ഹ്യൂസ്റ്റണില്‍ വ്യത്യസ്ഥ ശൈലിയില്‍ യുവജന തിരുനാള്‍

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേര്‍ന്ന് നടത്തിയ തിരുനാള്‍ ഏറെ ശ്രദ്ധേയമായി.

പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടത്തപ്പെട്ട തിരുനാളിനു ഒക്ടോബര്‍ എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടത്തപ്പെട്ടു. തുടര്‍ന്ന് ഒന്‍പതു ദിവസത്തെ നൊവേനയും ആറു ദിവസത്തെ ധ്യാനവും ആരാധനയും കുമ്പസാരവും നടന്നു. 2025 സെപ്റ്റംബര്‍ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാര്‍ലോ അക്യുറ്റസ് ന്റെ ആദ്യ തിരുനാള്‍ ഒക്ടോബര്‍ 12 ന് എല്ലാ യുവജനങ്ങളും ചേര്‍ന്ന് ഇടവകയില്‍ കൊണ്ടാടി. സീറോ മലങ്കര റീത്തിലുള്ള കുര്‍ബാനയും സീറോ-മലബാര്‍ റീത്തിലെ റാസകുര്‍ബാനയും ഏറെ ശ്രദ്ധാര്‍ഹമായി .

ഒക്ടോബര്‍ 18 ശനിയാഴ്ച വിശുദ്ധ കുര്‍ബാനക്കും ശുശ്രുഷകള്‍ക്കും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂര്‍ അതിരൂപതക്ഷ്യനുമായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സാന്‍ അന്റോണിയോ ഇടവക വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ മെഴുകുതിരി കൈകളിലേനതി ജപമാല പ്രദിക്ഷിണം നടന്നു.

തിരുനാള്‍ ദിവസം ഒക്ടോബര്‍ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വകവുമായ റാസ കുര്‍ബാന നടന്നു. അതില്‍ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.
ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍ സന്ദേശം നല്‍കി. തിരുനാള്‍ ഏറ്റെടുത്ത ഇടവകയിലെ യുവജനങ്ങളെ പിതാവ് അഭിനന്ദിച്ചു. ഊര്‍ജസ്വലതയോടും സജീവമായും ഇടവക പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന യുവജനതയെ കാണാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പിതാവ് ആമുഖമായി ഓര്‍മിപ്പിച്ചു. യുവജനങ്ങള്‍ മറിയത്തെപ്പോലെ ഈശോയെ ഹൃദയത്തില്‍ സംഗ്രഹിച്ച് യേശുവിനു സാക്ഷികളാകുവാനും, നവമാധ്യമങ്ങള്‍ പരമാവധി ഉപയോഗിച്ച് നന്‍മയുടെയും, ക്രൈസ്തവ മൂല്യങ്ങളുടെയും പ്രചാരകരാകുവാനും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉല്‍ബോധിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജന്‍സ് പോലുള്ള നൂതന മാര്‍ഗങ്ങള്‍ പ്രചാരമാകുന്ന ഈ കാലത്ത്, ഈ വിധമായ രീതിയിലും യേശുവിനെ പ്രഘോഷിക്കുവാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണമെന്നും പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ഒക്ടോബര്‍ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാര്‍ ജോയി ആലപ്പാട്ട് ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകയിലെ എല്ലാ കുട്ടികളും, യുവജനങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച അതിമനോഹരവും, കണ്ണിനു കാതിനും ഇമ്പമേറുന്നതും മനസുകളെ ത്രസിപ്പിക്കുന്നതുമായ ക്‌നാനായ ക്രൈസ്തവ മൂല്യങ്ങള്‍ പകരുന്ന കലാസന്ധ്യ വര്‍ണ്ണാഭമായിരുന്നു. തുടര്‍ന്ന് രുചികരവും ഹൃദ്യവുമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു .

തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും വേനയും ഉണ്ടായിരിന്നു.
ഒക്ടോബര്‍ 11, 12, ശനി, ഞായര്‍, ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കും, 13 തിങ്കള്‍ മുതല്‍ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവര്‍ക്കും വേണ്ടിയും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഒന്‍പതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യൂ.കെ.യുടെ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, ജെറിന്‍, നീതു, റോയ് തച്ചില്‍, ഷീബാ മുത്തോലത്ത്, വ്ന്നിവരാണ് ധ്യാനം നയിച്ചത്.

അഭിമാനത്തോടെ ഏറ്റെടുത്ത ഈ തിരുനാള്‍ ഊര്‍ജസ്വലതയോടും, സ്‌നേഹത്തോടും, സന്തോഷത്തോടും കൂടെ മനോഹരമാക്കുന്നതിനായി ഇടവകയിലെ യുവജനങ്ങളെല്ലാം ഏക മനസോടെ രാവും പകലും കയ്യും, മെയ്യും ചേര്‍ന്ന് അലങ്കാരങ്ങളും ഒരുക്കങ്ങളും നടത്തി തിരുനാള്‍ വാന്‍ വിജയമാക്കിയത് വിസ്മയകരമായ അനുഭവമായി.

ഒക്ടോബര്‍ 18, 19 തിയതികളിലായി നടന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍ , ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയില്‍, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയില്‍, സിസ്റ്റര്‍ റെജി S.J.C., ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയില്‍, ഡി.ആര്‍.ഈ. ജോണ്‍സണ്‍ വട്ടമറ്റത്തില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗഭാരവാഹികള്‍, യുവജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളായി തിരുനാള്‍ ഭംഗിയാക്കുന്നതിനായി നേതുത്വം നല്‍കി.
ഇവയ്ക്കു നേതൃത്വം നല്‍കിയ എല്ലാവരെയും വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ അഭിനന്ദിച്ചു .

ബിബി തെക്കനാട്ട്.

 

Previous Post

‘രസകദളി’ നടത്തി

Next Post

കോളിച്ചാല്‍ : റാണിപുരം പന്തിക്കാല്‍ കുന്നത്തു പറമ്പില്‍ മേരി

Total
0
Share
error: Content is protected !!