ലോകത്തെവിടെയും അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രധാന സ്വപ്നങ്ങളിലൊന്ന് തങ്ങള്‍ക്കു ജീവിക്കാനാവശ്യമായ ജോലി ലഭിക്കണം എന്നതാണ്. ജോലിയെന്നു പറയുന്നതു മനുഷ്യന്റെ ആത്മപ്രകാശനമാര്‍ഗ്ഗം കൂടിയാണ്. ഇന്ത്യ കണ്ട പ്രഗത്ഭരായ രാഷ്ട്രപതിമാരിലൊരാളായ ഡോ. എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞതു യുവജനങ്ങള്‍ക്കും സ്വപ്നം കാണാന്‍ കഴിയണം എന്നതാണ്. സ്വപ്നം കാണുന്നവര്‍ ആ സ്വപ്നം സാക്ഷാത്ക്കരിക്കുവാനായി അദ്ധ്വാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ യുവജനങ്ങളുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ഇന്നു നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളിലൊന്ന് രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെയും തൊഴില്‍ നഷ്ടങ്ങളുടെയും ആഴം വ്യക്തമാക്കുന്ന പല പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ ഏജന്‍സികളും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായി രാജ്യത്തെ അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മ ഇരട്ടിയായെന്ന് ഈയിടെ പുറത്തു വന്ന ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവജനങ്ങളാണെന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെങ്കിലും നേടിയവരുടെ ഇടയില്‍ തൊഴിലില്ലായ്മ ഇരട്ടിയായെന്നുമാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ ഡവലപ്പ്മെന്റും ചേര്‍ന്നു പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അഭ്യസ്തവിദ്യരുടെ ഇടയില്‍ 2000 ല്‍ 35.2% ഉണ്ടായിരുന്ന തൊഴിലില്ലായ്മ 2022 ല്‍ 65.7% ആയി ഉയര്‍ന്നിരിക്കുന്നു എന്നത് തികച്ചും പരിഗണന അര്‍ഹിക്കുന്ന രാഷ്ട്രീയ വിഷയം കൂടിയാണ്. നമ്മുടെ രാജ്യത്തു വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ അഭ്യസ്തവിദ്യരുടെ ഇടയില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍ ഈ വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നില്ല. കോവിഡ് കാലഘട്ടത്തില്‍ കൂടുതല്‍ തൊഴില്‍ നഷ്ടപ്പെട്ടത് ഈ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. നമ്മുടെ രാജ്യത്തെ തൊഴില്‍ ശക്തിയുടെ 90% പേരും അസംഘടിത മേഖലയില്‍ ആണ് പണിയെടുക്കുന്നത്.
സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ 2000-നു ശേഷം കാര്യമായി ഉയര്‍ന്നെങ്കിലും 2018 നു ശേഷം കുറഞ്ഞിട്ടുണ്ട്. 140 കോടി ജനസംഖ്യ ഉള്ള ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിക്കു താഴെയാണെന്നതു ഗൗരവമായ വിഷയം തന്നെയാണ്. 2022 ജനുവരിക്കും ഏപ്രിലിനുമിടയില്‍ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് 17.8% ആണ്. അഞ്ചു വര്‍ഷം മുന്‍പു 2017 ല്‍ ഇതേ കാലയളവില്‍ അതു 11% ആയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 6.8% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അങ്ങനെ ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരായ യുവതയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 2022 ലെ മൊത്തം ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിനു താഴെയുള്ളവരാണ്. ഇതു 81 കോടി വരും. ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള രാജ്യത്തിന്റെ വിഭവശേഷിയായ യുവജനങ്ങളില്‍ പകുതിയിലധികം പേര്‍ക്കും തങ്ങളുടെ അദ്ധ്വാനശേഷി വിനിയോഗിക്കാനുള്ള അവസരം രാജ്യത്തില്ലെന്നുള്ളത് പുരോഗതിയുടെ മേനി പറയുന്ന ഭരണകൂടത്തിനു നാണക്കേടാണ്.
നിര്‍മ്മിത ബുദ്ധിയുടെയും മറ്റു സാങ്കേതിക വിദ്യയുടെയും കടന്നുവരവ് വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും ന്യായമായ നയരൂപീകരണവും ഇടപെടലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള തൊഴില്‍ സാഹചര്യമോ മെച്ചപ്പെട്ട ജീവിത സാഹചര്യമോ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2019 നു ശേഷം സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും കുടുംബത്തൊഴില്‍ ചെയ്യുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ അദ്ധ്വാനത്തിനു അനുസൃതമായി വരുമാനം ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് ആയിട്ടില്ല.
കാര്‍ഷിക വൃത്തിയിലും ക്ഷീര കൃഷിയിലുമൊക്കെ ഇടപെട്ട് ജീവിക്കുന്ന കേരളത്തിലെ തൊഴിലാളികളുടെ അവസ്ഥയും മെച്ചമല്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിനു 2022 ല്‍ മിനിമം വേതനം പോലും ലഭിച്ചിട്ടില്ല. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ തൊഴില്‍ അസമത്വം നിലനില്ക്കുന്നു. എന്‍.ഡി.എ ഭരണകാലത്തു തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഇടിഞ്ഞെന്ന ഭരണ നേതൃത്വത്തിന്റെ അവകാശവാദം പൊളിക്കുന്നതാണ് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തില്‍, കഴിഞ്ഞ 22 വര്‍ഷത്തിനിടെ, അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്നുമുള്ള ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വലിയ ചര്‍ച്ചയ്ക്കു ഇടയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവു വി. അനന്തനാഗേശ്വരനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത് എന്നതുകൊണ്ട് ഈ റിപ്പോര്‍ട്ടിനു ഔദ്യോഗിക സ്വഭാവവും കൈവന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് റെയില്‍വേയിലും കേന്ദ്ര സര്‍വീസിലുമായി ലക്ഷക്കണക്കിനു തസ്തികകള്‍ നികത്തപ്പെടാതെ കിടക്കുന്നത് എന്നതു പരിഗണിക്കണം.