വികസിത രാജ്യത്തിന്റെ സൂചികകയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തു അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടായി എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേശീയ പാതയുടെ വികസനം. ജനസാന്ദ്രത കൂടിയ കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍, പ്രത്യേകിച്ചു സ്ഥലം ഏറ്റെടുത്തു നടത്തേണ്ട ദേശീയ പാതയുടെ വികസനത്തില്‍, കടമ്പകള്‍ ഏറെയുണ്ടായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ താമസം കൂടാതെ സ്ഥലം ഏറ്റെടുക്കാന്‍ പിന്നീടു സാധിച്ചു. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുന്നുണ്ട് എന്നത് സ്വഭാവികവും അനുപേക്ഷണീയവുമായ കാര്യമാണ്. ജനങ്ങള്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കുന്നതിന്റെ പ്രധാന കാരണം നാളകളില്‍ അവരുടെ ജീവിതം കുറച്ചുകൂടെ സുന്ദരമാകും എന്ന പ്രതീക്ഷയിലാണ്. ഈ പ്രതീക്ഷകളില്‍ കരിനിഴല്‍ വിടര്‍ത്തിക്കൊണ്ട്, പണി തീര്‍ന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66 ന്റെ വിവിധ റീച്ചുകളില്‍ ചിലയിടങ്ങളിലും വലിയ വിള്ളലുകള്‍ ഉണ്ടാവുകയും ചിലയിടങ്ങളില്‍ മണ്ണും ടാറും എല്ലാം ഒലിച്ചുപോയി വലിയ ഗര്‍ത്തങ്ങളും രൂപപ്പെടുകയും ചെയ്തു. സ്ഥലവാസികളുടെയും ജനപ്രതിനിധികളുടെയുമെല്ലാം നിര്‍ദ്ദേശം അപ്പാടെ അവഗണിച്ചും മലകള്‍ ഇടിച്ചും ചതുപ്പില്പോലും വളരെ ഉയരത്തില്‍ മണ്ണിട്ടു നികത്തി റോഡു നിര്‍മ്മിച്ചതുമെല്ലാം അശാസ്ത്രീയമായിരുന്നുവെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദേശീയപാത അഥോറിറ്റിക്കാണ് ദേശീയ പാതയുടെ നിര്‍മ്മാണ ചുമതല. രാജ്യത്തു പല സംസ്ഥാനങ്ങളിലും അവര്‍ കുറ്റമറ്റ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളിലൊക്കെ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തകര്‍ച്ചയുടെ ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നു കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചയായും ദേശീയ പാതയുടെ നിര്‍മ്മാണത്തില്‍ കേന്ദ്ര ഗവണ്മെന്റിനാണ് കൂടുതല്‍ റോള്‍ എങ്കിലും കേരളത്തില്‍ ദേശീയ പാത വികസനം സാധ്യമാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ അവഗണിക്കാനുമാകില്ല. വികസനത്തില്‍ രാഷ്ട്രീയം പാടില്ല എന്ന കൃത്യമായ നിലപാട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗവണ്മെന്റുകള്ക്കും അനിവാര്യമാണ്.
മലപ്പുറം കൂരിയാട്ടാണ് ദേശീയ പാതയും സര്‍വീസ് റോഡും 200 മീറ്റര്‍ ഇടിഞ്ഞു താഴ്ന്നു തരിപ്പണമായത്. വയല്‍ പ്രദേശം മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മ്മിച്ചിടത്താണ് ഇതു സംഭവിച്ചത്. ആദ്യം മലപ്പുറം ജില്ലയിലാണ് ദേശീയ പാതയ്ക്കു തകര്‍ച്ച സംഭവിച്ചതെങ്കില്‍ പിന്നീട് തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും സമാനമായ രീതിയില്‍ മണ്ണിടിച്ചിലും വിള്ളലും കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് മാവുങ്കലിനും ചെമ്മട്ടം വയലിനുമിടയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു താണു. ഇവിടെ തന്നെ ദേശീയ പാതയില്‍ 20 മീറ്ററോളം വിള്ളല്‍ ഉണ്ടായി. തൃശ്ശൂരില്‍ ചാവക്കാട് മണിത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ മുകളിലെ പാലത്തില്‍ 25 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. വിള്ളല്‍ താല്‍ക്കാലികമായി ടാര്‍ ചെയ്ത് അടച്ചതു ശാശ്വാത പരിഹാരമല്ല. മലപ്പുറം കൂരിയാടില്‍, റോഡിന്റെ അടിത്തട്ടിലെ മണ്ണിന്റെ പ്രശ്നമാണ് റോഡ് തകരാന്‍ കാരണമായതെന്നു ദേശീയ പാത അഥോറിറ്റി വിലയിരുത്തിയതായി പറയപ്പെടുന്നു. നാടിന്റെ ഭൂപ്രകൃതിക്ക് യോജിക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന ആരോപണത്തെ ഒരു പരിധി വരെ ശരിവെക്കുന്നതാണ് ദേശീയ പാത അഥോറിറ്റിയുടെ വിലയിരുത്തല്‍. വെള്ളപ്പൊക്കവും തീവ്രമഴയും കടുത്ത വേനലുമൊക്കെയുള്ള കേരളത്തില്‍ അതിനനുസരിച്ച് മണ്ണിന്റെ ഘടനയിലും മാറ്റമുണ്ടാകും. ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനമാണ് ദേശീയപാത വികസനത്തില്‍ നടക്കുന്നതെങ്കില്‍ ഇനിയും ഏറെ തകര്‍ച്ചകളും അപകടങ്ങളും ഉണ്ടാകാം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെക്കുറിച്ചു കൃത്യമായ പഠനവും പരിശോധനയും അനിവാര്യമാണ്. ജനങ്ങളെയും ജനപ്രതിനിധികളെയും ഒക്കെ വിശ്വാസത്തില്‍ എടുത്തും അവരുടെ നല്ല നിര്‍ദേശങ്ങള്‍ പരിഗണിച്ചും വന്നുഭവിച്ചിട്ടുള്ള അപാകതകളെ താമസംവിന പരിഹരിക്കുവാനുള്ള ആര്‍ജ്ജവം ബന്ധപ്പെട്ടവര്‍ക്കു ഉണ്ടായേ മതിയാവൂ. വിള്ളലുകളില്‍ തല്ക്കാലം ടാര്‍ ചെയ്തു അടക്കുകയും ജനങ്ങളുടെ കണ്ണില്‍ നിന്നു കാഴ്ച മറക്കുകയും ചെയ്തതുകൊണ്ടു തീരുന്നതല്ല പ്രശ്ന പരിഹാരം. ഇന്ത്യയുടെ ശാസ്ത്ര മികവും എന്ജിനിയറിംഗുമൊക്കെ ലോകോത്തരമാണ്. അങ്ങനെയെങ്കില്‍ ഇങ്ങനെയുള്ള വീഴ്ചയുണ്ടാകാന്‍ കാരണം അലംഭാവവും കെടുകാര്യസ്ഥതയും അമിതമായ ലാഭക്കൊതിയും കൂടെയാവാം. ഇതിനു ആരോപണ പ്രത്യാരോപണങ്ങളേക്കാളും അതിരു കവിഞ്ഞ അവകാശവാദങ്ങളേക്കാളുമുപരി ഉത്തരവാദിത്വപ്പെട്ടവരുടെ കൃത്യമായ മേല്‍നോട്ടവും ഇടപെടലുമാണാവശ്യം. വിദേശത്തെ റോഡുകളും പാലങ്ങള്‍ക്കും ദശാബ്ദങ്ങള്വരെ യാതൊരു അറ്റകുറ്റ പണി പോലും ആവശ്യമില്ലാതിരിക്കെ, പണിതീരുന്നതിനുമുന്പേ ഇവിടെ റോഡു തകരുന്നുവെങ്കില്‍, അതു ശാസ്ത്രീയമായി പഠിക്കുകയും വിലയിരുത്തുകയും അപാകതകള്‍ അടിയന്തരമായി പരിഹരിക്കുകയും വേണം.
റവ. ഡോ. മാത്യു കുരിയത്തറ
ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശാസ്ത്രീയമായി പരിഹരിക്കണം




