ഫാ. ഡോ. തോമസ് കോട്ടൂര്‍
ഭൂതപ്രേതങ്ങളിലുള്ള വിശ്വാസം ചരിത്രാതീതകാലം മുതല്‍ ഉണ്ടാ യിരുന്നതായി കാണാം. ആധുനിക മനുഷ്യന്റെ ബോധമനസ്സിലും ഉപബോധമനസ്സിലും ഈ വിചാരം കുടിയിരിക്കുന്നു. ശ്മാശാന ഭൂമികളും, ആള്‍ത്താമസമില്ലാത്ത വിജനപ്രദേശങ്ങളും, വീടുകളും, കാവുകളും, പാലമരങ്ങളും, ജലാ ശയ പ്രാന്തപ്രദേശങ്ങളും പിശാ ചുക്കളുടേയും മറുതകളുടേയും യക്ഷികളുടേയും ഭൂതപ്രേതങ്ങളുടേയും സങ്കേതസ്ഥാന വുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതോടു കൂടി ഭൂതപ്രേതപിശാചുക്കളിലുള്ള വിശ്വാസം കുറയുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ പുരോഗമന രാഷ്ട്രമെന്നു കരുതുന്ന അമേരി ക്കയില്‍, പിശാചുബാധയെ ആസ്പദമാക്കി പുറത്തിറ ക്കിയ എക്ലോര്‍സിസ്റ്റ്, ഓമന്‍, 2024 ല്‍ ഹിന്ദിയിലിറങ്ങിയ ”ഷയ്ത്താന്‍” മലയാളത്തിലിറങ്ങിയ ”യക്ഷി, സര്‍വംമായം” തുടങ്ങിയ ചലചിത്രങ്ങള്‍ക്ക് കിട്ടിയ പ്രദര്‍ശന വിജയം ഈ ധാരണയെ വെല്ലുവിളിക്കുന്നു. കൂടാതെ ഫാദര്‍ ഗാബ്രിയേലെ അമോര്‍ത്തിന്റെ ‘ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങള്‍’ (Experiences of a Exorcist)) എന്ന പുസ്തകവും പ്രഖ്യാതമാണ്.
നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രേതപിശാചു ബാധകളിലെ ലക്ഷണങ്ങള്‍ മാനസിക രോഗങ്ങളുമായി ബന്ധപ്പെടുത്താം. കുറ്റബോധത്തെയും ഉത്കണ്ഠകളെയും കൈകാര്യം ചെയ്യാനാവാതെ ഉപബോധ മനസ്സിലേക്ക് തള്ളിവിടുക സാധാരണമാണ്. വികാരങ്ങളെ അടിച്ചമര്‍ത്തുന്ന ആള്‍ അതിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആ കുററബോധവുമായി ബന്ധമോ സാമ്യമോ ഉള്ളതും മരിച്ചുപോയതുമായ ഏതെങ്കിലും വ്യക്തി തന്നെ പിടികൂടിയതായി സങ്കല്പിക്കുന്നു. പിന്നീട് ആ വ്യക്തിയുടെ സംസാരവും പ്രവൃത്തികളും അനുകരിച്ചു തുടങ്ങുന്നു. ഇതാണ് ബാധയില്‍ മിക്കവാറും കാണുന്നത്. സാമൂഹ്യവും മതപരവുമായ വിശ്വാസങ്ങള്‍, പാരമ്പര്യ സങ്കല്പങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, വാമൊഴിയിലൂടെ പകര്‍ന്നുവരുന്ന കല്പിതകഥകള്‍ ഇവയൊക്കെ പ്രേതസങ്കല്പങ്ങളുടെ അത്ഭുതലോകം ചമയ്ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പ്രേതത്തെ ഉച്ചാടനം ചെയ്യാനുള്ള ക്രിയകളും പീഡനങ്ങളും ഈ സങ്കല്പങ്ങള്‍ക്കു ശക്തി പകരുകയും ചെയ്യുന്നു. ഭൂതപ്രേതബാധകളില്‍ മിക്കവ യിലും വിഘടന ഹിസ്റ്റീരിയ (Dissociative Identity Disorder), കണ്‍വേര്‍ഷന്‍ ഹിസ്റ്റീരിയ എന്നീ മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇത്തരം കേസുകളില്‍ ബാഹ്യമോ, ആന്തരികമോ ആയ മാനസിക സംഘര്‍ഷങ്ങള്‍ക്കെതിരെ ലോല വ്യക്തിത്വമുള്ളവര്‍ അബോധതലത്തില്‍ രക്ഷാകവചമായി സ്വീകരിക്കുന്ന പ്രേതപിശാചു ബാധകളെ ബഹുവ്യക്തിത്വമെന്ന് (Multiple Personality) വിശേഷപ്പിക്കാറുണ്ട്.
പിശാച് ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. സഭാ പാരമ്പര്യപഠനങ്ങളുടെ വെളിച്ചത്തിലും ആധുനിക മന:ശാസ്ത്രത്തിന്റെ സഹായ ത്തിലും ‘പിശാചുബാധ’യെ വിലയിരുത്തുവാനും, അതുവഴി അജപാലകധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹായകമാവുന്ന ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. പൊസഷന്‍ (Possession) അഥവാ ബാധ എന്ന പദത്തിന്റെ അര്‍ത്ഥം വ്യക്തിപരമോ പദാര്‍ത്ഥികമോ ആയ എന്തോ ഒരു ശക്തിയാല്‍ വ്യക്തികളോ, വസ്തുക്കളോ, സ്ഥലങ്ങളോ ആവേശിക്കപ്പെടുക അഥവാ ആവാഹിക്കപ്പെടുക എന്നതാണ്. ആവാഹിക്കപ്പെടുന്ന ‘ശക്തിവിശേഷം’ വ്യക്തിയുടെ ഉള്ളില്‍ നിന്നുതന്നെ പുറപ്പെടുന്നതാകാം. പുറമേനിന്നു പ്രവേശിക്കുന്നതുമാകാം. ക്രിസ്തീയ പാരമ്പര്യത്തില്‍ രോഗാതുരമായ ഈ ആവാഹിക്കല്‍ അഥവാ ബാധ ദുഷ്ടാരൂപികളില്‍ നിന്നാണു സാധാരണ ഉണ്ടാവുക. മാനസികമായും ശാരീരികമായും ഇതുവഴി വ്യക്തി തന്നെത്തന്നെ നിയന്ത്രിക്കാന്‍ സാധിക്കാത്തവനും രോഗിയുമായിത്തീരുന്നു. അക്രമകാരിയും, നീചനും, വിനാശകനും ആയിത്തീരുന്ന ഇയാളുടെ വ്യക്തിത്വം വളരെ ദുര്‍ബ്ബലമായ അവസ്ഥയിലായിരിക്കും. മരിച്ചുപോയ വ്യക്തിയുടെ അരൂപി (പ്രേതം) ജിവിച്ചിരിക്കുന്ന വ്യക്തിയില്‍ കുടിയേറി മാനസിക വിഭ്രാന്തിയും ശാരീരികസ്വസ്ഥതകളും സൃഷ്ടിക്കുന്ന അവസ്ഥയ്ക്കു ‘പ്രേതബാധ” (ഭൂതബാധ) എന്നു പറയും. പിശാചുബാധ ഇതില്‍നിന്നു വ്യത്യസ്തമാണെങ്കിലും പ്രേത, ഭൂതബാധകളുമായി ഇവയെ ബന്ധിപ്പിക്കാറുണ്ട്.
വി. ഗ്രന്ഥത്തില്‍ പൈശാചിക ശക്തികളെക്കുറിച്ച് വളരെയധികം പരാമര്‍ശങ്ങളുണ്ട്. പൈശാചിക ശക്തികളുടെ ഉറവിടം തിന്മയുടെ മൂര്‍ത്തീഭാവം തന്നെയായ സാത്താന്‍ ആണ്. ശക്തിയും, ബലവും, കരുത്തും ഉള്ളവനായിട്ടാണു പിശാചിനെ വി. ഗ്രന്ഥം വിശേഷിപ്പിക്കുന്നത്. ഈ ശക്തി തിന്മയിലേക്കും നാശത്തിലേക്കും നയിക്കുന്നതാണ്. മരണം, പാപം, രോഗം, കളവ്, പ്രലോഭനം തുടങ്ങിയ തിന്മകളുമായി പിശാചിനെ പുതിയ നിയമത്തില്‍ ബന്ധപ്പെടുത്തിയിരിക്കുന്നു. നന്മയുടെ വേഷമണിഞ്ഞായിരിക്കാം പിശാച് പ്രത്യക്ഷപ്പെടുക (2 കോറി, 11:14). പാപം എന്നത് മനുഷ്യന്റെ പിശാചുമായുള്ള സഹകരണമായും വി. ഗ്രന്ഥം രേഖപ്പെടുത്തുന്നുണ്ട്” (യോഹ. 8: 41.44; എഫേ. 4:27). ഈ സഹകരണത്തിന്റെ ഫലം രോഗമായിട്ടും പിശാചുബാധയായിട്ടും പ്രത്യക്ഷപ്പെടാം. രോഗവും ബാധയും വ്യത്യസ്തമായിട്ടുള്ള പ്രതിഭാസങ്ങള്‍ ആണെങ്കില്‍ത്തന്നെയും ഇതിന്റെ ഉറവിടം തിന്മതന്നെയായ, നശീകരണശക്തിയായ, സാത്താന്റെ പ്രവര്‍ത്തനത്തില്‍ നിന്നാണ് എന്നുള്ള ആശയം പുതിയ നിയമത്തിലുണ്ട്. എന്നാല്‍ ബാധ, രോഗത്തെപ്പോലെ, ഒരു സാധരണ പ്രതിഭാസമല്ല. എല്ലാ മനുഷ്യരും സമരം ചെയ്യേണ്ട പൈശാചിക ശക്തികളുടെ ഒറ്റപ്പെട്ട ബാഹ്യപ്രകടനമായി ബാധയെ കണക്കാക്കാം. ദൈവശാസ്ത്രജ്ഞനായ കാള്‍ റാനര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. ”പിശാചുബാധയുടെ പിന്‍പില്‍ അനേകം ശക്തികള്‍, പ്രവര്‍ത്തിക്കുന്നുണ്ടാവും, തിന്മയുടെ ശക്തികള്‍, വ്യക്തിയുടേയോ അതാതുകാലത്തിന്റെയോ മനോഭാവങ്ങള്‍, രോഗാവസ്ഥ, അതീന്ദ്രിയ കഴിവുകള്‍ തുടങ്ങിയവ. പക്ഷേ, ഇവ ഓരോന്നിനേയും വേര്‍തിരിച്ചു കാണുക അസാദ്ധ്യമാണ്, അതിന്റെ ആവശ്യമില്ലതാനും”.
ക്രിസ്തുവിന്റെ ജീവിതം തന്നെ പൈശാചിക ശക്തികള്‍ക്കെതിരായുള്ള നിരന്തര സമരമായിരുന്നു. ‘പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്’ (1 യോഹ. 3:8). എന്നാല്‍ മഹത്വപൂണ്ണമായ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവു വരെ സാത്താന്‍ ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അവന്റെ ആക്രമണം മുഖ്യമായും ക്രിസ്തു സഭയിന്മേലും അനുയായികളുടെ നേര്‍ക്കും ആയിരിക്കും . മാമ്മോദീസാവഴി, പിശാചിനെ ചെറുക്കുവാനുള്ള ശക്തി വിശ്വാസി സമ്പാദി ച്ചിട്ടുണ്ടെങ്കിലും, അസാധാരണമായിട്ടാണെങ്കിലും പിശാച് ഒരു വ്യക്തിയില്‍ ആവേശിക്കാം. അയാളെ തന്റെ ശക്തിക്കും വിധേയനാക്കാം. ഇത് സഭയുടെ പരമ്പരാഗതമായ വിശ്വാസ മാണ്. അപൂര്‍വ്വമായ ഇത്തരം സംഭവങ്ങളെ സഭ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച്. പിശാചുബാധയാണെന്നു ബോദ്ധ്യപ്പെട്ടാല്‍, പുരോഹിതന്‍വഴി, ക്രിസ്തുവിന്റെയും സഭയുടേയും നാമത്തില്‍ ഔദ്യോഗികമായ ‘ബാധയൊഴിക്കല്‍’ അഥവാ ഭൂതോച്ചാടനം നടത്തുന്നു.
പിശാചുബാധയെപ്പറ്റിയുള്ള ഒരു വിവരണം 1614-ല്‍ സഭയില്‍ നിന്നും ഔദ്യോഗികമായി പ്രസിദ്ധീകരിച്ച റോമന്‍ ക്രമത്തില്‍ (Rituale Romanum) കൊടുത്തിട്ടുണ്ട്. പ്രത്യേക സെക്ഷന്‍ തന്നെ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. ഈ ഭാഗത്ത് ആമുഖമായി പിശാചുബാധയെപ്പറ്റിയുള്ള ഒരു വിവരണവും ബാധയൊഴിക്കലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൊടുത്തിരി ക്കുന്നു. അതിനുശേഷം ‘ബാധയൊഴിക്കല്‍’ ക്രമവും പ്രാത്ഥനകളും ചേര്‍ത്തിരിക്കുന്നു. അന്നത്തെ സഭയുടെ പാരമ്പര്യവും വിശ്വാസവും അനുഭവജ്ഞാനവും ഇവിടെ നമുക്ക് കണ്ടെത്താനാവും. വൈദ്യശാസ്ത്രത്തില്‍ പിശാചുബാധയെ ഒരു മാനസികരോഗമായി കണക്കാക്കിയിട്ടില്ല. ദൈവശാസ്ത്ര മണ്ഡലത്തില്‍ പെടുന്നതാണ് പിശാചുബാധയും അനുബന്ധ പ്രശ്‌നങ്ങളും. എങ്കിലും മാനസിക ലക്ഷണങ്ങളെ അവഗണിക്കാനാവില്ല. ‘റോമന്‍ ക്രമം’ പോലും പിശാചു ബാധക്ക്. ഒരു നിര്‍വ്വചനം നല്‍കുവാന്‍ ഒരുമ്പെടുന്നില്ല. ഏതെങ്കിലും ഒരു പ്രതിഭാസം പിശാച് ബാധയാണോ അല്ലയോ എന്നു തീരുമാനിക്കേണ്ട ചുമതല ”അംഗീകൃത അധികാരികള്‍ക്ക്” വിട്ടുകൊടുത്തിരിക്കുകയാണ്. പിശാച് ഒരു വ്യക്തിയുടെ ശരീരത്തെ കീഴടക്കി അതിനെ സ്വന്തമെന്നതുപോലെ നിയന്ത്രിക്കുമ്പോള്‍ ആ വ്യക്തിക്ക് പിശാചുബാധിച്ചിരിക്കുന്നു എന്നു പറയാം. ഇതും പിശാചിന്റെ പ്രവര്‍ത്തനത്താല്‍ ഉളവായ ഒരു പ്രത്യേക ശാരീരിക പ്രതിഭാസമാണ്. സാധാരണ പറയാറുള്ള പിശാചിന്റെ പരീക്ഷണം, പ്രലോഭനം എന്നിവയില്‍നിന്നും ബാധ വളരെ വ്യത്യസ്തമാണ്.
‘റോമന്‍ ക്രമ’ത്തില്‍ പിശാചുബാധയുടെ മൂന്നു ലക്ഷണങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവ അന്യഭാഷാ പരിജഞാനം, നിഗുഢകാര്യജ്ഞാനം, അസാധാരണശക്തികള്‍ എന്നിവയാണ്. 1614-ല്‍ പ്രസിദ്ധം ചെയ്ത ആദ്യത്തെ പതിപ്പില്‍ ഇവയെ, ‘പിശാചിന്റെ സാന്നിദ്ധ്യത്തിന്റെ’ (being signs of the presence of a demon) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, 1952-ലെ പരിഷ്‌ക്കരിച്ച പതിപ്പില്‍, ഇവയെ ‘ആവേശിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന ലക്ഷണങ്ങള്‍’ (as symptoms that might well point to a state of possession) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്യഭാഷാപരിജ്ഞാനം
ഒരജ്ഞാത ഭാഷയില്‍ അനേകം വാക്കുകള്‍ സംസാരിക്കു കയോ ആ ഭാഷ ആരെങ്കിലും സംസാരിച്ചാല്‍ അതു മനസ്സി ലാക്കുകയോ ചെയ്യുന്നതാണ് അന്യഭാഷാപരിജ്ഞാനമെന്നത്രേ റോമന്‍ ക്രമത്തില്‍ ഇതിനെക്കുറിച്ചു രേഖപ്പെടുത്തി യിരിക്കുന്നത്. പിശാചുബാധിച്ച വ്യക്തി അനായാസേന താന്‍ നാളിതുവരെ പഠിച്ചിട്ടില്ലാത്ത ഒരു ഭാഷ കൈകാര്യം ചെയ്യുന്നതാണിത്. എന്നാല്‍ മറന്നുപോയ ഒരു ഭാഷയെ പ്പറ്റിയുള്ള അറിവു പിശാചുബാധയുടെ ലക്ഷണമായി കണക്കാ ക്കാന്‍ പാടില്ല. ഈ അന്യഭാഷാ പരിജ്ഞാനം ബാധയുടെ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു. ക്രിസ്തീയ പശ്ചാത്തലത്തില്‍ ലത്തീന്‍, സുറിയാനി ഭാഷ വാക്കുകള്‍ ഇവര്‍ സംസാരിക്കുന്നതായി കാണുന്നുണ്ട്.
നിഗൂഢ കാര്യജ്ഞാനം
രഹസ്യമായ കാര്യങ്ങളെയും മറഞ്ഞിരിക്കുന്ന വസ്തുക്കളെയും കുറിച്ചുള്ള പരിജ്ഞാനമാണിത് പിശാചിന്റെ ശക്തിയാലാണിത് സാധിക്കുക. ഭാവിയില്‍ സംഭവിക്കാ നിരിക്കുന്ന കാര്യങ്ങളും സംഭവിച്ചതോ സംഭവിച്ചുകൊണ്ടി രിക്കുന്നതോ ആയ അജ്ഞാതകാര്യങ്ങളും ഈ ശക്തികൊണ്ടു വെളിപ്പെടുത്തുന്നു. ‘ബാധയൊഴിക്കല്‍’ നടത്തുമ്പോള്‍ ബാധയുള്ള വ്യക്തി ഈ കഴിവ് പലപ്പോഴും പ്രയോഗി ക്കാറുണ്ട്. പുരോഹിതന്റെ പക്കല്‍ ബാഹ്യമായി കാണപ്പെടാതെ തിരുശേഷിപ്പുകളോ ഭക്തിദ്യോതകവസ്തുക്കളോ (pious articles) ഉണ്ടെങ്കില്‍ അതു പിശാച് കണ്ടുപിടിക്കാറുണ്ട്. അതു പോലെ മൗനമായി വൈദികന്‍ പ്രാത്ഥിക്കുമ്പോള്‍ പിശാചുബാധിതന്‍ പ്രതികരണങ്ങള്‍ കാണിക്കാറുണ്ട്. നടപടിപ്പുസ്തകത്തില്‍ അശുദ്ധാത്മാവു ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടി ഭാവി പ്രവചനം നടത്തുന്നതും വി.പൗലോസ് അവളിലെ ദുഷ്ടാത്മാവിനെ പുറത്താക്കിയപ്പോള്‍ ആ ശക്തി അവള്‍ക്ക് നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട് (നടപടി 16:16-18). ഇതുപോലെ ബാധയൊഴിപ്പിക്കുന്ന വൈദികന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തെ പരിഭ്രാന്തനാക്കുന്നതും പിശാചിന്റെ ഒരു തന്ത്രമാണ്. നിഗൂഢമായത് വെളിപ്പെടുത്തലിലൂടെ, ഒഴിപ്പിക്കുന്ന ആളെ പരിഭ്രമിപ്പിച്ച് ബാധയൊഴിപ്പിക്കലില്‍ നിന്നും പിന്തിരിപ്പിക്കാനും, അമാനുഷിക കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടിയാണ്. എക്‌സോര്‍സിസ്റ്റ് എന്ന നോവലില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.
അസാധാരണ ശക്തികള്‍
പിശാചു ബാധിച്ച വ്യക്തി തന്റെ പ്രായത്തിലും സ്വാഭാവികകഴിവിലും കവിഞ്ഞ ശക്തികള്‍ പ്രദര്‍ശിപ്പിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അസാമാന്യ ശക്തി പ്രദര്‍ശി പ്പിക്കുന്ന ഒരു പിശാചുബാധിതനെപ്പറ്റി പറയുന്നുണ്ട് (മര്‍ക്കോ. 5: 1-5), അസാധാരണ വേഗത, വായുവില്‍ നില കൊള്ളുക, അസാധാരണ ഭാരം, കാരണമില്ലാതെ തീ കത്തുക, വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക ഇവയൊക്കെ പിശാചുബാധിതന്റെ അസാധാരണ ശക്തികളില്‍പെടുന്നു.
ഈ വിവരിച്ച മൂന്നു ലക്ഷണങ്ങളും പിശാചുബാധയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെങ്കിലും പരിഷ്‌ക്കരിച്ച റോമന്‍ ക്രമത്തില്‍ ഒരു പ്രത്യേക മുന്നറിയിപ്പ് ഭൂതോച്ചാടകന് നല്‍കുന്നുണ്ട്. പിശാചുബാധിച്ചവനെ മറ്റേതെങ്കിലും സുഖക്കേടുകളോ മാനസികരോഗമോ ഉള്ളവനില്‍ നിന്നും വേര്‍തിരിക്കുന്ന പ്രത്യേകതകള്‍ അറിയാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരിക്കണം എന്ന നിര്‍ദ്ദേശമാണിത്. പാശാചുബാധ എന്നു തോന്നുന്ന പ്രതിഭാസങ്ങള്‍ പലതും യഥാര്‍ത്ഥത്തില്‍ അങ്ങനെ അല്ലാതിരിക്കുവാന്‍ വളരെ സാധ്യതകളുണ്ട്. മരിച്ചുപോയ ഒരാളിനെപ്പറ്റി പരിചയക്കാരില്‍ നിന്നും കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ചു”, വെറുമൊരു തമാശക്കുവേണ്ടി, ചിലപ്പോള്‍ ബോധപൂര്‍വ്വം അഭിനയിക്കുന്ന നാടകമായിരിക്കാം ഇത്. അതുപോലെ വളരെ ഇഷ്ടമുള്ള ഒരാള്‍ മരിച്ചു കഴിഞ്ഞ് അയാള്‍ മരിച്ചു എന്ന വാസ്തവം അംഗീകരിക്കാന്‍ വൈകാരികമായി തയ്യാറില്ലാത്തവരുടെ അബോധമനസ്സ് അവരെ പുനര്‍ജീവിപ്പിക്കുവാനുള്ള. ശ്രമമെന്നോണം ബാധയെ നാടകീയമായി അഭിനയിച്ചേക്കാം. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനോ അവരെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനോ ഉള്ള ഒരു മാര്‍ഗ്ഗമായി ഹിസ്റ്റീരിയ ബാധയും ഉണ്ടാകാം. അടുത്തകാലത്ത് മരിച്ചുപോയ ആരുടെയെങ്കിലും പേര് ഉപബോധമനസ്സ് ഇതിനുവേണ്ടി ഉപയോഗിക്കുന്നുവെന്നു മാത്രം. ബാധയിലുള്ള വിശ്വാസം, ഭയം, ബാധയുണ്ടാകുവാനുള്ള കാരണങ്ങളാണ്. ‘ബഹു വ്യക്തിത്വം’ എന്ന മാനസികരോഗം അനുഭവിക്കുന്നവരെ പിശാചുബാധിതരായി പലപ്പോഴും കണക്കാക്കാറുണ്ട്. അത്യധികമായ മാനസിക സംഘര്‍ഷങ്ങള്‍ നേരിടുമ്പോള്‍, വളരെ അപൂര്‍വ്വമായി, ഒരു വ്യക്തി രണ്ടോ അതിലധികമോ വ്യക്തിത്വങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. ഇവ വൈകാരികമായും ചിന്താപരമായും തികച്ചും ഭിന്നവുമായിരിക്കും. സമയ വ്യത്യാസങ്ങള്‍ക്കനുസരിച്ചു രോഗി, മാറിമാറിയുള്ള വ്യക്തിത്വം കാണിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിത്വത്തിനും അപരവ്യക്തിത്വത്തെക്കുറിച്ചു യാതൊരു ഓര്‍മ്മയും ഉണ്ടായിരിക്കയുമില്ല. പിശാചുബാധയെന്നു തോന്നുന്ന പല കേസുകളും ഈ പറഞ്ഞവയില്‍ ഏതിലെങ്കിലും പെടുത്താവുന്നവയായിരിക്കും.
ഭൂതോച്ചാടനത്തെക്കുറിച്ച് ലത്തീന്‍ കാനന്‍ നിയമത്തില്‍ (1983) 1172 നമ്പറില്‍ രണ്ടു കാര്യങ്ങള്‍ എടുത്തുപറയുന്നു. രൂപതാമെത്രാന്‍ പിശാചുബാധയെക്കുറിച്ച് വ്യക്തമായി വിശകലനം ചെയ്തിട്ട് ഭൂതോച്ചാടനത്തിനായി യോഗ്യനായ ഒരു വൈദികനെ ചുമതലപ്പെടുത്തണം. 1999-ല്‍ ഒരു ഔദ്യോഗിക പിശാചുബാധ ഒഴിപ്പിക്കല്‍ ക്രമം (Rite of Exorcism) ഇറക്കിയിട്ടുണ്ട്. ഭൂതോച്ചാടനം നടത്തുന്ന 300ലധികം വൈദികരുടെ അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ഇറ്റലിയിലെ സാക്രോഫാനോയില്‍ 2025 സെപ്റ്റംബറില്‍ നടക്കുകയുണ്ടായി. അതിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ അയച്ച സന്ദേശത്തില്‍ ഭൂതോച്ചാടനത്തെ ‘തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്‍ക്ക് വിടുതലും ആശ്വാസവും നല്‍കുന്ന അജപാലന ശുശ്രൂഷ’ എന്നാണ് വിശേഷിപ്പിച്ചത്. ഭൂതോ ച്ചാടനമെന്നത് ഏറെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും എന്നാല്‍ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. വൈദികര്‍ക്കു മാത്രം ചെയ്യാവുന്ന ഈ ശുശ്രൂഷയില്‍ ‘ബാധ’ മെഡിക്കല്‍ സൈക്കോളജിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിക്കേണ്ടതും രൂപതമെത്രാന്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് എന്ന് 1999 -ലെ പരിഷ്‌ക്കരിച്ച ഭൂതോച്ചാടന ക്രമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതീന്ദ്രീയബോധത്തിന് (Extra Sensory Perception) കഴിവുള്ള ഒരു വ്യക്തിയുടെ അബോധമനസ്സ്, അഗോചര ബോധം (clairvoyance) വഴിയായി മരിച്ച ഒരാളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചും നാടകീയമായി വിളമ്പുമെന്നും ചുരുക്കം ചില പാരാസൈക്കോളജിസ്റ്റുകള്‍ രേഖപ്പെടു ത്തിയിട്ടുണ്ട്. അതീതമന:ശാസ്ത്രം (പാരസൈക്കോളജി) ചര്‍ച്ചചെയ്യുന്ന വിചാരവിനിമയം (Telepathy) അതീന്ദ്രിയ ബോധം (ESP) അഗോചരബോധം (clairvoyance) മാനസികചലനശക്തി (PK-psychokinesis) മുന്‍കൂട്ടി അറിയല്‍ precognition) തുടങ്ങിയ സാധാരണ മനുഷ്യന് സാദ്ധ്യമല്ലാത്ത ശാരീരികവും മാനസികവുമായ സിദ്ധികള്‍ പിശാചിന്റെ ശക്തിയാണെന്നും ധരിക്കാനിടയുണ്ട്.
പാരാസൈക്കോളജിയില്‍ പ്രാധാന്യമര്‍ഹിക്കുന്ന പഠനമാണ് പോള്‍ട്ടര്‍ഗയിസ്റ്റി (Poltergeist) നെപ്പറ്റിയുള്ളത്. ”കുസൃതിയായ ഭൂതം” എന്ന പേരില്‍ പോള്‍ട്ടര്‍ഗയിസ്റ്റ് അറിയപ്പെടുന്നു. നമ്മുടെ നാട്ടില്‍ കുട്ടിച്ചാത്തന്റെ ശല്യമായിട്ടാണ് പോള്‍ട്ടര്‍ഗയിസ്റ്റിന്റെ പ്രവര്‍ത്തനം വ്യാഖ്യാനിക്കപ്പെടുന്നത്. വീടിനുമുകളില്‍ കല്ലുവന്നു വീഴുക, സാധനങ്ങള്‍ എടുത്തെറിയപ്പെടുക, ആഹാരങ്ങളില്‍ അമേധ്യം കാണപ്പെടുക. പാത്രങ്ങള്‍ വീണുപൊട്ടുക തുടങ്ങിയ ക്രൂരമായ തമാശപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നാം കേട്ടിട്ടുണ്ട്. ലോകമെമ്പാടും കാണപ്പെടുന്ന ഇത്തരം സംഭവങ്ങളുടെ പിന്നില്‍ ഭൗതികമായ യാതൊരു കാരണവും ഇല്ലെങ്കില്‍ ഇതിന് കാരണഭൂതനായ ഒരു ”പോള്‍ട്ടര്‍ഗയിസ്റ്റ് മീഡിയം” ഉണ്ടായിരിക്കും എന്ന് അനുമാനിക്കാം. വെറും തമാശക്കു വേണ്ടിയോ കാര്യലാഭത്തിനുവേണ്ടിയോ പലരും കുട്ടിച്ചാ ത്തന്റെ പേരില്‍ പലതും ചെയ്തുകൂട്ടാറുണ്ട്. അതുപോലെ വ്യത്യസ്ത ശബ്ദങ്ങള്‍, ഭൂചലനങ്ങള്‍ തുടങ്ങിയവ ഭൗതികമായ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാനിടയുണ്ട്. സൂക്ഷ്മഗവേഷണം, നിരീക്ഷണം ഇവ കൊണ്ട് കാരണങ്ങള്‍ വ്യക്തമാകുന്നില്ലെങ്കില്‍ സംഭവം നടക്കുന്ന വീട്ടിലെ ഓരോ വ്യക്തിയേയും നിരീക്ഷിച്ച് പോള്‍ട്ടര്‍ഗയിസ്റ്റ് മീഡിയം ആരെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സാധാരണഗതിയില്‍ 12-നും 19 നും മദ്ധ്യേ പ്രായമുള്ള ഒരു കുട്ടിയായിരിക്കും മീഡിയം കൗമാരപ്രായക്കാരെയാണ് കൂടുതല്‍ സംശയിക്കേണ്ടത്. അടിച്ചമര്‍ത്തപ്പെട്ട ക്രോധമോ വൈകാരിക പിരിമുറുക്കമോ പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗ (safety valve) മായിട്ടാണ് ”ചാത്തനുപദ്രവം” പ്രത്യക്ഷപ്പെടാറ്. ബോധപൂര്‍വ്വം മറ്റുള്ള വരുടെ കണ്ണുവെട്ടിച്ച് ഉപദ്രവം ചെയ്യുന്നവരുണ്ട്. ബോധപൂര്‍വ്വം ആളുകളെ ദ്രോഹിക്കുവാന്‍ ശ്രമിക്കാത്തവര്‍തന്നെ, അബോധമനസ്സിന്റെ പ്രേരണമൂലം, ഹിസ്റ്റീരിക്ക് പോള്‍ട്ടര്‍ഗയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചുരുക്കം ചില കേസുകളില്‍, മീഡിയത്തിന്റെ ശാരീരിക പ്രവര്‍ത്തനമോ സ്പര്‍ശനമോ കൂടാതെ ഉപബോധമനസ്സിന്റെ പ്രവര്‍ത്തനം മൂലം വസ്തുക്കള്‍ ചലിക്കാറുണ്ട്. RSPK എന്നു ഇതിനെ വിളിക്കും. വൈകാരിക സമ്മര്‍ദ്ദവും മാനസികാവസ്ഥയും രൂക്ഷമാവുമ്പോള്‍ വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള ഉപാധിയായിട്ടാണ് ചാത്തനുപ്രദ്രവം പ്രത്യക്ഷപ്പെടുക. ദേവതകളോ, പിശാചുക്കളോ നടത്തുന്ന വിക്രിയകളാണു പോള്‍ട്ടര്‍ഗയിസ്റ്റ് എന്നാണു പലരും ധരിച്ചിരിക്കുന്നത്. കൗമാരപ്രായമെത്തിയ വ്യക്തിയിലായിരിക്കും ഇതിലെ ചാത്തന്‍ ആവേശിച്ച് വിക്രിയകള്‍ കാ ണിക്കുന്നതെന്നു വിശ്വസിക്കുന്നു. ഇപ്രകാരം ബാഹ്യമായ ഒരു ശക്തി ദേഹത്തു പ്രവേശിച്ചാണു സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കരുതാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്നാണ് പാരാസൈക്കോളജിസ്റ്റുകളുടെ അഭിമതം. കട്ടിച്ചാത്തന്റെ സങ്കല്പം കൂടാതെ കാര്യങ്ങള്‍ വിശദീകരിക്കാമെങ്കില്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. കോപം, വിദ്വേഷം, ആധി, സംഘര്‍ഷങ്ങള്‍ എന്നിവകൊണ്ട് പിരിമുറുകിയ മാനസികാവസ്ഥയായിട്ടാണ് പാരാസൈക്കോളജിസ്റ്റുകള്‍ ഇവയെ കണക്കാക്കുന്നത്. അതീതമന:ശാസ്ത്രംപോലും യഥാര്‍ത്ഥ ‘പിശാചുബാധ’യെ അസന്ദിഗ്ദ്ധമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ സാക്ഷാല്‍ ബാധ അപൂര്‍വ്വമായി ഉണ്ടാകാമെന്നു കരുതുന്ന പാരാസൈക്കോളജിസ്റ്റുകളും ഉണ്ട്.
മനോരോഗങ്ങളുടെ ലക്ഷണങ്ങളും അതീതമനഃശാ സ്ത്രത്തിലെ പ്രതിഭാസങ്ങളും പിശാചുബാധയുമായി ലക്ഷണങ്ങളില്‍ വളരെയധികം സാധര്‍മ്മ്യമുണ്ടെന്നു വരു മ്പോള്‍ പിശാചുബാധയെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും എന്നതു് അജപാലകനെ കുഴയ്ക്കുന്ന ഒരു പ്രശ്‌നമാണ്. യഥാര്‍ത്ഥ പിശാചു ബാധയുടെ ലക്ഷണങ്ങള്‍ക്ക് മറ്റു രോഗലക്ഷണങ്ങളുടേയും പ്രതിഭാസങ്ങളുടേയും രീതിയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രത്യേകരീതിയും രൂപവും ഭാവവും (specific totality)) ഉണ്ടായിരിക്കും. കൊറാഡൊ ബള്‍ഡുച്ചി എന്ന ഭൂതോച്ചാടകന്റെ നിഗമനം ശ്രദ്ധേയമാണ്:
‘ഒരു ഉന്നതശക്തിയുടെ ഉപകരണമോ ഇരയോ ആണു പിശാചുബാധിതന്‍. ആ ശക്തി തന്റെ അധമോദ്ദേശ്യങ്ങളുടെ സാക്ഷാത്കാരത്തിനായി അയാളെ ക്രൂരമായും ബലാല്‍ ക്കാരമായും ഉപയോഗിക്കുന്നു. അതുകൊണ്ട് പിശാചുബാധക്ക് അടിമയാകുന്നവന്‍ നിര്‍ദ്ദിഷ്ട സമയത്തോ സ്ഥലത്തോ സ്വമേധയാ പ്രവര്‍ത്തിക്കുവാന്‍ തീര്‍ത്തും അശക്തനാണ്. തന്നെ അസന്തുഷ്ടനും മറ്റുള്ളവരുടെ അപ്രീതിക്കു പാത്രവുമാക്കുന്ന ഈ ദുഷ്ടശക്തിയില്‍നിന്നു വിടുതല്‍ പ്രാപിക്കുവാന്‍ അയാള്‍ ശക്തനല്ല. പ്രത്യേകസാഹചര്യ ങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും തയ്യാറെടുപ്പിനും പരിശീലന ത്തിനുമൊക്കെ അതീതമാണു പിശാചുബാധ എന്ന പ്രതിഭാസം. അതുപോലെതന്നെ പിശാചുബാധിതനായ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ശക്തികള്‍ക്കും ഇത് അതീതമാണ്, കൂടാതെ നമ്മെ അതിശയിപ്പിക്കുന്ന അടുക്കും സ്വച്ഛന്ദതയും അഗാധതയും സ്വാതന്ത്യവും ഈ പ്രതിഭാസം വെളിപ്പെടുത്തുന്നുണ്ട്. പിശാചുബാധയുടെ സ്വേച്ഛാനുരൂപമായ ബഹിര്‍പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. പിശാചു ബാധിതന്റെയോ അയാളുടെ ചുറ്റുപാടിന്റെയോ അയാളുമായി ബന്ധപ്പെട്ട വ്യക്തികളുടേയോ പ്രത്യേക പ്രവര്‍ത്തനമോ തയ്യാറെടുപ്പോ ഒന്നും കൂടാതെതന്നെ അവ സംഭവിക്കുന്നു. പൂര്‍ണമായും അപ്രതീക്ഷിതമായിട്ടാണ് എത്തുന്നത്. വ്യക്തിയുടേയോ ചുറ്റുപാടിന്റെയോ ഭാഗത്തുനിന്നുള്ള എല്ലാ പങ്കുചേരലിനേയും തീര്‍ത്തും ഒഴിവാക്കുമാറ് അനായാസം അവ ഉത്ഭവിക്കുന്നു. പിശാചു ബാധിതാ വസ്ഥയില്‍നിന്നും മോചിതനാകുന്ന വ്യക്തിക്ക് അതികഠിന മായ ക്ഷീണമൊന്നും സാധാരണയായി ഉണ്ടാകാറില്ല മറിച്ച് പിശാച്ചുബാധയില്ലാത്ത മറ്റ് ശാരീരിക മാനസിക പ്രതിഭാസ ങ്ങളില്‍നിന്നും ഒരുവന്‍ സഖപ്പെടുത്തപ്പെടുമ്പോള്‍ കഠിനമായ ക്ഷീണം സാധാരണ അനുഭവപ്പെടാറുണ്ട്. വ്യക്തിയുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ക്ക് പിശാചു ബാധയെ വിളിച്ചുവരുത്തുന്നതിലോ ചെറുത്തു നിറുത്തുന്ന തിലോ യാതൊരു പങ്കുമില്ലെന്നും ഇതു സുവ്യക്തമാക്കുന്നു.”
യഥാര്‍ത്ഥ പിശാചുബാധയാണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് സഭാധികാരികളാണ്. നമ്മുടെ നാട്ടില്‍ വിവേചനയോ അനുവാദമോ കൂടാതെയുള്ള ”പിശാചുപിടുത്തം” ചെറിയ തോതിലെങ്കിലും നടക്കുന്നുണ്ട്. ഏതു രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ആശീര്‍വാദം നല്‍കുവാനും വൈദികന് അധികാരമുണ്ട്. എന്നാല്‍ മതം നല്‍കിയിട്ടുള്ള വേഷവും സ്ഥാനവും സ്വകാര്യലാഭത്തിനായി വിനിയോഗിക്കുന്നതും പൗരോഹിത്യസ്ഥാനത്തെ തന്നെ അവമതിക്കലാണ്. പ്രാര്‍ത്ഥനക്കും ആശീര്‍വ്വാദത്തിനും അതിസ്വാഭാവികതലത്തിലും സ്വാഭാവികതലത്തിലും വളരെയേറെ ഫലങ്ങള്‍ ഉളവാക്കാന്‍ സാധിക്കുമെന്ന് നാം വിശ്വസിക്കുന്നു. രോഗം ബാധിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥി ക്കുന്നതും ആശീര്‍വാദം നല്‍കുന്നതും അജപാലക ധര്‍മ്മത്തിന്റെ ഭാഗമാണ്. അതു ചെയ്യേണ്ടതുമാണ്. ദൈവത്തില്‍ വിശ്വസിക്കാത്ത മനഃശാസ്ത്രജ്ഞന്മാര്‍പോലും പ്രാര്‍ത്ഥനകള്‍വഴി മനോരോഗികള്‍ക്കും സുരക്ഷിത ത്വബോധവും താല്ക്കാലിക ആശ്വാസവും കിട്ടുമെന്ന് കരുതു ന്നുണ്ട്. രോഗിയുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന പ്രാര്‍ത്ഥന കള്‍ക്ക് പ്രത്യായനത്തിന്റേതായ ഒരു മാനസിക സ്വാധീനം ഉണ്ടെന്നാണിവരുടെ നിഗമനം. ഏതു പ്രതിഭാസത്തിനും ‘പിശാചുബാധ’ എന്ന ലേബല്‍ കൊടുക്കുന്ന പ്രവണത അജ പാലകന്‍ ഉപേക്ഷിക്കണം. അതിസൂക്ഷ്മമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം, സ്വാഭാവിക കാരണങ്ങള്‍വഴി വിവരിക്കുവാന്‍ അസാദ്ധ്യമെന്നു തോന്നുന്ന പ്രതിഭാസങ്ങളെ മാത്രമേ, ഒരു ബാഹ്യശക്തിയുടെ സ്വാധീന വലയത്തി ലാണെന്നും അനുമാനിക്കാവൂ. ഭൂതോച്ചാടനമെന്ന കൗദാശിക ശുശ്രൂഷയിലൂടെ തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നത് അജപാലക ധര്‍മ്മമായി കത്തോലിക്ക സഭ അംഗീകരിക്കുന്നു എന്നത് സുവിദിതമാണ്.
മാനസികരോഗമാണെങ്കിലും പിശാചുബാധയാണെങ്കിലും രോഗിയെ പീഡിപ്പിക്കുന്ന ഒരു പ്രതിഭാസമായതുകൊണ്ടു അതിനെ സമചിത്തതയോടും ധീരതയോടുംകൂടി നേരിടുവാന്‍ വൈദികന്‍ രോഗിയെ പ്രാപ്തനാക്കണം. ദൈവം അനുവദിക്കാ ത്തതൊന്നും സംഭവിക്കുകയില്ല, എല്ലാം ദൈവപരിപാലനയി ലാണ് സംഭവിക്കുക എന്ന ബോധ്യവും രോഗിക്ക് നല്‍കുവാന്‍ വൈദികന്‍ ശ്രമിക്കണം. ഒരു മനശ്ശാസ്ത്രവിദഗ്ദ്ധന്റെ അഭിപ്രായം സ്വീകരിച്ചശേഷം രൂപതാമേലധ്യക്ഷനെ വിവരം അറിയിക്കേണ്ടതാണ്. എക്‌സോര്‍സിസം നടത്താന്‍ രൂപതാദ്ധ്യക്ഷന്‍ നിയമാനുസൃതമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
വൈദികനെക്കൊണ്ടു തലയ്ക്കുപിടിപ്പിക്കുക, കാശുരൂപ മോ വെഞ്ചരിച്ച വെള്ളമോ എണ്ണയോ വൈദികന്റെ പക്കല്‍ നിന്നും വാങ്ങിച്ച് ഉപയോഗിക്കുക തുടങ്ങിയവ മാനസിക രോഗത്തിന് പലരും ചെയ്യുന്ന പ്രാഥമിക ചികിത്സയാണ്. എന്നാല്‍ ഗുരുതരമായ രോഗം അനുഭവിക്കുന്ന രോഗികളും അവരുടെ രക്ഷകര്‍ത്താക്കളും ഈ ചികിത്സകൊണ്ട് തൃപ്തിപ്പെടുന്നതും രോഗം മൂര്‍ച്ഛിക്കുന്നതും അസാധാരണ സംഭവങ്ങളല്ല. ഇങ്ങനെയുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വൈദികര്‍ ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസത്തേയും മതത്തേയും അന്ധവിശ്വാസത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന സംസാരവും പ്രവൃത്തിയും അജപാലകനില്‍ നിന്നും ഉണ്ടാവരുത്. വൈദികര്‍ ഈശ്വരവിശ്വാസത്തിലേക്കാണ് ജനങ്ങളെ നയിക്കേണ്ടത്. മതവിശ്വാസി എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു സര്‍വ്വ ശക്തിയില്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ, ദൈവത്തിന്റെ ശക്തിയാല്‍, തിന്മയില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ വിശ്വാസി അഭ്യര്‍ത്ഥിക്കുന്നു. മതപുരോഹിതന്‍ ചിലപ്പോഴെങ്കിലും ചൂഷണം ചെയ്യുന്ന മന്ത്രവാദിയായി പ്രത്യക്ഷപ്പെടാറുണ്ട്. അത് യഥാര്‍ത്ഥ ഈശ്വരവിശ്വാസത്തോടും മതാത്മകതയോടുമുള്ള വെല്ലുവിളിയാണ്. തിന്മയുടെ, നശീകരണ ശക്തിക്കെ തിരെയുള്ള യഥാര്‍ത്ഥ ആയുധം ദൈവവിശ്വാസവും ദൈവാശ്രയവുമാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുവാനും അതേ സമയം സ്വാഭാവികതലത്തിലെ രോഗശമനോപാധികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കാനും വൈദികന്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ക്കും പല വിശ്വാസങ്ങളുണ്ട്. അവയെ ഒറ്റയടിക്കു മാറ്റുവാന്‍ കഴിയുകയില്ല. എങ്കിലും ചില സമയങ്ങളിലെങ്കിലും ഇടവകകളിലെ മാനസികാരോഗ്യ സാമൂഹ്യപ്രവര്‍ത്തകരായി വൈദികര്‍ക്ക് വിലയേറിയ സേവനം ചെയ്യാന്‍ സാധിക്കും.
തിന്മയുടെ അടിമത്തത്തിലുള്ളവര്‍ക്ക് സഭയുടെ കരുതല്‍
തിന്മകളുടെ അടിമത്തത്തില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് വിടുതലും ആശ്വാസവും നല്‍കുന്നത് സഭയുടെ ശുശ്രൂഷയും കരുതലും ആണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ മെത്രാന്മാരേയും വൈദികരേയും ഉദ്‌ബോധിപ്പക്കുന്നുണ്ട്. അതിനാല്‍ ഏറെ ശ്രദ്ധയോടും വിവേകത്തോടും പ്രാര്‍ത്ഥനാപൂര്‍വ്വവും നടത്തേണ്ട ശുശ്രൂഷയാണ് ഭൂതോച്ചാടനം. പൈശാചികത നമ്മെ സ്പര്‍ശിക്കുന്ന യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ഉള്ളില്‍ത്തന്നെ ഉള്ളതോ ബാഹ്യമോ ആയ തിന്മകളെ അതിജീവിക്കുവാനുള്ള പ്രസാദവരം ഈശോമിശിഹാവഴി സഭ നമുക്ക് നല്കുന്നുണ്ട്. അതിനോട് സഹകരിച്ച് ജീവിക്കുക. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിശ്വസ്തതാപൂര്‍വ്വം ക്രിസ്തീയജീവിതം നയിക്കുന്നവര്‍ക്കും നാരകീയ ശക്തികളെ ഭയപ്പെടേണ്ടതില്ല. അവ പ്രബലപ്പെടുകയില്ല.



