ക്രൈസ്‌തവ പാസ്റ്ററെ ചാണകം തീറ്റിക്കുന്ന `മതേതരത്വം’

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ അങ്ങേയറ്റം ആക്രമണങ്ങളും പീഡനങ്ങളും നേരിടുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോര്‍സ്‌ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്‌റ്റംബര്‍ 30 വരെ ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ ആകെ 4849 ക്രൈസ്‌തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 373 പേര്‍ കൂടുതലായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും നൈജീരിയായിലാണ്‌. സബ്‌ സഹാറന്‍ ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതല്‍ ക്രൈസ്‌തവ പീഡനങ്ങള്‍ ഉണ്ടാകുന്നത്‌. അതില്‍ തന്നെ സുഡാന്‍, നൈജീരിയ, മാലി എന്നി രാജ്യങ്ങളാണ്‌ മുന്നിലുള്ളത്‌. റിപ്പോര്‍ട്ട്‌ പ്രകാരം ലോകമെമ്പാടുമുള്ള 38 കോടി 80 ലക്ഷത്തിലധികം ക്രൈസ്‌തവര്‍, തങ്ങളുടെ വിശ്വാസത്തെപ്രതി വിവിധങ്ങളായ പീഡനങ്ങള്‍ക്കു വിധേയമാകുന്നു. ശാരീരിക ആക്രമണങ്ങള്‍ കൂടാതെ നിരീക്ഷണം, സെന്‍സര്‍ഷിപ്പ്‌, നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ ക്രൈസ്‌തവര്‍ക്കു മറ്റേതൊരു പൗരനുമുള്ള സ്വതന്ത്ര ജീവിതം നിഷേധിക്കപ്പെടുന്നു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ ഏഴു ക്രൈസ്‌തവരില്‍ ഒരാള്‍ അതിക്രമങ്ങള്‍ക്കിരയാകുന്നു. ആഫ്രിക്കയില്‍ അഞ്ചില്‍ ഒരാളും ഏഷ്യയില്‍ അഞ്ചില്‍ രണ്ടാളും ക്രൈസ്‌തവരായതിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നവരാണെന്നാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളില്‍ 34 രാജ്യങ്ങളിലും ക്രൈസ്‌തവ പീഡനത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടാകുന്നുണ്ട്‌. ലൈംഗികാതിക്രമത്തിനോ നിര്‍ബന്ധിത വിവാഹത്തിനോ വിധേയരായ ക്രൈസ്‌തവരുടെ എണ്ണത്തില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. തങ്ങളുടെ ക്രൈസ്‌തവവിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം 67843 പേര്‍ മര്‍ദ്ദനത്തിനും ഭീഷണിക്കും അധിക്ഷേപത്തിനും മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌. ആഗോളതലത്തില്‍ 4712 ക്രൈസ്‌തവരെ വ്യക്തമായ കാരണങ്ങളില്ലാതെ അറസ്റ്റു ചെയ്‌ത്‌ ജയിലില്‍ അടച്ചതായും 3632 പള്ളികളും ക്രൈസ്‌തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. 5202 പേരെ ലൈംഗിക പീഡനത്തിനു വിധേയമാക്കുകയും ഇതര മതസ്ഥരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. പീഡനങ്ങള്‍ താങ്ങാനാവാതെ 224129 ക്രൈസ്‌തവര്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ചു ഒളിവില്‍ പോകാനോ മാതൃരാജ്യത്തുനിന്നു പലായനം ചെയ്യാനോ നിര്‍ബന്ധിതരായി. 3302 പേരെ തട്ടിക്കൊണ്ടുപോയി (efr. ദീപിക: ജനുവരി 18, 2026).
ഇന്ത്യയിലെ ക്രൈസ്‌തവ പീഡനത്തിലും വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. 2024 ഒക്‌ടോബറിനും 2025 സെപ്‌റ്റംബര്‍ 30 നുമിടയില്‍ ലോകത്താകെ 4712, ക്രൈസ്‌തവര്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ അറസ്റ്റ്‌ ചെയ്‌ത്‌ മതിയായ തെളിവുകള്‍ ഇല്ലാതെ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ അതില്‍ 1600 പേരും ഇന്ത്യയിലാണ്‌. ഇന്ത്യയില്‍ ഹിന്ദു ദേശീയതയുടെയും മത പരിവര്‍ത്തന നിരോധന നിയമങ്ങളുടെയും മറവില്‍ ക്രൈസ്‌തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്‌. ഏറ്റവും ഒടുവിലായി ഒഡീഷയിലെ ധെന്‍ കനാല്‍ ജില്ലയിലെ പാര്‍ജാംഗ്‌ ഗ്രാമത്തില്‍ ജനുവരി 4 നു നടന്ന സംഭവം പുറംലോകം അറിഞ്ഞത്‌ 12-ാം തീയതിയാണ്‌. വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ്‌ മത പരിവര്‍ത്തനം ആരോപിച്ചു 40 അംഗ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായികിനെ ആക്രമിച്ചതെന്ന്‌ പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞത്‌. അക്രമികള്‍ അദ്ദേഹത്തെയും ആ ഗ്രാമത്തില്‍ ആകെയുള്ള ഏഴു ക്രൈസ്‌തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു. പാസ്റ്ററെ ക്രൂരമായി മര്‍ദ്ദനത്തിനു വിധേയമാക്കിയതോടൊപ്പം ചെരുപ്പുമാലയിട്ടു 2 മണിക്കൂറോളം നടത്തിക്കുകയും ചെയ്‌തു. ഭാര്യയുടെ പരാതി സ്വീകരിച്ചു 2 മണിക്കൂറിനുശേഷം പോലീസ്‌ എത്തിയപ്പോള്‍ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പാസ്റ്ററുടെ കൈകള്‍ പിന്നില്‍ കെട്ടി ഇരുമ്പുകമ്പികൊണ്ടു ബന്ധിച്ചിരുന്നു. മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ `ജയ്‌ ശ്രീറാം’ ഏറ്റു ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്‌തുവെന്നു പറയപ്പെടുന്നു. ഇന്ത്യയില്‍ മുസ്ലീംങ്ങളെയും ക്രിസ്‌ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായെന്നും അതില്‍ 88 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമായിരുന്നു, അടുത്ത ദിവസം ഇന്ത്യ ഹെയ്‌റ്റ്‌ ലാബ്‌ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്‌. ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും അതിന്റെ അനുഷ്‌ഠാനങ്ങളില്‍ പങ്കെടുക്കാനുമൊക്കെ ഇന്ത്യയുടെ ഭരണഘടന പൗരന്മാര്‍ക്ക്‌ അവകാശം നല്‍കുമ്പോള്‍ ആ അവകാശത്തെ വളഞ്ഞ വഴിയിലൂടെ കവരുന്നതിനാണ്‌ ദുരുപയോഗിക്കപ്പെടുന്ന മതപരിവര്‍ത്തന നിരോധന നിയമം ഉപയോഗിക്കപ്പെടാറുള്ളത്‌. കുറ്റവാളികള്‍ക്കു രഹസ്യ പിന്തുണ ലഭിക്കുന്ന രാഷ്‌ട്രീയ സാഹചര്യവും വര്‍ഗീയ ധ്രുവീകരണം നടത്തുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയും നിയമത്തെ നോക്കുകുത്തിയാക്കുന്ന പോലീസ്‌ സംവിധാനങ്ങളുമൊക്കെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തുന്നു. കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും വിഭാഗിയതക്കും സ്‌പര്‍ദ്ധക്കും കളമൊരുക്കുന്ന പ്രസ്‌താവനകള്‍ ചിലപ്പോഴെങ്കിലും രാഷ്‌ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ഭരണം നിര്‍വഹിക്കുന്നവരില്‍ നിന്നും സാമുദായിക സംഘടനാ നേതാക്കളില്‍ ഉണ്ടാകുന്നത്‌ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്‌. സ്‌നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും സ്വാതന്ത്ര്യത്തിലും ഏവര്‍ക്കും ജിവിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തുവാന്‍ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്‌.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു

Next Post

ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിക്ക് നവസാരഥികള്‍

Total
0
Share
error: Content is protected !!