതൈ്വകവും സഭാത്മകവും വിശുദ്ധ ഗ്രന്ഥത്തില്‍ അധിഷ്ഠിതവുമായ മാനങ്ങളുണ്ട്. ലോകത്തെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും പിശാചില്‍നിന്നും കുരിശിലെ ബലിയിലൂടെ മോചിപ്പിക്കാനാണു പിതാവായ ദൈവം പുത്രനെ ലോകത്തിലേക്ക് അയച്ചത്. ഈ വിമോചനദൗത്യം ലോകാവസാനംവരെ തുടരുന്നതിനാണു പുത്രനായ മിശിഹാ ശ്ലീഹന്മാരെ പരിശുദ്ധാത്മാവിനാല്‍ പൂരിതരാക്കി ലോകത്തിന്റെ വിശുദ്ധീകരണത്തിനായി അയച്ചത്; അവരിലൂടെ കര്‍ത്താവില്‍ വിശ്വസിക്കുന്നവരുടെ – രക്ഷിക്കപ്പെട്ടവരുടെ സഭ സ്ഥാപിക്കാനാണ്. പരിശുദ്ധാത്മാവില്‍ വിളിച്ചുകൂട്ടപ്പെട്ട സമൂഹമായ ഈ സഭയില്‍ തന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു (മത്താ 28, 17-21).

2. പ്രേഷിതദൗത്യം ഉത്തരവാദിത്വവും കൂട്ടുത്തരവാദിത്വവും
നല്കപ്പെടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചു സഭാസിനഡിന്റെ നിര്‍ദ്ദേശാനുസരണം പ്രാര്‍ത്ഥിച്ചും സഹകരിച്ചും സഭ മുഴുവന്‍ ഏറ്റെടുത്തു നടത്തേണ്ട ദൗത്യമാണു പ്രേഷിത
പ്രവര്‍ത്തനം. സഭ അയയ്ക്കുന്ന സുവിശേഷ പ്രഘോഷകര്‍ മിശിഹായെ അറിയാത്ത ഇടങ്ങളില്‍ സഭ നട്ടുവളര്‍ത്താന്‍വേണ്ടി സവിശേഷമായി ചെയ്യുന്ന ഉദ്യമങ്ങളാണു പൊതുവേ സുവിശേഷ പ്രവര്‍ത്തനം എന്നു വിളിക്കപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം സഭ ഇതുവരെ വേരൂന്നിയിട്ടില്ലാത്ത ജനങ്ങളുടേയും സമൂഹങ്ങളുടെയും ഇടയിലുള്ള സുവിശേഷവത്ക്കരണവും സഭയുടെ നട്ടുവളര്‍ത്തലുമാണ്. ”അങ്ങുമാത്രമാണു യഥാര്‍ത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ ലോകത്തിലേക്ക് അയച്ചുവെന്നും” (അദ്ദായ്മാറി കൂദാശക്രമം, മൂന്നാം ഗ്ഹാന്താ) അറിയിക്കുകയാണു സുവിശേഷ പ്രഘോഷണം.
ഏകരക്ഷകനായ ക്രിസ്തുവിനെ അറിഞ്ഞു രക്ഷയിലേക്കു വരുവാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ മഹത്വത്തിലേക്ക് എത്തിക്കപ്പെടണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍ ഒരു ദൈവമേ ഉള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മദ്ധ്യസ്ഥനായി ഒരുവനേ ഉള്ളൂ – മനുഷ്യനായി പിറന്ന ഈശോമിശിഹാ (1 തിമോ. 2, 4-6). അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനദ്രവ്യമായി നല്‍കി. രക്ഷയ്ക്കുള്ള ഏകനാമമായ ഈശോയുടെ നാമം അറിയാതെയും അവനില്‍ വിശ്വസിക്കാതെയും നിത്യരക്ഷ സാധ്യമല്ലെന്നു സഭ പഠിപ്പിക്കുന്നു.

തീര്‍ത്ഥാടകമസമൂഹവും ദൈവത്തിന്റെ മിഷനറി ശുശ്രൂഷകരുമെന്ന നിലയില്‍ മനുഷ്യകുടുംബത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി ഈശോമിശിഹായുടെ സാക്ഷികളായി വര്‍ത്തിക്കേണ്ടവരാണ് ഓരോ ക്രൈസ്തവനും. സുവിശേഷത്തിനു യോജിച്ച സാക്ഷ്യം നല്‍കാന്‍ പ്രത്യേകിച്ചു ലോകത്തിന്റെ ആത്മീയ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഭൗമിക അസ്തിത്വ മേഖലകളില്‍ ദൈവരാജ്യത്തിന്റെ വരവിനായുള്ള ശുശ്രൂഷ ഒരുപുളിമാവു കണക്കെ നിര്‍വ്വഹിക്കപ്പെടണം. ഇതിനൊരു ഉദാഹരണമായി സഭാപിതാക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്ന സുവിശേഷഭാഗം ലൂക്ക 12, 1-10 വരെയുള്ള വചനങ്ങളാണ്. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന 72 എന്നതു സഭയുടെ മിഷനറി സ്വഭാവത്തിന്റെ സാര്‍വ്വത്രികതയെയാണു സൂചിപ്പിക്കുന്നത്. 72 എന്നതു സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നുവെന്നു വ്യക്തമാക്കുന്നു. എല്ലാ ക്രൈസ്തവനും ഒരേ സമയം വിളിക്കപ്പെട്ടവനും അയയ്ക്കപ്പെടുന്നവനുമാണ്. ഓരോ ക്രൈസ്തവന്റെയും സത്ത എന്നു പറയുന്നത് അയക്കപ്പെടുവാനും പ്രഘോഷിക്കുവാനുമുള്ള ദൗത്യമാണ്. ഓരോ ക്രൈസ്തവനിലും വചനത്തിന്റെ വിത്തു വിതച്ചിരിക്കുന്നു. ഓരോ ക്രൈസ്തവനിലും ദൈവത്തിന്റെ ആത്മാവും നിവേശിച്ചിരിക്കുന്നു. അതായത് സര്‍വരും രക്ഷിക്കപ്പെടണമെന്ന ദൈവത്തിന്റെ ആഗ്രഹം അത്മാവുവഴി ഓരോ വ്യക്തിയിലും നിക്ഷേപിച്ചിരിക്കുന്നു. ഈ ആത്മാവിനെ മറനീക്കി വെളിപ്പെടുത്തുകയാണ് (alatheia) സുവിശേഷ പ്രഘോഷണം. അതു സാധ്യമാകേണ്ടത് ഓരോ ക്രൈസ്തവന്റേയും ജീവിത സാക്ഷ്യത്തിലൂടെയാണ്. അതിനാണു സുവിശേഷം ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നത്.
”മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ടു സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ” (മത്താ 5, 16) എന്ന വചനത്തിലൂടെ ലോകത്തിനു പ്രകാശമായി വര്‍ത്തിക്കാനാണു സഭാതനയര്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു സഭ ബോദ്ധ്യപ്പെടുത്തുന്നു. പൊതുസമൂഹത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനമേഖലകളില്‍ പ്രേഷിതാഭിമുഖ്യത്തോടെ പ്രവര്‍ത്തനനിരതരാകാന്‍ എല്ലാവര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇതാണു പങ്കാളിത്ത ഭാവത്തോടെയുള്ള പ്രേഷിതദൗത്യം. ആത്മാവില്‍ നിറഞ്ഞ് ആത്മരക്ഷ ലക്ഷ്യമാക്കി പ്രാര്‍ത്ഥനയും പരിത്യാഗവും സാമ്പത്തിക സഹായവും മിഷന്‍ സഹകരണങ്ങളുംവഴി അല്മായ സഹോദരങ്ങളും സമര്‍പ്പിതരും വൈദികരും സഭാനേതൃത്വത്തോടുചേര്‍ന്നു നടത്തുമ്പോഴാണ് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലദായകമാകുന്നത്.

3. ക്‌നാനായ സമുദായവും പ്രേഷിത പാരമ്പര്യവും
പ്രേഷിതപ്രവര്‍ത്തനം സഭ മുഴുവന്റേയും ഉത്തരവാദിത്വമാണ് എന്നന്നതു വെളിവാക്കപ്പെട്ട ചരിത്രസംഭവമാണ് എ.ഡി. 345-ല്‍ നടന്ന ഐതിഹാസികമായ ക്‌നാനായ കുടിയേറ്റം. ഒരു സഭാഘടകം നടത്തിയ പ്രേഷിത കുടിയേറ്റമായിരുന്നു അത്. ഉറൂഹാ മാര്‍ യൗസേപ്പു മെത്രാനും കിനായി തോമായും നാലു വൈദികരും ശെമ്മാശന്മാരും 72 കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം അല്‍മായരും സംഘടിതമായി ഒരു സഭാഘടകമായിട്ടാണു കുടിയേറ്റം നടത്തിയത്. ഒരു സഭാഘടകമായി കേരളത്തിലെത്തി ഇവിടുത്തെ സഭയെ ശക്തിപ്പെടുത്തി സഭാസംവിധാനങ്ങള്‍ രൂപപ്പെടുത്തി വിശ്വാസം പരിപോഷിപ്പിച്ചു ക്രിസ്തീയജീവിതത്തില്‍ പുളിമാവായി വര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് ഈ സഭാസമൂഹത്തിന്റെ പ്രേഷിതതീഷ്ണത വെളിപ്പെടുത്തുന്നു.
സഭ സ്വഭാവത്താലെ പ്രേഷിതയായിരിക്കുന്നതുപോലെ ക്‌നാനായ സമുദായം സ്വഭാവത്താലെ പ്രേഷിതയാണ്. ഈ വംശത്തിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും അവര്‍ പ്രേഷിതയാണ്. ഈ സമുദായം ഒരു സഭാഘടകമായി കാനോനികമായി അംഗീകരിക്കപ്പെടുന്നതിനു മുന്‍പുതന്നെ അവള്‍ തന്റെ പ്രേഷിതദൗത്യം തുടര്‍ന്നുപോന്നിരുന്നു. കേരളത്തില്‍ നിലനിന്ന മാര്‍ത്തോമാ ക്രിസ്ത്യാനികളെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു കുടിയേറ്റ ലക്ഷ്യം. പ്രേഷിതപ്രവര്‍ത്തനങ്ങളെ ഇന്നു മനസ്സിലാക്കുന്നതില്‍നിന്നും വ്യത്യസ്തമായ രീതിയില്‍ വേണം പ്രേഷിത കുടിയേറ്റക്കാരുടെ ദൗത്യനിര്‍വഹണത്തെ മനസ്സിലാക്കേണ്ടത്. സാന്നിദ്ധ്യത്തിലൂടെ സുവിശേഷപ്രഘോഷണം നടത്തിപ്പോന്നവരാണു ക്‌നാനായക്കാര്‍. തങ്ങള്‍ എവിടെ കുടിയേറിയാലും തങ്ങളുടെ വിശുദ്ധമായ സാന്നിദ്ധ്യത്തിലൂടെ ഉപ്പും, പ്രകാശവും, പുളിമാവുമായി വര്‍ത്തിച്ച പാരമ്പര്യമാണു ക്‌നാനായക്കാരുടേത്. കൊടുങ്ങല്ലൂരില്‍ മൂന്നു ക്രൈസ്തവ ദൈവാലയങ്ങള്‍ സ്ഥാപിച്ച് ആരംഭിച്ച ഈ പ്രേഷിത പാരമ്പര്യം നൂറ്റാണ്ടുകളിലൂടെ മധ്യതിരുവിതാംകൂറിലും മലബാറിലും ഹൈറേഞ്ചിലും വിദേശരാജ്യങ്ങളിലും ദൈവാലയകേന്ദ്രീകൃതമായ വിശ്വാസസമൂഹമായി ഈ സമുദായം വിളങ്ങുന്നുവെന്നത് അഭിമാനകരമാണ്.
വൈദികമേലദ്ധ്യക്ഷനും വൈദികരും ശുശ്രൂഷകരും അല്‍മായസഹോദരങ്ങളുമടങ്ങിയ ക്‌നാനായക്കാരായ സഭാഘടകം ആദിമക്രൈസ്തവ ചൈതന്യത്തോടെ വിശ്വാസികളുടെ കൂട്ടായ്മ, വിശുദ്ധ കുര്‍ബാന, പങ്കുവയ്ക്കല്‍, പ്രാര്‍ത്ഥന, അപ്പസ്‌തോലനേതൃത്വം (അപ്പ. നടപടി 2, 42) എന്നീ മൂല്യങ്ങള്‍ അടിസ്ഥാന സ്തംഭങ്ങളായി നിലനിര്‍ത്തിക്കൊണ്ടു വിശ്വാസനിറവിലും തനിമയിലും ഒരുമയിലും വളര്‍ന്നുവരുന്നു. വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും മിഷണറിമാരിലൂടെയും പ്രേഷിതപ്രവര്‍ത്തനം സാധ്യമാകുന്നു.
ക്‌നാനായേതര സഭാഘടകങ്ങള്‍ ഇന്നു നടത്തുന്നതുപോലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കോട്ടയം അതിരൂപതയും താല്പര്യപൂര്‍വ്വം നടത്തുന്നുണ്ട്. മിഷനറി പ്രവര്‍ത്തനംവഴി ക്രിസ്തീയ സഭയിലേക്കു കടന്നുവരുന്നവര്‍ ക്‌നാനായ വംശീയ കൂട്ടായ്മയിലോ ക്‌നാനായ സഭാഘടകത്തിലോ സ്വീകരിക്കപ്പെടണമെന്നില്ല. ക്രിസ്തീയ സഭാസമൂഹത്തിലേക്കാണ് അവര്‍ സ്വീകരിക്കപ്പെടുന്നത്.
കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അയക്കപ്പെടുന്ന വൈദികര്‍ക്കും മറ്റു സമര്‍പ്പിതര്‍ക്കും ഭാരതത്തിലെ പല നഗരങ്ങളിലും വിദേശരാജ്യങ്ങളിലും വ്യാപിച്ചു ജീവിക്കുന്ന ക്‌നാനായ ജനതയ്ക്കു സ്‌നേഹസമ്പര്‍ക്കത്തിലൂടെ ജനകോടികളുടെ ഇടയില്‍ മാനവികതയും ക്രിസ്തീയതയും വളര്‍ത്തുന്ന ലവണമായി വര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്.

സീറോ-മലബാര്‍ മിഷന്‍ രൂപതകളുമായി ചേര്‍ന്നും വിദേശരാജ്യങ്ങളില്‍ ക്‌നായക്കാര്‍ക്കായി സ്ഥാപിതമായ മിഷനുകളിലൂടെയും ക്‌നാനായ സമുദായം മിഷന്‍ പ്രവര്‍ത്തന ങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നു. 2021 മുതല്‍ ഫരീദാബാദ് രൂപതയുടെ കീഴില്‍ കോട്ടയം അതിരൂപതയും എം.എസ്.പി.യും ചേര്‍ന്ന് ആരംഭിച്ച പഞ്ചാബ് മിഷന്‍ ഈ രംഗത്തെ നൂതന കാല്‍വയ്പാണ്. മൂന്നു ജില്ലകളിലെ നിരവധി ഗ്രാമങ്ങളിലേക്കു സുവിശേഷവെളിച്ചം എത്തിക്കാനുള്ള ദൗത്യമാണ് എം.എസ്.പി.യിലെ വൈദികര്‍ പഞ്ചാബില്‍ ആരംഭിച്ചിരിക്കുന്നത്. അവരോടൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകാന്‍ OSH  സമൂഹവും വിസിറ്റേഷന്‍ സന്യാസിനി സഭയിലെ സിസ്റ്റേഴ്‌സും LDSJG സിസ്റ്റേഴ്‌സും ശുശ്രൂഷ നടത്തുന്നു. അതോടൊപ്പം ഉജ്ജയിന്‍, രാജ്‌കോട്ട് തുടങ്ങിയ രൂപതകളില്‍ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണ്.
അതിരൂപതയില്‍നിന്നും മിഷനറിമാരായി ജോലി ചെയ്യുന്ന വൈദികരും സന്യാസിനികളും ഇന്ന് അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതരുടേതിനേക്കാള്‍ കൂടുതലാണ്. വൈദികരും സിസ്റ്റേഴ്‌സും ബ്രദേഴ്‌സും ഉള്‍പ്പെടെ 2000 ത്തോളം ക്‌നാനായക്കാരാണു ലോകത്തു വിവിധ രാജ്യങ്ങളില്‍ മിഷനറിമാരായി ശുശ്രൂഷ ചെയ്യുന്നത്. ഇതു കത്തോലിക്കാ കൂട്ടായ്മയിലെ ക്‌നാനായ സമുദായത്തിന്റെ മിഷണറി ദൗത്യപങ്കാളിത്തം വലുതാണെന്നതിന്റെ തെളിവാണ്. പ്രേഷിതപ്രവര്‍ത്തനം പ്രധാനമായും ലക്ഷ്യമാക്കുന്നതു മതപരിവര്‍ത്തനത്തേക്കാള്‍ മനഃപരിവര്‍ത്തനമാണ്. സ്‌നേഹവും സേവനവുംവഴി സ്‌നേഹത്തിന്റെ കൂട്ടായ്മയായ ദൈവരാജ്യത്തിനു സാക്ഷ്യം നല്‍കുവാനും അതില്‍ എല്ലാവരെയും പങ്കുകാരാക്കാനുമാണു മിഷനറിമാര്‍ ശ്രമിക്കേണ്ടത്.
ഈ ചെറിയ സമുദായത്തില്‍നിന്നും മേല്‍പ്പട്ട ശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെട്ടവരായിരുന്നു അഭിവന്ദ്യ അബ്രാഹം വിരുത്തിക്കുളങ്ങര, തോമസ് തെന്നാട്ട്, സൈമണ്‍ കായിപ്പുറം എന്നിവര്‍. ഇന്നു ഭാരതത്തിന്റെ മിഷന്‍ രൂപതകളില്‍ രൂപതാദ്ധ്യക്ഷന്മാരായി അഭിവന്ദ്യ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ (മിയാവ്), ജെയിംസ് തോപ്പില്‍ (കൊഹിമ) എന്നിവര്‍ ശുശ്രൂഷ ചെയ്തുവരുന്നു. കൂടാതെ ക്‌നാനായ സമുദായത്തില്‍നിന്നുള്ള വത്തിക്കാന്‍ സ്ഥാപനപതിയാണു അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍. സാര്‍വ്വത്രിക സഭയോടുചേര്‍ന്നു ക്‌നാനായസമുദായം ജീവിക്കുന്ന മിഷനറി ചൈതന്യത്തെ സംശയരഹിതമായി വിളിച്ചോതുന്ന അടയാളപ്പെടുത്തലുകളാണ് ഇവയെല്ലാം.

4. ഭക്തസംഘടനകളും പ്രേഷിതാഭിമുഖ്യവും
സംഘടിത സംവിധാനങ്ങളിലൂടെയാണ് ഏതു പ്രവര്‍ത്തനവും ഫലപ്രദവും ക്രിയാത്മകവുമാകുന്നത്. മാമോദീസയിലൂടെ സഭാമാതാവിന്റെ മക്കളാകുന്ന ക്‌നാനായക്കാര്‍ക്കു അവരുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ക്‌നാനായ സമുദായം വഴിയൊരുക്കുന്നു. പ്രാര്‍ത്ഥന, പരിത്യാഗം, സഹനം, സുവിശേഷപ്രഘോഷണം, കാരുണ്യപ്രവര്‍ത്തികള്‍ എന്നിവയിലൂടെ സഭയില്‍ പ്രേഷിതരായി പ്രവര്‍ത്തിക്കാനും സഭയ്ക്കു പുറത്തു പ്രേഷിതരാകാനും തിരുബാലസഖ്യം, ചെറുപുഷ്പ മിഷന്‍ലീഗ്, കെ.സി.എസ്.എല്‍, വിന്‍സന്റ് ഡിപോള്‍ തുടങ്ങിയ സംഘടനകള്‍ സഭയില്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകള്‍ സുവിശേഷ മൂല്യങ്ങള്‍ക്കനുസരണം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അംഗങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം സുവിശേഷചൈതന്യം പൊതുസമൂഹത്തില്‍ പ്രസരിപ്പിക്കാനുതകുന്ന വിധത്തില്‍ അംഗങ്ങളെ പരിശീലിപ്പിക്കാനും ശ്രമിക്കുന്നു. തങ്ങള്‍ക്ക് അനുവദനീയമായ രീതിയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടാനും ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതശൈലി ക്രമപ്പെടുത്താനും അംഗങ്ങള്‍ ശ്രദ്ധിക്കുന്നു. ഓരോ ക്രൈസ്തവനെയും സുവിശേഷത്തിലെ ഈശോയുടെ ഭാവവും മൂല്യങ്ങളും സ്വന്തമാക്കി ജനങ്ങള്‍ക്കു മാര്‍ഗവും ജീവനും പ്രകാശവുമായി മാറ്റാന്‍ ഈ സംഘടനകള്‍ പരിശ്രമിക്കുന്നു.
സുവിശേഷചൈതന്യം ജീവിതശൈലിയിലുറപ്പിച്ചു പ്രേഷിതാഭിമുഖ്യമുള്ള ജനമായിതീരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇതിനുള്ള പരിശീലനം കുടുംബത്തില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ക്രിസ്തീയ അച്ചടക്കവും വിശ്വാസത്തിലും വിദ്യാഭ്യാസത്തിലും ആഴപ്പെട്ട മക്കളും പ്രേഷിതരായി വര്‍ത്തിക്കാന്‍ ഇടയാകണം. ഇതിനായി കുടുംബത്തില്‍തന്നെ മക്കള്‍ക്കു പരിശീലനം ലഭിക്കണം.
മിഷനറിമാരെ ഇടവകയില്‍ സ്വീകരിച്ചും പരിചയപ്പെടുത്തിയും അവരുമായി ആശയവിനിമയം നടത്തിയും കുടുംബങ്ങളിലും ഇടവകയിലും പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അറിവും അവബോധവും വളര്‍ത്തണം.

5. പ്രവാസി സമൂഹം: അതിരൂപതയുടെ പ്രേഷിതമുഖം
കേരളത്തില്‍ ഒതുങ്ങിനിന്ന ക്‌നാനായ അജപാലനം ഇന്നു വിദേശരാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കുകയാണ്.
പഠന-തൊഴില്‍ സാധ്യതകളും, ഉയര്‍ന്ന ജീവിത നിലവാരവും കുടിയേറ്റത്തിന് ആക്കം കൂട്ടി. സ്ഥിരതാമസമാക്കിയ ലോകനഗരങ്ങളില്‍ ക്‌നാനായ കൂട്ടായ്മകളും ക്‌നാനായ അസോസിയേഷനുകളും സ്ഥാപിതമായി. ക്‌നാനായ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവന്ന സ്ഥലങ്ങളിലെല്ലാം ക്‌നാനായ പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനും, സീറോ മലബാര്‍ ആരാധനാക്രമത്തില്‍ ആത്മീയ ശുശ്രൂഷകള്‍ ലഭിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ നടന്നു. ക്‌നാനായ അസോസിയേഷനുകളാണ് ആരംഭഘട്ടങ്ങളില്‍ അജപാലന ക്രമീകരണങ്ങള്‍ക്കു കോട്ടയം രൂപതയുമായി ബന്ധപ്പെട്ടു
കൊണ്ടിരുന്നത്. ഓരോ സ്ഥലത്തെയും ലത്തീന്‍ രൂപതകളുടെ അനുമതിയോടെ ക്‌നാനായ അജപാലനത്തിനു പരിമിതമായ സാഹചര്യങ്ങള്‍ പല സ്ഥലങ്ങളിലും ലഭ്യമായി. അവിടങ്ങളില്‍ സമീപസ്ഥലങ്ങളിലെ ക്‌നാനായ മിഷനറി വൈദികരോ സീറോ മലബാര്‍ വൈദികരോ ആണ് അജപാലന നേതൃത്വം നല്കിയിരുന്നത്.
മിഷന്‍പ്രദേശങ്ങളില്‍ നേരിട്ടു മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈദികരും സമര്‍പ്പിതരുംപോലെതന്നെ മറ്റൊരു തരത്തില്‍ മിഷന്‍പ്രവര്‍ത്തനം നടത്തുന്നവരാണു പല സാഹചര്യങ്ങളില്‍ വിദശരാജ്യങ്ങളില്‍ കുടിയേറിയ ക്‌നാനായക്കാര്‍. സാന്നിദ്ധ്യംകൊണ്ടു സുവിശേഷപ്രഘോഷണം നടത്തുന്നവരാണ് ഇവര്‍. 1950 മുതല്‍ ക്‌നാനായക്കാര്‍ വിദേശരാജ്യങ്ങളിലേയ്ക്കു കുടിയേറിത്തുടങ്ങി. അമേരിക്ക, കാനഡ, യു.കെ, ഓഷ്യാന, യൂറോപ്പ്, ഇറ്റലി, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, മാള്‍ട്ടാ, സ്വിറ്റ്‌സര്‍ലണ്ട്, ബല്‍ജിയം, ഓസ്ട്രിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ക്‌നാനായ മക്കളുടെ എടുത്തു പറയത്തക്ക സാന്നിദ്ധ്യം നിലനില്‍ക്കുന്നു. ഇതില്‍ ഇന്ന് ഏറ്റവും കൂടുതലായി അംഗങ്ങളുള്ളത് അമേരിക്കയിലും യു.കെയിലു
മാണ്. അമേരിക്കയില്‍ ഇപ്പോള്‍ 5 ഫൊറോനാ പള്ളികളുടെ കീഴിലായി 15 ക്‌നാനായ ദൈവാലയങ്ങളും 8 ക്‌നാനായ മിഷനുകളും ഉള്‍പ്പെടെ 23 അജപാലന കേന്ദ്രങ്ങള്‍ ഉണ്ട്. 19 ക്‌നാനായ വൈദികര്‍ ഇവിടെ ശുശ്രൂഷ ചെയ്യുന്നു. കോട്ടയം അതിരൂപതയിലെ 14 സമര്‍പ്പിതസഹോദരിമാരുടെ സേവനങ്ങളും അജപാലന കാര്യങ്ങളില്‍ ലഭിച്ചുകൊ ണ്ടിരിക്കുന്നു. ഏകദേശം 24,500 ക്‌നാനായക്കാരാണ് ഇന്ന് അമേരിക്കയിലെ ഇടവകകളിലുള്ളത്. 3500 ഓളം കുട്ടികള്‍ സണ്‍ഡേ
സ്‌കൂളുകളില്‍ വിശ്വാസപരിശീലനം നടത്തിവരുന്നു. ഇവിടെയുള്ള യുവജനങ്ങളെ ദൈവവിളിക്കായി പ്രോത്സാഹിപ്പിക്കുകയും അമേരിക്കയില്‍തന്നെ വൈദിക
പരിശീലനം നടത്താന്‍ സാഹചര്യം ഒരുക്കുകയും ചെയ്തുവരുന്നു. ഇടവകകളിലും മിഷനുകളിലും ഇന്‍ഫന്റ് മിനിസ്ട്രി, ടീന്‍ മിനിസ്ട്രി, യൂത്ത് മിനിസ്ട്രി, മെന്‍ മിനിസ്ട്രി, വുമന്‍ മിനിസ്ട്രി, സെന്റ് വിന്‍സെന്റ് ഡി പോള്‍ തുടങ്ങി പല മിനിസ്ട്രികളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
യുകെയിലെ 15 ക്‌നാനായ മിഷനുകളിലായി 8 ക്‌നാനായ വൈദികര്‍ സേവനം ചെയ്തുവരുന്നു. 2016-ല്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ സ്ഥാപിതമായതിനെത്തുടര്‍ന്നു ക്‌നാനായ മിനിസ്ട്രി അതിന്റെ ഭാഗമായി മാറുകയും, ക്‌നാനായ ജനത്തിന്റെ അജപാലന ശുശ്രൂഷകള്‍ക്കു പ്രത്യേക ചുമതലയുള്ള വികാരി ജനറാളെ നിയമിക്കുകയും ചെയ്തു. സണ്‍ഡേ സ്‌കൂളുകളും, യുവജന പരിശീലന പരിപാടികളും, വിവാഹഒരുക്ക സെമിനാറുകളും ഇതര മിനിസ്ട്രികളുംവഴി യു കെ യിലെ അജപാലന ശുശ്രൂഷകള്‍ സജീവമായി നടന്നുവരുന്നു. 2000 ത്തോളം ക്‌നാനായ കുടുംബങ്ങളും 9000 ഓളം ക്‌നാനായ വിശ്വാസികളും യു. കെയിലെ ക്‌നാനായ മിനിസ്ട്രിയുടെ ഭാഗമായിട്ടുണ്ട്. കൂടുതല്‍ യുവജനങ്ങള്‍ തൊഴില്‍ തേടി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അജപാലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കാനഡായില്‍ ഒരു ക്‌നാനായ വൈദികന്‍ ശുശ്രൂഷ ചെയ്യുന്നു. അദ്ദേഹം കാനഡായില്‍ സ്ഥാപിതമായിരിക്കുന്ന സീറോ-മലബാര്‍ രൂപതയില്‍ വികാരി ജനറാളും ക്‌നാനായക്കാര്‍ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ട വൈദികനുമാണ്. നിലവില്‍ മൂന്നു മിഷനുകളാണു കാനഡായിലുള്ളത്. ഓഷ്യാനായില്‍ ഒരു ക്‌നാനായ ഇടവകയും മൂന്നു മിഷനുകളും (5000 ഓളം ക്‌നാനായക്കാര്‍, 3 വൈദികര്‍), ഇറ്റലിയില്‍ ക്‌നാനായ ക്കാര്‍ക്കായി 3 വൈദികരും (225 കുടുംബങ്ങള്‍ 1375 അംഗങ്ങള്‍), ബല്‍ജിയത്ത് ഒരു ക്‌നാനായ വൈദികനും (250 കുടുംബങ്ങള്‍), സ്വിറ്റസര്‍ലണ്ടില്‍ 2 വൈദികരും ശുശ്രൂഷ ചെയ്യുന്നു. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, മാള്‍ട്ട, ജര്‍മ്മനി എന്നിവിടങ്ങളിലെ ക്‌നാനായക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി സാധിക്കുന്ന രീതിയില്‍ ക്‌നാനായ വൈദികര്‍ ശുശ്രൂഷ ചെയ്തുവരുന്നു.
ഇങ്ങനെ ക്‌നാനായക്കാര്‍ മിഷനറിദൗത്യം തങ്ങളുടെ ഉത്തരവാദിത്വമായി തുടരുന്നു എന്നു വിലയിരുത്തേണ്ടിവരുന്നു. എന്നാല്‍, അന്യ സംസ്‌കാരങ്ങളോട് അനുരൂപപ്പെടേണ്ടി വരുന്നതും മറ്റു വിശ്വാസപാരമ്പര്യങ്ങളുമായി ഇടപഴകേണ്ടി വരുന്നതും അസ്വസ്ഥതകള്‍ക്കു കാരണമാകുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ജനിച്ചുവളര്‍ന്നവരുടെയും പുതുതായി പൗരത്വം എടുക്കുന്നവരുടെയും സംഖ്യയിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവു ക്‌നാനായ അജപാലനം വിദേശ
രാജ്യങ്ങളില്‍ കാര്യക്ഷമമാക്കേണ്ടതിന്റെ അനിവാര്യത വെളിപ്പെടുത്തുന്നു. ഓരോ രാജ്യത്തിന്റെയും തനതായ രാഷ്ട്രീയ സാഹചര്യങ്ങളും പൗരത്വനിയമങ്ങളും ലത്തീന്‍ രൂപതകളുടെ അജപാലന നിലപാടുകളും പാരമ്പര്യങ്ങളും സഭാ നിയമങ്ങളും നിസ്സാരവല്‍ക്കരിക്കുന്ന രീതികളും, കൗദാശികതയെക്കാള്‍ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും ഭാവിയിലേയ്ക്കു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ക്‌നാനായ സമുദായത്തിന്റെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വളര്‍ച്ചയ്ക്കും കരുതലോടെയുള്ള പ്രവര്‍ത്ത
നങ്ങള്‍ ആവശ്യമാണ്. സഭയെയും വിശുദ്ധ പാരമ്പര്യങ്ങളെയും നിത്യരക്ഷയെയും വിലമതിക്കാതെയുള്ള സമുദായസംരക്ഷണം ആത്മാവില്ലാത്ത ശരീരംപോലെ ശുഷ്‌കമാകും. ആത്മരക്ഷയും പ്രേക്ഷിത ചൈതന്യവും സമുദായത്തിന്റെ ശ്രേഷ്ഠ ലക്ഷ്യമായി മാറ്റുവാന്‍ ശ്രദ്ധിച്ചാല്‍ മാത്രമേ സമുദായം ദൈവിക പദ്ധതിയുടെ ഭാഗമായി ഫലം ചൂടുകയുള്ളൂ. സഭയോടൊത്തു ജീവിക്കുകയും കൗദാശാജീവിതം നയിക്കുകയും തലമുറകളെ അതിലൂടെ വളര്‍ത്തുകയും ചെയ്യുവാന്‍ സഭയും വിശ്വാസവും അനിവാര്യമാണ്. ഉറച്ച വിശ്വാസിയായി സമുദായ പാരമ്പര്യങ്ങള്‍ക്ക് അനുസൃതം പ്രവാസദേശങ്ങളില്‍ കരുതലോടെ ജീവിക്കുവാന്‍ സമുദായം ഒരുമിച്ചു യത്‌നിക്കണം.

6. സഭയും ക്‌നാനായ സമുദായവും
1887-ല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കായി കോട്ടയം, തൃശൂര്‍ എന്നീ രണ്ടു വികാരിയത്തുകള്‍ സ്ഥാപിച്ചപ്പോള്‍ ക്‌നാനായക്കാര്‍ മുഴുവനും കോട്ടയം വികാരിയത്തിന്റെ കീഴിലായി. തദവസരത്തില്‍ കോട്ടയം വികാരിയത്തില്‍പെട്ട തെക്കുംഭാഗസമുദായത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അവര്‍ക്കു റോമില്‍നിന്നും ചാള്‍സ് ലവീഞ്ഞു മെത്രാനു നല്‍കിയ നിര്‍ദേശമനുസരിച്ചു പൊന്തിഫിക്കല്‍ പദവിയോടുകൂടിയ വികാരി ജനറലിനെയും രണ്ടു ആലോചനക്കാരെയും ലഭിച്ചു. മാക്കില്‍ പെ. ബഹു. മത്തായി അച്ചനായിരുന്ന തെക്കുംകാര്‍ക്കാ
യുള്ള വികാരി ജനറാള്‍. തെക്കുംഭാഗര്‍ക്കായി വികാരിയാത്ത് ഉണ്ടാകുന്നതിനുമുമ്പുതന്നെ തെക്കുംഭാഗരെ ഒരു സഭാഘടകമായി പരി. സിംഹാസനം പരിഗണിച്ചു പോന്നു എന്ന് ഈ ചരിത്രസത്യം സാക്ഷിക്കുന്നു.
1896-ല്‍ ഈ രണ്ടു വികാരിയത്തുകള്‍ പുനര്‍വിഭജിക്കപ്പെട്ടു തൃശൂര്‍, എറണാകുളം ചങ്ങനാശ്ശേരി വികാരിയത്തുകള്‍ സ്ഥാപിതമായപ്പോള്‍ തെക്കുംഭാഗരുടെ പള്ളികള്‍ എറണാകുളം, ചങ്ങനാശ്ശേരി വികാരിയത്തുകളില്‍ പ്രത്യേകമായി നിലനിന്നു. 1911 ല്‍ തെക്കുഭാഗര്‍ക്കുമാത്രമായി കോട്ടയം വികാരിയാത്ത് വി. പത്താം പിയൂസ് മാര്‍പ്പാപ്പ സ്ഥാപിച്ചു. എറണാകുളം, ചങ്ങനാശ്ശേരി വികാരിയത്തുകളില്‍ ഉണ്ടായിരുന്ന ക്‌നാനായ പള്ളികളും മറ്റു ക്‌നാനായ സഭ സംവിധാനങ്ങളും പുതിയ വികാരിയത്തില്‍ ഉള്‍കൊള്ളിച്ചു. തെക്കുംഭാഗ ജനതക്കുവേണ്ടി മാത്രമായുള്ള അജപാലന അധികാരത്തോടുകൂടിയാണു കോട്ടയം വികാരിയാത്തു സ്ഥാപിതമായത്.
1921-ല്‍ സീറോ മലബാര്‍ സഭയിലെ അന്നത്തെ നാലു മെത്രാന്മാരും ഡെലിഗേറ്റ് അപ്പസ്‌തോലിക്കയും ചങ്ങനാശ്ശേരി
യില്‍ ഒരുമിച്ചുകൂടി പാശ്ചാത്യ സുറിയാനി/ അന്ത്യോക്യ സുറിയാനി റീത്തു കേരളത്തിലും ഉപയോഗിക്കാന്‍ റോമില്‍നിന്നും അനുവാദം തേടി നിവേദനം നല്കി. പുനരൈക്യത്തിനായി തീവ്രമായി ആഗ്രഹിച്ച നമ്മുടെ പൂര്‍വ്വികരുടെയും അഭി. മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെയും പരിശ്രമഫലമായി 1921 ജൂലൈ 5-ന് അന്ത്യോക്യന്‍ സുറിയാനി (മലങ്കര) റീത്ത് പരിശുദ്ധ സിംഹാസനത്തില്‍നിന്നും അനുവദിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ക്‌നാനായ യാക്കോബായ സഭയില്‍നിന്നു 1921 മുതല്‍ കത്തോലിക്ക സഭയിലേക്കു പുനരൈക്യപ്പെട്ട ക്‌നാനായക്കാര്‍ അന്ത്യോക്യന്‍ റീത്ത് പാലിച്ചുകൊണ്ട് കോട്ടയം അതിരൂപതയിലെ മലങ്കര ഫൊറോനയില്‍ നിലനില്‍ക്കുന്നു. പുനരൈക്യ ശതാബ്ദി വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിനായി പരിശുദ്ധ സിംഹാസനം കോട്ടയം അതിരൂപതയുടെ സഹായമെത്രനായി ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിനെ നിയമിച്ചു നല്‍കിയത് അതിരൂപതയ്ക്കും ക്‌നാനായ-മലങ്കര സമൂഹത്തിനും ലഭിച്ച പ്രത്യേക അംഗീകാരമാണ്.
1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായപ്പോള്‍ മറ്റു വികാരിയത്തുകള്‍ രൂപതയായതോടൊപ്പം കോട്ടയം വികാരിയാത്തും രൂപതയായി.
1940-തുകളില്‍ തിരുവിതാംകൂര്‍ പ്രദേശത്തുനിന്നു നിരവധി ആളുകള്‍ മലബാറിലേക്കു കുടിയേറിയപ്പോള്‍ ഭാരതപ്പുഴക്കു വടക്കു സീറോ മലബാര്‍ സഭക്ക് അജപാലനാവകാശം ഉണ്ടായിരുന്നില്ല. രാജപുരം പ്രദേശം മംഗലാപുരം ലത്തീന്‍ രൂപതയുടേയും മടമ്പം പ്രദേശം കോഴിക്കോട് ലത്തീന്‍ രൂപതയുടേയും അധികാരത്തിലായിരുന്നു. മംഗലാപുരത്തുള്ള മെത്രാന്‍ അനുവാദം തരുകയും 1943 ഫെബ്രുവരി മാസത്തില്‍തന്നെ ഇന്നത്തെ കാസര്‍ഗോഡു ജില്ലയിലെ രാജപുരം ദേശത്ത് സീറോ-മലബാര്‍ റീത്തില്‍ ക്‌നാനായക്കാര്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, കോട്ടയം രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ 1943 മാര്‍ച്ച് 25-ന് മംഗളവാര്‍ത്ത തിരുന്നാള്‍ ദിവസം തിരുക്കുടുംബത്തിന്റെ നാമത്തില്‍ മലബാറില്‍ സീറോ-മലബാര്‍ ഇടവക സ്ഥാപിതമായി. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ അലക്‌സ്‌നഗറില്‍ – മടമ്പത്ത് എത്തിയ കുടിയേറ്റക്കാര്‍ക്ക് സീറോ-മലബാര്‍ റീത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതില്‍ കാലതാമസ്സം നേരിട്ടു. ഈസമയത്തു വത്തിക്കാന്‍ ഇടപെട്ട് കുടിയേറ്റക്കാര്‍ക്കുവേണ്ടി കോട്ടയം മെത്രാനു വൈദികരെ അയയ്ക്കാമെന്നും അവര്‍ കോഴിക്കോടു മെത്രാനെകണ്ട് ആവശ്യമായ അധികാരപത്രം വാങ്ങി നിര്‍ദ്ദിഷ്ട പള്ളികളില്‍ ജനങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നടത്തുവാനും റോം അനുവാദം നല്‍കി. ഇതേത്തുടര്‍ന്ന് 1953-ല്‍ തലശ്ശേരി രൂപത സ്ഥാപിക്കുകയും 1955 ല്‍ സീറോ-മലബാര്‍ സഭയുടെ അധികാരപരിധി ഭാരതപ്പുഴയ്ക്ക് വടക്കോട്ടു മംഗലാപുരംവരെ വ്യാപിപ്പിക്കുകയും ചെയ്തപ്പോള്‍ കോട്ടയം രൂപതയുടെയും അധികാരപരിധി അതനുസരിച്ചു വ്യാപിപ്പിച്ചു. (കോട്ടയം രൂപതയുടെ അധികാരാതൃത്തി വികസനം സംബന്ധിച്ച ഡിക്രി, Sacra Congregatio pro Ecclesia OrientaliDecretum, N. 1812/48 on April 29, 1955).

വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ക്‌നാനായക്കാര്‍ അതതു പ്രദേശത്തു സ്ഥാപിതമായിരിക്കുന്ന മിഷനുകളിലോ ഇടവകയിലോ അംഗമായി ചേര്‍ന്ന് അതുവഴി അതിരൂപതയു
മായുള്ള ബന്ധം തുടരണം. വിദേശങ്ങളിലുള്ളവര്‍ നാട്ടില്‍ വിവാഹത്തിനായി എത്തുമ്പോള്‍ തങ്ങള്‍ അംഗമായിരിക്കുന്ന മിഷനില്‍നിന്നുള്ള വൈദികന്റെ കത്തു വിവാഹം നടത്താനാഗ്രഹിക്കുന്ന പള്ളിയില്‍ കൊണ്ടുവരണം. എങ്കിലേ സാധുവായ വിവാഹാശീര്‍വാദം നടത്താന്‍ സാധിക്കൂ. എന്നാല്‍ ക്‌നാനായ ഇടവകകളോ മിഷനുകളോ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായക്കാര്‍ അവിടെയുള്ള മറ്റു കത്തോലിക്കാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. വിവാഹത്തിനായി വരുന്നവര്‍ ക്‌നാനായ മക്കളാണെന്ന് ഉറപ്പു
വരുത്തുവാനാണ് ഈ രീതി തുടരണമെന്ന് ആവശ്യപ്പെടുന്നത്.
1970 മുതലെങ്കിലും അമേരിക്കയിലേക്കു കുടിയേറിയ ക്‌നാനായക്കാരുടെ അജപാലന ശുശ്രുഷക്കായി ക്‌നാനായ വൈദീകരെ ചിക്കാഗോ ലത്തീന്‍ രൂപതയിലേക്കയക്കുകയും അവരുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കും ശുശ്രുഷ ലഭിക്കുകയും ചെയ്തു.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2003 ഡിസംബര്‍ 23-ാം തീയതി നടത്തിയ പരമാധികാര നിശ്ചയം Soverigndecision) വഴി കോട്ടയം രൂപത തെക്കുംഭാഗജനത്തിനു വേണ്ടിയുള്ളതാണ് എന്ന തനിമ നിലനിര്‍ത്തപ്പെടേണ്ടതാണെന്നും അതിന്റെ പദവി ഉയര്‍ത്തുന്ന കാര്യം സീറോ മലബാര്‍ സിനഡ് തീരുമാനിക്കണമെന്നും നിര്‍ദേശിച്ചു. അതിനായി ചേര്‍ന്ന സീറോ മലബാര്‍ സിനഡില്‍ അനുകൂലമായ തീരുമാനമുണ്ടാവുകയും 2005 മെയ് 9-ാം തീയതി കോട്ടയം രൂപതയെ സാമന്ത രൂപതകളില്ലാത്ത അതിരൂപതയായി സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡ് ഉയര്‍ത്തുകയും ചെയ്തു.സീറോ മലബാര്‍ സിനഡു മെത്രാന്മാരെ നിയമിക്കാന്‍ അനുവാദം ലഭിച്ചുകഴിഞ്ഞ് ആദ്യം സീറോ മലബാര്‍ സഭയില്‍ മെത്രാനായി നിയമിതനായതു മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവാണ്.

ക്‌നാനായക്കാര്‍ ലോകത്തെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ 2017 ഓഗസ്റ്റ് 29-ാം തീയതി ലോകമെമ്പാടുമുള്ള ക്‌നാനായക്കാരുടെമേല്‍ വ്യക്തിഗത അധികാരം നല്കണമെന്ന അപേക്ഷ പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയിട്ടുണ്ട്. ഇതിനു മറുപടിയായി, ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ താമസമാക്കിയിരിക്കുന്നവരുടെ വിശ്വാസവും സന്മാര്‍ഗ്ഗപരവുമായ കാര്യങ്ങള്‍ക്ക് അവിടെയുള്ള മെത്രാന്മാര്‍ നേതൃത്വം നല്കുമെന്നും എന്നാല്‍, അവരുടെ സാംസ്‌കാരിക വളര്‍ച്ചയ്ക്കും, ആചാരാനുഷ്ഠാനപാലനത്തിനും നേതൃത്വം കൊടുക്കുന്നതിനായി കോട്ടയം അതിരൂപതാ
ദ്ധ്യക്ഷനോ സഹായമെത്രാനോ തദ്ദേശീയമെത്രാന്റെ അറിവോടെ സന്ദര്‍ശനങ്ങള്‍ നടത്താനോ കത്തുകള്‍ മുഖേന ബന്ധപ്പെടാനോ ഉള്ള അധികാരം 2017 നവംബര്‍ 15 നു പൗരസ്ത്യ തിരുസംഘം അനുവാദം നല്കിയിട്ടുണ്ട്  (Othermeans must be sought to help Knanaya persons living far from
home to retain, where possible, their cultural ties; this cancertainly include visits or letters from the Archbishop of
Kottayam or his Auxiliary, with prior accord of Local Bishop,provided that any confusion regarding jurisdiction is avoided CONGREGATIO PRO ECCLESIIS ORIENTALIBUS, Prot. N. 203/2012, November 15, 2017)

ഷംഷാബാദ് രൂപത സ്താപിതമായതോടെ ഇന്‍ഡ്യ മുഴുവനും സുവിശേഷപ്രഘോഷണം നടത്തുവാനുള്ള അനുവാദം സിറോ-മലബാര്‍ സഭയ്ക്കു ലഭിച്ചിരിക്കുകയാണ്. ഇതു ഇന്‍ഡ്യ മുഴുവനുമുള്ള അജപാലനാധികാരമായി വ്യാപിപ്പിച്ചുകിട്ടുവാന്‍ (extension of the personal jurisdictionof the Syro-Malabar Major Arch Episcopal Church) ശ്രമങ്ങള്‍ നടന്നുവരുന്നു. ഈ അനുവാദം ലഭിക്കുമ്പോള്‍ കോട്ടയം അതിരൂപതയുടെ അജപാലനാധികാരവും വ്യാപിപ്പിച്ചു കിട്ടുവാനുള്ള അനുവാദം ലഭിക്കണമെന്ന് 29-08-2017ല്‍ മാര്‍ മാത്യു മൂലക്കാട്ടും, മാര്‍ ജോസഫ് പണ്ടാരശ്ശേരിയും ഒരുമിച്ചു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സീറോ-മലബാര്‍ സഭാ സിനഡ് ഇതു അംഗീകരിച്ചു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പൗരസ്ത്യ സുറിയാനിക്കാരുടെ സംഭാവനയാണു കേരളത്തിലെ സുറിയാനി റീത്ത്. ക്‌നാനായജനതയുടെ പ്രേഷിത കുടിയേറ്റത്തിലൂടെ ഉണ്ടായ സംഭാവന ആണത്. അത് ആരാധനാക്രമപരവും ആത്മീകവും ദൈവശാസ്ത്രപരവും ശിക്ഷണപരവുമായ പൈതൃകമാണ്. സീറോ മലബാര്‍ സഭയുടെയും ക്‌നാനായ ജനത്തിന്റെയും വിശ്വാസം ജീവിക്കുന്ന രീതി/ശൈലി ഒന്നാണ്. ഈ പൈതൃകങ്ങള്‍ സീറോ മലബാര്‍ സഭക്കും ക്‌നാനായ സമുദായത്തിനും ഒന്നു തന്നെയാണ്. അതുപോലെ സീറോ മലബാര്‍ സഭയും ക്‌നാനായ സമുദായവും പരസ്പരം പങ്കുചേര്‍ന്ന് അനുഭവിയ്ക്കുന്ന നിരവധി ആത്മീയ മേഖലകളുണ്ട്. വിശുദ്ധരുടെ തിരുനാളുകള്‍, തിരുസ്വരൂപം വഹിച്ചുള്ള പ്രദിക്ഷണങ്ങള്‍, ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, ധ്യാനങ്ങള്‍, നൊവേനകള്‍ തുടങ്ങിയവയും അതില്‍ ഉള്‍പ്പെടും. കൂടാതെ, നാം ഇന്ന് ഉപയോഗിക്കുന്ന തിരുപ്പട്ടക്രമം വി. കുര്‍ബാന തക്‌സാ, കൂദാശ പുസ്തകങ്ങള്‍ തുടങ്ങിയവും സീറോ മലബാര്‍ സഭയില്‍ പൊതു ഉപയോഗത്തിനായി രൂപപ്പെടുത്തിയിട്ടുള്ളതാണ്.
ക്‌നാനായ സമുദായ ചരിത്രം ബന്ധങ്ങളുടെ ചരിത്രമാണ്. ഈ സമുദായ ചരിത്രത്തിനു യഹൂദജനത്തിന്റെ ചരിത്രവുമായും കത്തോലിക്കാ സഭയുടെ ചരിത്രവുമായും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധമുണ്ട്. ആ ബന്ധത്തിലാണു ക്‌നാനായ സമുദായം നിലനില്‍ക്കുന്നതും പ്രസക്തമാകുന്നതും. ക്‌നാനായ പൈതൃകമായ സ്വവംശവിവാഹനിഷ്ഠ വിശ്വസ്തതയോടെ പാലിക്കാന്‍ സാധിക്കണം. ഈ അതിരൂപതയെ സ്വയാധികാര സഭയായി ഉയര്‍ത്താനുള്ള എല്ലാ പരിശ്രമങ്ങളും തുടരണം. കത്തോലിക്ക വിശ്വാസത്തെ കുറവുകൂടാതെ വിശ്വസിച്ചു ജീവിക്കണം. ക്‌നാനായക്കാരായ നമ്മുടെ സഭാത്മകജീവിതത്തില്‍ സഭയും സമുദായവും ആദരിക്കപ്പെടണം. സഭ നിത്യരക്ഷയ്ക്കായി കര്‍ത്താവു സ്ഥാപിച്ച കൂദാശയാണ്. സമുദായം അര്‍ത്ഥപൂര്‍ണ്ണമായി നിലനില്ക്കാനുള്ള കെട്ടുറപ്പാണു സഭയുമായുള്ള ബന്ധം. സഭയെ പഠിക്കുന്നതിലൂടെ സമുദായത്തെ കൂടുതല്‍ സ്‌നേഹിക്കാനും സമുദായത്തെ സ്‌നേഹിക്കുന്നതിലൂടെ സഭയില്‍ ആഴത്തില്‍ വിശ്വസിക്കാനും സാധിക്കും.
ക്‌നാനായ സമുദായം ഇന്നു ലോകത്തെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉപയോഗപ്പെടുത്തുവാനാണ് അനുസ്യൂതം ഈ കുടിയേറ്റം തുടരുന്നത്. ഈ കുടിയേറ്റത്തിന്റെ അലയടികളാണു ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികള്‍. വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന യുവജനങ്ങളുടെ കുടിയേറ്റമാണ് മറ്റു സമുദായങ്ങളെപ്പോലെ ക്‌നാനായ സമുദായം നേരിടുന്ന പ്രധാന വെല്ലുവിളി. നല്ല ലക്ഷ്യത്തോടെയാണ് ഇവര്‍ രാജ്യാന്തരങ്ങളില്‍ എത്തുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതസുരക്ഷിതത്വവും ഇവര്‍ക്കു സ്വായത്തമാക്കാന്‍ കഴിയുന്നു എന്നതു സത്യമാണ്. അതുകൊണ്ടു നമ്മുടെ കുടുംബങ്ങളും ഇടവകകളും അംഗബലത്തില്‍ ചുരുങ്ങി
പ്പോകുന്നു.ഇതിന്റെ പാര്‍ശ്വഫലങ്ങളാണു മറ്റു വെല്ലുവിളികള്‍. ഇടവകകളില്‍ പ്രായമായവര്‍മാത്രം നിലനില്ക്കുന്നു. മക്കളുടെ ശുശ്രൂഷയ്ക്കായി മാതാപിതാക്കള്‍ പോകുന്നതുകൊണ്ടു മദ്ധ്യവയസ്‌ക്കരുടെ എണ്ണവും കുറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം
പോലും പൂര്‍ത്തിയാകുന്നതിനുമുമ്പു കുടുംബസമേതം മറ്റു രാജ്യങ്ങളിലേയ്ക്കു പോകുന്നതുകൊണ്ടു വിശ്വാസപരിശീലന ക്ലാസ്സുകളിലും കോളജുവിദ്യാഭ്യാസരംഗത്തും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നു. സ്‌കൂള്‍, കോളജുതലങ്ങളില്‍ അദ്ധ്യാപനനിയമനത്തിനു യോഗ്യതയുള്ളവര്‍ കുറവായിരിക്കുന്നു. അതുപോലെതന്നെ ഗവണ്‍മെന്റ് തലങ്ങളില്‍ നമ്മുടെ സമുദായത്തില്‍നിന്നു ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ത്ഥികളും കുറഞ്ഞുവരുന്നു.

ഈ സാഹചര്യത്തില്‍ സമുദായക്കെട്ടുറപ്പിനെക്കുറിച്ചു വ്യക്തമായ ചിന്ത ഉണ്ടാകേണ്ടിയിരിക്കുന്നു. ക്‌നാനായ സമുദായത്തില്‍നിന്നു പഠനത്തിനോ ഉദ്യോഗത്തിനോ ആയി പുറത്തുപോയവര്‍ ആരും സമുദായം വിട്ടുപോകാന്‍ പാടില്ല എന്ന ഒരു നിഷ്ഠയില്‍ നാം ഉറച്ചുനില്ക്കണം. ദൂരെ രാജ്യങ്ങളിലായിരിക്കുന്നവര്‍ തമ്മില്‍ ഒരു ബന്ധം – On-line
connectivity – ഉണ്ടാകുന്നതാണു പ്രധാന കാര്യം. എത്രപേര് ഏതു രാജ്യത്തേയ്ക്കു എന്തിനായി പോകുന്നു എന്നു നാട്ടിലെ ഇടവകയിലും അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ ക്‌നാനായ മിഷനുകളും ഇടവകകളും ഉണ്ടെങ്കില്‍ അതതു സ്ഥലങ്ങളിലെ ക്‌നാനായ വൈദികര്‍ വഴിയും അല്ലെങ്കില്‍ മറ്റേതൊരു സംവിധാനമുണ്ടെങ്കില്‍ അതുവഴിയും ബന്ധങ്ങള്‍ സ്ഥാപിച്ചിരിക്കണം. ഇതു വിശ്വാസപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനും സാമുദായിക കെട്ടുറപ്പിനും ഉപകരിക്കും. പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തിടങ്ങളില്‍ എത്തുന്നവര്‍ on off line  കൂട്ടായ്മകള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. നാട്ടിലുള്ള ഇടവക വികാരിമാരുമായുള്ള ഇത്തരത്തിലുള്ള ബന്ധം സാമുദായികബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കും. ഇങ്ങനെയുള്ള on-off line  സമ്മേളനങ്ങളില്‍ വിശ്വാസ-സമുദായ -ധാര്‍മ്മിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെറിയ കൂട്ടായ്മകളിലെങ്കിലും സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്നതു കൂടുതല്‍ ഉപകരിക്കാം. വിദേശങ്ങളിലെ മിഷനുകളിലേയും ഇടവകകളിലേയും അയക്കപ്പെട്ടിരിക്കുന്ന വൈദികരുടെ നേതൃത്വത്തില്‍ യുവജനകൂട്ടായ്മകള്‍ – അസംബ്ലികള്‍ നടത്താന്‍ സാധിച്ചാല്‍ അതു പരസ്പരം അറിയുന്നതിനും ബന്ധങ്ങള്‍ ബലപ്പെടുത്തുന്നതിനും ഉപകരിക്കും.

യുവജനങ്ങളും മദ്ധ്യവയസ്‌കര്‍ മക്കളോടൊപ്പവും മറ്റു രാജ്യങ്ങളിലേയ്ക്കു കുടിയേറുമ്പോള്‍ പ്രായമായവര്‍ കുടുംബങ്ങളില്‍ ഒറ്റയ്ക്കാകുന്നു. ഇവരുടെ ആത്മീയ-ശാരീരിക ശുശ്രൂഷ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പകല്‍ വീടുകളുടെയും വൃദ്ധപരിചരണ ഭവനങ്ങളുടെയും കുടുംബം കേന്ദ്രീകൃതമായ palliative care˛ റെയും പ്രസക്തി ഏറി വരുകയാണ്. സമര്‍പ്പിത സമൂഹങ്ങള്‍ക്കും അത്മായ സംഘടനകള്‍ക്കും ഇത്തരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ അതു മുതിര്‍ന്ന തലമുറയ്ക്കു ചെയ്യാന്‍ കഴിയുന്ന വലിയ അനുഗ്രഹമാകും.
ഇത്തരുണത്തില്‍ വിശ്വാസവും സമുദായബോധവും കെട്ടുറപ്പും നിലനില്ക്കുന്നതിനും ഉറപ്പാക്കുന്നതിനും കര്‍ത്താവു പഠിപ്പിച്ച ഉപമ ജീവിതത്തില്‍ പാഠമാക്കുകയാണുത്തമം. അകന്നുനില്ക്കുന്ന എല്ലാവരും മുന്തിരിച്ചെടിയുടെ ശാഖകള്‍ തായ്ത്തണ്ടിനോടു ചേര്‍ന്നുനില്ക്കുന്നതുപോലെ (യോഹ. 15, 1-10) സഭയോടും, സഭാ-സമുദായ സംവിധാനങ്ങളോടും ബന്ധപ്പെട്ടു ജീവിക്കുക. എത്രമാത്രം എന്തുതന്നെ നാം സമാഹരിച്ചാലും നിത്യരക്ഷയാണു ഏറ്റവും പ്രധാനപ്പെട്ടത്. അതിനുള്ള മാര്‍ഗ്ഗമായി കര്‍ത്താവു നമുക്കു നല്കിയിരിക്കുന്ന ജീവിതക്രമമാണു സഭ. അതിരൂപതവഴി സഭയാകുന്ന തായ്ത്തണ്ടിനോടു മുറിയാത്ത ബന്ധം നാം സൂക്ഷിക്കണം. സഭാവിശ്വാസത്തില്‍ ആഴപ്പെടണം; പരി.കുര്‍ബാനയിലുള്ള പങ്കുകൊള്ളല്‍ ജീവിതനിഷ്ഠയാക്കണം; സഭയുടെ സന്മാര്‍ഗ്ഗപഠനങ്ങള്‍ ജീവിതത്തില്‍ മാര്‍ഗ്ഗദര്‍ശകങ്ങളായി സ്വീകരിച്ചു പാലിക്കണം. പരി. സിംഹാസനം നമുക്ക് അനുവദിച്ചു തന്നിട്ടുള്ള സഭാസംവിധാനങ്ങളോടു സഹകരിച്ചും ചേര്‍ന്നുനിന്നും വിശ്വാസത്തില്‍ ഉറച്ചു സമുദായബോധ്യങ്ങള്‍ വളര്‍ത്തി സഭാതനയരായി നമുക്കു വളരാം.

ഭാഗം-  3
എപ്പാര്‍ക്കിയല്‍ അസംബ്ലി : പ്രധാന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

 

 

 

 

 

നാലാം എപ്പാര്‍ക്കിയല്‍ അസംബ്ളിയില്‍ സംബന്ധിച്ചവര്‍

1 Mar Mathew Moolakkatt
2 Mar Joseph Pandarasseril
3 Gheevarghese Mar Aphrem
4 Fr. Thomas Mulavanal
5 Fr. Michael Vettickatt
6 Fr. John Chennakuzhy
7 Fr. Alex Akkaparambil
8 Fr. Stephen Muriangottunirappel OSH
9 Fr. Thomas Vadakkethotty
10 Fr. Bino Cheriyil OSB
11 Fr. Thomas Pralel
12 Fr. Thomas Animoottil
13 Fr. Jose Nedungattu
14 Fr. Abraham Parambett
15 Fr. Mathew Manakkatt
16 Fr. Shaji Poothara
17 Fr. Joseph Areechira
18 Fr. Mathew Kattiyangal
19 Fr. Mathew Meledath
20 Fr. George Puthuparambil
21 Fr. Kurian Choozhukunnel OSH
22 Fr. Abraham Anchembil
23 Fr. Philip Ramachanatt
24 Fr. Binu Kunnath
25 Fr. Joy Kattiyangal
26 Fr. Sunil Perumanoor
27 Fr. Johnson Neelanirappel
28 Fr. Jacob Valel
29 Msgr. Mathew Elappanickal
30 Fr. Cyriac Padapurackal
31 Fr. Stephen Cheekkapparayil
32 Fr. George Kappukalayil
33 Fr. Jacob Mulloor
34 Fr. Winson Kuruttuparambil
35 Fr. Thomas Puthiyakunnel
36 Fr. Mathew Parathottumkara
37 Fr. Mathew Kannuvettiyel OSH
38 Fr. Stephen Kandarapally
39 Fr. Alex Olikkara
40 Fr. Symon Pullattu
41 Fr. Mathew Kochadampallil
42 Fr. James Ponganayil
43 Fr. Joseph Parackal
44 Fr. Jinu Kavil
45 Fr. Shaji Mukalel
46 Fr. Saji Kochuparambil
47 Fr. Abraham Puthukulathil
48 Fr. Renny Kattel
49 Fr. Graceson Vengackal
50 Fr. Saneesh Kayyalakkakath
51 Fr. Joice Nandikunnel
52 Fr. Bibin Chakkumkal
53 Fr. Cyriac Ottappallil
54 Fr. Toby Sauriammakkel
55 Fr. Tinesh Pinarkayil
56 Fr. Jithin Vallarkattil
57 Fr. Chacko Koottakallumkal
58 Fr. Joseph Vellappallikuzhiyil
59 Fr. George Karukaparambil
60 Fr. Joshy Valiyaveettil
61 Fr. Thomas Vattakkattil OSH
62 Fr. Shelton Appozhiparambil
63 Fr. Saji Methanath
64 Fr. George Unnukallel
65 Fr. Shaju Chamapara OSH
66 Fr. Jibin Manalodiyil
67 Fr. Mathew Kuriathara OSH
68 Fr. Philip Karisserickal
69 Fr. Joy Kalavelil
70 Fr. Jibin Thazhathuvettath
71 Fr. Jibin Kalayilkarottu OSH
72 Fr. Sijo Marangattil
73 Fr. James Pattathettu
74 Fr. Thomas Adoppillil
75 Fr. Jijo Nellickakandathil
76 Fr. Chacko Vandankuzhy
77 Fr. Baiju Mukalel
78 Sr. KarunaSVM
79 Sr. Mercilet SVM
80 Sr. Latha SVM
81 Sr. Jesna SVM
82 Sr. Kochurani SVM
83 Sr. Anitha SJC
84 Sr. Gracy SJC
85 Sr. Tiji SJC
86 Sr. Lekha SJC
87 Sr. Lissy John (Caritas Secular Institute)
88 Sr. Nisha John (Caritas Secular Institute)
89 Sr. Sonia Thomas (Caritas Secular Institute)
90 Sr. Adele LDSJG
91 Sr. Romilda LDSJG
92 Chev. Joy Joseph Kodiyanthara
93 Justice Cyriac Joseph Karakkattu
94 Shri. Thomas Chazhikadan MP
95 Adv. Agi Joseph Koickal
96 Shri. Stephen George Ex. MLA
97 Shri. Jaimon Nandikattu
98 Shri. Thomas Baby Pulpara
99 Shri. Libin Jose Parayil
100 Shri. Thampi Erumelikkara
101 Smt. Lincy Rajan Vadasserikunnel
102 Shri. Binoy Edayadiyil
103 Shri. Johnny T.K. Theruvath
104 Shri. Prince John Kulakkatt
105 Smt. Aleena Lumon Palathingal
106 Shri. Shelly Joseph Alappatt
107 Dr. Riya Susan Scariah Alooparambil
108 Shri. Jose Mathew Kaniyaparambil
109 Shri. Tom Thomas Nandikunnel
110 Shri. Ajeesh Abraham Kondadumpadavil
111 Shri. Johnys P Stephen Pandiyamkunnel
112 Shri. Tom Mathew Karikulathil
113 Shri. Alex T.M.Illichuvattil
114 Smt. Beena Makil Nedumchira
115 Shri. Gigi Thomas Paimpallil
116 Shri. Jomon Johny Kunnel
117 Shri. K.C. Abraham Kureekottil
118 Shri. Shyji Ottapally
119 Shri. Sunny Naduveettil
120 Smt. Jainamma Mohan Mulavelipurath
121 Shri. Thomas Arakkathara
122 Shri. Sunny Mattathil
123 Shri. Santhosh Joseph Kanakamotta
124 Shri. Moncy Kudilil
125 Shri. Sabu Kurian Karisserickal
126 Dr. Mathew Pullolil
127 Shri. Philip Skaria Perumbalathusseril
128 Shri. Baby C. M Churavelilkudilil (Commander)
129 Shri. Stephen Uralil
130 Shri. Shiju Kooranayil
131 Shri. Stephen U K Urumbil
132 Prof. Mercy Moolakkatt
133 Dr. T.M. Joseph Thekkumperumalil
134 Shri. P.A. Babu Parambadathumalayil
135 Dr. Ajith James Chundekalayil
136 Shri. Stephen Puthenpurayil

 

 

 

 

 

 

Previous Post

ക്നാനായ സ്റ്റാര്‍സ് : 13-ാം ബാച്ച് കുട്ടികളുടെ ഏകദിന കൂടിവരവും മെന്റേഴ്‌സ് പരിശീലനവും സംഘടിപ്പിച്ചു

Next Post

സ്വാഗത സംഘം രൂപീകരിച്ചു

Total
0
Share
error: Content is protected !!