കേരളത്തിലെ ന്യൂനപക്ഷമായ `ക്രിസ്‌ത്യാനികളുടെ, വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയും ക്ഷേമവും സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദേശിക്കുവാന്‍, ക്രിസ്‌തീയ വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ച് 2021-ലാണ് പിണറായി സര്‍ക്കാര്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത്. പാറ്റ്‌ന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റിന്‍ ജെ.ബി. കോശി ചെയര്‍മാനും കേരളത്തിന്റെ മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, രാഷ്‌ട്രപതിയുടെ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ്, അംഗങ്ങള്‍ ആയുള്ള കമ്മീഷനെയാണ് പിണറായി സര്‍ക്കാര്‍ നിയമിച്ചത്. ഇങ്ങനെ ഒരു കമ്മീഷന്‍ രൂപീകരിച്ചത് അത്യന്തം ശ്ലാഘനിയമാണ്. എന്നാല്‍ ഇങ്ങനെയൊരു കമ്മീഷന്‍കൊണ്ട് എന്താണോ ഉദ്ദേശിച്ചത്, അതിന്റെ ഫലങ്ങള്‍ ഉളവാക്കുവാന്‍ ആവശ്യമായ നടപടികളും ഉത്തരവുകളും പിന്നീട് ഉണ്ടായതായി സാമാന്യജനത്തിന് അറിയില്ല. ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ 2023 മേയ് മാസത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വരുന്ന മെയ് മാസമാകുമ്പോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്നുവരെ ആ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നിയമസഭയില്‍ വയ്‌ക്കുകയോ പൊതുജനങ്ങള്‍ക്കു നല്‌കുകയോ ചെയ്‌തിട്ടില്ല. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നതനുസരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അതു പഠിക്കുന്നു. 17 വകുപ്പുകളിലായി 220 നിര്‍ദേശങ്ങള്‍ നടപ്പാക്കി എന്നാണ്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന സമ്മര്‍ദം ശക്തമായതോടെയാണ് ജനുവരി ആറാംതീയതി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പു സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ത്തത്. മറ്റു വകുപ്പുകളുമായി ആലോചിച്ചു തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ
അറിയുന്നത്.
മുഖ്യമന്ത്രി വെളിപ്പെടുത്തിയത് അനുസരിച്ച്, നിലവിലിരിക്കുന്ന നിയമങ്ങള്‍ക്കുവിധേയമായി പരിഗണിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി. 17 വകുപ്പുകള്‍ ശുപാര്‍ശ പൂര്‍ണമായി നടപ്പാക്കുകയും 220 ശുപാര്‍ശകളിലും ഉപ ശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കുകയുണ്ടായി. ഒപ്പം 7 ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കുന്നതിന് അതതു വകുപ്പുകള്‍ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയതായാണ് പത്രമാധ്യമങ്ങളില്‍നിന്നു അറിയുവാന്‍ സാധിച്ചത്. എന്നാല്‍ ഇവിടെ പ്രസക്തമായ ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു. എന്തുകൊണ്ട് ജസ്റ്റിസ് ജെ.ബി. കോശിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. ആ റിപ്പോര്‍ട്ട് അതേപടി പുറത്തുവിട്ടാല്‍ മാത്രമേ എന്തൊക്കെ ശുപാര്‍ശകളാണ് കമ്മീഷന്‍ നടത്തിയതു. എന്തിലൊക്കെയാണ് സര്‍ക്കാര്‍ നടപടി എടുത്തത്. എന്തൊക്കെ കാര്യങ്ങളിലാണ് ന്യൂനപക്ഷ പിന്നോക്കവിഭാഗത്തിലുള്ള ക്രൈസ്‌തവര്‍ക്കു പ്രയോജനം ലഭിച്ചത് എന്നറിയുവാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ 220 ശുപാര്‍ശകള്‍ നടപ്പാക്കി എന്നു പറയുന്നു. എങ്കില്‍ അത് ഏതെല്ലാം എന്നു പറയുന്നതിലല്ലേ സര്‍ക്കാരിന്റെ സുതാര്യത തിളങ്ങിനില്‍ക്കുക. ഒരുവിധത്തില്‍ പറഞ്ഞാല്‍ ചോദ്യപേപ്പര്‍ കൊടുക്കാതെ പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്ന രീതിയാണോ സര്‍ക്കാര്‍ സമീപനത്തിലുള്ളതെന്ന് സംശയം ഉണ്ടാകാം. മുസ്ലിം വിഭാഗത്തിന്റെയുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ അതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അതു പൊതുസമൂഹത്തിന്റെ അറിവിലേയ്‌ക്കായി തുറന്നുവച്ചു. അതുകൊണ്ടുതന്നെ അതിലെ കണ്ടെത്തലുകള്‍ എന്താണെന്നും. ശുപാര്‍ശകള്‍ എന്താണെന്നും രാജ്യത്തെ എല്ലാവര്‍ക്കും മനസിലാക്കുവാന്‍ അവസരം ലഭിച്ചു. തല്‍ഫലമായി അതിനെ തുടര്‍ന്നു കേരളത്തില്‍ പാലൊളി കമ്മിറ്റി വന്നപ്പോഴും സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചപ്പോഴും ഇത് തങ്ങളുടെ അവകാശമാണെന്ന് ഉറച്ച സ്വരത്തില്‍ പറയുവാന്‍ അതുമായി ബന്ധപ്പെട്ട വിഭാഗത്തിനു അവസരം ലഭിച്ചു. അവിടെ ഗവണ്‍മെന്റിന്റെ സുതാര്യത പ്രകടമായിരുന്നു. എന്നാല്‍ ജസ്റ്റിസ് ജെ.ബി. കോശി റിപ്പോര്‍ട്ടില്‍ ഇപ്രകാരമൊരു സുതാര്യതയുടെ കുറവു പ്രകടമാണ്. കെ.സി.ബി.സി.യും വിവിധ ക്രൈസ്‌തവസംഘടനകളും ആവശ്യപ്പെട്ടുവെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ഗവണ്‍മെന്റ് തയാറായിട്ടില്ല. നടപ്പിലാക്കിയ 220 ശുപാര്‍ശകളില്‍, കമ്മീഷന്‍ മുന്നോട്ടുവെച്ച കേവലം ഭരണപരമായ ക്രമീകരണങ്ങളും ഓഫീസ് നടപടികളും മാത്രമാണോ ഉള്‍പ്പെട്ടിരിക്കുന്നത് എന്നറിയാന്‍ സാമാന്യജനങ്ങള്‍ക്ക് അവകാശമുണ്ട്. സമുദായം കാലാകാലങ്ങളായി ആവശ്യപ്പെടുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ അപാകതകള്‍ പരിഹരിക്കുക, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണുക, ദളിത് ക്രൈസ്‌തവരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുക, തീരദേശത്തെ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‌കുക തുടങ്ങിയ കാതലായ കാര്യങ്ങളില്‍ എന്തു നിലപാടാണു സ്വീകരിച്ചിരിക്കുന്നത് എന്നറിയാന്‍ ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്ക് ആഗ്രഹമുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായ രീതിയില്‍ പുറത്തുവന്നാല്‍ മാത്രമേ ഏതെല്ലാം പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ തള്ളി എന്നറിയുവാനും എന്തുകൊണ്ട് തള്ളി എന്ന ചോദ്യം ഉന്നയിക്കാനും സാധിക്കുകയുള്ളു. അതുകൊണ്ടാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്‌ക്കണമെന്ന് പലതവണ സമുദായ നേതൃത്വം ആവശ്യപ്പെട്ടത്. അത് അറിയിക്കാതിരിക്കുന്നതും അടച്ചുപൂട്ടിവയ്‌ക്കുന്നതും നീതികേടാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വിവരാവകാശമുള്ള നമ്മുടെ രാജ്യത്ത് സ്വന്തം അവകാശങ്ങള്‍ എന്താണെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ സൃഷ്‌ടിക്കുന്നത് ആശാസ്യമല്ലെന്നു മാത്രമല്ല ദുരുദ്ദേശപരവുമാണെന്ന കാര്യത്തില്‍ സംശയമില്ല.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്തേ മടി?





