ഏതാനും ദിവസം മുന്‍പു ഛത്തീസ്ഗഡില്‍ നിന്നു ജോലി തേടി കേരളത്തില്‍ പാലക്കാട്ടുള്ള അട്ടപ്പള്ളത്ത് എത്തിയ റാം നാരയണന് എന്ന 31 വയസുകാരന്, കേരളത്തില്‍ വന്നതിന്റെ ആറുനാളുകള്ക്കു ശേഷം ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ദാരുണ സംഭവം മലയാളിയുടെ മനസില്‍ ഉള്‍ക്കിടിലം ഉണ്ടാക്കിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുള്ള റാം നാരയണന് ജോലി അന്വേഷിച്ചു കേരളത്തില്‍ എത്തിയതാണ്. ലഭിക്കുമെന്നു കരുതിയ ജോലി കിട്ടാതായപ്പോള്‍ പരിസര പ്രദേശങ്ങളില്‍ ജോലി അന്വേഷിച്ച് അദ്ദേഹം അലഞ്ഞു. ജോലി തേടി അലഞ്ഞ അദ്ദേഹത്തെ മോഷ്ടാവെന്നു ആരോപിച്ചു 15 അംഗ സംഘം മൃഗീയമായി മര്‍ദ്ദിച്ചു മരക്കഷണം കൊണ്ടു അടിച്ചും വയറ്റില്‍ ഭീകരമായി ചവിട്ടിയും കൊന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതനുസരിച്ച് അദ്ദേഹത്തിന്റെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഇടമില്ലെന്നാണ്. അന്യസംസ്ഥാന തൊഴിലാളിയെ അതിഥി തൊഴിലാളി എന്നു വിളിക്കാന്‍ മാത്രം സംസ്ക്കാരിക ഉന്നതി ഉള്ള കേരളത്തില്‍ എങ്ങനെയാണ് ഇതു സംഭവിക്കുക? ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സംശയകരമായ സഹചര്യത്തില്‍ കണ്ടെത്തിയാല്‍ പോലും അവരെ ആള്‍കൂട്ട വിചാരണ ചെയ്യാന്‍ ഏതു നിയമത്തിലാണ് ഇടമുള്ളത്? കാഴ്ചയില്‍ ലുക്കില്ലാത്തവരെല്ലാം കള്ളന്മാരാണെന്നു കരുതുന്നത് ഏതു മാനസികാവസ്ഥ മൂലമാണ്? അട്ടപ്പള്ളത്തു മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട റാം നാരയണനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു ചോദ്യം ചെയ്യുകയും അങ്ങനെ സംശയിച്ചു കൂടുതല്‍ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യന്റെ മതം നോക്കി, നിറം നോക്കി, ഭാഷ നോക്കി, ദേശം നോക്കി അവന്റെ അവകാശം പരിരക്ഷിക്കപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യയുടേത്. ഇന്ത്യക്കാരനു രാജ്യത്ത് എവിടെയും തൊഴില്‍ എടുക്കാനും സഞ്ചാരം ചെയ്യാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കപട ദേശീയതയും അതിനു പിന്നില്‍ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന മതവര്‍ഗീയതയും അപരമത വിദ്വേഷവുമെല്ലാം, തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ബീഭത്സമായ അവസ്ഥയിലേക്കു നീങ്ങുന്ന ചരിത്രം ഉത്തരേന്ത്യയില്‍ ചിലപ്പോഴൊക്കെ കണ്ടു വന്നത്, പാലക്കാട്ടു വഴി കേരളത്തിലും എത്തി ചേരുന്നത് അങ്ങേയറ്റം അപകടകരവും അതിലേറെ അപലപനീയവുമാണ്. കുടുംബത്തെ പുലര്‍ത്താന്‍ കേരളത്തിലെത്തിയ റാം നാരയണനോടു കാണിച്ച ഈ കൊടുംക്രൂരത മലയാളിയുടെ ആത്മാഭിമാനത്തിനേറ്റ കനത്ത ആഘാതമാണ്.
ആള്‍കൂട്ട മര്‍ദ്ദനത്തിന്റെ പേരില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പേരില്‍ 4 പേര് ആര്.എസ്.എസ്. അനുഭാവികളും മുന്‍പു കമ്മ്യൂണിസ്റ്റുകാരെ ആക്രമിച്ച കേസില്‍ പ്രതികളുമാണെന്നാണ് എഫ്.ഐ.ആര് പറയുന്നത്. ഒരാള്‍ സി.പി.എം സംഘടനയില്‍ പെട്ടയാളാണ്. രണ്ടാം ഘട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേര് കോണ്‍ഗ്രസുകാരാണെന്നാണ് ബി.ജെപി ആരോപിക്കുന്നത്. അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ബി.ജെ.പി, ആര്.എസ്.എസ്. ക്രിമിനലുകളാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വി. ഗോവിന്ദന് ആരോപിച്ചത്. ഒപ്പം സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് കൊലയുടെ പിന്നിലെന്നു മന്ത്രി എം. ബി. രാജേഷും പറഞ്ഞു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടു ന്യായീകരിക്കാവുന്ന ഒന്നല്ല അട്ടപ്പള്ളത്തു നടന്ന നിഷ്ഠൂര കൊലപാതകം. കൊലപാതകികളെ നിയമത്തിന്റെ മുന്പില് കൊണ്ടു വന്നു പരമാവധി ശിക്ഷ വാങ്ങി നല്‍കണം. ഈ രാജ്യത്തു നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സംവിധാനവും അതുറപ്പുവരുത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റും ഉണ്ടെന്നിരിക്കെ ആ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കേണ്ടതില്ല. വിശപ്പടക്കാനാവാതെ അല്പം അരി മോഷ്ടിച്ചതിന്റെ പേരില്‍ അട്ടപാടിയില്‍ `മധു’ എന്ന ആദിവാസിയെ കൊന്നതും നാം മറന്നിട്ടില്ല. ആ കേസില്‍ കൊലപാതകികള്‍ക്കു പരമാവധി ശിക്ഷ വാങ്ങി കൊടുക്കുവാന്‍ നമുക്കായില്ല. 7 വര്‍ഷത്തെ കഠിന തടവിനു മാത്രമാണ് ആ കേസില്‍ കൊലയാളികളെ ശിക്ഷിച്ചത്. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കു പലവിധ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ മാറേണ്ടി വന്നു. അട്ടപ്പള്ളത്തും അങ്ങനെയുള്ള സാഹചര്യം ഉണ്ടായികൂടാ. അദ്ധ്വാനിച്ചു കുടുംബം പുലര്‍ത്താന്‍ ഈ നാട്ടിലെത്തിയ മനുഷ്യനെ കിരാതമായ മര്‍ദ്ദനത്തിലൂടെ കൊന്നവര്‍ക്കു രാജ്യത്തെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുക തന്നെ വേണം. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്ത്ത സമ്മാനിക്കുന്ന ഈ ക്രിസ്തുമസ് കാലഘട്ടത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നത് അതീവദുഃഖകരമാണ്. അതുപോലെ പാലക്കാട്ട് ക്രിസ്തുമസ് കരോള്‍ നടത്തിയ ആളുകളെ സംഘപരിവാര്‍ ശക്തികള്‍ തടഞ്ഞതായി വായിക്കാന്‍ കഴിഞ്ഞു. സി.പി.എം. -ന്റെ ബാന്റാണവര് ഉപയോഗിച്ചതെന്നും സി.പി.എം ക്രിമിനലുകളാണ് അവരെന്നുമാണ് ബി.ജെ.പി നേതാവിന്റെ ഭാഷ്യം. ഉപയോഗിച്ചത് ആരുടെ ബാന്റുമാകട്ടെ, മതേതര രാജ്യമായ ഇന്ത്യയില്‍, പ്രബുദ്ധതയുള്ള കേരളത്തില്‍, ക്രിസ്തുമസ് കരോള്‍ ആര്‍ക്കാണ് ഇത്ര അരോചകം. ഗാസിയാബാദിലും ഒറീസയിലുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും ക്രിസ്തുമസുമായി ബന്ധപ്പെട്ട കച്ചവടത്തിനുമൊക്കെ സംഘപരിവാര്‍ ശക്തികള്‍ ഭീഷണി ഉയര്‍ത്തിയതായി കേള്‍ക്കുന്നു. അപര മത വിദ്വേഷവും ആള്‍ക്കൂട്ട മര്‍ദ്ദനവുമൊക്കെ അടിക്കടി നമ്മുടെ നാട്ടിലും രാജ്യത്തും ഉയരുന്നതിന്റെ പിന്നില്‍ അവയെ പ്രോത്സാഹിപ്പിക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രത്യയശാസ്ത്രവും നിലപാടുകളുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മലയാളിയുടെ മാനസിക നില എന്നും പ്രബുദ്ധമായ നിലയില്‍ തുടരുകതന്നെ ചെയ്യണം. രാജ്യത്തിന്റെ മതേതര സ്വഭാവം പോറലേല്‍ക്കാതെ നിലനില്‍ക്കണം. അതിനു ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൗരജനങ്ങള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാനാകും.
റവ. ഡോ. മാത്യു കുരിയത്തറ
മലയാളിയുടെ മനോനിലയില്‍ മാറ്റമോ?





