പോലീസ്‌ പൗരാവകാശ ധ്വംസകരോ

കുറ്റാന്വേഷണ മികവുകൊണ്ടും ക്രമസമാധാനപാലനത്തിലെ കാര്യക്ഷമതകൊണ്ടും ജനമൈത്രികൊണ്ടും രാജ്യത്തെ ഏറ്റവും നല്ല പോലീസ്‌ സേന എന്ന പേരുള്ള കേരള പോലീസിലെ, ചില ക്രിമിനല്‍ മനസ്സുകളുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്‌ അടുത്തുകാലത്ത്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പോലീസുതന്നെ ജനത്തെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മനഃ സാക്ഷിയുള്ളവരെ ഞെട്ടിക്കുകതന്നെ ചെയ്‌തു. 1975-ലെ അടിയന്തരാവസ്ഥ കാലത്തു പോലീസിന്റെ മൃഗീയപീഡനത്തിനിരയായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലാണ്‌ ഇതു സംഭവിക്കുന്നത്‌ എന്നത്‌, അടിയന്തരാവസ്ഥയിലെ പോലീസ്‌ രാജ്‌ ഒളിഞ്ഞും തെളിഞ്ഞും ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്‌ കാണിക്കുന്നത്‌.
2023 ഏപ്രില്‍ അഞ്ചാംതീയതി നിസാര കാരണം പറഞ്ഞു കസ്റ്റഡിയിലെടുത്ത തൃശൂര്‍ ചൊവ്വന്നൂരിലെ യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതാവിനെ, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടുന്ന അഞ്ചു പോലീസുകാര്‍ ചേര്‍ന്ന്‌ അതിക്രൂരമായി മുഖത്തടിക്കുകയും മുഷ്‌ടിക്കിടിക്കുകയും കൈമുട്ടിനു ഇടിക്കുകയും ചെയ്യുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌. ഇടികൊണ്ടു വീണ ആ ചെറുപ്പക്കാരനെ വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നതില്‍ ഹരംകൊള്ളുകയായിരുന്നു ഈ ക്രിമിനലുകളായ പോലീസുകാര്‍. ഇത്രയും ദൃശ്യങ്ങള്‍ സി.സി. ടിവിയിലുള്ളതുകൊണ്ടു അതു നിഷേധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ സി.സി. ടിവി ഇല്ലാത്ത പോലീസ്‌ സ്റ്റേഷന്റെ മറുഭാഗത്തു കൊണ്ടുചെന്നു ചൂരലിനു മൂന്നുതവണയായി 15 അടിവീതം കാലിന്റെ വെള്ളയില്‍ അടിക്കുകയും നിവര്‍ന്നുനിന്നു അടികൊണ്ട കാലില്‍നിന്നു ചാടിക്കുകയും ചെയ്‌തുവെന്നാണ്‌ ചൊവ്വന്നൂരിലെ യൂത്ത്‌ കോണ്‍ഗ്രസിന്റെ മണ്‌ഡലം പ്രസിഡന്റ്‌ വി.എസ്‌. സുജിത്‌ മാധ്യമങ്ങളോടു പറഞ്ഞത്‌. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ്‌ 2023 മെയ്‌ മാസം തൃശൂര്‍ പീച്ചി പോലീസ്‌ സ്റ്റേഷനില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്‌.
പുറത്തുവന്ന വിവരം അനുസരിച്ച്‌ പരാതിക്കാരനുമായി പ്രശ്‌നം സെറ്റില്‍ ചെയ്യാന്‍ നിര്‍ദേശിച്ച പോലീസിന്റെ ഒത്താശയില്‍, 5 ലക്ഷം രൂപ ഹോട്ടലുടമയ്‌ക്കു ചെലവാക്കേണ്ടിവന്നുവെന്നും അതില്‍ ഒരു നല്ല വിഹിതം പോലീസുകാര്‍ക്കുള്ളതായിരുന്നുവെന്നുമാണ്‌ ഹോട്ടലുടമയുടെ ഭാഷ്യം. ഇതേതുടര്‍ന്നു പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയനായ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്റെ ഉള്‍പ്പെടെയുള്ള പോലീസ്‌ അതിക്രമങ്ങളുടെ പല സംഭവങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതൊക്കെ കേരള പോലീസിനു തീരാകളങ്കമാണ്‌. ഇതൊരിക്കലും ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രിക്കും ഭൂഷണമല്ല. സി.സി.ടിവി. ദൃശ്യങ്ങള്‍ പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും തൊടു ന്യായം പറഞ്ഞു അതു നിഷേധിക്കപ്പെട്ടു. വിവരാവകാശ കമ്മീഷണര്‍മാരുടെയും കോടതിയുടെയുമൊക്കെ ഇടപെടല്‍കൊണ്ടാണ്‌ ഇതൊക്കെ ഇപ്പോള്‍ പുറംലോകം അറിയുന്നത്‌. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിക്കഴിഞ്ഞ്‌ 2016 ജൂണ്‍മാസത്തില്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞത്‌, കുറ്റവാളികളെയും പോലീസ്‌ സേനയിലെ അഴിമതിക്കാരെയും വെറുതെവിടില്ലെന്നാണ്‌. എന്നാല്‍ 2023-ല്‍ ആറുവര്‍ഷത്തിനിടെ പോലീസ്‌ സേനയിലെ 828 പേരാണ്‌ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതെന്ന്‌ മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി. ക്രിമിനലുകളായ വിരലില്‍ എണ്ണാവുന്ന ഏതാനുംപേരെ പിരിച്ചുവിട്ടതല്ലാതെ കാര്യമായ പരിഹാരക്രിയയോ ശുദ്ധികലശമോ ചെയ്യുവാന്‍ ഗവണ്‍മെന്റിനായില്ല. രാഷ്‌ട്രീയക്കാരും പോലീസും കുറ്റവാളികളുമൊക്കെയായി കുറെച്ചെങ്കിലും അവിശുദ്ധ കൂട്ടുകെട്ട്‌ കേരളത്തിലുമുണ്ടെന്നത്‌ നമുക്കാകെ നാണക്കേടാണ്‌.
മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന പേരു പറഞ്ഞു സുഹൃത്തുക്കളില്‍ ചിലരോടു പോലീസ്‌ അപമര്യാദയായി പെരുമാറിയതിനെ നാട്ടിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചോദ്യം ചെയ്‌തതാണ്‌ പോലീസിന്‌ ഇഷ്‌ടപ്പെടാതെ വന്നത്‌. മദ്യപിച്ചു ബഹളം വച്ചു; പോലീസിന്റെ ജോലി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകളനുസരിച്ച്‌ കള്ളക്കേസ്‌ എടുക്കുകയും റിമാന്‍ഡിലാക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെങ്കിലും കോടതിക്കതു വിശ്വാസയോഗ്യമായി തോന്നിയില്ല. മെഡിക്കല്‍ പരിശോധനയില്‍ സുജിത്‌ മദ്യപിച്ചിരുന്നില്ല എന്നു കണ്ടെത്തിയതിനാല്‍ പോലീസിന്റെ വാദം പൊളിഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ കുറ്റക്കാരാണെന്നു പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയും മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തുവെങ്കിലും വീടിനടുത്തേക്കു കൂടുതല്‍ സൗകര്യപ്രദമായ സ്റ്റേഷനുകളിലേക്ക്‌ സ്ഥലം മാറ്റുകയാണുണ്ടായത്‌. ഗത്യന്തരമില്ലാതെ സംഭവത്തില്‍ ഇടപെട്ട ഉദ്യോഗസ്ഥരെ ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുണ്ട്‌. പീച്ചി സ്റ്റേഷനില്‍ മര്‍ദ്ദനത്തിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്‍ പ്രമോഷന്‍ സ്വീകരിച്ചു ക്രമസമാധാന പാലനത്തിലാണിപ്പോള്‍. അദ്ദേഹത്തെ കഴിഞ്ഞി ദിവസം സസ്‌പെന്റ്‌ ചെയ്‌തു. ഒറ്റപ്പെട്ട കേസുകള്‍ എന്ന പേരില്‍ ഇപ്രകാരമുള്ള മര്‍ദനമുറകളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ലഘൂകരിക്കുവാന്‍ ഗവണ്‍മെന്റിനാകില്ല. പോലീസിന്റെ ആത്മവീര്യം ചോര്‍ന്നുപോകും എന്ന പേരുപറഞ്ഞു പോലീസിനെതിരെ എടുക്കേണ്ട നടപടിയില്‍ എടുക്കാതിരിക്കുന്നതും വൈകിപ്പിക്കുന്നതുമാണ്‌ ഇപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ പോലീസ്‌ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്‌. അത്തരത്തിലുള്ള ആക്ഷേപം കേള്‍ക്കുവാന്‍ ഗവണ്‍മെന്റ്‌ ഇടവരുത്തരുത്‌. ക്രിമനലുകളെ കേരള പോലീസില്‍നിന്നു ഒഴിവാക്കുവാന്‍ ആവശ്യമായ സത്വര നടപടികളാണ്‌ ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയില്‍നിന്നു ഉണ്ടാകേണ്ടത്‌. സാധാരണക്കാരുടെമേല്‍ മസില്‍ പവര്‍ കാണിക്കുന്നത്‌ തങ്ങളുടെ അവകാശമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന കുറേപേരെങ്കിലും പോലീസ്‌ സേനയിലുണ്ട്‌. അവരാണ്‌ മാന്യമായി ജോലി ചെയ്യുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം പോലീസുകാര്‍ക്കും അപമാനം ഉണ്ടാക്കുന്നത്‌. കസ്റ്റഡി കൊലപാതകങ്ങളും കസ്റ്റഡി മര്‍ദ്ദനങ്ങളും പരിഷ്‌കൃതസമൂഹത്തിന്‌ അപമാനമാണെന്ന കാര്യം പോലീസ്‌ സേനയിലുള്ളവര്‍ കൃത്യമായി മനസിലാക്കണം. പൗരന്മാരുടെ അവകാശങ്ങളെയും അവരോടു കാണിക്കേണ്ട ബഹുമാനത്തെയും പറ്റി പരിശീലനകാലം പോലീസുകാരെ ബോധ്യപ്പെടുത്തണം. ക്രിമിനല്‍ മനസുള്ളവരല്ല പോലീസില്‍ എത്തുന്നതെന്ന്‌ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ മനശാസ്‌ത്രപരമായ ടെസ്റ്റുകള്‍ പോലീസ്‌ സേനയില്‍ അംഗമാകുന്നവര്‍ക്കുവേണ്ടി നടത്തുകയും യോഗ്യരായവരെ മാത്രം തിരഞ്ഞെടുക്കുകയും ചെയ്യണം. എല്ലാറ്റിലുമുപരി കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള രാഷ്‌ട്രീയ പിന്‍ബലം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായിക്കൂടാ. പോലീസ്‌ സേന പൗരാവകാശത്തിന്റെ സംരക്ഷകരാകട്ടെ. പൗരന്റെ ജീവനും സ്വത്തും കവര്‍ന്നെടുക്കുന്നവരാകാതിരിക്കട്ടെ.
റവ. ഡോ. മാത്യു കുരിയത്തറ OSH

Previous Post

പുന്നത്തുറ: മുണ്ടുതറയില്‍ അച്ചാമ്മ ജോസഫ്

Next Post

16 -ാമത് കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍

Total
0
Share
error: Content is protected !!