കല്ലറ: സെന്റ് തോമസ് ഹൈ സ്കൂളില്‍ വ്യത്യസ്തമായ പരിപാടികളിലൂടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇന്നത്തെ കാലത്തെ ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ സമൂഹത്തില്‍ നിന്നും നിശ്ശേഷം നീക്കിക്കളയുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികള്‍ സ്കൂളിലെ SPC, NCC സംഘടനകളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ലഹരിയുടെ ദൂഷ്യവശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേഡറ്റുകള്‍ സ്വന്തമായി എഴുതി തയ്യാറാക്കിയ 200 ഓളം ലഘുലേഖകള്‍ ബസിനുള്ളിലെ യാത്രക്കാര്‍ക്കും, വഴിയാത്രക്കാര്‍ക്കും, മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും, ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും, നാട്ടുകാര്‍ക്കും, ടൗണിലുള്ള എല്ലാവര്ക്കും വിതരണം ചെയ്യുകയുണ്ടായി. ജീവിതം ലഹരിയാക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കേഡറ്റുകളും വിദ്യാര്‍ത്ഥികളും പ്ലക്കാര്‍ഡുകളുമേന്തി ടൗണിലൂടെ ലഹരി വിരുദ്ധ സന്ദേശറാലി നടത്തി. കുട്ടികളെല്ലവരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലുകയും, തങ്ങള്‍ക്കറിയാവുന്ന എല്ലാ ലഹരി വസ്തുക്കളും ജീവിതത്തില്‍ നിന്നും എന്നേക്കുമായി അകറ്റി നിര്‍ത്തുന്നത്തിന്റെ പ്രതീകമായി അവയുടെ പേരുകള്‍ എഴുതിയ കടലാസുകള്‍ പ്രതീകാത്മകമായി അഗ്നിക്കിരയാക്കി. പ്രത്യേക സ്കൂളി അസംബ്ലി നടത്തി ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെത്തിച്ചു. പരിപാടികള്‍ക്ക് CPO മാരായ ജിമില്‍ ബേബി, മിനിമോള്‍ കെ എം, NCC ഓഫീസര്‍ ഫില്‍മോന്‍ തോമസ്, മറ്റാധ്യാപരായ ഷാരു സോജന്, ജിതിന് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
സെന്റ് തോമസ് ഹൈ സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.





