പയ്യാവൂരിന്റെ ജനകീയ ഡോക്ടര്‍ സന്യസ്ത സുവര്‍ണ ജൂബിലി നിറവില്‍

പയ്യാവൂര്‍: നാടിന്റെ സ്വന്തം ജനകീയ ഡോക്ടറായി പയ്യാവൂര്‍ മേഴ്‌സി ആശുപത്രിയില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം സേവനം ചെയ്ത ഗൈനക്കോളജിസ്റ്റ് ഡോ.സിസ്റ്റര്‍ ശാന്തി എസ് വിഎം തന്റെ സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍. ഇന്ന് (10, ഞായര്‍) ഉച്ചകഴിഞ്ഞ് 3 ന് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ നടക്കുന്ന ജൂബിലി ആഘോഷ തിരുക്കര്‍മങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനക്കും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പയ്യാവൂരില്‍ നിന്ന് കിടങ്ങൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് സ്ഥലം മാറി പോയിരുന്നെങ്കിലും പയ്യാവൂരിലെ ജനങ്ങള്‍ക്ക് ഡോക്ടറമ്മയെ ഒരിക്കലും മറക്കാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുടിയേറ്റ ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ ഡോക്ടറായ സിസ്റ്റര്‍ ശാന്തി പയ്യാവൂരിനു സമീപം തിരൂരില്‍ കുടിയേറിയ കര്‍ഷക കുടുംബാംഗം എളമ്പാശേരില്‍ കുര്യന്‍-അന്നമ്മ ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂത്ത മകളാണ്. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലായിരുന്ന പ്രാഥമിക വിദ്യാഭ്യാസം.1974 ല്‍ പത്താം ക്ലാസിലെ ഉന്നതവിജയത്തിനു ശേഷം സന്യസ്ത ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു.

കോട്ടയം വിസിറ്റേഷന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് 1976 ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി ശാന്തി എന്ന പേരും സ്വീകരിച്ചു. തുടര്‍ന്ന് നടത്തിയ ഉപരിപഠനത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിഎസ് സി സുവോളജിയില്‍ മികച്ച വിജയം നേടി. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. 1988 ല്‍ പഠനം പൂര്‍ത്തിയാക്കിയതോടെ പയ്യാവൂര്‍ മേഴ്സി ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ ഗ്രാമീണ സേവനവും നിര്‍വഹിച്ചു. തുടര്‍ന്ന് ഗൈനക്കോളജിയില്‍ ഉപരിപനത്തിനായി വീണ്ടും ബംഗളൂരു സെന്റ് ജോണ്‍സില്‍ ചേര്‍ന്നു. 1993 ല്‍ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. പാറ്റ്‌നയിലെ കുര്‍ജി ആശുപത്രിയില്‍ സര്‍ജിക്കല്‍ എക്‌സ്പീരിയന്‍സിനു ശേഷം കുറച്ചുകാലം കിടങ്ങൂര്‍ ലൂര്‍ദ് ആശുപത്രിയിലായിരുന്നു സേവനം. 1994 ല്‍ എംഡി ബിരുദം നേടാനായി . 1997 ല്‍ യൂണിവേഴ്‌സിറ്റി രണ്ടാം റാങ്കോടെ എംഡിയില്‍ ഉജ്വല വിജയം. ഇതേതുടര്‍ന്നാണ് ഡോ.സിസ്റ്റര്‍ ശാന്തി പയ്യാവൂര്‍ മേഴ്‌സി ആശുപത്രിയില്‍ ഗൈനക്കോളജി ആന്‍ഡ് ജനറല്‍ പ്രാക്ടീഷണറായി സേവനം തുടങ്ങിയത്. ഗൈനക്കോളജിസ്റ്റായിരുന്നെങ്കിലും പ്രായഭേദമില്ലാതെ എല്ലാ വിഭാഗം രോഗികള്‍ക്കും ചികിത്സ നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ ബന്ധുജനങ്ങളുടേയും സഹപാഠികളുടേയു സര്‍വോപരി നാട്ടുകാരുടേയും ഇടയില്‍ ഒരു ഡോക്ടറായി പൊതുജന സേവനം ചെയ്യാന്‍ അവസരം ലഭിച്ചത് ദൈവഹിതമായി കരുതുന്നതായി സിസ്റ്റര്‍ പറഞ്ഞു. 2025 മെയ് 13 ന് കിടങ്ങൂര്‍ കോണ്‍വെന്റ് ചാപ്പലില്‍ തിരി കൊളുത്തി തുടക്കം കുറിച്ച സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കാണ് ഇന്ന് തിരൂരിലെ സ്വന്തം ഇടവക പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം പാരീഷ് ഹാളില്‍ നടക്കുന്ന അനമോദന സമ്മേളനത്തോടെ സമാപനമാകുന്നത്.

 

Previous Post

കുറുമുള്ളുര്‍: പാറേട്ട് തോമസ്

Next Post

മള്ളുശേരി: കളത്തില്‍ ജിതിന്‍ ജോയി

Total
0
Share
error: Content is protected !!