ദോഹ: ഖത്തറിലെ ക്നാനായ സമുദായങ്ങളുടെ ഐക്യം വിളിച്ചോതിക്കൊണ്ട് ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷനും (QKCA) ക്നാനായ യാക്കോബായ സമൂഹവും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഖത്തര്‍ ക്നാനായ സംഗമം 2025’ വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു. നവംബര്‍ 14 വെള്ളിയാഴ്ച ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന സംഗമത്തില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ക്നാനായ സഹോദരങ്ങളാണ് അണിനിരന്നത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ICC) പ്രസിഡന്റ് മണികണ്ഠന് AP സംഗമം ഉദ്ഘാടനം ചെയ്തു. ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ. അജു കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ICBF പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യപ്രഭാഷണം നടത്തി. QKCA പ്രസിഡണ്ട് ജിജോയ് ജോര്‍ജ് സ്വാഗതമാശംസിച്ചു.

ചീഫ് കോഓര്‍ഡിനേറ്റര്‍ ജേക്കബ് ചെറിയാന് നന്ദി അര്‍പ്പിച്ച ചടങ്ങില്‍, ഖത്തറിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക വ്യക്തിത്വങ്ങളായ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും നോര്‍ക്ക ബോര്‍ഡ് മെമ്പറുമായ ഇ എം സുധീര്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ വി ബോബന്, SMCA പ്രസിഡണ്ട് ജോയി ആന്റണി, പരിപാടിയുടെ പ്രീമിയം സ്പോണ്സര് ടെക്സാസ് സ്റ്റഡി അബ്രോഡ് എം ഡി ഏലിയാസ് ഡേവിഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ മുഖ്യാതിഥികള്‍, സ്പോണ്‍സര്‍മാര്‍, ഖത്തറില്‍ 25 വര്‍ഷം പൂര്‍ത്തിയായ ക്നാനായ സമുദായാംഗങ്ങള്‍, ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ജോപ്പച്ചന്‍ തെക്കേക്കുറ്റ് എന്നിവരെ മെമന്റോ നല്കി ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ ടാഗ് ലൈന്‍, ലോഗോ മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഇരുവിഭാഗങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ക്നാനായ സമുദായത്തിന്റെ തനതായ പൈതൃകം വിളിച്ചോതുന്ന മെഗാ പരിചമുട്ടുകളി, മെഗാ മാര്‍ഗംകളി എന്നിവയും കലാ-സാംസ്കാരിക വിരുന്നും പുരാതനപാട്ടുകളും നടത്തുകയുണ്ടായി.

വിവിധ പ്രായക്കാര്‍ക്കുള്ള ഗെയിമുകളോടെ ആരംഭിച്ച സംഗമം പൊതുസമ്മേളനത്തിന് ശേഷം വര്‍ണ്ണാഭമായ കലാ-സാംസ്കാരിക വിരുന്നായി മാറി. വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും പുരാതന പാട്ടുകളുടെയും നാടന്‍ പാട്ടുകളുടെയും അവതരണവും നടന്നു.സംഗമത്തിന് ആവേശകരമായ സമാപനം കുറിച്ചത്, പുരാതന പാട്ടുകള്‍ കോര്‍ത്തിണക്കിയ ചെണ്ടമേളം ഫ്യൂഷന്‍ മ്യൂസിക് പ്രോഗ്രാം ആയിരുന്നു. പരമ്പരാഗതവും ആധുനികവുമായ കലാരൂപങ്ങളുടെ ഈ സമന്വയം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.?സംഗമത്തിന്റെ വിജയത്തിനായി ഫാ. അജു കെ തോമസ്, പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റേഴ്സ് ആയ ജിജോയ് ജോര്‍ജ്, ജേക്കബ് ചെറിയാന്, സൂരജ് തോമസ്, എബിന് പയ്യനാട് എന്നിവരെ കൂടാതെ ഇരു സംഘടനകളുടെയും കമ്മറ്റി അംഗങ്ങളും നേതൃത്വം നല്കി.






