കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന മിന്നാമിന്നി ക്യാമ്പിന് തുടക്കമായി. തെള്ളകം ചൈതന്യയില്‍ ആരംഭിച്ച ക്യാമ്പില്‍ കെ.എസ്.എസ്.എസ് ചേര്‍പ്പുങ്കല്‍ അഗാപ്പെ ഭവന്‍, ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്റര്‍, കുമരകം, കൈപ്പുഴ അഗാപ്പെ ഡെകെയര്‍ സെന്റര്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ലാസ്സുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ പഠന യാത്രയും മാതാപിതാക്കളുടെ സംഗമവും ചൈതന്യ പാര്‍ക്ക് സന്ദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ ജോയിസി എസ്.വി.എം, പ്രീതി പ്രതാപന്‍, സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി വരുന്നു.