വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം

കേരളത്തില്‍ മനുഷ്യരേക്കാള്‍ അവകാശമുള്ളവര്‍ മൃഗങ്ങളാണോ എന്നു മനുഷ്യര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലായി പാലക്കാട്‌ മുണ്ടൂരില്‍ ഞാറക്കാട്ട്‌ വീട്ടില്‍ രാമന്റെ മകന്‍ കുമാരനെ സ്വന്തം വീട്ടുമുറ്റത്തു കാട്ടാന ചവിട്ടി കൊന്നു. ജൂണ്‍ മാസം മൂന്നാമത്തെ ആഴ്‌ചയില്‍ കണ്ണൂരില്‍ മാത്രം 2 ദിവസത്തിനുള്ളില്‍ 76 പേര്‍ക്കാണ്‌ തെരുവുനായ്‌ക്കളുടെ കടിയേറ്റത്‌. ആനയും കടുവയും പുലിയും കുരങ്ങനും കാട്ടുപോത്തും കാട്ടുപന്നിയുമൊക്കെ മനുഷ്യന്റെ ആവാസ വ്യവസ്ഥയില്‍ കടന്നു കയറി അവന്റെ ജീവനും സ്വത്തും നശിപ്പിക്കുന്നു. കപട പരിസ്ഥിതിവാദികളും ചിലപ്പോഴൊക്കെ രാഷ്‌ട്രീയ പ്രവര്‍ത്തകരും പറഞ്ഞു പരത്തിയ ഏറ്റവും വലിയ നുണയാണ്‌ മനുഷ്യന്‍ കാടു കൈയ്യേറിയതുകൊണ്ടാണ്‌ കാട്ടുമൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്നതെന്ന്‌. നാട്ടിലെ മനുഷ്യന്റെ ആവാസവ്യവസ്ഥയില്‍ കുറവു വന്നപ്പോള്‍ മനുഷ്യന്‍ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്‌തു താമസിച്ചു. നാടിന്റെ പട്ടിണി മാറ്റാന്‍ അന്നത്തെ ഭരണവര്‍ഗ്ഗം അതിനു പ്രോത്സാഹനം നല്‌കി. കണക്കില്ലാതെ കാട്ടില്‍ വന്യമൃഗങ്ങള്‍ കൂടിയപ്പോള്‍ അവക്ക്‌ ആവശ്യത്തിനു ഭക്ഷണവും വെള്ളവും കിട്ടാതെ ആയി. അവരിന്നു കാടുവിട്ടു നാട്ടിലേക്കു പോരുന്നു. മനുഷ്യനെ കൊന്നു തിന്നുന്നു. ആടുമാടുകളെ തിന്നുന്നു. നാട്ടുകാരും സര്‍ക്കാരും ചേര്‍ന്നു മനുഷ്യന്റെ മിച്ചം വന്ന ശരീരഭാഗം അടക്കപ്പെടുന്നു. പത്തു ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‌കുകയും മന്ത്രി ദുഃഖവും നടുക്കവും രേഖപ്പെടുത്തുകയും ചെയ്‌തു കഴിഞ്ഞാല്‍ ആ സംഭവം അപ്പാടെ മറക്കുന്നു. വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണാധികാരികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഇത്തരം സംഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുന്നില്ല എന്നതാണ്‌ സത്യം. വിദേശങ്ങളില്‍ പ്രത്യേകിച്ചും പല യൂറോപ്യന്‍ രാജ്യങ്ങളില്‍, അവിടുത്തെ ജനസാന്ദ്രത നമ്മുടെ നാട്ടിലെ ജനസാന്ദ്രതയേക്കാള്‍ വളരെ കുറവാണെങ്കില്‍പോലും, കാലാകാലങ്ങളില്‍ അവിടെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാറുണ്ട്‌. പ്രായോഗികവും യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്‌ഠിതവുമായ സമീപനമാണവര്‍ സ്വീകരിക്കുക. കേരളത്തില്‍ വനവിസ്‌തൃതി കാര്യമായി കുറഞ്ഞിട്ടില്ലെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. അപ്പോള്‍ പിന്നെ മനുഷ്യന്‍ അധിവസിക്കുന്ന നാടിനെ കാടാക്കിയാലേ വന്യമൃഗങ്ങള്‍ക്ക്‌ ആവാസ വ്യവസ്ഥ ഒരുക്കാനാവൂ. പലപ്പോഴും സര്‍ക്കാരും വനം വകുപ്പും വളഞ്ഞ വഴിയിലൂടെ അത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നു എന്ന ആരോപണം വനത്തോടു ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കുണ്ട്‌. കണക്കുകള്‍ പ്രകാരം കേരളത്തിലുള്ള ആനകള്‍ക്കും കടുവകള്‍ക്കും ജീവസന്ധാരണത്തിനാവശ്യമായ ഭക്ഷണവും വെള്ളവും വനത്തില്‍ കുറവാണ്‌. ഗവണ്‍മെന്റിന്റെ നേതൃത്വത്തിലും അനുമതിയിലും പ്ലാന്റേഷന്‍ നടന്നപ്പോള്‍ സ്വാഭാവിക വനങ്ങള്‍ നഷ്‌ടപ്പെട്ടു. ആടിക്കാടുകളും പുല്ലും ചെറുമൃഗങ്ങളും കുറഞ്ഞു. ഫലമോ കൊമ്പന്മാര്‍ അരിക്കൊമ്പനും ഉടക്കക്കൊമ്പനും പടയപ്പയുമൊക്കെയായി നാട്ടിലേക്കിറങ്ങി.
നിലവിലിരിക്കുന്ന കേന്ദ്ര വന നിയമമാണ്‌ കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാന്‍ തടസമെന്നു സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, നാട്ടിലിറങ്ങി മനുഷ്യ ജീവനു ഭീഷണി സൃഷ്‌ടിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അധികാരമുണ്ടെന്നു പറഞ്ഞു വയ്‌ക്കുന്നു. മനുഷ്യജീവനു ഭീഷണിയായേക്കുന്ന ഷെഡ്യൂള്‍ ഒന്നില്‍പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാന്‍ കേന്ദ്ര വനം പരിസ്ഥിതി നിയമം അനുവദിക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടികള്‍ തികച്ചും സങ്കീര്‍ണ്ണമാണ്‌. അവയെ കൊല്ലാനുള്ള ഉത്തരവ്‌ ഇടുന്നതിനു മുന്‍പ്‌ അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തു പാര്‍പ്പിക്കാനോ കഴിയില്ലെന്ന്‌ സംസ്ഥാന വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവില്‍ പാര്‍പ്പിക്കാനും സാധ്യമല്ല. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കടുവ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്‌ട്‌ എലിഫന്റ്‌ സ്‌കീമിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒപ്പം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി നിയമങ്ങള്‍ ഒന്നും മറികടക്കരുത്‌. ഇത്രയും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുമ്പോഴേക്കും ആനയും കടുവയും അടുത്ത പ്രദേശങ്ങളിലേക്കിറങ്ങി അവിടുത്തെ മനുഷ്യരെയും ഇരയാക്കും. അതുകൊണ്ടുതന്നെ ഈ നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണം. കാടിനു താങ്ങാവുന്ന എണ്ണത്തില്‍ കാട്ടുമൃഗങ്ങളെ ഒതുക്കണം. 2016 മുതല്‍ 2025 ജനുവരി വരെ 919 പേര്‍ സംസ്ഥാനത്തു വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 8967 പേര്‍ക്കു പരിക്കേറ്റു. കേരളത്തിലെ 941 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 273 എണ്ണം വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട്‌ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ചുരുങ്ങിയ പക്ഷം ഈ ഹോട്ട്‌സ്‌പോട്ടുകളിലെങ്കിലും ഈ നടപടിക്രമങ്ങള്‍ ലഘൂകരിച്ചേ മതിയാവൂ. ഇതിനായി 1972 ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം. കോടതികള്‍ ഇക്കാര്യത്തില്‍ മനുഷ്യപക്ഷത്തു നിന്നുള്ള നിലപാടുകള്‍ സ്വീകരിക്കണം. അതുപോലെ കാട്ടു പന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയില്‍ പെടുത്തണമെന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ ആവശ്യം കേന്ദ്ര ഗവണ്‍മെന്റ്‌ തള്ളി കളഞ്ഞത്‌ പരിശോധിക്കണം. കോഴി, താറാവ്‌, പന്നി, നാല്‍ക്കാലികള്‍ ഇവയൊക്കെ മനുഷ്യന്റെ മാംസാവശ്യങ്ങള്‍ക്കുവേണ്ടി നിയമവിധേയമായി കൊല്ലാമെന്നിരിക്കെ ഉപദ്രവകാരികളായ തെരുവു നായ്‌ക്കളെ കൊല്ലുന്നതില്‍ മാത്രം എന്തിനിത്ര അസഹിഷ്‌ണുത എന്തിനിത്ര അമിത സ്‌നേഹം. പേപ്പട്ടി വാക്‌സിന്‍ ലോബിയുടെ ഇടപെടല്‍ ഈ കാപട്യ നിലപാടിനു പിന്നിലുണ്ടെന്നു കരുതുന്നവര്‍ ഏറെയാണ്‌. മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കു മൂല്യം വര്‍ദ്ധിക്കുന്ന ഇടങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമെന്നതിനു കേരളത്തില്‍ വേറെ അധികം തെളിവു വേണമെന്നു തോന്നുന്നില്ല.
 റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

Next Post

കുറുപ്പന്തറ: ഓമല്ലൂര്‍ പഴയിടത്ത് കെ.സി ചാക്കോ

Total
0
Share
error: Content is protected !!