കോട്ടയം: സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ‘അക്ഷരച്ചൂട്ട്’ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനമാസാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത കവി മുരുകന് കാട്ടാക്കട നിര്‍വഹിച്ചു. വായനയുടെ പ്രാധാന്യവും, സാഹിത്യത്തിന്റെ സാമൂഹിക പ്രസക്തിയും മുരുകന് കാട്ടാക്കട വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. സമൂഹത്തിലെ നന്മതിന്മകളെ നേരിന്റെ നേര്‍ക്കാഴ്ചയോടെ കാവ്യാത്മകമായി അക്ഷരക്കൂട്ടുകളാല്‍ കോര്‍ത്തിണക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അദ്ദേഹം തന്റെ കവിതകള്‍ ആലപിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി. കുട്ടികള്‍ അദ്ദേഹവുമായി അഭിമുഖം നടത്തുകയും വിവിധ വിഷയങ്ങളില്‍ സംവദിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികളായ ഇനിയാ എ, യമീമ ആര്. എസ്.എന്നിവര്‍ വരച്ച മുരുകന് കാട്ടാക്കടയുടെ ചിത്രം അദ്ദേഹത്തിന് ഉപഹാരമായി കൈമാറി.സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് ഹെഡ്മിസ്ട്രസ് സി. പ്രിയ എസ്. ജെ. സി.,
പി.ടി.എ.പ്രസിഡണ്ട് ജോര്‍ജ് തോമസ്, സ്റ്റാഫ് സെക്രട്ടറി ടോം മാത്യു, വിദ്യാര്‍ത്ഥി പ്രതിനിധി അതുല്യ എസ്. എന്നിവര്‍ സംസാരിച്ചു. കുട്ടികളും അധ്യാപകരും രചിച്ച കവിതകള്‍ പ്രദര്‍ശിപ്പിച്ച ‘കവിതമരം’, വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യം പരിചയപ്പെടുത്തിയ ‘പുസ്തകത്തോണി’ എന്നിവ ശ്രദ്ധേയമായി.
ഡി.സി.ബുക്സ് ഒരുക്കിയ പുസ്തകമേള വിദ്യാര്‍ത്ഥികളില്‍ വായനയോടുള്ള താല്പര്യം വളര്‍ത്തുന്നതിനും മികച്ച പുസ്തകങ്ങളെ പരിചയപ്പെടുന്നതിനും അവസരം ഒരുക്കി. കുട്ടികള്‍ അവതരിപ്പിച്ച പ്രമുഖ കൃതികളുടെയും കഥാപാത്രങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങളും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.
കോട്ടയം സെന്റ് ആന്‍സ് സ്കൂളില്‍ വായന മാസാചരണത്തിനും വിദ്യാരംഗം കലാസാഹിത്യവേദിക്കും വര്‍ണാഭമായ തുടക്കം



