പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍

നമ്മുടെ രാജ്യത്തു വിമാനങ്ങളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്‍പന്തിയിലുള്ള വിമാന സര്‍വ്വീസാണ്‌ ഇന്‍ഡിഗോ. ഏഷ്യയിലെ രണ്ടാമത്തെ വലിയ വിമാന സര്‍വ്വീസുമാണത്‌. രാജ്യത്തെ ആഭ്യന്തര, വിദേശ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ഈ വിമാന കമ്പനിയുടെ സര്‍വ്വീസ്‌ ഡിസംബര്‍ ആദ്യം മുതല്‍ ഏറെ താറുമാറായി കിടക്കുകയാണ്‌. ദിനംപ്രതി നൂറു കണക്കിനു സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടുകയും നടത്തുന്ന സര്‍വ്വീസുകള്‍ സമയക്രമം പാലിക്കാത്തതുവഴി യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലുമാണ്‌. വലിയ ഒരു വിമാന കമ്പനിയുടെ സര്‍വ്വീസുകള്‍ തകിടം മറിയുമ്പോള്‍ അത്‌ ആയിരക്കണക്കിനു യാത്രക്കാരെ പ്രതിദിനം ബാധിക്കുന്നതില്‍ അസ്വഭാവികമായി ഒന്നുമില്ല. ഇന്‍ഡിഗോ അടക്കം നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം വിമാന കമ്പനികളും കാര്യക്ഷമതയോടെ തങ്ങളുടെ സര്‍വ്വീസുകള്‍ നടത്തിയിരുന്നതുകൊണ്ട്‌ ഇപ്പോള്‍ സംഭവിക്കുന്ന ഈ വൈഷമ്യങ്ങള്‍ യാത്രക്കാരില്‍ ഞെട്ടലും അത്ഭുതവും മാത്രമല്ല രോഷവും ഉളവാക്കുന്നു. ഇന്‍ഡിഗോയുടെ സര്‍വ്വീസിലുണ്ടായ ഈ തകിടം മറിച്ചിലിനു കാരണങ്ങള്‍ പലതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. ചെറിയ സാങ്കേതിക തകരാറുകള്‍, ശീതകാല ഷെഡ്യുള്‍ മാറ്റങ്ങള്‍, കാലാവസ്ഥ, വ്യോമ ഗതാഗതത്തിലെ വിമാന ബാഹുല്യം, ജോലി ക്രമീകരണത്തിലെ മാറ്റങ്ങള്‍ (ഫ്‌ളൈറ്റ്‌ ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്‌-എഫ്‌.ഡി.ടി.എല്‍) എന്നിവയാണ്‌ ഇന്‍ഡിഗോ കമ്പനി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. പല ഫ്‌ളൈറ്റ്‌ കമ്പനികള്‍ക്കും ആവശ്യത്തിനു സ്റ്റാഫില്ല എന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്‌. ലാഭത്തിനു പ്രാമുഖ്യം നല്‍കുന്ന വിമാന കമ്പനികള്‍ ഉള്ള സ്റ്റാഫിനെകൊണ്ട്‌ കൂടുതല്‍ ജോലി ചെയ്യിച്ചു സര്‍വ്വീസ്‌ നടത്തുന്നതായി ആക്ഷേപമുണ്ട്‌. ജീവനക്കാരുടെ വിശ്രമസമയം കൂട്ടുന്നതിനുള്ള പുതിയ എഫ്‌.ഡി.ടി.എല്‍ നടപ്പാക്കുന്നതില്‍ വിമാന കമ്പനികള്‍ കാണിക്കുന്ന വൈമനസ്യം ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രതിസന്ധിക്കു കാരണമായി പറയുന്നുണ്ട്‌. വ്യോമയാന ഡയറക്‌ടര്‍ ജനറല്‍ (ഡി.ജി.സി.എ) നിഷ്‌കര്‍ഷിച്ച എഫ്‌.ഡി.ടി.എല്‍ പരിഷ്‌ക്കരണത്തിനെതിരെ വിമാന കമ്പനികള്‍ രണ്ടു വര്‍ഷത്തെ നിയമ യുദ്ധം നടത്തുകയുണ്ടായി. എന്നാല്‍ പരിഷ്‌ക്കരണം രണ്ടു ഘട്ടമായി നടത്തണമെന്ന ഉത്തരവ്‌ ഡല്‍ഹി ഹൈക്കോടതി ഏപ്രിലില്‍ പുറപ്പെടുവിച്ചു. അതനുസരിച്ച്‌ പൈലറ്റുമാരുടെ ആഴ്‌ചതോറുമുള്ള വിശ്രമ സമയം 36 മണിക്കൂറില്‍ നിന്ന്‌ 48 മണിക്കൂറായി ഉയര്‍ത്തുന്നത്‌ ജൂലൈ മാസം പ്രാബല്യത്തില്‍ വന്നു. രാത്രി ഡ്യൂട്ടി സമയം കുറക്കുന്നത്‌ അടക്കമുള്ള മറ്റു ചില ക്രമീകരണങ്ങള്‍ നടപ്പായത്‌ നവംബര്‍ ഒന്നു മുതലാണ്‌. നിര്‍ദ്ദേശിക്കപ്പെട്ട പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന, ജീവനക്കാരുടെ കുറവ്‌ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ വേണ്ടി സാവകാശം നല്‍കുന്നതിനുവേണ്ടിയാണ്‌ കോടതി രണ്ടു ഘട്ടമായുള്ള പരിഷ്‌ക്കരണം നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ഈ സൗകര്യം ഇന്‍ഡിഗോ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താത്തതുകൊണ്ടുമാണ്‌ ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധി ഉയര്‍ന്നു വന്നത്‌. എഫ്‌.ഡി.ടി.എല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ വിമാന കമ്പനികള്‍ പഴുതുകള്‍ കണ്ടെത്തുമ്പോള്‍ പൈലറ്റുമാര്‍ അടക്കം വിമാന സര്‍വ്വീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ജീവനക്കാര്‍ മറ്റു ജോലി മേഖലയിലേക്ക്‌ തിരിയുവാനുള്ള ശ്രമവും നടത്താം. ഇതൊക്കെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. പൈലറ്റുമാര്‍ക്കും മറ്റും ആവശ്യത്തിനു വിശ്രമ സമയം അനുവദിക്കേണ്ടത്‌ വിമാന അപകട സാധ്യതകള്‍ ലഘൂകരിക്കാന്‍ അനിവാര്യമാണ്‌. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ടുള്ള ഒരു ക്രമീകരണവും ആശാസ്യമല്ല, സ്വീകാര്യവുമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡിഗോയുടെ സര്‍വ്വീസിലുണ്ടായ പ്രതിസന്ധി മുതലെടുത്ത്‌ ടിക്കറ്റ്‌ നിരക്കില്‍ മറ്റു വിമാന കമ്പനികള്‍ വന്‍ വര്‍ദ്ധനവു വരുത്തുകയുണ്ടായി. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണവര്‍ സ്വീകരിച്ചത്‌. ചില റൂട്ടികളില്‍ ചില കമ്പികള്‍ പത്തിരട്ടി വരെയാണ്‌ തുക ഈടാക്കിയത്‌. ഇതിനെതിരെ പ്രതിഷേധം ഉയരുകയും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുകയും നിരക്കുകള്‍ക്കു താല്‌ക്കാലികമായി പരിധി വയ്‌ക്കുകയും ചെയ്‌തത്‌ അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്‌. കേന്ദ്ര ഗവണ്‍മെന്റ്‌ യാത്രാദൂരത്തിനനുസരിച്ചാണ്‌ വിമാന ടിക്കറ്റിനുള്ള തുകയ്‌ക്കു പരിധി വെച്ചത്‌. ബിസിനസ്സ്‌ ക്ലാസ്സിന്‌ ഇതു ബാധകമല്ലെങ്കിലും ഇക്കണോമി ക്ലാസുകള്‍ക്ക്‌ ഇത്‌ ബാധകമായതിനാല്‍ സാധാരണക്കാര്‍ക്കിത്‌ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അവധിക്കാലത്തും ഉത്സവ സീസണിലുമൊക്കെ നിലവിട്ട്‌ വിമാന കമ്പനികള്‍ നിരക്കു വര്‍ദ്ധിപ്പിക്കുന്ന രീതി കുറെ വര്‍ഷങ്ങളായി നാം കണ്ടുവരുന്നുണ്ട്‌. പ്രത്യേകിച്ചും ഗള്‍ഫില്‍ നിന്നും ഇങ്ങോട്ടും ഇവിടെനിന്ന്‌ അങ്ങോട്ടുമുള്ള ടിക്കറ്റുകള്‍ക്ക്‌. ഗള്‍ഫ്‌ മലയാളികള്‍ ഈ വിഷയം നിരന്തരം ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുന്നുണ്ടെങ്കിലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു പലപ്പോഴും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ വിമാന കമ്പനികളുടെ അമിത ലാഭക്കൊതിക്കു തടയിടാനുള്ള സ്ഥിരം സംവിധാനം രാജ്യത്തുണ്ടാകണം. രാജ്യത്തെ പൊതു മേഖലയില്‍ ഉണ്ടായിരുന്ന വിമാന കമ്പനികളെല്ലാം സ്വകാര്യവല്‍ക്കരിച്ചതോടെ ഈ രംഗത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ക്കു പരിധിയുണ്ടാകാം. പക്ഷേ യാത്രക്കാരെ പിഴിയുന്ന വിമാന കമ്പനികളുടെ അമിത ലഭാക്കൊതിക്കു തടയിടുകതന്നെ ചെയ്യണം. ഇന്ത്യയിലെ വ്യോമഗതാഗതം വളര്‍ച്ചയുടെ പാതയിലാണ്‌. വിദേശ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നു. ഇക്കാര്യം പരിഗണിച്ചു ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ യാത്രക്കാര്‍ക്കു പരമാവധി സൗജന്യ നിരക്കു ലഭ്യമാക്കുന്ന തരത്തില്‍ സംവിധാനം ഒരുക്കുന്ന ഒരു ഗവണ്‍മെന്റ്‌ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയെക്കുറിച്ചുള്ള ആലോചനയും പരിഗണനയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതും ഇത്തരുണത്തില്‍ അനുപേക്ഷണീയമാണ്‌. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതി അവസാനിപ്പിക്കണം.
റവ.ഡോ. മാത്യു കുരിയത്തറ

Previous Post

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിച്ചു

Next Post

സ്മരണാഞ്ജലി : ഫാ. എബ്രഹാം പാറടിയിലച്ചന്

Total
0
Share
error: Content is protected !!