ദൈവദാസന്‍ തൊമ്മിയച്ചന്‍ – ആത്മീയതയുടെ മായാത്ത ദിവ്യ പ്രഭ (സ്മരണാഞ്ജലി)

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ ഓര്‍മയായിട്ട് നീണ്ട എണ്‍പത്തി രണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ സ്‌നേഹത്തോടെ അര്‍പ്പിക്കുന്നു.
ദൈവിക വിശുദ്ധിയുടെ ആള്‍രൂപമായിരുന്നു ദൈവദാസന്‍ തൊമ്മി അച്ചന്‍. സുവിശേഷത്തിന് സമ്പൂര്‍ണമായി സമര്‍പ്പിച്ച വിനീത ദാസന്‍. ലോകത്തിന്റെ നിറക്കൂട്ടുകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. ഭൗതികതയുടെ നേട്ടങ്ങള്‍ അച്ചനെ വശീകരിച്ചില്ല. തന്റെ കഴിവും സാധ്യതകളും പാവങ്ങള്‍ക്കുള്ള സുവിശേഷമാക്കി മാറ്റാനാണ് അച്ചന്‍ എന്നും പരിശ്രമിച്ചത്. കരുണയും സ്‌നേഹവും സമന്വയിക്കുന്ന സുവിശേഷം ജീവിതം കൊണ്ട് അച്ചന്‍ അടയാളപ്പെടുത്തി. മാനവ സേവ ദൈവസേവ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തി.
എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത് (Mt 25/40) എന്ന ഈശോയുടെ വചനം അച്ചന്റെ അന്തരംഗത്തില്‍ എന്നും പ്രതിധ്വനി ച്ചിരിക്കണം. തൊമ്മി അച്ചന്റെ കര്‍മ മണ്ഡലത്തെയും ജീവിത വീക്ഷണത്തെയും രൂപപ്പെടുത്തിയത് ഈശോയുടെ സ്‌നേഹവും സത്യവും സഭയുടെ വിശ്വാസവും ജീവിത വിശുദ്ധിയുമായിരുന്നു. കരുണയും വിനയവും ലാളിത്യവും തൊമ്മി അച്ചന്റെ മുഖമുദ്രയാണ്. തന്മൂലം അദ്ദേഹം മാനവികതയുടെ നിതാന്ത ഉപാസകനായി. നിസ്വരുടേയും പാവങ്ങളുടെയും പ്രത്യേകിച്ച് ഭിന്നശേഷിക്കാരുടെയും പക്ഷം ചേര്‍ന്നു. അതിന്റെ മികച്ച നിദര്‍ശനമാണ് ശതാബ്ദി പിന്നിട്ട  കൈപ്പുഴ സെന്റ് തോമസ് അസൈലം. തന്റെ കര്‍മ പദ്ധതികളും മനുഷ്യ സേവനവും അഭംഗുരം തുടരാനാണ് അച്ചന്‍ സെന്റ് ജോസഫ് സന്യാസിനി സമൂഹം സ്ഥാപിച്ചത്. ഇന്ന് ക്രിസ്തു സഭയുടെ വ്യത്യസ്ത ഇടങ്ങളിലും തലങ്ങളിലും സെന്റ് ജോസഫ് സന്യാസിനി സമൂഹം തൊമ്മി അച്ചന്റെ ഉദാത്തമായ പൈതൃകവും മാതൃകയും യാഥാര്‍ത്ഥ്യവത്കരിക്കുന്നു. മഹത്തായ മനുഷ്യസ്‌നേഹത്തിന്റെ- സേവനത്തിന്റെ മാതൃകകള്‍ സ്വര്‍ഗീയ അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും അടയാളപ്പെടുത്തലാണ്.
ഈശോയുടെ കാരുണ്യത്തോടെ, വിനയത്തിന്റെ ആര്‍ദ്രതയോടെ പാവങ്ങളെ പ്രത്യേകിച്ചും ഭിന്ന ശേഷിക്കാരെ കരുതിയ അച്ചന്റെ കര്‍മ മാര്‍ഗവും ആത്മചൈതന്യവും ഏവര്‍ക്കും എന്നും മാതൃകയും പ്രചോദനവും ആകട്ടെ. സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന് എന്നും ആത്മീയ പ്രഭ തൂകുന്ന അനശ്വര പ്രകാശ ഗോപുരമായി തൊമ്മിയച്ചന്‍ പ്രശോഭിക്കട്ടെ. അങ്ങനെ ദൈവത്തിന്റെ നിസ്വര്‍ ഈശോയുടെ സുവിശേഷത്തിന്റെ സമാധാനവും സന്തോഷവും എന്നും സ്വായത്തമാക്കട്ടെ…..

ദൈവദാസന്‍തൊമ്മിയച്ചന്റെ പാവന സ്മരണയ്ക്ക് മുമ്പില്‍ ആദരവോടെ…. പ്രാര്‍ത്ഥനയോടെ…..

ഫാ. തോമസ് കോട്ടൂര്‍

 

Previous Post

ചുള്ളിയോട്: മുകളേല്‍ ജയ്മോള്‍ രാജു

Next Post

ഏബല്‍ സജിയെ ആദരിച്ചു

Total
0
Share
error: Content is protected !!