കോട്ടയം അതിരൂപതാ പ്രതിനിധികള്‍ വി. പത്താം പിയൂസിന്റെ അള്‍ത്താരയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന് നിവേദനം സമര്‍പ്പിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമായി റോം സന്ദര്‍ശിക്കുന്ന അതിരൂപതാ പ്രതിനിധികള്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്താം പിയൂസിന്റെ അള്‍ത്താരയില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോണ്‍. ജോജി വടക്കേക്കര, ഫാ. പ്രിന്‍സ് മുളകുമറ്റം, ഫാ. തോമസ് ചാണപ്പാറയില്‍, ഫാ. തോമസ് കൊച്ചുപുത്തന്‍പുര, ഫാ. ജിതിന്‍ വല്ലാര്‍കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വത്തിക്കാനിലുള്ള അതിരൂപതാംഗങ്ങളായ വൈദികരും സമര്‍പ്പിതരും വൈദിക വിദ്യാര്‍ത്ഥികളും കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. 1911 ല്‍ ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി കോട്ടയം വികാരിയാത്ത് അനുവദിച്ചു നല്കിയ വിശുദ്ധ പത്താം പിയൂസിന്റെ അള്‍ത്താരയില്‍ അതിരൂപതയുടെ അജപാലന വ്യാപനം സാധ്യമാകണമെന്ന ആഗ്രഹത്തോടെ പ്രതിനിധികള്‍ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, അതിരൂപതാ പി. ആര്‍.ഒ അഡ്വ. അജി കോയിക്കല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

 

Previous Post

സീറോ മലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍

Next Post

ഏറ്റുമാനൂര്‍: ചകിരിയാംതടത്തില്‍ മേരി ചാക്കോ

Total
0
Share
error: Content is protected !!