അജപാലന തീക്ഷ്‌ണതയും മിഷനറി അനുഭവത്തിന്റെയും സമര്‍പ്പിത ചൈതന്യത്തിന്റെയും ഉള്‍ക്കരുത്തുമായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന അമേരിക്കന്‍-പെറുവിയന്‍ കര്‍ദ്ദിനാള്‍ വി. പത്രോസിന്റെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയെ നയിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 69 വയസുകാരനായ മാര്‍പാപ്പാ അമേരിക്കയില്‍ നിന്നും മാര്‍പാപ്പ പദത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ദ്ദിനാള്‍ എന്ന പദവിയ്‌ക്ക് അര്‍ഹനായി. 12 വര്‍ഷത്തെ വി. പത്രോസിനടുത്ത ഇടയ ശുശ്രൂഷക്കുശേഷം സഭക്ക് ഈ കാലഘട്ടത്തില്‍ `ഫ്രാന്‍സിസ് ടച്ച്’ എന്ന വിശേഷിപ്പിക്കാവുന്ന ഒരു ലെഗസി സമ്മാനിച്ചിട്ടാണ് ആധുനിക കാലഘട്ടത്തില്‍ സാധാരണക്കാരുടെയിടയില്‍ ഏറ്റവും പോപ്പുലര്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായത്. ഫ്രാന്‍സിസ് മാര്‍പാപ്പാ മേല്‌പട്ട ശുശ്രൂഷയിലേക്കു 2014 ല്‍ ഉയര്‍ത്തുകയും 2023 കര്‍ദ്ദിനാള്‍ പദവി നല്‌കുകയും ചെയ്‌ത ഇപ്പോഴത്തെ പാപ്പാ ലെയോ പതിനാലാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ചൈതന്യത്തില്‍ സഭയെ നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരേ സമയം സഭയുടെ പാരമ്പര്യത്തില്‍ അധിഷ്‌ഠിതവും അതേ സമയം പുരോഗമനോന്മുഖവുമായ കാഴ്‌ചപ്പാടു വച്ചു പുലര്‍ ത്തുന്ന വ്യക്തിത്വമാണ് ലെയോ പതിനാലാമന്‍ എന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പായെ പോലെ ജീവിത ലാളിത്യത്തിലും എളിമയിലും ജീവിക്കുവാന്‍ ഇഷ്‌ടപ്പെടുന്ന മാര്‍പാപ്പാ സഭയുടെ 20 നൂറ്റാണ്ടുകളിലെ പാരമ്പര്യത്തെ അപ്പാടെ ഇളക്കി പ്രതിഷ്‌ഠിക്കാനല്ല പ്രത്യുത അതിനെ സൂക്ഷിച്ചുകൊണ്ടു തന്നെ ആധുനിക കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രത്യുത്തരിക്കുന്ന ശൈലി സ്വീകരിക്കുവാനാണിഷ്‌ടപ്പെടന്നതെന്നു മനസിലാക്കാന്‍ സാധിക്കും. അതുകൊണ്ടാണ് മാര്‍പാപ്പായുടെ സ്ഥാന വസ്‌ത്രങ്ങള്‍ അണിഞ്ഞു വിശ്വാസികള്‍ക്ക് ലോകത്തിനും സഭയ്‌ക്കുമുള്ള ആശീര്‍വാദം നല്‌കുമ്പോഴും ധരിക്കുന്ന മാലയില്‍ സ്വര്‍ണ്ണം ഒഴിവാക്കി വെള്ളിക്കുരിശു ധരിക്കുവാന്‍ ശ്രദ്ധിച്ചത്. അഗസ്റ്റീനിയന്‍ സന്ന്യാസ സഭയിലെ അംഗമായിരുന്ന പരി. പിതാവ് അവിടെ സന്ന്യാസ പരിശീലനത്തിന്റെ ചുമതലക്കാരനും സെമിനാരി റെക്‌ടറും അഗസ്റ്റീനിയന്‍ സഭയുടെ പ്രിയോര്‍ജനറലുമായി സേവനം അനുഷ്‌ഠിച്ചു. പെറുവിലെ ചിക്‌ളായോ അതിരൂപതയുടെ ആര്‍ച്ച്‌ബിഷപ്പായി പത്തു വര്‍ഷത്തോളം സേവനം ചെയ്‌ത പരി. പിതാവിനെ 2023 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തി. ബിഷപ്പുമാര്‍ക്കു വേണ്ടിയിട്ടുള്ള തിരുസംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ട മാര്‍പാപ്പയ്‌ക്ക് ഈ കാലഘട്ടത്തില്‍ സാര്‍വ്വത്രികമായ സഭയുടെ ആവശ്യങ്ങളെയും വെല്ലുവിളികളെയുമൊക്കെ മനസിലാക്കുവാനായിട്ടു സാധിച്ചിട്ടുണ്ട്.
പെറുവിലെ എപ്പിസ്‌കോപ്പല്‍ കൗണ്‍സിലില്‍ സ്ഥിരം അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള പിതാവ് പെറുവിലെ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ പെറുവിലെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അതുകൊണ്ടുതന്നെ ലോകത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ അദ്ദേഹത്തിന് അവരെ ചേര്‍ത്തു പിടിക്കാനാകും. മാര്‍പാപ്പയുടെ ലോകത്തോടും സഭയോടുമുള്ള ആദ്യത്തെ അഭിസംബോധനയില്‍ തന്നെ ക്രിസ്‌തുവിന്റെ സമാധാനം ഹൃദയങ്ങളെ ഭരിക്കേണ്ടതിന്റെയും ലോകത്തില്‍ സമാധാനം ഉണ്ടാക്കേണ്ടതിന്റെയും ആവശ്യകതയെ എടുത്തു പറഞ്ഞു. പാലങ്ങള്‍ പണിയുന്ന പരസ്‌പരം ഡയലോഗില്‍ ഏര്‍പ്പെടുന്ന മിഷനറി സഭയാകാനുള്ള ആഹ്വാനം ആദ്യത്തെ അഭിസംബോധനയില്‍ നല്‌കിയ പിതാവു പിന്നിടു ഗാസായില്‍ ശാന്തി ഉണ്ടാകേണ്ടതിന്റെയും ബന്ധികളാക്കപ്പെട്ടവരെ വിട്ടയക്കേണ്ടതിന്റെയും ആവശ്യകത എടുത്തു പറഞ്ഞു. യുക്രൈന്‍ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച മാര്‍പാപ്പാ അവിടെയും സമാധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പങ്കുവെച്ചു. ഇന്‍ഡ്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം പരിഹരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സന്തോഷം പങ്കുവച്ച മാര്‍പാപ്പാ അതു ശാശ്വാതസമാധാനത്തില്‍ എത്തി നില്‌ക്കട്ടെയെന്നാണ് ആശംസിച്ചത്. യുവജനങ്ങള്‍ കര്‍ത്താവും സഭയും നല്‌കുന്നക്ഷണത്തെ നിരസിക്കരുതെന്നും ഓര്‍മ്മപ്പെടുത്തി. ലോകത്തിനു നല്ല വിശേഷം പകരുന്നതില്‍, സുവിശേഷം പങ്കുവയ്‌ക്കുന്നതില്‍ സഭയ്‌ക്കുള്ള ഉത്തരവാദിത്വത്തെ അനുസ്‌മരിപ്പിച്ചു. സഭയിലെ മെത്രാന്‍ സ്ഥാനവും പദവികളും ശുശ്രൂഷക്കും സേവനത്തിനുമുള്ള അവസരങ്ങളായി മാത്രമാണ് പരി. പിതാവു കണ്ടിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരോടുള്ള സംഭാഷണത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം മഹത്തായ ശുശ്രൂഷയായി കാണണമെന്നും സത്യം തുറന്നു പറയുന്നതില്‍ മടി കാണിക്കരുതെന്നും എടുത്തു പറഞ്ഞു. “വാര്‍ത്തകളുടെ വിതരണം മാത്രമല്ല പത്ര പ്രവര്‍ത്തനം. മാനവിക ഐക്യത്തിലേക്കു നയിക്കുന്ന ചര്‍ച്ചകളുടെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ഉപയോഗം കൂടിയാണത്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത് അത്യന്താപേക്ഷിതമായ ഒരു മിഷന്‍ പ്രവര്‍ത്തനമാണ്. ഞാന്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചാണ് പ്രത്യേകമായി ചിന്തിക്കുന്നത്. ലോക നന്മക്കായി അനന്തമായ സാധ്യതകളോടൊപ്പം ഉത്തരവാദിത്വപരമായ ഉപയോഗവും അതാവശ്യപ്പെടുന്നുണ്ട്” എന്ന് എടുത്തു പറഞ്ഞ ലെയോ പതിനാലാമന്‍ മാര്‍പാപ്പ അക്രമണോത്സുകമായ മാധ്യമ പ്രവര്‍ത്തനം പരസ്‌പരം അകറ്റുകയേയുള്ളുവെന്നും മറ്റുള്ളവരെ ശ്രവിക്കുന്ന, ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം സമൂഹത്തില്‍ കേള്‍പ്പിക്കുന്ന മാധ്യമങ്ങളാണ് നമുക്കു വേണ്ടതെന്നും ഓര്‍മ്മപ്പെടുത്തി. ലോകത്തിന്റെ ഇന്നത്തെ പ്രശ്‌നങ്ങളോടു ക്രിയാത്മകമായ സംവേദിക്കുവാനുള്ള കഴിവും നേതൃത്വവും മാര്‍പാപ്പായ്‌ക്ക് ഉണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ക്രിസ്‌തുവിന്റെ സ്വരത്തെ ലോകത്തില്‍ പ്രതിധ്വനിപ്പിക്കേണ്ട, ലോകത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കേണ്ട ഉത്തരവാദിത്വവും ലോകത്തോടു മുഴുവന്‍ സുവിശേഷത്തിന്റെ സൗന്ദര്യം പ്രഘോഷിക്കുന്ന മിഷനറി വൈഭവവും കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന അജപാലന തീക്ഷ്‌ണതയും ലെയോ പതിനാലാമനെ ലോകത്തിനും സഭക്കും സ്വീകാര്യനാക്കുക തന്നെ ചെയ്യും.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്



