സാമൂഹ്യനീതിയുടെ പക്ഷത്തും പാവങ്ങളുടെ നിരയിലും എക്കാലവും നിലയുറപ്പിച്ച വി. എസ്. അച്യുതാനന്ദനെന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന സമരനായകനു കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. പാവങ്ങള്‍ക്കുവേണ്ടിയുള്ള സമരപാതയില്‍ ധീരതയോടെ പടപൊരുതിയതിനു ഭരണകൂട ഭീകരത സമ്മാനിച്ച തോക്കിന്റെ ബയണറ്റ് പാടുകള്‍ മരണത്തിലും മായാതെ അദ്ദേഹത്തിന്റെ കാല്‍പാദങ്ങളിലുണ്ട്. രക്തത്തിലലിഞ്ഞു ചേര്‍ന്ന പോരാട്ട വീര്യവും ദുഷിച്ചതും അനീതി നിറഞ്ഞതുമായ വ്യവസ്ഥിതികളോടുള്ള കലഹവും ചെറുപ്പം മുതല്‍ കാത്തുസൂക്ഷിച്ച വി.എസ് പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളിയായിരുന്നു. കേരള രാഷ്ട്രീയത്തിലും കേരളത്തിന്റെ പൊതുസമൂഹത്തിലും തനതായ സ്ഥാനം അലങ്കരിച്ച ഈ സമര നായകന് 5 വര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോഴും നീണ്ട പതിനാലു വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുകയും അവയ്ക്കു പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. “സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞതാണ് എന്റെ സന്തോഷം” എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യസന്ധവും ആത്മാര്ത്ഥവുമായിരുന്നുവെന്നു കേരളത്തിലെ സാധാരണക്കാരനുമറിയാം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണം അദ്ദേഹത്തിന്മേലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോലീസിന്റെയൊ വിജിലന്സിന്റയൊ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പു രാഷ്ട്രിയത്തില്നിന്നു അദ്ദേഹത്തെ അകറ്റി നിറുത്തുവാന്‍ ഒരു തവണ പാര്‍ട്ടിയുടെ ഉന്നതസമിതി തീരുമാനിച്ചപ്പോള്‍, കേരളത്തിലെ ജനങ്ങള്‍ തെറ്റായ ആ തീരുമാനത്തെ പാര്‍ട്ടിയെക്കൊണ്ടു തിരുത്തിച്ചു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ജനങ്ങളെക്കൊണ്ട് പാര്‍ട്ടിയെ തിരുത്താന്‍ മാത്രം കരുത്തനായിരുന്നു അദ്ദേഹം. അദ്ദേഹം കാത്തു സൂക്ഷിച്ച പ്രത്യയശാസ്ത്രപരമായ കാര്‍ക്കശ്യം വികസനത്തെ പിന്നോട്ടടിക്കുന്നതിനു കാരണമാകില്ലേ എന്നു സംശയിച്ചവര്‍ കേരളത്തിലെ സാമാന്യ ജനങ്ങളില്‍ മാത്രമല്ല പാര്‍ട്ടി അനുഭാവികളില്വരെയുണ്ടായിരുന്നു എന്നതു സത്യമാണ്. പ്രത്യയശാസ്ത്രപരമായ കാര്‍ക്കശ്യം പുലര്‍ത്തിയപ്പോഴും അതുപോലും സാധാരണക്കാരുടെയും പാവങ്ങളുടെയും പക്ഷത്തു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമായി, മാത്രമേ കാണാനാവൂ. 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ പഠിക്കാനുള്ള തന്റെ അവകാശത്തിനു തടസം നിന്ന സവര്‍ണ്ണ കുലജാതരായ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍നിന്നു രക്ഷപെടാന്‍ തന്റെ അരയില്‍ കിടന്ന പിടിയുള്ള അരഞ്ഞാണം ഉപയോഗിച്ച അദ്ദേഹത്തിന് പാവങ്ങളുടെ നേര്‍ക്കുള്ള അവകാശ നിഷേധത്തെയും അവര്‍ക്കു നേരെയുള്ള ചൂഷണത്തെയും കണ്ടില്ലെന്നു നടക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ഗവണ്മെന്റില്, ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇല്ലാതിരുന്നപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്ക്സിസ്റ്റില് പ്രവര്‍ത്തിച്ചുകൊണ്ടു ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാനും സമരം നയിക്കാനും അദ്ദേഹം ശ്രദ്ധിച്ചത്. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാര്‍ട്ടിയുടെയും മുന്നണിയുടെയും പോലും എതിര്‍പ്പുകള്‍ക്കിടയില്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നപ്പോഴും പൊതുമുതല്‍ കൊള്ളയടിക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. സഖാവ് ടി. പി. ചന്ദ്രശേഖരനെ കുലംകുത്തിയായി കണ്ടവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും, 51 വെട്ടുകള്‍ ഏറ്റു മരിക്കേണ്ടവനല്ല അദ്ദേഹമെന്ന സത്യസന്ധമായ നിലപാട് എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പക്ഷത്തു നിലയുറപ്പിക്കാനും അവര്‍ക്കു സഹായം ലഭ്യമാക്കാനും അദ്ദേഹം ശ്രമിച്ചു. ഒരുപക്ഷേ പാര്‍ട്ടിയിലെ ഗ്രൂപ്പിന്റെ പേരില്‍ അദ്ദേഹത്തിനു വെട്ടി നിരത്തലിന്റെ അനുഭവം ഉണ്ടായിയെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യവും നിലപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ, കാപ്പിറ്റലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന തലത്തിലേക്കു താഴാതിരിക്കാന്‍ കുറെയെങ്കിലും സഹായിച്ചുവെന്നു കരുതുന്നവര്‍ നിരവധിയാണ്. പാര്‍ട്ടി അദ്ദേഹത്തെ തിരുത്തിയപ്പോഴും തിരുത്തലിനു അദ്ദേഹം വിധേയനായി, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടര്‍ന്നപ്പോഴും, പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെട്ട ഒരു സന്ദേഹം നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ട്ടിയാണോ താനാണോ തിരുത്തേണ്ടതെന്ന സന്ദേഹം. ഒരുപക്ഷേ ഇങ്ങനെയൊരു സന്ദേഹം ജനിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്നു കരുതുന്നവര്‍ ഏറെയാണ്.
ഇതൊക്കെതന്നെയാണ് `കണ്ണേ കരളേ വി.എസേ, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്നു ഏറ്റുപറയുവാന്‍ ജനസഞ്ചയത്തെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അകലെനിന്നു വീക്ഷിക്കുന്നവര്‍ക്കും അടുത്തുനിന്നു വീക്ഷിക്കുന്നവര്‍ക്കും, അദ്ദേഹമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇടതുപക്ഷത്തും നികത്താനാവാത്ത ഒരു വിടവു കണ്ടെത്താനാകും. നാടിന്റെ നന്മക്കുവേണ്ടി പ്രത്യേകിച്ചു ചൂഷിതജന വിഭാഗങ്ങള്‍ക്കുവേണ്ടി, തൊഴിലാളികള്‍ക്കുവേണ്ടി ദുഷ്പ്രഭുത്വങ്ങള്ക്കെതിരെ പട നയിച്ച പടനായകനായിരുന്ന വി.എസ്, കേരളത്തിലെ സാമാന്യ ജനങ്ങളുടെ ഇടയില്‍ ഇനിയും ജ്വലിക്കുന്ന ഓര്‍മ്മയായി നിലകൊള്ളും. അനീതിക്കും അഴിമതിക്കും എതിരെ എന്നും ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന്റെ നിലപാടുകളും പാവങ്ങള്‍ക്കും ചൂഷിതര്ക്കുംവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരവീര്യവും കേരളത്തിന്റെ പൊതുസമൂഹത്തിന് അത്തരത്തിലുള്ള മുന്നേറ്റത്തിനു ഇനിയും ഊര്‍ജ്ജം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
റവ. ഡോ. മാത്യു കുരിയത്തറ
പാവങ്ങളുടെ സമര നായകനു വിട





