അഭിമാനപുരസരം ഞങ്ങള്‍…

അപ്‌നാദേശ്‌ പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തില്‍ എത്തിനില്‍ ക്കുന്നു. പിറകോട്ടു തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ അഭിമാനത്തോടെ, ആത്മഹര്‍ഷത്തോടെ തികഞ്ഞ സംതൃപ്‌തിയോടെ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഒരുപിടി അനുഭവങ്ങള്‍ സഭയ്‌ക്കും ക്‌നാനായ സമുദായത്തിനും പൊതുസമൂഹത്തിനും നല്‍കുവാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്‌. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക എന്ന ആദര്‍ശം അടിസ്ഥാന പ്രമാണമായി സ്വീകരിച്ചുകൊണ്ട്‌, സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ മൂല്യങ്ങള്‍ മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട്‌, ക്രിസ്‌തുവിനും അവന്റെ മൗതിക ശരീരമായ സഭയ്‌ക്കുവേണ്ടി, സമുദായത്തിനുവേണ്ടി, പൊതുസമൂഹത്തിനുവേണ്ടി, രാജ്യത്തിനുവേണ്ടി ഉത്തരവാദിത്വപൂര്‍വ്വം കര്‍മ്മനിരതമായ സേവനം ചെയ്‌തതിന്റെ സന്തോഷത്തിലും സാഫല്യത്തിലുമാണ്‌ ഞങ്ങള്‍. ഞങ്ങളുടെ ഈ സേവനപാതയില്‍ ഞങ്ങള്‍ക്കു പിന്‍ബലം നല്‍കിയതും ഉത്തേജനം തന്നതും കാലാകാലങ്ങളില്‍ കോട്ടയം അതിരൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കന്മാരാണ്‌. ഒപ്പം ഈ പത്രത്തെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സഭാസ്‌നേഹികളും സമുദായസ്‌നേഹികളുമായ വായനക്കാരാണ്‌. മംഗളകരമായ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം ഞങ്ങള്‍ അവരെ ഓര്‍ക്കുന്നു. ഓരോ കാലഘട്ടത്തിലും ചീഫ്‌ എഡിറ്റര്‍മാരായും എഡിറ്റര്‍മാരായും മാനേജര്‍മാരായും ഈ പ്രസിദ്ധീകരണത്തെ നയിച്ചവരെയും ആത്മാര്‍ത്ഥതയോടെ ഇവിടെ സേവനം ചെയ്‌തു കടന്നുപോയ ജീവനക്കാരെയും ഇപ്പോഴും സേവനം ചെയ്യുന്നവരെയും ഞങ്ങള്‍ അനുസ്‌മരിക്കുന്നതോടൊപ്പം, അപ്‌നാദേശ്‌ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട്‌ വയനക്കാര്‍ക്ക്‌ രുചികരമായ വായനാവിഭവങ്ങള്‍ ഒരുക്കിയ എഴുത്തുകാരെയും ഞങ്ങള്‍ നന്ദിപൂര്‍വ്വം അനുസ്‌മരിക്കുന്നു.
അപ്‌നാദേശ്‌ ആത്യന്തികമായി കോട്ടയം അതിരൂപതയുടെ ശബ്‌ദവും വെളിച്ചവുമാണ്‌. സമുദായാംഗങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നതിലും സഭയോടു ചേര്‍ന്നു സാമുദായികമായി ശക്തികരിക്കുന്നതിലും ക്രിസ്‌തുവിനോടുള്ള സ്‌നേഹത്തിലും അവനിലുള്ള വിശ്വാസത്തിലും ആഴപ്പെടുത്തുന്നതിലും ക്രിയാത്മകമായ പങ്കു വഹിക്കുവാന്‍ അപ്‌നാദേശിനു കഴിഞ്ഞിട്ടുണ്ട്‌. പ്രതിഭാധനരായ യുവനിരയെ നേതൃത്വനിരയിലേക്കു കൈപിടിച്ചു നടത്തുവാന്‍ ഞങ്ങള്‍ എന്നും ശ്രദ്ധിച്ചു. വിവിധ മണ്ഡലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ഞങ്ങള്‍ പരിചയപ്പെടുത്തി, അഭിനന്ദിച്ചു. സാഹിത്യാഭിരുചിയുള്ളവര്‍ക്ക്‌ എഴുതുവാനും വളരുവാനും അപ്‌നാദേശ്‌ അതിന്റെ പേജുകള്‍ നീക്കിവച്ചു. അപ്‌നാദേശിന്റെ ആദ്യമുഖപ്രസംഗത്തില്‍ എടുത്തു പറഞ്ഞിരുന്നതുപോലെ ജനാധിപത്യത്തിന്റെ ഉന്നതാദര്‍ശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി `ഭീരുത്വവും ഭയവും സേവയും വീരാരാധനയും പക്ഷപാതിത്വവും’ കൂടാതെ കൃത്യമായ നിലപാടുകള്‍ എടുക്കുവാനും ചിലപ്പോഴൊക്കെ വ്യക്തമായ താക്കീതുകള്‍ നല്‍കുവാനും ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുംവേണ്ടി എക്കാലവും നിലകൊള്ളുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ മൂല്യച്യുതിക്കെതിരെ അപ്‌നാദേശ്‌ ശക്തമായ നിലപാടു സ്വീകരിച്ചു. അഴിമതി, അക്രമ രാഷ്‌ട്രീയം, രാഷ്‌ട്രീയകൊലപാതകങ്ങള്‍, സ്വജനപക്ഷപാതം, ബന്ദ്‌, ഹര്‍ത്താല്‍, ലഹരി, മയക്കുമരുന്ന്‌ തുടങ്ങിയവയ്‌ക്കെതിരെ ഞങ്ങള്‍ നിലകൊണ്ടു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയും ഗവണ്‍മെന്റുകളുടെ കര്‍ഷകദ്രോഹ നിലപാടുകള്‍ക്കെതിരെയും ശബ്‌ദമുയര്‍ത്തി. ക്രൈസ്‌തവ പ്രവാചക ധര്‍മ്മത്തോടെയുള്ള ഞങ്ങളുടെ മുഖമൊഴികള്‍ സഭയെയും സമുദായത്തെയും ശക്തികരിക്കുകയും ചിലപ്പോഴൊക്കെ വിമലീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. സത്യത്തോടു തുറവി കാണിച്ചും അകറ്റി നിര്‍ത്തേണ്ടവയോട്‌ അകലം പാലിച്ചും കലയോടും സാഹിത്യത്തോടും ആഭിമുഖ്യം പുലര്‍ത്തിയും രാഷ്‌ട്രീയ പാര്‍ട്ടികളോടു പക്ഷം ചേരാതെയും സ്വതന്ത്രനിലപാടോടെ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്‌. ക്‌നാനായ സമുദായത്തിന്റെ പൈതൃകങ്ങളെ സംരക്ഷിക്കുവാനും ആചാരങ്ങളെ വികലമാക്കാതെ പരിരക്ഷിക്കുന്നതിലും അപ്‌നാദേശ്‌ എന്നും മുന്‍പന്തിയിലായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പൊഴൊക്കെ ഞങ്ങളെ തെറ്റിദ്ധരിച്ചവരും വിമര്‍ശിച്ചവരുമുണ്ടാകാം. അതൊക്കെ സത്യത്തിന്റെ വഴിയില്‍ സമര്‍പ്പണബോധത്തോടെ മുന്നോട്ടു പ്രയാണം ചെയ്യാന്‍ ഞങ്ങളെ സഹായിച്ചു. ഇന്നു ക്‌നാനായക്കാര്‍ എവിടെയുണ്ടോ അവിടെയൊക്കെ അപ്‌നാദേശിന്റെ സാന്നിധ്യം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുണ്ട്‌. അപ്‌നാദേശിന്റെ പ്രിന്റഡ്‌ കോപ്പികളിലൂടെ മാത്രമല്ല ഓണ്‍ലൈനായി വായിക്കുന്നവരുണ്ട്‌. അപ്‌നാദേശ്‌ ഈ-പേപ്പറിലൂടെ, അപ്‌നാദേശിന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ, അപ്‌നാദേശിന്റെ ഇംഗ്ലീഷ്‌ എഡീഷനുകളിലൂടെയെല്ലാം ഞങ്ങള്‍ സമുദായ അംഗങ്ങളിലേക്കു ഇറങ്ങി ചെല്ലുന്നു. അതുകൊണ്ടുതന്നെ അപ്‌നാദേശ്‌ ക്‌നാനായ സമുദായത്തിന്റെ ഒരു പരിച്ഛേദം ആയി മാറി. സഭയുടെ സാക്ഷ്യമൂല്യം പൊതുസമൂഹത്തില്‍ എപ്പോഴൊക്ക കുറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ ഞങ്ങളതില്‍ ദുഃഖിക്കുകയും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്‌. നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും മത സ്വാതന്ത്ര്യം പോലുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുകയും വര്‍ഗീയത ആളിക്കത്തിച്ച്‌ രാഷ്‌ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോഴൊക്കെ പ്രസ്‌തുത അവകാശ സംരക്ഷണത്തിനുവേണ്ടി ഞങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. ഇക്കാരണത്താലാവാം കേരളത്തിലെ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കാന്‍ അപ്‌നാദേശിനു കഴിയുന്നത്‌. ആധുനിക പത്രമാധ്യമങ്ങള്‍ പലപ്പോഴും വഴിവിട്ടു ചരിക്കുമ്പോള്‍ മൂല്യങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്‌ച ചെയ്യാതെ മുന്നോട്ടു പോകുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്‌. ഇതുവരെ ഞങ്ങളോടു സഹകരിച്ച എല്ലാവരോടും ഹൃദയപൂര്‍വ്വം ഞങ്ങള്‍ നന്ദി പറയുന്നു. ഉത്തരവാദിത്വബോധത്തോടെ ഇനിയും ഞങ്ങളെന്നും നിങ്ങളുടെ കൂടെയുണ്ടാവും.

റവ. ഡോ. മാത്യു കുരിയത്തറ
ചീഫ്‌ എഡിറ്റര്‍

Previous Post

ക്‌നാനായ റീജിയന്‍ വിവാഹഒരുക്ക കോഴ്‌സ് ഡാളസ്സില്‍

Next Post

Why Smart Minds Make Strange Decisions: The Psychology Behind Our Choices

Total
0
Share
error: Content is protected !!