(Fr. Dr. Thomas M. Kottoor)
ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക -ശാരീരിക ആഘാതങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. ദുരന്ത വാര്‍ത്തകള്‍ നിത്യവും നമ്മെ തേടിയത്തെുന്നു. പേമാരി പോലെ തോരാത്ത കണ്ണീരും തീരാത്ത സങ്കടവും ഇവകള്‍ അവശേഷിപ്പിക്കുന്നു.
വാല്‍പ്പാറയില്‍ അവധിക്കാലത്തിന്്റെ ആഘോഷയാത്രയിലായിരുന്ന അധ്യാപകരുടെ അപകടം, പടക്കശാലയിലെ സ്ഫോടനം, തൃശ്ശൂര്‍ പൂരത്തിന്‍്റെ ആഘോഷങ്ങളെ എതിരേല്ക്കാന് നില്‍ക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ചിതറിത്തെറിച്ച് അപ്രത്യക്ഷരായവര്‍… വിമാന ദുരന്തത്തില്‍ കത്തിക്കരിഞ്ഞവര്‍… മുണ്ടക്കൈ – ചൂരല്‍മല – കണ്ണീര്‍പ്രളയം….
എല്ലാം ഓര്‍മയിലെ നൊമ്പരങ്ങളാണ്….
ദുരന്തങ്ങളുടെ പരമ്പരകള്‍ തുടര്‍ക്കഥകള്‍ പോലെ തുടര്‍ച്ചകളാകുന്നു…
വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത ഒറ്റപ്പെട്ട ദുരന്തങ്ങളുടെ ആഴം ആരും അറിയണമെന്നില്ല…..
ശാരീരിക- മാനസിക പീഡകളുടെയും പീഡനങ്ങളുടെയും ദുരിത പര്‍വങ്ങള്‍ ഏകാന്ത മൂകവും നിശബ്ദവുമാണ്.
ദുരന്തങ്ങളില്‍ മണ്മറഞ്ഞവരെക്കാള് കൂടുതല്‍ വേദനിക്കുന്നവര് അവരുടെ പ്രിയപ്പെട്ടവരാണ്. ഗാസയിലെ യുദ്ധക്കളങ്ങളില്‍ മരിച്ച കുഞ്ഞുങ്ങളുടെ അമ്മമാരുടെ വിതുമ്പുന്ന ദു:ഖം
അപഹരിക്കപ്പെട്ടവരെ കാത്തിരിക്കുന്നവരുടെ അജ്ഞാത നൊമ്പരങ്ങള്‍….
അഭയാര്‍ത്ഥികളായി അലയുന്നവരെ ഓര്‍ത്ത് ഭാരപ്പെടുന്നവര്‍….
പൂരം കാണാന്‍ കഴിയാതെ ചിതറിത്തെറിച്ച് ഇല്ലാതായ ഉറ്റവരുടെ സങ്കടം….
അക്ഷരമുറ്റത്തു നിന്നും തികച്ചും അവിചാരിതമായി യാത്രയായ പ്രിയ അധ്യാപകരുടെ ഓര്‍മകളില്‍ നീറുന്ന കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും വേദനകള്‍….
ഇരകളുടെ നൊമ്പരങ്ങളില്‍ വെന്തു നീറുന്ന മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആത്മസംഘര്‍ഷം….
വിചാരത്തിനു വഴിപ്പെടാത്ത അനേകം രൂപങ്ങള്‍ ദുരന്തങ്ങള്‍ക്കുണ്ട്.
പലപ്പോഴും ഉറ്റവരുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാന്‍ മാര്‍ഗമില്ലാതെ, വാക്കുകളില്ലാതെ ഭാരപ്പെടുന്നവര്‍ ഏറെയാണ്.
ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ദു:ഖം(Grief ) എന്ന വികാരം മനസിനെ മാത്രമല്ല ശരീരത്തെയും പ്രതികൂലമായി ബാധിക്കുന്നു. ചിലപ്പോള്‍ ദുരന്തങ്ങള്‍ മനസിനെ വല്ലാതെ ഉലയ്ക്കുന്നു. മനസിന്‍്റെ ദു:ഖഭാരം ശരീരത്തിന്്റെയും താളം തെറ്റിക്കും. ഇത് മസ്തിഷ്കത്തിലെ അതിജീവനക്ഷമത സാധ്യമാക്കുന്ന കേന്ദ്രങ്ങളെയും ഹോര്‍മോണ്‍ സംവിധാനങ്ങളെയും താറുമാറാക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗുരുതര രോഗം ബാധിച്ചവരുടെ ബന്ധുക്കളുടെ മരണ സാധ്യത 88 % കൂടുതലാണെന്ന് ഡെന്മാര്ക്കിലെ ആര്‍ഹസ് സര്‍വകലാശാലയിലെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തങ്ങളും മറ്റു ഭീകര സംഭവങ്ങളും സൃഷ്ടിക്കുന്ന “തീവ്രദു:ഖം’ ശരീരത്തില്‍ അമിത സമ്മര്‍ദം സൃഷ്ടിക്കുന്നു. അത് മറ്റു രോഗങ്ങള്‍ക്ക് കാരണമാകുന്നു.
എങ്ങനെ ദു:ഖത്തിന്്റെ തീവ്രതയും ദൈര്‍ഘ്യവും കുറയ്ക്കാനാവും.’ഈ കാലവും കടന്നുപോകും’, “തോരാത്ത മഴയുണ്ടോ’ എന്ന് മാത്രം പറയാതെ അവയെ ലഘൂകരിക്കാനുള്ള കഴിവും, അതിജീവന കരുത്തും ആര്‍ജിക്കാനുള്ള ചില മാര്‍ഗങ്ങള്‍ സൂചിപ്പിക്കട്ടെ.
1) മനസിലെ ദു:ഖം മറ്റൊരാളോട് പങ്കുവെക്കുമ്പോള്‍ കിട്ടുന്ന ആശ്വാസം വിചാരിക്കുന്നതിനേക്കാള്‍ മഹത്തരമാണ്. അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ് അതിന്‍്റെ നന്മ വ്യക്തമാകുന്നത്. ഉള്ളിലെ സങ്കടങ്ങള്‍ മുഴുവന്‍ വിശ്വസിക്കാവുന്ന വ്യക്തിയോട് തുറന്നു പറയാന്‍ കഴിയണം. “എനിക്കെന്്റെ ദു:ഖം “എന്ന് കരുതി മൗനിയാകരുത്
2) ‘കരച്ചില്’ ജീവന്‍രക്ഷാ സംവിധാനമാണ്, മാര്‍ഗമാണ്, ദൗര്‍ബല്യമല്ല. സങ്കടങ്ങളുടെ തീരത്തിരുന്ന് ഹൃദയം പൊട്ടി കരയുന്നത് വൈകാരിക ആശ്വാസമാണ്, വിമോചനമാണ്. കരച്ചിലിലൂടെ മനസിലെ ഭാരങ്ങളെ ലഘൂകരിക്കാന്‍ കഴിയും. വേര്‍പാടിന്‍്റെ മുറിവ് കരിയാന്‍ കണ്ണുനീരാണ് നല്ല ഒൗഷധം .
3) മണ്മറഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി അവര്‍ ആഗ്രഹിക്കുന്നതു പോലെ അതിജീവിക്കണമെന്ന് തീരുമാനിക്കണം. നമ്മില്‍നിന്നും വേര്‍പിരിഞ്ഞവര്‍ നമ്മുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. നമ്മള് എന്നും സമാധാനത്തിലും സന്തോഷത്തിലും ആയിരിക്കണമെന്ന അവരുടെ പ്രതീക്ഷക്കൊത്ത് ജീവിക്കാന്‍ പരിശ്രമിക്കണം. വലിയ നിയോഗവും ലക്ഷ്യവും അപ്പോള്‍ ജീവിതത്തിന് കൈവരും.
4) സങ്കടങ്ങളെ ക്രിയാത്മകമാക്കണം. ദുരിതങ്ങള്‍ വേട്ടയാടുന്ന ജീവിതങ്ങളെ ഓര്‍ക്കണം. അവര്‍ക്കെല്ലാം മാതൃകയും പ്രചോദനവും ആകാന്‍ പരിശ്രമിക്കണം. വേദനിക്കുന്നര്ക്കും നിരാലംബര്‍ക്കും ആശ്വാസവും സമാധാനവുമാകാന് സ്വന്തം സമയവും സാന്നിധ്യവും സാധ്യതകളും നന്മകളും സമര്‍പ്പിക്കണം. എത്ര വലിയ ദുരന്തങ്ങളെ നേരിടേണ്ടി വന്നാലും പരിമിതികളും പരാധീനതകളും ഏറെ ഉണ്ടെങ്കിലും അതിലും വലിയ ദൗത്യം സ്വന്തം ജീവിതത്തിനുണ്ടെന്ന് എന്നും കരുതണം
5) ആത്മീയതയില്‍ അഭയം കണ്ടത്തെണം. ജീവിതത്തെ ദൈവത്തിന് ഭരമേല്‍പ്പിക്കണം. അതിന്‍്റെ എല്ലാ സങ്കടങ്ങളും സങ്കീര്‍ണതകളും ദൈവ പരിപാലനയ്ക്ക് കൊടുക്കണം. പ്രാര്‍ത്ഥനയും ദൈവവിചാരവും ജീവിതത്തിന് അര്‍ത്ഥം നല്കാന് പ്രാപ്തമാണ്.
6) ദു:ഖത്തിനും സഹനത്തിനും വിലയുണ്ട്-അര്‍ത്ഥമുണ്ട് എന്ന് എന്നും കരുതണം. സഹനങ്ങള്‍ ജീവിതത്തെ കടഞ്ഞെടുക്കും. കരുത്ത് നല്‍കും. സഹനങ്ങളും സങ്കടങ്ങളും ഉള്ളവര്‍ നല്ല മനുഷ്യത്വം ഉള്ളവരാകും. ദു:ഖത്തിന്്റെ ആഴം അറിയുന്നതുകൊണ്ട് മറ്റുള്ളവരുടെ വേദനകള്‍ മനസിലാക്കാനും പങ്കിട്ടെടുക്കാനും സഹനമനുഷ്യന് കഴിയും.
7) പ്രത്യാശയുടെ ജീവിതം. ഇരുട്ടിനു മുകളില്‍ പ്രകാശം ഉദിക്കും. അസ്തമയങ്ങളെല്ലാം ഉദയത്തിനുള്ള ഒരുക്കങ്ങളാണ്. ആത്യന്തികമായി ഒന്നും അവസാനിക്കുന്നില്ല. എല്ലാം തുടക്കങ്ങളാണ്. കൊടുങ്കാറ്റും പെരുമഴയും പ്രശാന്തിക്ക് വഴിമാറുമെന്ന തികഞ്ഞ പ്രതീക്ഷയുടെ പ്രത്യാശ കൈമുതലാക്കണം. ജീവിതം ചരിക്കുന്നത് ഭാവിയിലേക്കാണ്.തൈരില്‍ നിന്ന് വെണ്ണ എന്നതുപോലെ കഴിഞ്ഞ കാലത്തിന്‍്റെ അനുഭവങ്ങളെ കടഞ്ഞെടുത്ത് തികഞ്ഞ പ്രത്യാശയോടെ മുന്നേറാന്‍ കരുത്തുള്ളവരാകണം.
8. ചില പ്രവൃത്തികളില്‍ ഏര്പ്പെടൂന്നത് ദു:ഖമകറ്റാന്‍ കുറെ സഹായിക്കും. കായികമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബുദ്ധി മുട്ടുണ്ടെങ്കിലും അതുവഴി മനസ്സിനുണ്ടാകുന്ന ആശ്വാസം വള രെയധികമാണ്. കളികളിലേര്‍പ്പെടുക, സംഗീതം ശ്രവിക്കുക,സിനിമ കാണുക, പുസ്തകം വായിക്കുക തുടങ്ങിയവയും ഉത്തമമാണ്.
9 മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നത് ദു:ഖിതരുടെ ആത്മാഭിമാനം വര്‍ധിപ്പിക്കും. രോഗികളെ സന്ദര്‍ശിക്കുക, ചെറിയ ഉപകാരങ്ങള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ മനസ്സിനു ശാന്തി പകരും. സ്വന്തം മുറിവുണങ്ങാന്‍ അന്യന്റെ മുറിവില്‍ തൈലം പുരട്ടുക നല്ലതാണ്.
10 വിപത്തുകളെ അനുഭവപാഠമാക്കുന്ന ഒരു ജീവിതദര്ശനമുണ്ടാക്കുന്നത് നമ്മെ മുന്നോട്ടു നയിക്കാന്‍ പര്യാപ്തമാണ്. വിക്ടര്‍ ഫ്രാങ്കിള്‍ നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ചും ജീവിതത്തിന്റെ പ്രത്യാശ നിലനിര്‍ത്തിയത് ‘Man’s Search for Meaning’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തെ നയിച്ച ചിന്ത ഇതായിരുന്നു: ‘എന്റെ മരണമൊഴികെ മറ്റെന്തും എന്നെ കൂടുതല്‍ ശക്തനാക്കുകയേഉള്ളൂ.’ ഹാരോള്‍ഡ് കുഷ്നറിന്റെ ‘When Bad Thing Happen to Good People’ എന്ന പുസ്തകം ഇപ്രകാരമൊരു തത്ത്വദര്‍ശനം നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘വിപത്തുകളുണ്ടാകുമ്പോള്‍ അതിന്റെറെ കാരണം തേടിയല്ല നാം പോകേണ്ടത്. പ്രത്യുത ഇത് സംഭവിച്ച സ്ഥിതിക്ക് ഇനി മുമ്പോട്ടു പോകുവാന്‍ ഞാനിനി എന്തു ചെയ്യണം’ എന്നതായിരിക്കണം നമ്മുടെ ചോദ്യം. മതവിശ്വാസങ്ങളും ദുഃഖിതര്‍ക്ക് കരുത്തു നല്‍കും.
ഹൃദയം മുറിപ്പെടുന്നവന്‍ മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാ ക്കാനുള്ള കഴിവുണ്ടാകും എന്നത് നാം മറക്കാതിരിക്കുക. ഒരു ചൈനീസ് പഴഞ്ചൊല്ലുണ്ട്: ‘ദു:ഖപക്ഷികള് നമ്മുടെ തലയ്ക്കു മുകളിലൂടെ പറന്നുപോകുന്നത് തടയാന്‍ നമുക്കാവില്ല. പക്ഷേ, അവ നമ്മുടെ തലനാരിഴകളില്‍ കൂടുകൂട്ടുന്നത് തീര്‍ച്ചയായും നമുക്ക് തടയാനാവും.’



