ദനഹാ തിരുനാള്‍ മിശിഹായുടെ പ്രത്യക്ഷീകരണത്തിരുനാള്‍

ഈശോമിശിഹായുടെ പിറവിത്തിരുന്നാളിന്റെ ആഘോഷങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ആരാധനക്രമ വത്സരത്തിലെ മറ്റൊരു കാലത്തിലേക്ക്, ദനഹാ കാലത്തിലേക്കു നാം പ്രവേശിക്കുകയാണ്. ദനഹാത്തിരുനാള്‍ ക്രിസ്തീയ ജീവിതത്തിലും ക്രിസ്തു വിശ്വാസത്തിലും അടിസ്ഥാനപരവും വിശ്വാസത്തിന്റെ ഉറവിടവുമായി നില്‍ക്കുന്ന വലിയ ദൈവീക രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഭവമാണ്.
ഈശോമിശിഹാ സ്‌നാപകയോഹന്നാനില്‍നിന്നു മാമോദിസ സ്വീകരിച്ചതിന്റെ ഓര്‍മ്മദിനമാണ് ദനഹാ തിരുനാള്‍. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യംമുതല്‍തന്നെ ജനുവരി മാസം ആറാം തീയതി കര്‍ത്താവിന്റെ മാമോദിസാ അനുസ്മരിച്ചുകൊണ്ടു ദനഹ ഒരു തിരുനാളായി ആഘോഷിക്കാന്‍ തുടങ്ങി. പിതാവായ ദൈവം പുത്രനെ ലോകത്തില്‍ വെളിപ്പെടുത്തിതന്നതിനെയും പരിശുദ്ധാത്മാവിന്റെ പരിശുദ്ധ ത്രിത്വത്തിലെ വ്യക്തിത്വത്തെയും ഈ ദിവസം നാം ഓര്‍ക്കുകയും സുവിശേഷങ്ങളില്‍ നാം വായിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ദൈവം തന്നെത്തന്നെ പൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ദിവസമാണ് ഇത്. പഴയ നിയമത്തില്‍ പ്രവാചകന്മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവമാണ് പുതിയ നിയമത്തില്‍ തന്റെ പുത്രനായ ഈശോമിശിഹാ (ഹെബ്രാ 1, 1-2) യുടെ മാമോദിസ വേളയില്‍ ദൈവം ത്രിത്വമാണെന്ന് സ്വയം വെളിപ്പെടുത്തിയത് . അതോടൊപ്പം മിശിഹാ എല്ലാ ദൈവീക വെളിപാടിന്റെയും മധ്യസ്ഥനും പൂര്‍ണ്ണതയുമായി (ദൈവാവിഷ്‌കരണം 4) തീര്‍ന്നിരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഇതില്‍നിന്നു നമുക്കു ലഭിക്കുന്നു.
ഈ ദിവസത്തെ ‘ദനഹാ’ തിരുനാള്‍ എന്നാണ് സുറിയാനി ഭാഷയില്‍ പേരു പറയുന്നത്. ഈശോമിശിഹായുടെ യോര്‍ദാന്‍ നദിയിലെ പ്രത്യക്ഷീകരണത്തെ സൂചിപ്പിക്കുവാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. മാമോദിസ സമയത്ത് യോര്‍ദാന്‍ നദിയില്‍ ഉണ്ടായ ദൈവീകമായ വെളിപ്പെടുത്തലിനെയാണ് ‘ദനഹാ’ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പഴയനിയമത്തില്‍ ദൈവം സ്വയം വെളിപ്പെടുത്തുന്നതിനെ തെയോഫനി എന്നാണ് വിശേഷിപ്പിക്കുന്നത്. മുള്‍പ്പടര്‍പ്പ്, ഇടിമുഴക്കം, അഗ്‌നിസ്തംഭം, മേഘത്തൂണ് തുടങ്ങിയ പ്രത്യേകമായ സംഭവങ്ങള്‍ ദൈവത്തിന്റെ വെളിപ്പെടുത്തലിന്റെ മാധ്യമങ്ങള്‍ ആയിരുന്നു. എല്ലാം പൂര്‍ത്തീകരിച്ചത് യോര്‍ദാനിലെ ദനഹായിലാണ്. ‘ഉദിക്കുക’, ‘പ്രകാശിക്കുക’, എന്നൊക്കെയാണ് ദനഹാ എന്ന വാക്കിന്റെയര്‍ത്ഥം. സൂര്യോദയം എന്നും ഇതിന് അര്‍ത്ഥം നല്‍കാറുണ്ട്. ഈ പശ്ചാത്തലത്തില്‍ നീതി സൂര്യനായ ഈശോ ലോകത്തിനു സ്വയം വെളിപ്പെടുത്തിയ യോര്‍ദാനിലെ മാമോദിസാ സമയത്തെ ദൈവികമായ വെളിപ്പെടുത്തലിന് ഈ പേര് നല്‍കിയിരിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്.
30 വര്‍ഷക്കാലം നസ്രത്തിലെ ഭവനത്തില്‍ തന്റെ മാതാപിതാക്കന്മാരോടൊപ്പം ജ്ഞാനത്തിലും
പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയില്‍ വളര്‍ന്നുവന്ന (ലൂക്കാ 2, 52) ദൈവപുത്രനായ മിശിഹാ സ്‌നാപകയോഹന്നാന്‍ നല്‍കിയ മാമോദിസ സ്വീകരിക്കാന്‍ വന്നു എന്നത് സ്വാഭാവികമായും എല്ലാവരിലും ഒരു ചോദ്യം ഉയര്‍ത്തും. ഇസ്രായേല്‍ ജനത്തെ പാപത്തില്‍നിന്നു രക്ഷിക്കുവാനായി വന്നവന്‍ എന്തിനാണ് യോഹന്നാന്‍ നല്‍കിയ അനുതാപത്തിന്റെ മാമോദിസ സ്വീകരിച്ചത്? അതിന് ഈശോതന്നെ ഉത്തരം പറയുന്നുണ്ടല്ലോ, ‘സര്‍വ്വ നീതിയും പൂര്‍ത്തിയാക്കുവാനാ’ യിട്ടായിരുന്നു അത്; തന്റെ മാമോദിസയിലൂടെ വിശുദ്ധീകരണം ആവശ്യമുള്ള ജനവുമായി തന്നെത്തന്നെ താതാത്മ്യപ്പെടാനായിരുന്നു അവിടുന്നു സ്വീകരിച്ച മാമോദിസ. പാപമില്ലാതെ മനുഷ്യനായി പിറന്ന ഈശോ ഒരു സാധാരണ യഹൂദനെപോലെ മാമോദിസ സ്വീകരിച്ചതു തന്റെ ബലിയിലൂടെ പാപമോചനം നേടാനിരിക്കുന്ന ജനവുമായി അനുരൂപപ്പെടാനായിരുന്നു. വിശുദ്ധികരണം ആവശ്യമുള്ള പാപികളായ മനുഷ്യരുമായി താദാത്മ്യപ്പെടാനായി ഈശോ ജനിച്ചത് അനേകര്‍ക്കു മോചനദ്രവ്യമായി തീരാനാണ്. അതുകൊണ്ടാണ് അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ (യോഹ 1, 29) എന്നു സ്‌നാപകയോഹന്നാന്‍ ഈശോയെ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്.
എന്നാല്‍, ഈ താദാത്മ്യപ്പെടലിനും അപ്പുറമായിരുന്നു ഈശോയുടെ യോര്‍ദാനിലെ മാമോദിസ എന്നതാണു സഭാപിതാക്കന്മാരുടെ പഠനം. യോര്‍ദാനിലെ മാമോദിസാ ക്രിസ്തീയ മാമോദിസയുടെ അടിസ്ഥാനവും ഉറവിടവുമായിട്ടാണു സുറിയാനി സഭാപിതാക്കന്മാര്‍, പ്രത്യേകിച്ചു വിശുദ്ധ അപ്രേം പഠിപ്പിക്കുന്നത്. മാമോദിസയെക്കുറിച്ചുള്ള വിശുദ്ധന്റെ ഒരു കവിത ഇങ്ങനെയാണ്: ‘ചെറിയ നദിയായ യോര്‍ദാനേ നീ ഭാഗ്യവതി ആകുന്നു; കാരണം, നിന്നില്‍നിന്നു സ്‌നാനപ്പെടാന്‍ തിരുവുള്ളമായ പരിശുദ്ധന്‍ തന്റെ സ്‌നാനംവഴി ആത്മാക്കളുടെ മോചനത്തിനായി മാമോദിസ സ്വീകരിക്കാന്‍ നിന്നിലേക്ക് ഇറങ്ങി’. അതുകൊണ്ടാണു മാമോദിസാ തൊട്ടിയെ പ്രസവവേദന കൂടാതെ അനുദിനം രാജകുമാരന്മാരെ പ്രസവിക്കുന്ന സഭയുടെ ഗര്‍ഭപാത്രമായി സഭ ചിത്രീകരിച്ചിരിക്കുന്നത്.
ഈശോയുടെ യോര്‍ദാനിലെ മാമോദിസയില്‍ നാലു സംഭവങ്ങള്‍ (മത്താ 3, 16-17) നടന്നതായി സുവിശേഷത്തില്‍ നമുക്ക് ബോധ്യമാകുന്നു;
1. സ്വര്‍ഗ്ഗം തുറക്കപ്പെടുന്നു
2. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു
3. പിതാവായ ദൈവം പുത്രനെ ലോകത്തിനു പരിചയപ്പെടുത്തുന്നു
4. ദൈവം ത്രിത്വമാണെന്നു ദൈവം തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നു
ഈ നാലു സംഭവങ്ങളും ഈശോയുടെ ദൈവീക വ്യക്തിത്വത്തെയും അവിടുത്തെ രക്ഷാകര ദൗത്യത്തെയും സൂചിപ്പിക്കുന്നു. ദൈവപുത്രനായ മിശിഹാ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ പിതാവായ ദൈവത്തിന്റെ പുത്രനാണെന്നും പരിശുദ്ധ റൂഹായുടെ സ്വാധീനത്തിലും റൂഹായോടൊപ്പവുമാണു പിതാവ് ഏല്‍പ്പിച്ച രക്ഷാകര ദൗത്യം ഈശോ തുടരുന്നതെന്നും ഈ സംഭവം വെളിപ്പെടുത്തുന്നു. അതിനായിട്ടാണ ‘ഇവന്‍ എന്റെ പ്രിയപുത്രനാണെന്നു’ പിതാവ് പുത്രനെ പരിചയപ്പെടുത്തിയത്. യോര്‍ദാനിലെ മാമോദിസായില്‍ ഈശോയുടെ മാനുഷികതയെ പരിശുദ്ധ ത്രിത്വം മാമോദിസ മുക്കിയ തിരുനാളാണിത്.
മിശിഹാ തന്നിലൂടെ നേടിയെടുത്ത രക്ഷയെ അവിടുത്തെ നാലു ജനനമായിട്ടാണു ദൈവശാസ്ത്രപരമായി വിലയിരുത്തുന്നത്; പിതാവില്‍ നിന്നുള്ള ജനനം, മറിയത്തില്‍ നിന്നുള്ള ജനനം, യോര്‍ദാനില്‍ നിന്നുള്ള ജനനം, കല്ലറയില്‍ നിന്നുള്ള ജനനം. ഈ ജനനങ്ങളിലൂടെയാണ് ഈശോമിശിഹാ മനുഷ്യ മക്കള്‍ക്കു നിത്യരക്ഷ നല്‍കിയത്. ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ ഈശോയുടെ മൂന്നാമത്തെ ജനനമാണു നമ്മുടെ രണ്ടാമത്തെ ജനനത്തിന്റെ അടിസ്ഥാനം. നമ്മുടെ മാമോദിസാ ഈശോയുടെ മാമോദീസായുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.
പ്രാവിന്റെ പ്രത്യക്ഷപ്പെടല്‍
പരിശുദ്ധാത്മാവിനെ ചിത്രീകരിക്കാന്‍ രക്ഷാകര ചരിത്രത്തില്‍ പല പ്രതീകങ്ങളും നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രാവ്. ഈശോയുടെ യോര്‍ദാനിലെ മാമോദിസ സമയത്ത് പ്രാവിന്റെ രൂപത്തില്‍ ദൈവാത്മാവു പ്രത്യക്ഷപ്പെടുന്നത് ഈശോയുടെ വ്യക്തിത്വത്തെയും അവന്റെ ദൗത്യവും കൂടുതല്‍ വെളിവാക്കുകയാണ്:
1. ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്ന പ്രാവിന്റെ തിരിച്ചുവരല്‍ ദൈവവുമായിട്ടുള്ള സമാധാനത്തിന്റെയും അനുരഞ്ജനയും പ്രതീകമാണ്. ഈശോയാണ് നമ്മുടെ സമാധാന (എഫേ 2, 14) മെന്നും ദൈവവും മനുഷ്യനും തമ്മില്‍ ഈശോയിലാണ് അനുരഞ്ജനപ്പെടുന്നതെന്നും (2 കൊറി 5, 18-21) പ്രാവിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു
2. ജലപ്രളയത്തിനുശേഷം ഭൂമി പുതുതായി രൂപപ്പെട്ടതുപോലെ ഇവിടെ യോര്‍ദാനില്‍ മിശിഹായുടെ മാമോദിസാ വേളയില്‍ അവിടുത്തെ മനുഷ്യത്വത്തിലൂടെ പുതിയ മാനവകുലം രൂപപ്പെടുന്നു എന്നതിന്റെ ഒരടയാളമാണ് പ്രാവിന്റെ പ്രത്യക്ഷപ്പെടല്‍.
3. പ്രാവ് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അടയാളമാണ്
4. പ്രാവ് ഇസ്രായേലിന്റെതന്നെ പ്രതീകമാണ്. ഈശോ പുതിയ പ്രാവാണെന്നും അവന്‍ പുതിയ ഇസ്രായേലായ സഭയെ സംസ്ഥാപിക്കാന്‍ അയക്കപ്പെട്ടതാണെന്നും പ്രാവിന്റെ സാന്നിധ്യം വെളിവാക്കുന്നു
5. പൈതലായ ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിച്ചപ്പോള്‍ മാതാപിതാക്കന്മാര്‍ സമര്‍പ്പിച്ചതു രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയാണ് (ലൂക്കാ 2, 24). ദരിദ്രരായ മാതാപിതാക്കന്മാര്‍ പൊതുവേ അതാണു ചെയ്തിരുന്നത്. പ്രാവ് ഈശോയുടെ പരിപൂര്‍ണ്ണമായ സമര്‍പ്പിക്കപ്പെടലിന്റെ പ്രതീകമായി ഇവിടെ നിലകൊള്ളുന്നു . പ്രാവ് പാപമോചനത്തിനുള്ള ബലിവസ്തുവാണ്.
6. ഇസ്രായേല്‍ ജനത്തിനു രാത്രികാലങ്ങളില്‍ വഴികാട്ടിയായി നിലകൊണ്ട അഗ്‌നിസ്തൂപത്തിനു (പുറം 13, 21) പ്രാവിന്റെ രൂപമാണുണ്ടായിരുന്നതെന്ന് ഈ സംഭവത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തില്‍ സഭാ പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ഇവിടെ പ്രാവ് വിമോചനത്തിന്റെ അടയാളമായി നിലകൊള്ളുന്നു
7. അതുകൊണ്ടു പ്രാവു പാപവിമോചകനും രക്ഷകനുമായ ഈശോയുടെ ദൗത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു എന്നാണു ദൈവശാസ്ത്ര നിഗമനം.

യോര്‍ദാനിലെ മാമോദിസായും നമ്മുടെ മാമോദിസായും
യോര്‍ദാന്‍ നദിയില്‍ ദൈവപുത്രനായ മിശിഹാ സ്വീകരിച്ച മാമോദിസ നമ്മുടെ ഓരോരുത്തരുടെയും മാമോദിസയുടെ അടിസ്ഥാനവും ഉറവിടവും മാതൃകയുമാണ്. മാമോദിസ സ്വീകരിച്ചുകൊണ്ടാണു പിതാവിന്റെ സാക്ഷ്യപത്രവുമായി പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തില്‍ ഈശോ തന്റെ പരസ്യജീവിതം ആരംഭിച്ചത്. മിശിഹായുടെ മഹത്വീകരണ യാത്രയുടെ തുടക്കമായിരുന്നു മാമോദിസ. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ മാമോദിസ സ്വീകരിക്കുന്ന ഏതൊരുവനും ഈ മാതൃക പിന്തുടര്‍ന്നു കാല്‍വരിയിലേക്കു യാത്ര ചെയ്യുവാനുള്ളതാണ്. മാമോദിസ സ്വീകരിക്കുന്നവരെ പിതാവായ ദൈവം പുത്രന്റെ നാമത്തില്‍ പരിശുദ്ധാത്മാവില്‍ ഒരുമിച്ചുകൂട്ടി സഭയാക്കി മഹത്വത്തിലേക്കു തീര്‍ഥാടകരായി നയിക്കുന്നു. അവിടുത്തെ മഹത്വത്തിലുള്ള വരവിനെ ലക്ഷ്യമാക്കി പ്രതീക്ഷയുടെ തീര്‍ത്ഥാടകരായി യാത്ര ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണു മാമോദിസ സ്വീകരിച്ചിരിക്കുന്ന നാമോരോരുത്തരും. ഈ അര്‍ത്ഥമാണു മാമോദിസയെക്കുറിച്ചു വിശുദ്ധ പൗലോസ് നല്‍കുന്നത്: ‘ഈശോമിശിഹായോട് ഐക്യപ്പെടാന്‍ മാമോദിസ സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോടു ഐക്യപ്പെടാനാണ് മാമോദിസ സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ മാമോദിസായാല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. മിശിഹാ മരിച്ചശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയര്‍ത്തെഴുന്നേറ്റതുപോലെ, നാമം പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്’ (റോമ 6, 3-4). അതായത്, ജലത്തില്‍ മുങ്ങിയുള്ള മാമോദിസ ഈശോയോടൊപ്പമുള്ള മരണത്തിന്റെ പ്രതീകമാണ്. അത് അവനോടൊപ്പം ഉയര്‍പ്പില്‍ മഹത്വപ്പെടാനുള്ള വിളിയാണ്.

യോര്‍ദാനും മാമോദിസാതൊട്ടിയും
ഓരോ ക്രിസ്ത്യാനിയും തന്റെ അനുഗ്രഹപ്രദമായ വിശുദ്ധ മാമോദിസയെക്കുറിച്ചും താന്‍ മാമോദിസയിലൂടെ ദൈവത്തിന്റെ മകനായി/മകളായി, സഭയിലെ അംഗമായി, മിശിഹായുടെ ശരീരത്തിലെ അവയവമായി ജനിച്ച മാമോദിസായെ കുറിച്ച് പരിചിന്തനം ചെയ്യാനുള്ള ദിവസമാണ് ദനഹാത്തിരുന്നാള്‍ ദിനം. ഇതേക്കുറിച്ചു വിശുദ്ധ അപ്രേമും സെറൂഗിലെ വിശുദ്ധ യാക്കോബും ധാരാളം എഴുതി പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ അപ്രേമിന്റെ ചിന്തകളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുകയാണ്:
‘വിശുദ്ധ മൂറോന്‍കൊണ്ടു മാമോദിസ തൊട്ടിയിലെ ജലം വിശുദ്ധീകരിക്കുമ്പോള്‍ അത് ചെറിയ യോര്‍ദാന്‍ ആയി മാറുന്നു. ചെറിയ യോര്‍ദാനെ നീ ഭാഗ്യവതിയാവുന്നു; കാരണം, നിന്നില്‍നിന്നു സ്‌നാനപ്പെടാന്‍ തിരുവുള്ളമായ പരിശുദ്ധന്‍, തന്റെ സ്‌നാനംവഴി ആത്മാക്കളുടെ മോചനത്തിനായി മാമോദിസ സ്വീകരിക്കുവാന്‍ താഴേക്കിറങ്ങി’.
‘ഈശോ യോര്‍ദാനിലെ തന്റെ മാമോദിസയില്‍ ആദി മാതാപിതാക്കള്‍ക്കു പറുദീസായില്‍ നഷ്ടപ്പെട്ട പ്രഭയുടെ വസ്ത്രം ഒളിപ്പിച്ചുവെച്ചു. ചെറിയ യോര്‍ദാനായ മാമോദിസ തൊട്ടിയിലെ വിശുദ്ധ ജലത്തില്‍ മുങ്ങി പൊങ്ങി മാമോദിസ സ്വീകരിക്കുന്നവര്‍ പാപംമൂലം നഷ്ടപ്പെട്ട പ്രഭയുടെ വസ്ത്രം റൂഹാ സൗന്ദര്യ പ്രഭയാക്കിയ കൃപയുടെ വസ്ത്രം സ്വീകരിക്കുന്നു’
മാമോദിസാതൊട്ടി സഭയുടെ ഗര്‍ഭപാത്രമാണ്. സഭയുടെ പ്രതീകമായ ദൈവാലയത്തിലാണ് അതിന്റെ സ്ഥാനം. അതുകൊണ്ടു മാമോദിസ സ്വീകരിക്കുന്നവന്‍ സഭയുടെ ഗര്‍ഭപാത്രം ആകുന്ന മാമോദിസ തൊട്ടിയില്‍നിന്ന് റൂഹ് ആകുന്ന സൂതികര്‍മ്മണിയുടെ സഹായത്തോടെ പ്രസവവേദന ഇല്ലാത്ത രാജകുമാരനും മിശിഹായുടെ സഹോദരനും സഭയുടെ മകനാ/മകളായി ജനിക്കുന്നു.
ഉപസംഹാരം
നമുക്കോരോരുത്തര്‍ക്കും നാം സ്വീകരിച്ച വിശുദ്ധ മാമോദിസയെക്കുറിച്ച് ഓര്‍ക്കാനും മാമോദിസയിലൂടെ നമ്മില്‍ സംഭവിച്ച ദൈവീക രഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള ദിവസമാണ് ദനഹാത്തിരുനാള്‍ ദിവസം. മാമോദിസ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും അയാള്‍ ദൈവത്തിന്റെ പുത്രന്‍ /പുത്രി ആണെന്നും മിശിഹായുടെ ശരീരത്തിലെ സജീവ അവയവമാണെന്നും അയാള്‍ നിത്യതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സഭയാകുന്ന വലിയ സൗധത്തെ പടുത്തുയര്‍ത്തുവാന്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം സമാധാനത്തിന്റെ ഉപകരണമായി വര്‍ത്തിക്കുവാനും സഭയ്ക്കു വേണ്ടിയും സഭാ തനയര്‍ക്കുവേണ്ടിയും സഭയുടെ നിലനില്‍പ്പിനുമായി ജീവിതം ബലിയര്‍പ്പിക്കുവാനുള്ള മാമോദിസ സ്വീകരിച്ച ഓരോരുത്തര്‍ക്കും ഉത്തരവാദിത്വണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. സഭയാകുന്ന വലിയ കുടുംബത്തിലെ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് നാമെന്നു മാമോദിസ നമ്മെ ഓര്‍മിപ്പിക്കുന്നു. മാമോദിസയിലൂടെയാണല്ലോ നാം സഭയിലെ അംഗമായി തീര്‍ന്നിരിക്കുന്നത്. സഭ ഒരുമിച്ചു കര്‍ത്താവിന്റെ വരവിനെ പ്രതീക്ഷിച്ചു പ്രത്യാശയുടെ തീര്‍ത്ഥാടനം നടത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ജൂബിലി വര്‍ഷത്തില്‍ നമ്മെ ഓര്‍മിപ്പിച്ചത് ഈ ദിവസം തീര്‍ച്ചയായും അര്‍ത്ഥപൂര്‍ണ്ണമാണ്. മാമോദിസയിലൂടെ സഭ നമുക്കു വെളിപ്പെടുത്തിത്തരുന്ന നമ്മുടെ വ്യക്തിത്വവും ദൗത്യവും ഇതാണ്. ഈശോയുടെ മാനുഷികതയെ യോര്‍ദാനില്‍ വെച്ചു പരിശുദ്ധ ത്രിത്വം സ്‌നാനപ്പെടുത്തിയ തിരുനാളാണു ദനഹാ തിരുനാള്‍.
ഈ ദിവസത്തെ ആഘോഷങ്ങള്‍ അനുഭവമാക്കി സ്വന്തം മാമോദിസായെ ഓര്‍ത്തുകൊണ്ട് നമ്മുടെ മാനുഷികതയെ ഉല്ലംഘിക്കുന്ന ദൈവീക പുണ്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിറയാനും പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ കൊണ്ട് നിറയാനും നമുക്കു പ്രാര്‍ത്ഥിക്കാം. മാമോദിസ സ്വീകരിച്ച നമ്മുടെ ദൗത്യവും ലക്ഷ്യവും ഒരിക്കല്‍ കൂടി ആഴത്തില്‍ ചിന്തിക്കാന്‍ ഈ തിരുനാള്‍ നമുക്കു സഹായകമാകട്ടെ. എല്ലാവര്‍ക്കും ദനഹാ തിരുനാളിന്റെ മംഗളങ്ങളും അനുഗ്രഹങ്ങളും നേര്‍ന്നു കൊള്ളുന്നു.

ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍

 

 

Previous Post

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Next Post

വൈദികരുടെ സ്ഥലം മാറ്റം

Total
0
Share
error: Content is protected !!